പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രതിരോധ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ രാജ്‌നാഥ് സിങ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് പിന്തുണ പ്രഖ്യാപിച്ചു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. “പശ്ചിമ ബംഗാളിൽ ഭാരതീയ ജനതാ പാർട്ടി മമത ബാനർജിക്കൊപ്പമാണ്" എന്ന് അദ്ദേഹം പറയുന്നതാണ് വീഡിയോയിൽ. എന്നാൽ മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ പ്രചാരണം തെറ്റിദ്ധിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. To advertise here, അന്വേഷണം പ്രചരിക്കുന്ന വീഡിയോയിൽനിന്നു കീഫ്രെയിമുകളെടുത്ത് റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തതിൽനിന്നു ബംഗാളി വാർത്താ ചാനലായ 'എബിപി ആനന്ദ'യുടെ യൂട്യൂബ് ചാനലിൽ ഈ വീഡിയോ 2026 ജനുവരി 8-ന് പോസ്റ്റ് ചെയ്തതായി കണ്ടെത്തി. പശ്ചിമ ബംഗാളിൽ 2006-ൽ നടന്ന സിംഗൂർ സമരത്തിൽ ബിജെപി പണ്ട് സ്വീകരിച്ച നിലപാടുകളെയും ഇപ്പോഴത്തെ നിലപാടുകളെയും കുറിച്ചാണ് വാർത്താ അവതാരകൻ വീഡിയോയിൽ പറയുന്നത്. അന്നത്തെ ഭരണകക്ഷിയായിരുന്ന സിപിഎമ്മിനെതിരെ മമത ബാനർജിയുടെ നേതൃത്വത്തിൽ നടന്ന കർഷക പ്രക്ഷോഭത്തിൽ ബിജെപി നേതാക്കൾ മമതയെ പിന്തുണയ്ക്കുന്ന നിലപാടെടുത്തതിന്‍റെ തെളിവുകൾ അവതാരകൻ ഇതിൽ കാണിക്കുന്നുണ്ട്. അന്ന് മമതയും രാജ്‌നാഥ് സിങ്ങും ഒന്നിച്ചിരുന്ന് സംസാരിക്കുന്നതിൻറേത് അടക്കമുള്ള ചിത്രങ്ങൾ അവതാരകൻ കാണിക്കുന്നുണ്ട്. ഇതിനിടെയാണ് മമതയെ പിന്തുണച്ച് രാജ്നാഥ് സിങ് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ കാണിക്കുന്നത്. 2006 ഡിസംബർ 3-നാണ് ഈ പ്രസ്താവന റെക്കോർഡ് ചെയ്തതെന്നും വാർത്തയിൽ പറയുന്നുണ്ട്. രണ്ട് പതിറ്റാണ്ട് മുൻപ് സിംഗൂർ സമരവുമായി ബന്ധപ്പെട്ട് രാജ്‌നാഥ് സിങ് നടത്തിയ പ്രതികരണമായിരുന്നു ഇതെന്നു വ്യക്തമായി. https://www.youtube.com/shorts/yOBDHqDdzLk 2006-ൽ പശ്ചിമ ബംഗാളിലെ സിംഗൂരിൽ ടാറ്റ നാനോ കാർ ഫാക്ടറി സ്ഥാപിക്കുന്നതിനായി അന്നത്തെ ഇടതുമുന്നണി സർക്കാർ കൃഷിഭൂമി ഏറ്റെടുത്തതോടെയാണ് കർഷക പ്രക്ഷോഭം ആരംഭിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന് നൽകിയ നഷ്ടപരിഹാരം അപര്യാപ്തമാണെന്നും കർഷകരുടെ സമ്മതമില്ലാതെയാണ് നടപടിയെന്നും ആരോപിച്ച് മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസും കർഷകരും പരിസ്ഥിതി പ്രവർത്തകരും ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കർഷകർ ഉയർത്തിയ പ്രതിരോധം ഫലം കണ്ടു, 2008-ൽ ടാറ്റ മോട്ടോഴ്‌സ് പദ്ധതിയിൽനിന്ന് പിന്മാറി. പിന്നീട് 2016-ൽ സുപ്രീം കോടതി ഭൂമി ഏറ്റെടുക്കൽ നടപടി റദ്ദാക്കുകയും ഭൂമി കർഷകർക്ക് തിരികെ നൽകാൻ ഉത്തരവിടുകയും ചെയ്തു. 2006 ഡിസംബർ 27-ലെ 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് പ്രകാരം, സിംഗൂർ വിവാദത്തിൽ തുടക്കത്തിൽ കരുതലോടെയുള്ള സമീപനമാണ് ബിജെപി സ്വീകരിച്ചിരുന്നത്. പിന്നീട് ടാറ്റയുടെ നാനോ കാർ ഫാക്ടറിക്കായി കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി നടത്തിയ നിരാഹാര സമരത്തിന് ബിജെപി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. അന്ന് ബിജെപി അധ്യക്ഷനായിരുന്ന രാജ്‌നാഥ് സിങ് സമരപ്പന്തലിലെത്തി മമതയെ സന്ദർശിക്കുകയും എൻഡിഎ ചെയർമാനും മുൻ പ്രധാനമന്ത്രിയുമായ അടൽ ബിഹാരി വാജ്‌പേയിയുടെ വസതിയിൽ എൻഡിഎ സഖ്യകക്ഷികളുടെ യോഗം ചേരുമെന്ന് അറിയിക്കുകയും ചെയ്തതായി വാർത്തയിലുണ്ട്. https://timesofindia.indiatimes.com/india/bjp-gives-didi-its-full-support/articleshow/939768.cms വാസ്തവം ഇത് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ്. പ്രചരിക്കുന്ന ദൃശ്യങ്ങൾ ഇപ്പോഴത്തേതല്ല മറിച്ച് 2006 ഡിസംബർ 3-ന് ചിത്രീകരിച്ചതാണ്. ടാറ്റാ നാനോ കാർ ഫാക്ടറിക്കായി ബംഗാളിലെ സിംഗൂരിൽ കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ മമത ബാനർജി നടത്തിയ നിരാഹാര സമരത്തിന് ബിജെപി പിന്തുണ നൽകിയിരുന്നു. ഈ വിഷയത്തിൽ രാജ്‌നാഥ് സിംഗ് അന്ന് നടത്തിയ പ്രതികരണമാണ് ഇപ്പോഴത്തേത് എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നത്. Content Highlights: The viral video is not from 2026 but dates back to December 2006., The footage shows Rajnath Singh supporting Mamata Banerjee during the Singur anti-land acquisition movement., BJP and TMC had a temporary political alignment against the Left Front government in 2006., Social media claims linking this old footage to the 2026 West Bengal election are false and misleading. Published: 18 Apr 2026, 06:58 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മമത ബാനർജിയെ പിന്തുണച്ച് രാജ്നാഥ് സിങ്? വൈറൽ വീഡിയോയുടെ വാസ്തവമറിയാം | Fact Check
M
MathrubhumiSource Link
22 days ago