പുല്ലൂർ : മരങ്ങളും ചെടികളും പൂക്കളും നിറഞ്ഞ ഹരിതാഭമായ അന്തരീക്ഷത്തിൽ കുട്ടികളുടെ സർഗവാസനകൾക്ക് ചിറകുനൽകി പുല്ലൂർ ദർപ്പണം കലാകേന്ദ്ര നടത്തിയ ‘വരയാട്ടം’ ജില്ലാല ചിത്രരചനാ ക്യാമ്പ് പരിസ്ഥിതിയുമായി ഇഴുകിച്ചേർന്ന് പ്രകൃതിയെ കണ്ടും അറിഞ്ഞും വരയ്ക്കാൻ കുട്ടികൾക്ക് അവസരമൊരുക്കി. നാല് ചുവരുകൾക്കുള്ളിലെ പഠനരീതികളിൽനിന്ന് മാറി, കാടും പൂക്കളും ആവാസവ്യവസ്ഥയും നേരിട്ടുകണ്ട് അവ കാൻവാസിലേക്ക് പകർത്താൻ എഴുപതോളം കുട്ടികളാണ് ക്യാമ്പിലെത്തിയത്. ഓരോ മരവും ഓരോ പാഠപുസ്തകമാണെന്ന തിരിച്ചറിവാണ് അവർ ക്യാമ്പിൽ പങ്കുവെച്ചത്. To advertise here, വെറുതെ വരക്കുക എന്നതിലുപരി, ഓരോ ചെടിയുടെയും ഇലകളുടെയും പ്രത്യേകതകൾ നിരീക്ഷിക്കാനും അവയുടെ പ്രാധാന്യം മനസ്സിലാക്കാനും കുട്ടികൾക്ക് അവസരംലഭിച്ചു. പ്രകൃതിയിലെ ജീവജാലങ്ങൾ തമ്മിലുള്ള പരസ്പരബന്ധത്തെക്കുറിച്ച് ലളിതമായരീതിയിൽ വിദഗ്ധർ കുട്ടികൾക്ക് വിശദീകരിച്ചുനൽകി. പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം വരുംതലമുറയിലേക്ക് എത്തിക്കാൻ ഇത്തരം ക്യാമ്പുകൾ അത്യന്താപേക്ഷിതമാണെന്ന് ക്യാമ്പ് ഡയരക്ടർ രാജേന്ദ്രൻ പുല്ലൂർ പറഞ്ഞു. തങ്ങൾ കണ്ട പൂമ്പാറ്റകളെയും മരങ്ങളെയും തനതായ ശൈലിയിൽ കുട്ടികൾ കടലാസിലാക്കി. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം എത്രത്തോളം മനോഹരമാണെന്ന് വിളിച്ചോതുന്നതായിരുന്നു ക്യാമ്പിൽ പിറന്ന ഓരോ ചിത്രങ്ങളും. വിനോദ് അമ്പലത്തറ, അനീഷ് ബന്തടുക്ക, എ.വി. സനിൽ, രാജേന്ദ്രൻ മീങ്ങോത്ത്, പ്രസാദ് കാനത്തുങ്കാൽ, സുചിത്ര മധു, പ്രിയ കരുണൻ, ലിഷ ചന്ദ്രൻ, രാംഗോകിൽ പെരിയ എന്നിവർ ക്ലാസെടുത്തു. കുട്ടികൾ വരച്ച ചിത്രങ്ങൾ ക്യാമ്പിൽ പ്രദർശിപ്പിച്ചു. പുല്ലൂർ ജി.യു.പി സ്കൂൾ പ്രഥമാധ്യാപകൻ പി. ജനാർദനൻ സർട്ടിഫിക്കറ്റ് വിതരണംചെയ്തു. രാജേന്ദ്രൻ പുല്ലൂർ, അനീഷ് ബന്തടുക്ക, രാജേന്ദ്രൻ മീങ്ങോത്ത് എന്നിവർ സംസാരിച്ചു.

മരങ്ങളെ തൊട്ടറിഞ്ഞ് നിറങ്ങളുടെ വരയാട്ടം
M
MathrubhumiSource Link
about 2 hours ago
