മല്ലപ്പള്ളിയിൽ വികസനമാണ് വിഷയം; വാശിയിലാണ് മുന്നണികൾ

മല്ലപ്പള്ളിയിൽ വികസനമാണ് വിഷയം; വാശിയിലാണ് മുന്നണികൾ

M
MathrubhumiSource Link
മല്ലപ്പള്ളി : കല്ലൂപ്പാറ മണ്ഡലം നഷ്‌ടമായശേഷംനടന്ന മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും മല്ലപ്പള്ളി താലൂക്ക് പരിധിയിൽ കാര്യമായ ആവേശം ഉണ്ടായിരുന്നില്ല. നാമനിർദേശപത്രിക സമർപ്പണം മുതൽ കൊട്ടിക്കലാശം വരെ ചൂടുപിടിച്ച് നടത്തേണ്ട പ്രചാരണം തണുപ്പിലായിരുന്നു. എന്നാൽ ഇക്കുറി വികസനം വിഷയമായതോടെ വാശിയേറിയ പ്രചാരണമാണ് നടന്നത്. ഇനിവരുന്ന എം.എൽ.എ. മല്ലപ്പള്ളിക്ക് എന്തുനൽകും എന്നതലത്തിലേക്ക് ചർച്ച വളർന്നത് ശ്രദ്ധേയമായി. അവസാനം വെള്ളപ്പൊക്കത്തിന്റെ പേരിൽ മുന്നണികൾ പോര് മുറുക്കിയത് കളം ഉഷാറാക്കുകയും ചെയ്തു. To advertise here, തിരുവല്ല മണ്ഡലത്തിൽ മല്ലപ്പള്ളി താലൂക്കിലെ കുന്നന്താനം, ആനിക്കാട്, മല്ലപ്പള്ളി, കല്ലൂപ്പാറ, പുറമറ്റം പഞ്ചായത്തുകളാണ് ഉൾപ്പെടുന്നത്. ആകെ 86 ബൂത്തുകൾ. കുന്നന്താനത്ത് ഒന്നുമുതൽ 19 വരെ ബൂത്തുകളുണ്ട്. ആനിക്കാട് (20-33), മല്ലപ്പള്ളി (34-52), കല്ലൂപ്പാറ (53-70), പുറമറ്റം (89-104) എന്ന ക്രമത്തിലാണ് ഇവ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഓക്സിലിയറി ബൂത്തുകൾ ഉണ്ടായിരുന്നെങ്കിലും ഇത്തവണ ഇല്ല. നാടിളക്കുന്ന പ്രചാരണം കൊട്ടിക്കലാശത്തോടെ ചൊവ്വാഴ്ച ഒടുങ്ങി. വിജയിക്കാനുള്ള വോട്ടുകൾ എങ്ങനെയാണ് മെഷീനിൽ എത്തുകയെന്ന കണക്കുകൂട്ടൽ തുടങ്ങിയിട്ടുണ്ട്. തദ്ദേശതിരഞ്ഞെടുപ്പ് മാറ്റിനിർത്തിയാൽ 2024-ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പാണ് യു.ഡി.എഫ്. രാഷ്ട്രീയതലത്തിൽ പരിഗണിക്കുന്നത്. അഞ്ച് പഞ്ചായത്തുകളിലെ 75 ബൂത്തുകളിൽ 54 ഇടങ്ങളിൽ യു.ഡി.എഫ്. മുന്നിലെത്തി. 13 ബൂത്തിൽ എൽ.ഡി.എഫ്., എട്ടിൽ എൻ.ഡി.എ. എന്നതായിരുന്നു മറ്റുള്ളവരുടെ നില. മല്ലപ്പള്ളിയിലെ 12 ബൂത്തുകളിൽ യു.ഡി.എഫ്. സ്ഥാനാർഥി ആന്റോ ആന്റണിക്കായിരുന്നു ഭൂരിപക്ഷം.എൻ.ഡി.എ.യുടെ അനിൽ കെ.ആന്റണി മൂന്നെണ്ണത്തിൽ മുന്നിലെത്തി. എൽ.ഡി.എഫ്.-ലെ ഡോ. ടി.എം.തോമസ് ഐസക് ഒരിടത്തുപോലും ഒന്നാമതെത്തിയില്ല. ആനിക്കാട് ഒൻപത് ബൂത്തിൽ യു.ഡി.എഫ്., മൂന്നിടത്ത് എൻ.ഡി.എ., ഒന്നിൽ എൽ.ഡി.എഫ്. എന്ന ക്രമത്തിൽ മുന്നിലെത്തി. കല്ലൂപ്പാറ 14 ബൂത്തുകൾ യു.ഡി.എഫ്. നേടിയപ്പോൾ എൽ.ഡി.എഫ്., എൻ.ഡി.എ. മുന്നണികൾക്ക് ഒന്നുവീതം ലഭിച്ചു. കുന്നന്താനത്ത് യു.ഡി.എഫ്.- ഒൻപത്, എൽ.ഡി.എഫ്.-ആറ്, എൻ.ഡി.എ.-ഒന്ന്, പുറമറ്റത്ത് യു.ഡി.എഫ്.-10, എൽ.ഡി.എഫ്.-അഞ്ച് എന്ന ക്രമത്തിൽ ഒന്നമതെത്തി. എൻ.ഡി.എ. ഒരിടത്തും സ്ഥാനമുണ്ടായില്ല. ഇതേ മുന്നേറ്റം മല്ലപ്പള്ളിയിൽ ഉണ്ടാവുമെന്നും വർഗീസ് മാമ്മൻ വിജയിക്കുമെന്നും യു.ഡി.എഫ്. വിലയിരുത്തുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് മാനദണ്ഡമാക്കാനാവില്ലെന്നും കഴിഞ്ഞ മൂന്ന് അവസരങ്ങളിലും നിയമസഭയിൽ തിരുവല്ലാ മണ്ഡലത്തിൽ മുന്നിലെത്തിയത് എൽ.ഡി.എഫ്. ആയിരുന്നെന്നും ഇടതുമുന്നണി നേതാക്കൾ അവകാശപ്പെടുന്നു. 2011-ൽ മാത്യു ടി.തോമസ് (എൽ.ഡി.എഫ്.) 63289 വോട്ട് നേടി. (പോൾ ചെയ്തതിന്റെ 49.97%), വിക്ടർ ടി.തോമസ്, യു.ഡി.എഫ്. - 52522(41.47%), രാജൻ മൂലവീട്ടിൽ ബി.ജെ.പി.-7656 (6.05%) എന്നതായിരുന്നു മറ്റുള്ളവരുടെ നില. 2016-ൽ മാത്യു ടി. തോമസ് -59660 (41.28%), ജോസഫ് എം. പുതുശേരി -51398 (35.56%), അക്കീരമൻ കാളിദാസഭട്ടതിരി എൻ.ഡി.എ.-31439 (21.75%), 2021-ൽ മാത്യു ടി.തോമസ് -62178 (44.56%), കുഞ്ഞുകോശി പോൾ -50757 (36.37%), അശോകൻ കുളനട-22674 (16.25%) എന്ന ക്രമത്തിൽ ലഭിച്ചു. ഇത്തവണയും പഴയരീതി തുടരുമെന്നാണ് എൽ.ഡി.എഫ്. കരുതുന്നത്. എൽ.ഡി.എഫ്., യു.ഡി.എഫ്. കണക്ക് കൂട്ടലുകൾ രണ്ട് വിധത്തിലാകുമ്പോൾ 2019-ൽ നടന്ന പത്തനംതിട്ട ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പാണ് എൻ.ഡി.എ. അടിസ്ഥാനമാക്കുന്നത്. അന്ന് തിരുവല്ല നിയമസഭാ മണ്ഡലത്തിൽനിന്ന് തപാൽവോട്ടുകൾ കണക്കിലെടുക്കാതെ 40186 വോട്ടുകൾ എൻ.ഡി.എ. സ്ഥാനാർഥി കെ. സുരേന്ദ്രൻ നേടിയിരുന്നു. ആന്റോ ആന്റണിക്ക് 54250, വീണാ ജോർജിന് 50511 എന്നതായിരുന്നു മറ്റുള്ളവരുടെ നില. അനൂപ് ആന്റണി അന്നത്തേതിനേക്കാൾ 10,000 വോട്ടെങ്കിലും അധികം നേടുമെന്നും വിജയത്തിലെത്തുമെന്നും എൻ.ഡി.എ. വിശ്വസിക്കുന്നു. വോട്ട് കഴിഞ്ഞാലും വിധിവരാൻ ഒരു മാസത്തോളം കാത്തിരിക്കണമെന്നത് പ്രവർത്തകരുടെ ത്രിൽ കുറക്കുന്നില്ല.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മല്ലപ്പള്ളിയിൽ വികസനമാണ് വിഷയം; വാശിയിലാണ് മുന്നണികൾ — Math… | Boolokam