പാലാ : ഗ്രാമീണമേഖലകളിലാണ് പ്രതീക്ഷയെന്ന് എപ്പോഴും പറഞ്ഞിരുന്ന മാണി സി.കാപ്പന്റ വാക്കുകൾ പോലെയായി പാലാ മണ്ഡലത്തിലെ യു.ഡി.എഫ്. വിജയം. മലയോര മേഖലകളും എലിക്കുളം പഞ്ചായത്തും കാപ്പന്റെ വിജയത്തിനടിത്തറയായി. To advertise here, മലയോരമേഖലകളിലെ വോട്ടെണ്ണിയപ്പോൾ മാണി സി.കാപ്പന് അയ്യായിരത്തിലേറെ വോട്ടുകളുടെ ലീഡ് ലഭിച്ചുആദ്യ ആറു റൗണ്ടുകൾ കഴിഞ്ഞപ്പോഴായിരുന്നു ഇത്. എന്നാൽ പാലാ നഗരസഭയും ചുറ്റുമുള്ള പഞ്ചായത്തുകളും എണ്ണിയപ്പോൾ ലീഡ് 1700-ലേക്ക് താഴ്ന്നു. വീണ്ടും യു.ഡി.എഫ്. ക്യാമ്പിൽ ആശങ്കകളായി. കരിങ്ങോഴയ്ക്കൽവീട്ടിൽ ഒത്തുകൂടിയിരുന്ന എൽ.ഡി.എഫ്. പ്രവർത്തകർക്ക് പ്രതീക്ഷകൾ തളിർത്തു. എലിക്കുളം പഞ്ചായത്ത് ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷമാത്രമായി കാപ്പനും കൂട്ടർക്കും. ഒടുവിൽ എലിക്കുളം വിജയമുദ്ര ചാർത്തി നൽകി. മണ്ഡലത്തിലെ ആദ്യ റൗണ്ടുകളിൽ ഉൾപ്പെടുന്ന രാമപുരം, കടനാട്, മേലുകാവ്, മുന്നിലവ്, ഭരണങ്ങാനം എന്നീ പഞ്ചായത്തുകളും അവസാനമെണ്ണിയ എലിക്കുളവുമാണ് യു.ഡി.എഫിന് ഭൂരിപക്ഷം നൽകിയത്. രാമപുരത്ത്-984, കടനാട്-1462, മേലുകാവ്-1633, മൂന്നിലവ്-765, ഭരണങ്ങാനം-868, എലിക്കുളം -853, തലനാട്-അഞ്ച് എന്നിങ്ങനെയാണ് കാപ്പന് ഭൂരിപക്ഷം ലഭിച്ചത്.കമ്യൂണിസ്റ്റ് പാർട്ടികളുടെ ശക്തികേന്ദ്രമായ തലനാട്ടിൽ അഞ്ച് വോട്ടിന് യു.ഡി.എഫിന് മുന്നിലെത്തുവാൻ സാധിച്ചു. ഇവിടെ എൽ.ഡി.എഫ് മികച്ച വിജയം പ്രതീക്ഷിച്ചിരുന്നതാണ്. ബി.ജെ.പി.ക്ക് ഏറെ അണികളുള്ള തലപ്പലത്ത് എൻ.ഡി.എ. അഞ്ച് വോട്ടിന് മുന്നിൽ നിന്നു. കേരള കോൺഗ്രസ് എമ്മിന്റെ ശക്തികേന്ദ്രങ്ങളായ കരൂർ പഞ്ചായത്തിൽ 1182 -വോട്ടിനും മുത്തോലിയിൽ 1410-വോട്ടിനും മീനച്ചിലിൽ 233-വോട്ടിനും കൊഴുവനാലിൽ 635-വോട്ടിനും ജോസ് കെ.മാണി മുന്നിട്ടുനിന്നു.പാലാ നഗരസഭയിലും 130-വോട്ടിന്റെ ഭൂരിപക്ഷം എൽ.ഡി.എഫ്. നേടി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണം പിടിച്ച പാലാ നഗരസഭ, മീനച്ചിൽ, കൊഴുവനാൽ പഞ്ചായത്തുകളിൽ യു.ഡി.എഫ്. മികച്ച വിജയം പ്രതീക്ഷിച്ചിരുന്നതാണ്. Published: 05 May 2026, 02:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
