പാലക്കാട്: കണ്ണാടിയിൽ ബിജെപി പ്രവർത്തകർ പണം വിതരണംചെയ്‌തെന്ന ആരോപണത്തിൽ പണം വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന വയോധികയുടെ പ്രതികരണം പുറത്ത്. ബിജെപി പ്രവർത്തക പണം വിതരണംചെയ്യുന്നതായി ആരോപിച്ച് കോൺഗ്രസ് വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയാണ് ഈ വീഡിയോയിലുള്ള വയോധിക മാധ്യമങ്ങളെ കണ്ടത്. To advertise here, മരുന്ന് വാങ്ങാൻ പൈസ തന്നതായും ആരുവോട്ടു ചോദിച്ച് വന്നാലും പൈസ തരണമെന്ന് താൻ അവരോട് പറഞ്ഞിരുന്നു എന്നുമാണ് വയോധിക മാധ്യമങ്ങളോട് ആദ്യം പറഞ്ഞത്. വോട്ട് ചോദിച്ചുവരുന്ന എല്ലാവരോടും പൈസ വേണമെന്ന് പറഞ്ഞിരുന്നതായും ഇവർ പ്രതികരിച്ചു. ''മരുന്ന് വാങ്ങാൻ പൈസ തന്നു. ഒരുമാസം മരുന്ന് വാങ്ങാൻ അയ്യായിരം രൂപ വേണം. ആരു വോട്ടുചെയ്യാൻ പറഞ്ഞാലും പൈസ തരണമെന്ന് പറഞ്ഞു. മരുന്ന് വാങ്ങാൻ പൈസ വേണം'', വയോധിക പറഞ്ഞു. അതിനിടെ, മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ വയോധികയുടെ മകൻ ‘പൈസ തന്നോ അമ്മേ’ എന്ന് ചോദിച്ചപ്പോൾ വയോധിക ‘പൈസ ചോദിച്ചു’ എന്നാക്കി. കൈയിലുള്ളത് പെൻഷൻ പൈസയാണെന്നും പൈസ തരാൻ താൻ അവരോട് പറഞ്ഞുവെന്നും ഇവർ കൂട്ടിച്ചേർത്തു. ചുരിദാറിട്ട സ്ത്രീ ഒന്നും തന്നിട്ടില്ല. അത് കൈ കൊടുത്തതാണ്. ബാഗിൽനിന്ന് ഒന്നും തന്നിട്ടില്ലെന്നും വയോധിക പറഞ്ഞു. പുറത്തുവന്ന വീഡിയോയിലുള്ളത് പണം കൊടുക്കുന്നതല്ലെന്നും കൈ കൊടുക്കുന്നതാണെന്നും വയോധികയുടെ മകനും മാധ്യമങ്ങളോട് പ്രതികരിച്ചു. ''വീഡിയോയിൽ അമ്മ കാണിച്ച പൈസ അമ്മയുടെ കൈയിലുള്ള പൈസയാണ്. അമ്മയുടെ മടിയിലുള്ള പൈസ ഇവിടെയുള്ള വിനീഷേട്ടൻ പൈസ കൈയിലെടുപ്പിച്ച് വീഡിയോ എടുത്തതാണ്. ഞങ്ങൾക്ക് ആരുടെയും ഭീഷണിയില്ല. ഇഷ്ടമുള്ളവർക്ക് വോട്ടുചെയ്യാം. ആരുനല്ലതുചെയ്താലും അവർക്ക് വോട്ട്‌ചെയ്യും. മൂന്ന് സ്ഥാനാർഥികളും ഇവിടെ വന്നിട്ടുണ്ട്'' വയോധികയുടെ മകൻ വിശദീകരിച്ചു. ബുധനാഴ്ചയാണ് ബിജെപി പ്രവർത്തകർ വോട്ടിന് പണം നൽകുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് വീഡിയോ പുറത്തുവിട്ടത്. ഈ വീഡിയോയിൽ പാലക്കാട്ടെ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ ദൃശ്യങ്ങളുമുണ്ട്. കണ്ണാടിയിലെ ഒരു മരണവീട്ടിലെത്തിയതായിരുന്നു സ്ഥാനാർഥി. സമീപത്തെ വീടുകളും സന്ദർശിച്ചു. ഇതിനിടെയാണ് സ്ഥാനാർഥിക്കൊപ്പം വന്ന ഒരു സ്ത്രീ വയോധികയ്ക്ക് പണം നൽകിയതെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഈ സ്ത്രീ വയോധികയ്ക്ക് പണം കൈയിൽ ചുരുട്ടിനൽകുന്നതിന്റെയും പിന്നീട് വയോധിക ഈ പണം കാണിക്കുന്നതിന്റെയും ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ട വീഡിയോയിലുണ്ടായിരുന്നു. അതേസമയം, പണം നൽകിയിട്ടില്ലെന്നാണ് ബിജെപിയുടെ പ്രതികരണം. സംഭവമറിഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാൽ, തന്റെ കൈയിലുള്ള പണമാണെന്നാണ് വയോധിക പറയുന്നതെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പ്രതികരിച്ചു. സംഭവം വലിയ വിവാദമായതോടെ കൂടുതൽ ഉദ്യോഗസ്ഥരും നേതാക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. Content Highlights: Elderly woman clarifies that money shown in viral video was her own pension funds., BJP denies allegations of cash-for-votes in the 2026 Palakkad election cycle., Election Commission officials visited the site to investigate the controversy., The controversy erupted following a video released by Congress targeting BJP candidates. Published: 08 Apr 2026, 02:25 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മരുന്നുവാങ്ങാൻ പണം തന്നെന്ന് വയോധിക, പിന്നെ നിലപാട് മാറ്റി; ‘അത് പെൻഷൻപൈസ, എല്ലാവരോടും പണം ചോദിച്ചു’
M
MathrubhumiSource Link
about 1 month ago