മലയാളീ സമാജം സാഹിതീയം പുസ്തകചർച്ച

മലയാളീ സമാജം സാഹിതീയം പുസ്തകചർച്ച

ദമ്മാം: സൗദി മലയാളീ സമാജം ദമ്മാം ചാപ്റ്റർ സാഹിതീയം പ്രതിമാസ പുസ്തകാവതരണവും ചർച്ചയും സംഘടിപ്പിച്ചു. സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരൻ ടി.ഡി രാമകൃഷ്ണൻ എഴുതിയ ജനപ്രിയ നോവൽ ‘മാമ ആഫ്രിക്ക’, ബെന്യാമിൻ രചിച്ച വേറിട്ട വായനാനുഭവം പകരുന്ന ഹൃദയസ്പർശിയായ നോവൽ ‘മൾബെറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ’ എന്നിവയാണ് സാഹിതീയം വേദിയിൽ ചർച്ച ചെയ്യപ്പെട്ടത്. To advertise here, ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനായിരുന്നു. സമാജം നിർവ്വാഹകസമിതിയംഗം ഹമീദ് കാണിച്ചാട്ടിൽ ‘മാമ ആഫ്രിക്കയും', ദമ്മാം ഇന്ത്യൻ സ്കൂൾ അധ്യാപിക മഞ്ജുഷ ലജിത്ത് മൾബറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ‘ എന്ന പുസ്തകവും അവതരിപ്പിച്ചു. പൂർണ്ണമായും ആഫ്രിക്കൻ പശ്ചാത്തലത്തിൽ എഴുതപ്പെട്ട മാമ ആഫ്രിക്ക വർഷങ്ങൾക്കു മുൻപ് റെയിൽവേ നിർമ്മാണവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നും ആഫ്രിക്കയിലേക്ക് പോയ പണിക്കർ എന്ന എഞ്ചിനീയറുടെ കൊച്ചു മകളായ താരാവിശ്വനാഥിലൂടെയാണ് ഇതൾ വിരിയുന്നത്. ലോകത്തെ ഭയപ്പെടുത്തിയ ഈദി അമീൻ എന്ന ഏകാധിപതിയുടെ കാലഘട്ടത്തിലാണ് നോവൽ സംഭവിക്കുന്നത്. അധികാരശക്തികൾക്കു മുമ്പിൽ പൊരുതുകയും ഇരയാക്കപ്പെടുകയും ചെയ്യുന്നവരുടെ കഥയാണ് ഈ നോവൽ ചർച്ചചെയ്യുന്നത്. കുടിയേറ്റ പശ്ചാത്തല മുള്ള നോവൽ എന്നതിനപ്പുറം ആഫ്രിക്കൻ രാജ്യങ്ങളുടെ പ്രകൃതി, രാഷ്ട്രീയം, ഗോത്രങ്ങൾ, ആചാരങ്ങൾ, മിത്തുകൾ തുടങ്ങി പല തലങ്ങളെ സ്പർശിക്കാനും ഈ നോവലിനു സാധിച്ചിട്ടുണ്ടെന്ന് ഹമീദ് കണിച്ചാട്ടിൽ അഭിപ്രായപ്പെട്ടു. ഭാവനയും യാഥാർഥ്യവും മിഥ്യാബോധങ്ങളും കൂടിക്കലർന്ന രചനലിയിലൂടെ വായനക്കാരെ പുതുവഴികളിലൂടെ സഞ്ചരിപ്പിക്കുന്ന മനോഹരമായ ശൈലിയാണിതിനെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടു കാലഘട്ടങ്ങളിൽ, ഏറെ വ്യത്യസ്തമായ രണ്ടു ഭൂമികകളിൽ ജീവിച്ചിരുന്ന ഷെൽവിയുടെയും അയാളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ കസാൻ സാകിസിന്റെയും ജീവിതത്തിലൂടെ സഞ്ചരിക്കുന്ന മനോഹരമായ നോവലാണ് ‘മൾബറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ‘. ഒരു നോവലെന്നോ ഒരു ജീവചരിത്രമെന്നോ വേർതിരിച്ചു പറയാനാകാത്തവിധം രണ്ടും കെട്ടു പിണഞ്ഞുകിടക്കുന്ന ഒരു പുസ്തകമാണിതെന്ന്, കഥാപാത്രങ്ങൾ സൂക്ഷിച്ചു വെച്ചിട്ടുള്ള കുറിപ്പുകളും, എഴുത്തുകളും ഉൾപ്പെടെയുള്ളവയെ സാക്ഷ്യപെടുത്തി മഞ്ജുഷ ലജിത്ത് അഭിപ്രായപെട്ടു. വാസ്തവത്തിൽ ഷെൽവിയിലൂടെ എഴുത്തുകാരൻ സാകിസിൽ എത്തുന്നതിനൊപ്പം, കസാൻ സാകിസിന്റെ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട കഥാപാത്രം സോർബയിലൂടെയും നോവൽ കടന്നു പോകുന്നു. പുസ്തകങ്ങൾക്കിടയിൽ, അവയ്ക്കായി ജീവിച്ച്, അകാലത്തിൽ വിട പറഞ്ഞ ഷെൽവിയുടെയും, അയാളുടെ ജീവിതത്തിന്റെ എല്ലാ ഉയർച്ചതാഴ്ചകളിലും ഒപ്പമുണ്ടായിരുന്ന ഡെയ്‌സിയുടേയും ജീവിതത്തെ ഈ പുസ്തകത്തിൽ നിറം മങ്ങാതെ അടയാളപ്പെടുത്തിയിരിക്കുന്നു. ആഗ്രഹങ്ങൾ പൂർത്തീകരിക്കാതെ മടങ്ങിയ ഷെൽവിയുടെ സ്വപ്നങ്ങളും ഓർമ്മകളുമായി യാത്ര തുടങ്ങുന്ന ഡെയ്‌സി, അവരുടെ ജീവിതത്തെ നിർണ്ണയിക്കുന്നതിൽ കസാൻ സാക്കീസിൻ്റെ രചനകൾ ചെലുത്തിയ സ്വാധീനം ഇവയിലൂടെയെല്ലാം ബെന്യാമിൻ നമ്മേ കൂട്ടികൊണ്ട് പോകുന്നുണ്ട്. എഴുത്തുകാരായ ഡോ. ടെസ്സി റോണി, സജിത്ത് രാമകൃഷ്ണൻ, ലതികാ പ്രസാദ്, സയ്യിദ് ഹമദാനി എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.ഹുസൈൻ ചമ്പോളിൽ മോഡറേറ്റർ ആയിരുന്നു. ആകസ്മികമായി വിടപറഞ്ഞ, കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ജീവകാരുണ്ണ്യ പ്രവർത്തകനും, സൗദി മലയാളീ സമാജത്തിന്റെ അഭ്യുദയകാംക്ഷിയുമായിരുന്ന കബീർ കൊണ്ടോട്ടിയുടെ വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തി. മലയാളി സമാജം ദേശീയാധ്യക്ഷൻ മാലിക് മഖ്ബൂൽ അനുസ്മരണപ്രഭാഷണം നടത്തി. പ്രവാസി എഴുത്തുകാരി ലസീന നൗഷാദിന്റെ 'ഫ്ലോട്ടില്ല' എന്ന ആദ്യ കവിതാസമാഹാരത്തിന്റെ സൗദിതല പ്രകാശനം പ്രമുഖ മാധ്യമപ്രവർത്തകനായ പി.എ.എം ഹാരിസ്, അധ്യാപികയും എഴുത്തുകാരിയുമായ ജ്യോത്സ്ന രഞ്ജിത്തിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു. സൗദി മലയാളി സമാജം നിർവാഹകസമിതിയംഗങ്ങളായ നജ്മുസമാൻ കുളങ്ങരതൊടി, ബിനു പുരുഷോത്തമൻ, ഉണ്ണിക്കൃഷ്ണൻ, ഹുസ്ന ആസിഫ്, എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി. പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ സാലു മാഷ്, മോഹൻ വസുധ, ജോയ് തോമസ്, ഇഖ്ബാൽ വെളിയങ്കോട്, ഷാക്കിറ ഹുസൈൻ, സമദ് കൂടല്ലൂർ, ഫസീല ഹസ്സൻ, മുഹമ്മദ് നജീബ്, ശ്രീജിത്ത്, ഗായത്രി ബിജു എന്നിവർ സന്നിഹിതരായിരുന്നു. ഡോക്ടർ സിന്ധു ബിനു സ്വാഗതവും ഷനീബ് അബൂബക്കർ നന്ദിയും പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മലയാളീ സമാജം സാഹിതീയം പുസ്തകചർച്ച — Mathrubhumi | Boolokam | Boolokam