ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പ്രചാരണായുധം പിണറായി വിജയനായിരുന്നു. ദൃഷ്ടി പതിയുന്നിടത്തൊക്കെ- ഭീമൻ ഹോർഡിങ്ങുകൾ മുതൽ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വരെ- പിണറായി മാത്രം നിറഞ്ഞുനിന്നു. സർക്കാരിന്റെ ഭരണ-വികസന നേട്ടങ്ങളും ക്ഷേമപദ്ധതികളുമൊക്കെ പിണറായി വിജയനിലൂടെ പ്രതിഫലിച്ചു. എല്ലാ പ്രതികൂലതകളും ആ പ്രതിച്ഛായയ്ക്കു മുന്നിൽ നിഷ്പ്രഭമാകുമെന്ന് ഇടതുപക്ഷം വിശ്വസിച്ചു. ഒടുവിൽ, ചരിത്രത്തിലെ ഏറ്റവും കുറവ് സീറ്റുകൾ നേടി എൽഡിഎഫ് അപ്രീക്ഷിതമായ തിരിച്ചടി ഏറ്റുവാങ്ങി. To advertise here, 102 സീറ്റുകളുമായി യു.ഡി.എഫ് കൊടുങ്കാറ്റായപ്പോൾ ഇടതുപക്ഷത്തിന് 35 സീറ്റുകൾ മാത്രമാണ് നേടാനായത്. മൂന്ന് സീറ്റുകൾ നേടി ബിജെപി കേരളത്തിൽ ചുവടുറപ്പിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ പലനിലയ്ക്കും കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന് നിർണായകമായിമാറി ഈ തിരഞ്ഞെടുപ്പ്. മറ്റു സംസ്ഥാനങ്ങളിലെല്ലാം ഇടതുപക്ഷം ദുർബലമായപ്പോഴും, കേന്ദ്രത്തിൽ ബി.ജെ.പിയുടെ അപ്രമാദിത്വത്തിനിടയിലും കേരളത്തിലെ ഇടതുപക്ഷം അടിവേരിളകാതെ നിന്നിരുന്നു. ഇടവിട്ടുള്ള കാലയളവുകളിൽ ഭരണം നഷ്ടപ്പെടുകയും വീണ്ടും ഭരണത്തിൽ വരികയും ചെയ്തപ്പോഴും അവരുടെ വോട്ട് അടിത്തറയ്ക്ക് ഇളക്കമുണ്ടായില്ല. 2010-ലെ തദ്ദേശതിരഞ്ഞെടുപ്പിലും 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിലുമുണ്ടായ പരാജയം ഒഴിച്ചാൽ മറ്റെല്ലാ തിരഞ്ഞെടുപ്പുകളിലും എൽഡിഎഫിനായിരുന്നു ആധിപത്യം. ഏറ്റവും ഒടുവിൽ 2021-ലെ രണ്ടാം വിജയം അതിന്റെ ഏറ്റവും ഉജ്ജ്വലമായ ഏടായിരുന്നു. എന്നാൽ, ഇപ്പോഴത്തെ പരാജയം ഇടതുപക്ഷ രാഷ്ട്രീയചരിത്രത്തിലെ ഒരു വഴിത്തിരിവിനെ കുറിക്കുന്നു. മറ്റാർക്കുണ്ട് ഉത്തരവാദിത്വം? ഖജനാവിൽനിന്നുള്ള കോടികൾ എറിഞ്ഞ് സിപിഎം ആസൂത്രണംചെയ്ത തിരഞ്ഞെടുപ്പ് പ്രചാരണം/പ്രൊപ്പഗണ്ട പ്രധാനമായും കേന്ദ്രീകരിച്ചത് പിണറായി വിജയന്റെ പ്രതിച്ഛായാ പുനർനിർമിതിക്കായിരുന്നു. വികസന നായകൻ, കരുത്തുറ്റ നേതാവ്, കരുതലിന്റെ പ്രതീകം എന്നിങ്ങനെയുള്ള ഇമേജുകൾ സോഷ്യൽ മീഡിയിലൂടെയും പത്ര ദൃശ്യമാധ്യമങ്ങളൂലൂടെയും പ്രചരിപ്പിച്ചു. അഹങ്കാരം, ധാർഷ്ട്യം തുടങ്ങി പിണറായിക്കുമേൽ ആരോപിക്കപ്പെട്ടിരുന്ന മോശം പ്രതിച്ഛായകളെ മാറ്റാനും സാത്വികനായ, കാരുണ്യവാനായ ഒരാളായി പുനഃപ്രതിഷ്ഠിക്കാനും കൊണ്ടുപിടിച്ച ശ്രമം നടന്നു. ചാനലുകളെയും വ്ളോഗർമാരെയും സൂപ്പർതാരങ്ങളെയുമൊക്കെ കൂട്ടുപിടിച്ച് പ്രചാരണവീഡിയോകൾ നിർമിച്ച് വ്യാപകമായി പ്രചരിപ്പിച്ചു. ‘കേറിവാടാ മക്കളേ..’ എന്നൊക്കെയുള്ള തിരക്കഥാ സംഭാഷങ്ങൾ പറയിപ്പിച്ചു. എന്നാൽ, ഒന്നും ഏശിയില്ല. കണ്ണൂരിലെ ഉരുക്കുകോട്ടയായ ധർമടത്ത് കൈകാലിട്ടടിച്ചാണ് പിണറായി കരപറ്റിയത്. 19,000-ൽപരം വോട്ടുകളുടെ ഭൂരിപക്ഷം. കഴിഞ്ഞ തവണ ഉണ്ടായിരുന്നത് അൻപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം. 2021-ലേതുപോലെ പിണറായിയുടെ വ്യക്തിപ്രഭാവത്തെ വോട്ടാക്കി മാറ്റാമെന്ന ആത്മവിശ്വാസം പക്ഷേ, ഇത്തവണ പാളിയെന്നു മാത്രമല്ല, വലിയതോതിൽ തിരിച്ചടിക്കുകയും ചെയ്തു. സിപിഎമ്മുകാരിൽപോലും പിണറായി വിജയനെതിരായ ജനവികാരം രൂക്ഷമായിരുന്നു എന്ന് കണ്ണൂരിലെ സിപിഎം കോട്ടകൾക്കു സംഭവിച്ച വിള്ളലുകളിൽനിന്നു വ്യക്തം. അതുകൊണ്ടുതന്നെ സ്വാഭാവികമായും പരാജയത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനിലും സർക്കാരിലും വന്നുചേരുന്നു. സി.പി.എമ്മിന്‍റെ വലതുപക്ഷ വ്യതിയാനവും സ്വജനപക്ഷപാതവും അഴിമതിയും അധികാരക്കൊതിയുമെല്ലാം ചൂണ്ടിക്കാട്ടി നിരവധി നേതാക്കൾ പാർട്ടിയോട് ഇടഞ്ഞപ്പോഴും അവരുടെ പരാതികൾ കേൾക്കാനോ തിരുത്താനോ നേതൃത്വം തയ്യാറായില്ല. ജി. സുധാകരനും വി. കുഞ്ഞികൃഷ്ണനും പി.കെ. ഗോവിന്ദനും അടക്കം പ്രമുഖരായ നേതാക്കൾ പാർട്ടിവിടുന്നത് തടയാൻ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോ മുഖ്യമന്ത്രി പിണറായി വിജയനോ ശ്രമിച്ചില്ല. ജനങ്ങളുടെ മനസ്സ് കണ്ടില്ല, അവരെ വിശ്വാസത്തിലെടുത്തില്ല. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ടുപിരിവിലടക്കം ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി, പാർട്ടിയോട് കലഹിച്ച്, പാർട്ടിയെ തിരുത്താൻ ശ്രമിച്ച് ഒടുവിൽ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ സിപിഎം വിട്ടതോടെയാണ് ഇടത് കോട്ടയായ പയ്യന്നൂരിലെ പൊട്ടിത്തെറി ആരംഭിച്ചത്. പിന്നാലെ തൊട്ടടുത്ത മണ്ഡലമായ തളിപ്പറമ്പിലെ മുതിർന്ന നേതാവ് ടി.കെ ഗോവിന്ദനും പാർട്ടിക്കെതിരേ രംഗത്തെത്തി. പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയെ സ്ഥാനാർഥിയാക്കാനുള്ള വഴിവിട്ട നീക്കത്തിനെതിരേയായിരുന്നു അത്. കടുത്ത അവഗണനയിലും ഉൾപ്പോരുകളിലും പ്രതിഷേധിച്ച്, പാർട്ടി നേതൃത്വത്തോട് കലഹിച്ച് മുൻ മന്ത്രി ജി. സുധാകരൻ പാർട്ടിവിട്ടതും എൽഡിഎഫിനെ പ്രതിസന്ധിയിലാക്കി. ഈ മൂന്നുപേരും ഇപ്പോൾ നേടിയ വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു. പരമ്പരാഗത വോട്ടുകൾ എങ്ങോട്ടൊഴുകി? രണ്ടായിരത്തിനുശേഷം ബിജെപിക്കുണ്ടായ വളർച്ചമൂലം ആദ്യഘട്ടത്തിൽ സിപിഎമ്മിനുണ്ടാക്കിയ നേട്ടം ഇപ്പോൾ തിരിച്ചടിക്കുകയാണ്. മറ്റെന്തൊക്കെ ആന്തരിക വൈരുധ്യങ്ങൾ ഉള്ളപ്പോഴും, 2021 വരെയുള്ള കാലത്ത് ഇടതുപക്ഷം തിരഞ്ഞെടുപ്പുകളിൽ മേൽക്കൈ നേടിയതിൽ ബിജെപിവിരുദ്ധ വോട്ടുകൾക്ക് പങ്കുള്ളതായി നിരീക്ഷിക്കപ്പെട്ടുണ്ട്. യുഡിഎഫിന്റെ ഒപ്പമുണ്ടായിരുന്ന പരമ്പരാഗത വോട്ടുകളിൽ ബിജെപി കടന്നുകയറിയതാണ് ഈ സാഹചര്യമുണ്ടാക്കിയത്. എന്നാൽ, ഇടതുപക്ഷത്തുനിന്ന് ബി.ജെ.പിയിലേക്ക് വോട്ടുകൾ ചോരുന്നതാണ് സമീപകാല തിരഞ്ഞെടുപ്പുകളിൽ കാണുന്നത്. 2019-ലെയും 2024-ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പരമ്പരാഗതമായ ശക്തികേന്ദ്രങ്ങളിലും ഈഴവസമുദായംപോലെയുള്ള സാമൂഹികവിഭാഗങ്ങളിലും എൻഡിഎ കൈവരിച്ച വലിയമുന്നേറ്റം സിപിഎംതന്നെ വിലയിരുത്തിയിട്ടുണ്ട്. സിപിഎം ഈ അപകടം തിരിച്ചറിഞ്ഞിരുന്നു. ന്യൂനപക്ഷതീവ്രവാദത്തോട് കൂടുതൽ സ്വരം കടുപ്പിക്കുകയും വെള്ളാപ്പള്ളി നടേശനെ പ്രീണിപ്പിക്കുകയും അയ്യപ്പസംഗമങ്ങൾ സംഘടിപ്പിക്കുകയുമൊക്കെ ചെയ്തത് ഇതിന്റെ ഭാഗമായാണ്. എന്നാൽ, തീവ്ര ഹിന്ദുത്വത്തെ മൃദുഹിന്ദുത്വംകൊണ്ട് നേരിടാനുള്ള ശ്രമം പാളി. യുഡിഎഫിന് രണ്ടു ന്യൂനപക്ഷങ്ങളുടെയും പരമ്പരാഗതപിന്തുണ വർധിക്കുകയും ഹിന്ദു വോട്ടുകൾ എല്ലാ പാർട്ടികളിൽനിന്നും യുഡിഎഫിലേക്കും ബിജെപിയിലേക്കും ഒഴുകി. ഇതിനൊപ്പം സംഭവിച്ച ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം യു.ഡി.എഫിന് കാര്യങ്ങൾ എളുപ്പമാക്കുകയും ചെയ്തു. സാമുദായിക വോട്ടുബാങ്കുകൾ ചുവടുമാറ്റിയതോ രണ്ടുവട്ടം അധികാരത്തിലിരുന്ന സർക്കാരിനോടുള്ള ഭരണവിരുദ്ധവികാരമോ മാത്രമല്ല സിപിഎമ്മിന്റെ പതനത്തിന് കാരണം. സമകാലിക സാഹചര്യങ്ങളെ മനസ്സിലാക്കുന്നതിലും പ്രത്യയശാസ്ത്രപരമായി അതിനെ അഭിമുഖീകരിക്കുന്നതിലും ഇടതുപക്ഷത്തിന് വീഴ്ച സംഭവിച്ചു. അധികാരം ഏകലക്ഷ്യമായപ്പോൾ മുൻ നിലപാടുകളിൽനിന്ന് യാതൊരു മടിയുമില്ലാതെ വ്യതിചലിക്കുകയും ജനങ്ങളുടെ സാമാന്യബോധത്തെ പരിഹസിക്കുകയും ചെയ്യുന്ന സമീപനം സിപിഎം നേതാക്കൾ തുടർച്ചയായി സ്വീകരിച്ചത് ഇടതുപക്ഷാഭിമുഖ്യമുള്ളവരെ പോലും അകറ്റി. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുതൽ ശബരിമല സ്ത്രീപ്രവേശനം വരെ ഒട്ടേറെ സമീപകാല ഉദാഹരണങ്ങൾ. ശബരിമല സ്വർണക്കൊള്ളയും സഹകരണ ബാങ്ക്, ഫണ്ട് തിരിമറികൾ അടക്കമുള്ള ഗുരുതര അഴിമതി ആരോപണങ്ങളുമെല്ലാം പാർട്ടിക്ക് തിരുത്തലിന് പ്രേരകമായില്ല. ഈ തിരഞ്ഞെടുപ്പുഫലത്തിൽ ഈ നിലപാടുകളും പ്രതിഫലിക്കുന്നു എന്നുവേണം കരുതാൻ. Content Highlights: LDF secured only 35 seats compared to UDF's 102., Pinarayi Vijayan's image-building campaign failed to resonate with voters., Internal party conflicts and corruption allegations led to the loss of traditional strongholds., Voter shift towards UDF and BJP reflects deep anti-incumbency., The 2026 election marks a significant turning point in Kerala's leftist political history. Published: 04 May 2026, 05:34 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മറുപടി പറയാൻ മറ്റാരുണ്ട്? ചരിത്രത്തിലെ ഏറ്റവുംവലിയ തിരിച്ചടിയിലേക്ക് സിപിഎമ്മിനെ എത്തിച്ചതെന്തൊക്കെ?
M
MathrubhumiSource Link
about 3 hours ago
