കൊച്ചി: ശനിയാഴ്ചചേർന്ന മന്ത്രിസഭായോഗം അനുമതി നൽകിയതോടെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ ഓർമ്മകൾ നിറയുന്ന എറണാകുളം എം.ജി. റോഡിലെ ’സദ്ഗമയ’ എന്ന വീട് നിയമഗവേഷണ സ്ഥാപനമായി മാറും. സദ്ഗമയ ഏറ്റെടുക്കുന്നതിന് അനുമതിനൽകി നിയമ സെക്രട്ടറി ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. 2013-ൽ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം 11.88 കോടി രൂപയാണ് നഷ്ടപരിഹാരമായി നിശ്ചയിച്ചിരിക്കുന്നത്. To advertise here, സ്മാരകം നിർമിക്കുന്നതിനായി സദ്ഗമയ ഏറ്റെടുക്കുമെന്ന് ഏറെ നാളായി സർക്കാർ പറയുന്നതാണെങ്കിലും മന്ത്രിസഭാ തീരുമാനം ഉണ്ടായത് ശനിയാഴ്ചയാണ്. സദ്മഗയ ഏറ്റെടുക്കാൻ വൈകുന്നത് സംബന്ധിച്ച് ’മാതൃഭൂമി’ നിരന്തരം വാർത്തകൾ നൽകിയിരുന്നു. 2024 മാർച്ച് 31-ന് മുൻപ് സദ്ഗമയ ഏറ്റെടുക്കുമെന്നായിരുന്നു സർക്കാർ നേരത്തേ പറഞ്ഞിരുന്നത്. വീട് ഏറ്റെടുക്കുന്നതിന്റെ സാമൂഹികാഘാതപഠനമടക്കം നടത്തിയിരുന്നു. രാജഗിരി എജുക്കേഷണൽ ഓൾട്ടർനേറ്റീവ്‌സ് ആൻഡ് കമ്യൂണിറ്റി ഹെൽത്ത് (ഔട്ട്‌റീച്ച്) സർവീസ് സൊസൈറ്റിയാണ് സാമൂഹികാഘാതപഠനം നടത്തിയത്. സദ്ഗമയ ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക നടപടികൾക്കായി 2024-ൽ 38.30 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന് തുടർച്ചയായിട്ടാണ് മന്ത്രിസഭയുടെ തീരുമാനം ഉണ്ടായിരിക്കുന്നത്. കൃഷ്ണയ്യരുടെ സ്മാരകമായി സദ്ഗമയ മാറ്റണമെന്ന ആവശ്യം ഏറെ നാളായിട്ടുള്ളതാണ്. നിയമഗവേഷണകേന്ദ്രം അടക്കമുള്ള ആശയങ്ങളാണ് ആദ്യം മുതൽ നിർദേശിക്കപ്പെട്ടത്. 1960-കളുടെ തുടക്കത്തിലാണ് കൃഷ്ണയ്യർ സദ്ഗമയിൽ താമസം തുടങ്ങുന്നത്. 16.05 സെന്റ് സ്ഥലവും മൂന്നുനിലകളുള്ള വീടും ഉൾപ്പെട്ടതാണ് സദ്ഗമയ. സമീപത്ത് ഔട്ട്‌ഹൗസും ഉണ്ട്. ഒട്ടേറെ ചർച്ചകൾക്കും തീരുമാനങ്ങൾക്കും വേദിയായതാണ് ഈ വീട്. കൃഷ്ണയ്യരുടെ പഠനമുറിയൊക്കെ അതേപോലെ സംരക്ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലഭിച്ച ഒട്ടേറെ പുരസ്കാരങ്ങളുമൊക്കെ ഇവിടെയുണ്ട്. ഏറ്റെടുത്ത് സ്മാരകമാക്കുന്നതിൽ നടപടി ഉണ്ടാകാതിരുന്നതിനാൽ സദ്ഗമയ വിൽക്കാനുള്ള നടപടികളും മുൻപുണ്ടായിരുന്നു. ഇക്കാര്യം ’മാതൃഭൂമി’ അന്ന് റിപ്പോർട്ട് ചെയ്തു. അതിന്റെ തുടർച്ചയായിട്ടാണ് ഏറ്റെടുത്ത് സ്മാരകമാക്കാനുള്ള നടപടികൾ തുടങ്ങിയത്. നിയമമന്ത്രി പി. രാജീവ് അന്ന് സദ്ഗമയ സന്ദർശിക്കുകയും ചെയ്തു. സ്മാരകമാക്കാനായി വീട് വിട്ടുനൽകാൻ തയ്യാറാണെന്ന് കൃഷ്ണയ്യരുടെ മക്കൾ നേരത്തേതന്നെ അറിയിച്ചിരുന്നു. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്നു കൃഷ്ണയ്യർ. ’ശാരദാകൃഷ്ണ സദ്ഗമയ ഫൗണ്ടേഷൻ ഫോർ ലോ ആൻഡ് ജസ്റ്റിസി’ന്റെ ഓഫീസ് നിലവിൽ പ്രവർത്തിക്കുന്നതും സദ്ഗമയയിലാണ്. 16 വർഷക്കാലം കൃഷ്ണയ്യരുടെ സന്തതസഹചാരിയായിരുന്ന ടി.സി. അനിൽകുമാറും കുടുംബവുമാണ് നിലവിൽ സദ്ഗമയിൽ താമസിക്കുന്നത്. സദ്ഗമയ സർക്കാർ ഏറ്റെടുക്കുന്നതോടെ ഇവർക്ക് സ്വന്തംവീട്ടിലേക്ക് താമസം മാറ്റാൻ കഴിയും. Content Highlights: Kerala Cabinet approves the acquisition of Justice V.R. Krishna Iyer's home, Sadgamaya. The residence will be converted into a dedicated legal research institution. A compensation of Rs 11.88 crore has been sanctioned for the property acquisition. The site holds historical significance as the former residence of the legendary jurist. Published: 16 Mar 2026, 10:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മന്ത്രിസഭാ തീരുമാനമായി; കൃഷ്ണയ്യരുടെ ‘സദ്ഗമയ’ നിയമഗവേഷണ സ്ഥാപനമായി മാറും, നഷ്ടപരിഹാരം 11.88 കോടി രൂപ
M
MathrubhumiSource Link
about 2 months ago