മമ്മൂട്ടിയുടെ ആദ്യ മേജർ ഹിറ്റിൽ, ആശീർവാദിന്റെ ആദ്യചിത്രത്തിൽ...; 50 സിനിമകൾ പിന്നിട്ട കൂട്ടുകെട്ട്

മമ്മൂട്ടിയുടെ ആദ്യ മേജർ ഹിറ്റിൽ, ആശീർവാദിന്റെ ആദ്യചിത്രത്തിൽ...; 50 സിനിമകൾ പിന്നിട്ട കൂട്ടുകെട്ട്

M
MathrubhumiSource Link
എ ന്തൊക്കെ പറഞ്ഞാലും ശക്തമായ കിടമത്സരങ്ങളുടെ ലോകമാണ് സിനിമ. ആരാണ് മുന്നിൽ എന്ന ഈഗോ ഓരോ നായകനടനെയും ഭരിക്കുന്നു. അതുകൊണ്ടുതന്നെ ഗാഢസൗഹൃദമുണ്ടെന്ന് പുറമെ ഭാവിക്കുമ്പോഴും പല നായകൻമാരും ഒരുമിച്ച് അഭിനയിക്കാൻ വലിയ താത്പര്യം കാണിക്കാറില്ല. തനിച്ച് വളരുക എന്നതാണ് അവരുടെ അജണ്ട. രജനിയും കമലും അമിതാഭും ധർമേന്ദ്രയുമൊക്കെ അപൂർവം സിനിമകളിൽ ഒരുമിച്ചുവന്നിട്ടുണ്ടെങ്കിലും അത് കരിയറിന്റെ തുടക്കത്തിൽ മാത്രമായിരുന്നു. പിന്നീട് അധികം ആവർത്തനങ്ങളുണ്ടായിട്ടില്ല. To advertise here, എന്നാൽ 50-ലേറെ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച് മമ്മൂട്ടിയും മോഹൻലാലും പുതിയ ചരിത്രം കുറിക്കുന്നു. മഹേഷ് നാരായണന്റെ പുതിയ ചിത്രമായ 'പേട്രിയറ്റി'ലും ഇരുവരും തുല്യ പ്രാധാന്യമുളള വേഷത്തിലെത്തുന്നു. ഈ അപൂർവ കൂട്ടായ്മയ്ക്ക് പിന്നിൽ രസകരമായ ഏടുകളുണ്ട്. സമകാലികരെന്ന് ഏറെക്കുറെ പറയാമെങ്കിലും ലാലിനേക്കാൾ കുറച്ച് മുൻപ് സിനിമയിൽ എത്തിയ ആളാണ് മമ്മുട്ടി. പ്രായത്തിന്റെ കണക്കിലും ഇരുവരും തമ്മിൽ ഒരു ദശകത്തിന്റെ അന്തരമുണ്ട്. മമ്മൂട്ടിയെ കുടുംബവൃത്തങ്ങളിൽ മാത്രം വിളിക്കുന്ന ഇച്ചാക്ക എന്ന ഓമനപേരിലാണ് ലാൽ ഇന്നും അഭിസംബോധന ചെയ്യുന്നത്. സഹോദരതുല്യം നിൽക്കുമ്പോഴും അവർ എന്തും തുറന്നുപറയുന്ന സുഹൃത്തുക്കളാണ്. അവർക്കിടയിലുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന മത്സരം പോലും ആരോഗ്യകരമായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു. അതുകൊണ്ട് തന്നെ ആദ്യകാലം മുതൽ ഈ കൂട്ടായ്മ പല രൂപത്തിലും ഭാവത്തിലും സിനിമയിൽ പ്രകടമാണ്. നായകനടൻമാർ എന്ന നിലയിൽ സ്വന്തമായ മേൽവിലാസമുണ്ടാകുന്നതിന് മുൻപ് ശങ്കർ നായകനായ 'ഊതിക്കാച്ചിയ പൊന്നി'ലാണ് (1981) മമ്മൂട്ടിയും ലാലും ഒരുമിച്ച് അഭിനയിക്കുന്നത്. അതേവർഷം തന്നെ രതീഷ് നായകനായ 'അഹിംസ'യിൽ ഇരുവരും അഭിനയിച്ചു. മമ്മൂട്ടിക്ക് ആദ്യത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (മികച്ച സഹനടൻ) ലഭിക്കുന്നത് ഈ സിനിമയിലുടെയാണ്. ലാലിനാവട്ടെ നെഗറ്റീവ് ക്യാരക്ടറായിരുന്നു ചിത്രത്തിൽ. 'സിന്ദൂര സന്ധ്യയ്ക്ക് മൗനം' എന്ന ഐ.വി.ശശി ചിത്രത്തിലും രതീഷായിരുന്നു നായകൻ. മമ്മൂട്ടിയും ലാലും അപ്രധാനമല്ലാത്ത കഥാപാത്രങ്ങളിൽ വന്നു. നവോദയയുടെ 'പടയോട്ട'ത്തിൽ (1982) മമ്മൂട്ടി ലാലിന്റെ പിതാവിന്റെ റോളിലായിരുന്നു എന്നതാണ് കൗതുകം. തുടർന്ന് എന്തിനോ 'പൂക്കുന്നപൂക്കൾ' എന്ന പടത്തിലും ഒന്നിച്ചു. മമ്മൂട്ടിയും രതീഷും മുഖ്യവേഷത്തിൽ വന്ന ചിത്രത്തിൽ തനിവില്ലനായിരുന്നു ലാൽ. 'ആ ദിവസം' എന്ന പടത്തിൽ സുകുമാരനൊപ്പമാണ് അഭിനയിച്ചത്. ഗൾഫ് ബൂം നിലനിന്നകാലത്ത് ബാലു കിരിയത്ത് ഗൾഫുകാരുടെ ജീവിതം പശ്ചാത്തലമാക്കി വിസ എന്ന പടം സംവിധാനം ചെയ്തപ്പോൾ മമ്മൂട്ടിയെയും ലാലിനെയും ഒരുമിച്ച് സഹകരിപ്പിച്ചു. സാമാന്യം വിജയം നേടിയ സിനിമയായിരുന്നു അത്. ബാലചന്ദ്രമേനോന്റെ ശേഷം കാഴ്ചയിൽ എന്ന പടത്തിലും ഈ കോംബോ എത്തിയെങ്കിലും ബോക്സ് ഓഫീസിൽ പച്ചതൊട്ടില്ല. മമ്മൂട്ടിയും മോഹൻലാലും ലാലു അലക്‌സും 'അതിരാത്ര'ത്തിൽ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ് എന്നാൽ പി.ജി. വിശ്വംഭരന്റെ 'ഒന്നാണ് നമ്മൾ' ഹിറ്റായി. സാങ്കേതികമായി മമ്മൂട്ടിയാണ് നായകനെങ്കിലും ലാലിനും നായകതുല്യവേഷമായിരുന്നു. സമാന പ്രമേയം ഉൾക്കൊളളുന്ന 'ലക്ഷ്മണരേഖ' എന്ന ഐ.വി.ശശി ചിത്രത്തിലും അതേവർഷം തന്നെ ഇവർ അഭിനയിച്ചെങ്കിലും പടം ബോക്സ് ഓഫീസിൽ വീണു. ഹീറോ എന്ന നിലയിൽ മമ്മൂട്ടിയുടെ ആദ്യഹിറ്റിലും ഒപ്പം ലാൽ പി.ജി. വിശ്വംഭരന്റെ 'സന്ധ്യയ്ക്ക് വിരിഞ്ഞ പൂവാണ്' വഴിത്തിരിവ് സൃഷ്ടിച്ച മറ്റൊരു ചിത്രം. ഹീറോ എന്ന നിലയിൽ മമ്മൂട്ടിയുടെ ആദ്യത്തെ മേജർ ഹിറ്റ്. മമ്മൂട്ടിക്ക് അതിശക്തമായ ഒരു ആന്റിഹീറോ കഥാപാത്രമായിരുന്നു. ഈ പടത്തിലും ലാൽ വില്ലനായിരുന്നു. വിശ്വംഭരന്റെ തന്നെ 'പിൻനിലാവ്' എന്ന പടത്തിൽ നായകനൊപ്പം കുറെക്കൂടി പ്രാധാന്യമുളള റോളിലേക്ക് ലാൽ വളർന്നു. 'ഒരു മുഖം പല മുഖം' എന്ന അപ്രധാനചിത്രത്തിലും ഒരുമിച്ചെങ്കിലും പടം വിജയിച്ചില്ല. ഐ.വി. ശശിയുടെ 'നാണയ'ത്തിൽ ഏറെക്കുറെ തുല്യപ്രാധാന്യമുളള വേഷത്തിൽ വന്നെങ്കിലും പടം ഫ്ളോപ്പായി. ഉൾക്കനമില്ലാത്ത കഥാതന്തുവായിരുന്നു തിരിച്ചടിയായത്. പരാജയപ്പെട്ട സിനിമകളിൽ പോലും വൃത്തിയായി അഭിനയിക്കാൻ ശ്രമിച്ചിരുന്നു ഈ കോംബോ എന്നത് എടുത്തു പറയേണ്ടതുണ്ട്. കേരളീയ സാമുഹ്യരംഗത്തെ അഴിമതി പ്രമേയമാക്കി ഐ.വി. ശശി-ടി. ദാമോദരൻ ടീം ഒരുക്കിയ 'ഇനിയെങ്കിലും' എന്ന പടത്തിൽ രതീഷ്-മമ്മൂട്ടി-ലാൽ ത്രയം ഏറെക്കുറെ തുല്യവേഷത്തിൽ പ്രത്യക്ഷപ്പെട്ടു. സാമാന്യവിജയമായിരുന്നു പടം. 'ഗുരുദക്ഷിണ', 'എന്റെ കഥ', 'ഹിമവാഹിനി' എന്നീ പടങ്ങൾ വെറുതെ വന്നു പോയി എന്ന് മാത്രം. ഭദ്രന്റെ 'ചങ്ങാത്ത'മായിരുന്നു കാതലായ പ്രമേയം മുൻനിർത്തി നിർമ്മിക്കപ്പെട്ട ഒരു ചിത്രം. തീയേറ്ററിക്കൽ ഹിറ്റ് എന്നതിലുപരി ചർച്ച ചെയ്യപ്പെട്ട സിനിമയുടെ ഭാഗമാകാൻ ഇവർക്ക് കഴിഞ്ഞു. 'ചക്രവാളം ചുവന്നപ്പോൾ', 'വേട്ട', 'പാവം പൂർണ്ണിമ' എന്നീ പടങ്ങൾ വേണ്ടത്ര വിജയിക്കാതെ പോയി. 'കോട്ടയം കുഞ്ഞച്ചനി'ലുടെ മമ്മൂട്ടിക്ക് ഹാസ്യത്തിന്റെ സവിശേഷ മുഖം സമ്മാനിച്ച ടി.എസ്. ബാബുവിന്റെ ആദ്യചിത്രമായിരുന്നു 'ഇതാ ഇന്ന് മുതൽ'. ഈ സിനിമയിലും മമ്മൂട്ടി- ലാൽ കോബോ ഒന്നിച്ചെങ്കിലും പടം വൻപരാജയമായി. മമ്മൂട്ടിയും മോഹൻലാലും 'വാർത്ത'യിൽ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ് ഐ.വി. ശശി വൻബജറ്റിൽ ഒരുക്കിയ 'അതിരാത്രം' തീയേറ്ററുകൾ പൊളിച്ചടുക്കി. മമ്മൂട്ടി താരാദാസ് എന്ന കളളക്കടത്തുകാരനായ ആന്റിഹീറോ കഥാപാത്രത്തെ അവതരിപ്പിച്ച പടത്തിൽ ലാലിനും ശ്രദ്ധേയ വേഷമായിരുന്നു. തുടർന്ന് സേതുമാധവന്റെ 'അറിയാത്ത വീഥികളിൽ' ഒരേ പ്രാധാന്യമുളള വേഷത്തിൽ അഭിനയിച്ചെങ്കിലും പടം ശരാശരി വിജയത്തിലൊതുങ്ങി. അഭിനയത്തിലും നിർമാണത്തിലും ഒരുമിച്ച് എം.ടിയുടെ രചനയിൽ രൂപപ്പെട്ട 'അടിയൊഴുക്കുകൾ' എന്ന ചിത്രത്തിൽ മമ്മൂട്ടി നായകനും ലാൽ ഉപനായകനുമായി. ഈ പടത്തിന്റെ നിർമാണപങ്കാളികൾ കുടിയായിരുന്നു ഇരുവരും. കാസിനോ എന്ന ബാനറിൽ മമ്മൂട്ടി, ലാൽ, സീമ, ഐ.വി. ശശി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്ന് നിർമിച്ച പടം ഹിറ്റായി. മമ്മൂട്ടിക്ക് മികച്ച നടനുളള ആദ്യത്തെ സംസ്ഥാന അവാർഡ് ലഭിച്ചത് മോഹൻലാൽ കൂടി ചേർന്ന് നിർമിച്ച പടത്തിലാണെന്ന ചരിത്രകൗതുകം വേറെ. മാസ് ടച്ചുളള സിനിമകളിലേക്കുളള സഞ്ചാരത്തിന്റെ തുടക്കമാണ് ഇനി. എം.ടിയുടെ 'ആൾക്കൂട്ടത്തിൽ തനിയെ' എന്ന പടത്തിൽ മമ്മൂട്ടിയാണ് നായകനെങ്കിലും ലാലും അതീവപ്രാധാന്യമുളള റോൾ കയ്യാളി. തീയേറ്ററിൽ വിജയിച്ചു എന്നതിനപ്പുറം ഏറെക്കാലം ചർച്ചകളിൽ സ്ഥാനം പിടിച്ചു ഈ ഐ.വി. ശശി ചിത്രം. ഒരു പ്രിയദർശൻ സിനിമയിൽ മമ്മൂട്ടി ആദ്യമായി അഭിനയിച്ചു എന്ന പ്രത്യേകതയുണ്ട് 'പറയാനും വയ്യ പറയാതിരിക്കാനും വയ്യ' എന്ന പടത്തിന്. ഈ സിനിമയിലും ഒപ്പം ലാലുണ്ടായിരുന്നു. ആദ്യമായി തുല്യവേഷത്തിൽ ഒരു പടത്തിൽ രണ്ട് നായകൻമാർ എന്ന തലത്തിലേക്ക് ഇവർ വഴിമാറിയ പടമാണ് സേതുമാധവന്റെ 'അവിടത്തെ പോലെ ഇവിടെയും'. കഥയുടെ പ്രത്യേകതയാണ് അതിന് നിമിത്തമായത്. രണ്ട് കൂട്ടുകാർ അവരുടെ സഹോദരിമാരെ പരസ്പരം വിവാഹം കഴിക്കുന്നതിന്റെ പേരിൽ തുടങ്ങുന്ന പ്രശ്നങ്ങളായിരുന്നു ഇതിവൃത്തം. അതീവരസകരമായ ചിത്രം തീയേറ്ററിൽ വലിയ ചലനം സൃഷ്ടിച്ചില്ല. പരാജയവുമായിരുന്നില്ല. 'അനുബന്ധം' എന്ന ചിത്രത്തിലും ഒപ്പത്തിനൊപ്പം മോഹൻലാൽ ഉണ്ടായിരുന്നെങ്കിലും മമ്മൂട്ടി തന്നെയായിരുന്നു നായകൻ. പടം ഹിറ്റായെന്നത് ഇരുവർക്കും ആശ്വാസമായി. 'അങ്ങാടിക്കപ്പുറത്ത്', 'ഇടനിലങ്ങൾ', 'കരിമ്പിൻപൂവിനക്കരെ', 'കണ്ടു കണ്ടറിഞ്ഞു' എന്നീ പടങ്ങൾ വലിയ തരംഗമായില്ല. മമ്മൂട്ടിയും മോഹൻലാലും ജൂഹി ചൗളയും 'ഹരികൃഷ്ണൻസി'ൽ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്‌ മോഹൻലാൽ നായകൻ, മമ്മൂട്ടി അതിഥിതാരം പ്രിയദർശന്റെ 'മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു' എന്ന പടത്തിൽ മോഹൻലാലും മുകേഷുമായിരുന്നു പ്രധാനവേഷത്തിൽ. ചിത്രത്തിൽ അതിഥിതാരമായിരുന്നു മമ്മൂട്ടി. മോഹൻലാൽ നായകനായ ചിത്രത്തിൽ മമ്മുട്ടി കാമിയോ റോളിലെത്തുന്ന ആദ്യത്തെ ചിത്രമെന്ന പ്രാധാന്യവും ഇതിനുണ്ട്. നായകനെന്ന നിലയിൽ അന്ന് ലാലിനേക്കാൾ താരപ്രഭയുളള മമ്മൂട്ടിയെ പോലൊരാൾ വാസ്തവത്തിൽ അങ്ങനെയൊരു സാഹസത്തിന് തയ്യാറാവുക എന്നത് അത്ഭുതം. അത് അവരുടെ സൗഹൃദത്തിന്റെ പ്രതിഫലനമായിരുന്നു. ഐ.വി. ശശിയുടെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'വാർത്ത'യിൽ അതിശക്തമായ കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിച്ചത്. അതേവർഷം തന്നെ പത്മരാജന്റെ 'കരിയിലക്കാറ്റുപോലെ' എന്ന കുറ്റാന്വേഷണ സിനിമയിൽ നായകനായത് മമ്മൂട്ടിയെങ്കിലും ഇൻവസ്റ്റിഗേഷൻ ഓഫീസറായത് ലാലായിരുന്നു. രണ്ടുപേരും കട്ടയ്ക്കുനിന്ന് കസറിയ പടമായിരുന്നു ഇത്. ഭദ്രന്റെ 'പൂമുഖപ്പടിയിൽ നിന്നെയും കാത്ത്' എന്ന സൈക്കോളജിക്കൽ ഡ്രാമയിലും നിർണായകമായ രണ്ട് കഥാപാത്രങ്ങൾ അവർ അവതരിപ്പിച്ചു. വില്ലനിസത്തിൽ നിന്ന് ആഴമുളള പോസിറ്റീവ് വേഷങ്ങളിലേക്കുളള ലാലിന്റെ വഴിമാറി നടത്തം സംഭവിച്ച കാലം കൂടിയായിരുന്നു ഇത്. 'നേരം പുലരുമ്പോൾ', 'കാവേരി' എന്നീ പടങ്ങൾ വന്നുപോയി എന്നുമാത്രം. 'മദ്രാസ് മെയിലിൽ' മമ്മൂട്ടിയുടെ ആരാധകനായി ലാൽ 1986-ൽ റിലീസ് ചെയ്ത 'ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റാണ്' മറ്റൊരു നാഴികക്കല്ല്. മോഹൻലാൽ നായകനായ ചിത്രത്തിൽ മമ്മൂട്ടി ഗസ്റ്റ് റോളിൽ വന്നു. കാസിനോയുടെ ബാനറിൽ ഇരുവരും നിർമാണ പങ്കാളികളായ ചിത്രമായിരുന്നു ഇത്. അതിന്റെ പ്രാധാന്യം മറ്റൊന്നായിരുന്നു. മോഹൻലാലിനെ ഇടത്തരക്കാരായ കുടുംബപ്രേക്ഷകരുടെ മനസിൽ പ്രതിഷ്ഠിച്ച ആദ്യത്തെ സത്യൻ അന്തിക്കാട് സിനിമയായിരുന്നു ഇത്. ലാലിന്റെ കരിയറിലെ ഈ വഴിമാറ്റത്തിന് സഹതാരം, സഹനിർമാതാവ് എന്നീ നിലകളിലെല്ലാം മമ്മൂട്ടിയും ഒപ്പമുണ്ടായിരുന്നു. 'ഗീതം', 'അടിമകൾ ഉടമകൾ' എന്നീ സിനിമകളുടെ പേര് പരാമർശിക്കാമെന്ന് മാത്രം. എന്നാൽ പരാജയചിത്രമായ 'പടയണി'ക്ക് ഒരു പ്രത്യേകതയുണ്ട്. നടൻ സുകുമാരൻ ആദ്യമായി നിർമാതാവിന്റെ റോൾ അണിഞ്ഞ പടയണിയിൽ മമ്മൂട്ടിയും ലാലുമായിരുന്നു മുഖ്യവേഷത്തിൽ. ഡെന്നീസ് ജോസഫ് ആദ്യമായി സംവിധാനം ചെയ്ത 'മനു അങ്കിളി'ൽ നായകൻ മമ്മൂട്ടി. പതിവിന് വിപരീതമായി ലാൽ ഒരു മമ്മൂട്ടി ചിത്രത്തിൽ അതിഥിയായി. നടൻ മോഹൻലാലായി തന്നെയാണ് അദ്ദേഹം അഭിനയിച്ചത്. ജോഷിയുടെ 'നമ്പർ 20 മദ്രാസ് മെയിൽ' എന്ന പടത്തിൽ മോഹൻലാലാണ് നായകൻ. ചിത്രത്തിൽ സൂപ്പർസ്റ്റാർ മമ്മൂട്ടിയായി അതിഥിവേഷത്തിൽ മമ്മൂട്ടിയും പ്രത്യക്ഷപ്പെട്ടു. മോഹൻലാൽ പൂണ്ടുവിളയാടിയ കഥാപാത്രമായിരുന്നു ടോണി കുരിശിങ്കൽ. മമ്മൂട്ടി എന്ന നടന്റെ കടുത്ത ആരാധകനായ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ ലാൽ അവതരിപ്പിച്ചത് എന്നതും കൗതുകമായി. മമ്മൂട്ടിയും മോഹൻലാലും | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്‌ ഇരട്ട ക്ലൈമാക്‌സിൽ മമ്മൂട്ടിയും ലാലും പിന്നീട് വർഷങ്ങൾക്ക് ശേഷം 1998-ലാണ് ഈ കോംബോ സംഭവിക്കുന്നത്. അപ്പോഴേക്കും ഇരുവരുടെയും കരിയറിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു കഴിഞ്ഞിരുന്നു. 'രാജാവിന്റെ മകൻ', 'ഇരുപതാം നൂറ്റാണ്ട്' എന്നീ സിനിമകളിലുടെ ലാൽ സൂപ്പർതാരപദവിയിലെത്തി. സത്യൻ അന്തിക്കാട്, പ്രിയദർശൻ, സിബി മലയിൽ എന്നിവരുടെ സിനിമകൾ അദ്ദേഹത്തെ നടൻ എന്ന നിലയിൽ മറ്റൊരു വിതാനത്തിലേക്ക് ഉയർത്തി. മുൻപ് മമ്മൂട്ടിക്ക് ഒരുപടി താഴെ നിന്ന ലാൽ മമ്മൂട്ടിയുടെ സമശീർഷനായി വളർന്നു. 'ഹരികൃഷ്ണൻസ്' എന്ന ഫാസിൽ ചിത്രത്തിൽ ഇവർ ഒന്നിക്കുമ്പോൾ സംവിധായകൻ ഫാസിൽ നേരിട്ടത് വലിയ വെല്ലുവിളിയാണ്. ഒരേ ഗ്രേഡിൽ നിൽക്കുന്ന രണ്ടു സൂപ്പർതാരങ്ങളിൽ ആർക്കും പ്രാധാന്യം കൂടാനോ കുറയാനോ പാടില്ല. സിനിമയുടെ ആകത്തുകയിലും ഓരോ സീനിലും സീക്വൻസിലും നിതാന്ത ജാഗ്രത വേണം. ഫാസിൽ തിരക്കഥയിലും മേക്കിങ്ങിലും അതീവസൂക്ഷ്മത പുലർത്തി. കഥാന്ത്യത്തിൽ പോലും വേർകൃത്യം സംഭവിക്കാതിരിക്കാൻ ബോധപൂർവം ഇരട്ട ക്ലൈമാക്‌സുണ്ടാക്കി. എന്തായാലും മമ്മൂട്ടിക്കും ലാലിനും പ്രേക്ഷകർക്കും പരാതിയില്ലാത്ത വിധം ഫാസിൽ തന്റെ ദൗത്യം പൂർത്തീകരിച്ചു. പടം സൂപ്പർഡ്യൂപ്പർ ഹിറ്റ്. സിനിമയിൽ രണ്ട് നായകൻമാർ ചേർന്ന് ബോളിവുഡ് നായിക ജൂഹി ചൗളയെ പ്രണയിക്കുന്ന രംഗമൊക്കെ വലിയ കൗതുകമായി. നിർമിച്ച പടത്തിൽ അതിഥിയായി ‘ഇച്ചാക്ക’ രണ്ട് വർഷങ്ങൾക്ക് ശേഷം മോഹൻലാലും ആന്റണി പെരുമ്പാവുരും ചേർന്ന് ആശീർവാദ് പ്രൊഡക്ഷൻസ് എന്ന നിർമ്മാണക്കമ്പനി രൂപീകരിച്ചപ്പോൾ ആദ്യസിനിമയായ 'നരസിംഹ'ത്തിൽ ലാൽ തന്നെയായിരുന്നു നായകൻ. ഈ ചിത്രത്തിൽ അതിഥിതാരമായി അഭിനയിക്കാൻ ക്ഷണിച്ചപ്പോൾ അന്ന് മെഗാസ്റ്റാറായി ജ്വലിച്ചുനിന്ന മമ്മൂട്ടി ഒരു എതിർപ്പും പറയാതെ ആ ഓഫർ സ്വീകരിച്ചു. ലാലിന്റെ ജീവിതത്തിലെ ഒരു നിർണായക സന്ദർഭത്തിൽ ജ്യേഷ്ഠസഹോദരൻ നൽകിയ ഒരു കൈ കുടിയായിരുന്നു ആ വേഷം. പടം റെക്കാഡ് കളക്ഷൻ നേടി. ആശീർവാദ് പ്രൊഡക്ഷൻസിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മലയാളത്തിലെ ഏറ്റവും വലിയ ബാനറുകളിൽ ഒന്നായി മാറി. 2008-ൽ അജയ് ദേവ്ഗണിനെ നായകനാക്കി രാജ്കുമാർ സന്തോഷി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം 'ഹല്ലാ ബോലിൽ' മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലുമായി തന്നെ ഇവർ അഭിനയിച്ചു. ഇതേ വർഷം തന്നെ ഇന്ത്യൻ സിനിമയിലെ ഒരു മഹാത്ഭുതത്തിനും ഈ താരരാജാക്കൻമാർ നിമിത്തമായി. രാജ്യത്ത് ആദ്യമായി ഒരു താരസംഘടനയുടെ ധനശേഖരണാർഥം ആ ഭാഷയിലെ മിക്കവാറും എല്ലാതാരങ്ങളെയും അണിനിരത്തി നിർമിക്കപ്പെട്ട 'ട്വന്റി-ട്വന്റി' എന്ന പ്രൊജക്ടിൽ തുല്യപ്രാധാന്യമുളള വേഷത്തിൽ ഇരുകുട്ടരുടെയും ഫാൻസിന് പരാതികളില്ലാത്ത വിധം സംവിധായകൻ ജോഷി അവതരിപ്പിച്ചു. തിരക്കഥയൊരുക്കിയ ഉദയകൃഷ്ണ-സിബി കെ. തോമസ് നടത്തിയ ഞാണിൻമേൽകളി ചലച്ചിത്രവിദ്യാർഥികൾക്ക് ഒരു പാഠപുസ്തകമാണ്. തനി മാസ് മസാലപ്പടമായിരുന്നു 'ട്വന്റി ട്വന്റി'. ഉദാത്തമായ ഒരു ചലച്ചിത്രത്തിന്റെ വിശുദ്ധമൂല്യങ്ങൾ അതിലില്ല. പക്ഷേ, ആ സിനിമയുടെ പ്രാധാന്യം നിഷേധിക്കാനുമാവില്ല. ബോക്സ് ഓഫീസിൽ വലിയ സ്വീകരണമാണ് അതിന് ലഭിച്ചത്. മമ്മൂട്ടിയായി അഭിനയിച്ച മോഹൻലാൽ വീണ്ടും വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി നായകനായ 'ബൽറാം വേഴ്സസ് താരാദാസ്' എന്ന പടത്തിൽ മോഹൻലാൽ അതിഥിതാരമായി. സിനിമയുടെ ആകെത്തുക ദുർബലമാകയാൽ വൻപരാജയം സംഭവിച്ചു. 'ക്രിസ്റ്റ്യൻ ബ്രദേഴ്സ്' എന്ന മോഹൻലാൽ ചിത്രത്തിൽ മമ്മൂട്ടി അതിഥിയായപ്പോൾ സംഭവിച്ചത് മറിച്ചാണ്. പടം ഹിറ്റ്. മമ്മൂട്ടിയും മോഹൻലാലും | ഫോട്ടോ: പിടിഐ രണ്ട് വർഷത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ 'കടൽകടന്ന് ഒരു മാത്തുക്കുട്ടി'യിൽ ലാൽ ഗസ്റ്റായി വന്നെങ്കിലും പടം പരാജയപ്പെട്ടു. പിന്നീട് ഒരു വ്യാഴവട്ടക്കാലത്തിന് ശേഷമാണ് ഇവർ ഒന്നിക്കുന്നത്. അപ്പോഴേക്കും സമാനതകളില്ലാത്ത വിധം ഇന്ത്യൻ സിനിമയിലെ രണ്ട് വടവൃക്ഷങ്ങളായി ഇരുവരും വളർന്ന് കഴിഞ്ഞിരുന്നു. പല സന്ദർഭങ്ങളിലായി ഇവരെ ഒരുമിച്ച് അണിനിരത്തി പടമിറക്കാൻ വമ്പൻമാർ പദ്ധതിയിട്ടെങ്കിലൂം ഒന്നും പ്രായോഗികമായില്ല. രണ്ടുപേരെയും ഒരു പോലെ തൃപ്തിപ്പെടുത്തുന്ന, സമാസമം പ്രാധാന്യമുളള ഒരു തിരക്കഥ ഒരുക്കുക ദുഷ്‌കരമാണെന്ന് അവരെ പോലെ സംവിധായകർക്കും അറിയാം. എന്തായാലും 12 വർഷങ്ങൾക്ക് ശേഷം ഒടുവിൽ അനിവാര്യമായത് സംഭവിച്ചു. ചരിത്രം സൃഷ്ടിക്കാൻ 'പേട്രിയറ്റ്' മഹേഷ് നാരായണന്റെ 'പേട്രിയറ്റ്' എന്ന പടം അതികായൻമാരായ ഈ രണ്ട് താരങ്ങളും അർഹിക്കുന്ന പ്രാധാന്യം കൃത്യമായി ബാലൻസ് ചെയ്ത് രൂപപ്പെടുത്തിയതാണെന്ന് അറിയുന്നു. സിനിമയുടെ വിജയപരാജയങ്ങളും നടൻമാരുടെ അഭിനയമികവുമെല്ലാം പടം സ്‌ക്രീനിലെത്തിയ ശേഷമേ നിർണയിക്കാൻ കഴിയൂ. എന്നിരിക്കിലും മഹേഷ് നാരായണനെ പോലെ പുതിയ തലമുറയിൽ ഏറ്റവും പ്രതീക്ഷയുളള ഒരു ഫിലിം മേക്കറിൽ നിന്നും ഗുണപരമായല്ലാതെ മറ്റൊന്നും സംഭവിക്കാനിടയില്ലെന്ന് വ്യാപകമായി വിശ്വസിക്കപ്പെടുന്നു. കൗതുകങ്ങൾ ഇവിടെയും അവസാനിക്കുന്നില്ല മമ്മൂട്ടി-ലാൽ കൗതുകങ്ങൾ ഇവിടെയും അവസാനിക്കുന്നില്ല. 1984- ൽ റിലീസ് ചെയ്ത 'മനസ്സറിയാതെ' എന്ന സിനിമയിൽ മമ്മൂട്ടി എന്ന് പേരുളള ഒരു കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിച്ചിട്ടുണ്ട്. എന്തുകൊണ്ടോ അന്ന് അത് വാർത്തയായില്ല. പരസ്പരം പിന്തുണച്ചും സഹായിച്ചും മൂന്നോട്ട് പോകുന്ന ഇവരുടെ ശൈലി ചലച്ചിത്രവ്യവസായത്തിന് എന്നും വിസ്മയമാണ്. ഏറെക്കുറെ ഒരേ കാലത്ത് വന്ന് ഒരുമിച്ച് പ്രവർത്തിച്ച് ഒരുമിച്ച് വളർന്നവർ പിന്നീട് മഹാമേരുക്കളായി മാറിയിട്ടും പഴയ സൗഹൃദം വെടിഞ്ഞില്ല. ലാഭനഷ്ടങ്ങൾക്കപ്പുറം ഒരു ബന്ധം നിലനിർത്താൻ കഴിയുന്നുവെന്നത് ഏത് മേഖലയിലും മാതൃകാപരമാണ്. മമ്മൂട്ടി ആരോഗ്യപ്രശ്നങ്ങൾ നേരിട്ട സന്ദർഭത്തിൽ അദ്ദേഹത്തിന്റെ പേരും നാളും പറഞ്ഞ് മോഹൻലാൽ ശബരിമലയിൽ വഴിപാട് നടത്തിയത് സമീപകാലത്ത് വലിയ വാർത്തയായിരുന്നു. അവരുടെ അടുപ്പം അറിയുന്നവർക്ക് അതിൽ അത്ഭുതമില്ലെങ്കിലും പൊതുസമൂഹത്തിൽ അത് വൻചർച്ചകൾക്ക് വഴിതെളിച്ചു. മോഹൻലാലിന് ഫാൽക്കെ അവാർഡും മമ്മൂട്ടിക്ക് പത്മഭൂഷണും ലഭിച്ചശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് 'പേട്രിയറ്റ്'. മഹാപ്രസ്ഥാനങ്ങളായി മാറിയ ശേഷമുളള ഈ കൂട്ടുകെട്ടിന് വ്യവസായികമായി ചില സവിശേഷതകൾ കൂടിയുണ്ട്. 100 കോടി ക്ലബ്ബും 300 കോടി ക്ലബ്ബും മലയാളത്തിന് ബാലികേറാമലയല്ലാതായി മാറിയ ശേഷം ഈ രണ്ട് വൻതാരങ്ങൾ ഒന്നിച്ച് ഒരു സിനിമയിൽ പ്രത്യക്ഷപ്പെടുമ്പോൾ ആഗോളതലത്തിൽ അതിന്റെ അനുരണങ്ങൾ എത്ര ഉയരത്തിലാകാമെന്നാണ് ചലച്ചിത്ര നിരീക്ഷകർ ഉറ്റു നോക്കുന്നത്. 140 കോടി ബജറ്റിൽ പുർത്തിയായി എന്ന് പറയപ്പെടുന്ന സിനിമ 500 കോടിയോളം കളക്ട് ചെയ്തേക്കാമെന്ന് വിലയിരുത്തപ്പെടുന്നു. എന്തുസംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം. എന്തായാലും മലയാള സിനിമ പഴയ മലയാള സിനിമയല്ല. മമ്മൂട്ടിയും മോഹൻലാലും പഴയ മമ്മൂക്കയും ലാലുമല്ല.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മമ്മൂട്ടിയുടെ ആദ്യ മേജർ ഹിറ്റിൽ, ആശീർവാദിന്റെ ആദ്യചിത്രത്തി… | Boolokam