മറുകര കാണാതെ മൂലമറ്റം...

മറുകര കാണാതെ മൂലമറ്റം...

മൂലമറ്റത്തെ മൂലയ്ക്കാക്കല്ലേ-02 To advertise here, മൂലമറ്റം: സംസ്ഥാനത്തിന്റെ ഏറ്റവും മൂലയ്ക്കായതുമുതൽ തുടങ്ങുകയാണ് മൂലമറ്റത്തിന്റെ പ്രശ്‌നങ്ങൾ. പൊട്ടൻപടി മലയിലിടിച്ചു നിൽക്കുകയായിരുന്നു മൂലമറ്റം. അതിനിടെ കാഞ്ഞാർ പാലം വന്നു. മല തുരന്ന് തുരങ്കം വന്നു. അതിലൂടെ ഇടുക്കി അണക്കെട്ടിലെ വെള്ളം മൂലമറ്റത്തെത്തി കോടിക്കണക്കിന് രൂപയുടെ വൈദ്യുതിയായി. പക്ഷേ എഴുപതാമാണ്ട് കടന്നിട്ടും കോട്ടമല റോഡ് മാത്രം ഇനിയും തുറന്നില്ല. വാഗമണ്ണിനും കട്ടപ്പനയ്ക്കുമുള്ള ദൂരം കിലോമീറ്ററുകൾ ലാഭിക്കാവുന്ന ഈ റോഡ് ഇന്നും മറുകര കണ്ടിട്ടില്ല. ഇതാണ് മൂലമറ്റത്തിന്റെ ഏറ്റവും വലിയ വികസന തടസ്സമെന്ന് വ്യാപാരി വ്യവസായികളും നാട്ടുകാരും ഒരേ സ്വരത്തിൽ പറയും. ഇതു കൂടാതെയുമുണ്ട് റോഡ് പ്രശ്‌നങ്ങൾ. മൂലമറ്റം-എടാട്-വാഗമൺ റോഡ്, പുത്തേട് ,കണ്ണിക്കൽ, ആശ്രമം എന്നീ റോഡുകളൊന്നും മികച്ച നിലവാരത്തിലുള്ളതല്ല. കോട്ടമല റോഡുമായി കൂട്ടിമുട്ടിക്കാവുന്ന മേമുട്ടം റോഡ് പൂർത്തിയാക്കാൻ വനം വകുപ്പ് ഇനിയും സമ്മതിച്ചിട്ടില്ല. പഞ്ചായത്തും വിവിധ സർക്കാർ വകുപ്പുകളും വൈദ്യുതി ബോർഡുമെല്ലാം ഒത്തുപോകാത്തതിന്റെ പോരായ്മകളും മൂലമറ്റത്തിനുണ്ട്. പട്ടയമില്ലാത്തത് സങ്കടം വൈദ്യുതി ബോർഡിന്റെ നിർമാണത്തിനെത്തിയ സാദാ തൊഴിലാളികളുടെ പിന്മുറക്കാരാണ് മൂലമറ്റം ടൗൺ നിവാസികളിലേറെയും. അവർ നച്ചാറിന്റെയും വലിയാറിന്റെയുമൊക്കെ പരിസരത്ത്‌ ചെറുകൂരകൾ പണിത് ജീവിതം ഉറപ്പിച്ചു. ആറ് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇവർക്ക് പട്ടയം ലഭിച്ചിട്ടില്ല. എന്നാൽ ചിലർക്ക് പട്ടയം കിട്ടിയിട്ടുമുണ്ട്. വൈദ്യുതി നിലയത്തിന്റെ നിർമാണത്തിന് വന്നതാണ് തന്റെ പിതാവെന്ന് നച്ചാർ തീരത്ത് താമസിക്കുന്ന വെള്ളപ്പള്ളിൽ ഇബ്രാഹിം പറഞ്ഞു. സ്വന്തം ഭൂമിക്ക്‌ രേഖയുമൊന്നുമില്ലാത്തതിനാൽ ബാങ്ക് വായ്പകൾ തുടങ്ങിയവയൊന്നും ലഭിക്കുന്നില്ല. പട്ടയം കിട്ടാൻ നടപടിയുണ്ടാകണമെന്നാണ് ഇവിടെ താമസിക്കുന്നവരുടെ ആഗ്രഹം. തുറന്നുകൊടുത്തുകൂടേ മൂലമറ്റം വൈദ്യുതിനിലയം നേരിൽ കാണാൻ ജനങ്ങൾക്ക് അവസരം ഒരുക്കണമെന്നതാണ് അറക്കുളം പഞ്ചായത്ത് മർച്ചന്റ്‌സ് അസോസിയേഷൻ സെക്രട്ടറി ബെന്നി കാദംബരിയുടെ ആവശ്യം. നിരവധി സഞ്ചാരികളെത്തുന്ന ഇടുക്കി, ചെറുതോണി, കുളമാവ്, ഡാമുകൾക്കില്ലാത്ത സുരക്ഷാ പ്രശ്‌നം പവർഹൗസിനുള്ളിലെ ജനറേറ്റുകൾക്ക് ഉണ്ടെന്ന കെ.എസ്.ഇ.ബി.യുടെ വാദം അംഗീകരിക്കാൻ കഴിയില്ല. നിയന്ത്രണങ്ങളോടെ വൈദ്യുതിനിലയത്തിൽ സന്ദർശനം അനുവദിച്ചാൽ കോടിക്കണക്കിന് രൂപയുടെ വരുമാനം ലഭിക്കും. മൂലമറ്റം ടൗണിലും വലിയ മാറ്റമുണ്ടാക്കും. ജലാശയവും നാടുകാണി പവിലിയനും, തുമ്പച്ചി കാൽവരി സമുച്ചയവും, ത്രിവേണി സംഗമവും ഉൾപ്പെടെ നിരവധി ടൂറിസം സ്‌പോട്ടുകളുണ്ട്. ഇവയുടെ ഒക്കെ വികസനം സാധ്യമായാലേ മൂലമറ്റവും മാറൂ. റോഡുകളൊക്കെ ഹൈക്ലാസാക്കണം. ടൂറിസം വികസിക്കണം. സഞ്ചാരികൾ മൂലമറ്റത്തേക്കൊഴുകണം. വ്യാപാരം നിർത്തിപ്പോകുന്നവരെയൊക്കെ തിരികെ കൊണ്ടുവരണം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മറുകര കാണാതെ മൂലമറ്റം... — Mathrubhumi | Boolokam | Boolokam