റാസൽഖൈമ : യു.എ.ഇ.യിൽ വിവിധയിടങ്ങളിലായി മഴ തുടരുകയാണ്. എങ്കിലും മുൻദിവസങ്ങളേക്കാൾ നേരിയ ആശ്വാസമുണ്ട്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് റാസൽഖൈമയിലെ ഷൗക്ക പ്രദേശത്താണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതർ അറിയിച്ചു. To advertise here, വ്യാഴാഴ്ച മാത്രം 77.5 മില്ലിമീറ്റർ മഴയാണ് ഷൗക്കയിൽ രേഖപ്പെടുത്തിയത്. ഷാർജയിലെ കൽബയിൽ 65.8 മില്ലിമീറ്ററും റാസൽഖൈമയിലെ തന്നെ ഉം അൽ ഗാഫിൽ 60.6 മില്ലിമീറ്ററും മഴ ലഭിച്ചു. കൂടാതെ ഫുജൈറയിലെ വാദി അൽ തുവായിൽ 57.2 മില്ലിമീറ്ററും ഷാർജ അൽ ദൈദിൽ 53.9 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. ഫുജൈറയിലെ അൽ തവീൻ 47.9 മില്ലീമീറ്റർ മഴ ലഭിച്ചു. റാസൽഖൈമയിലെ അൽ മർജാൻ -39.7 മി.മീ, ഷാർജയിലെ ഖോർഫക്കാൻ- 33.3 മി.മീ, അബുദാബിയിലെ ഖതം അൽ ശിഖ്‌ല - 31.6 മി.മീ എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ മഴയുടെ അളവ്. ഓരോ എമിറേറ്റിലും വ്യത്യസ്ത തീവ്രതയിലാണ് മഴയും കാറ്റും ലഭിക്കുന്നത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും താഴ്‌വരയിലേക്കും മറ്റും പോകുന്നതിൽനിന്നും വിട്ടുനിൽക്കണമെന്നും അധികൃതർ അറിയിച്ചു. പ്രതിസന്ധികൾ പരിഹരിക്കാൻ ഷാർജ ചാരിറ്റി ഷാർജ : മഴക്കാലക്കെടുതികൾ മനസ്സിലാക്കാനായി ഷാർജ ചാരിറ്റി ഇന്റർനാഷണലിന്റെ കീഴിലുള്ള ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ വിഭാഗം നടപടികൾ ആരംഭിച്ചു. ഡിസാസ്റ്റർ വിഭാഗം അധികൃതർ നിരന്തരം അടിയന്തര സാഹചര്യങ്ങൾ വിലയിരുത്തി പരിഹാരം കാണും. അതിനായി ദിവസവും യോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. മഴക്കെടുതിയിൽ പുറത്തുപോകാൻ സാധിക്കാത്തവർക്ക് അവശ്യ സാധനങ്ങളെത്തിച്ചും മറ്റും അടിയന്തര സഹായങ്ങളും ചാരിറ്റി ഇന്റർ നാഷണൽ ചെയ്യുന്നുണ്ട്. വെള്ളക്കെട്ട് ബാധിച്ച താമസക്കാർക്ക് വേഗത്തിൽ സഹായം ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടികളാണ് ലക്ഷ്യം. പ്രതികൂല കാലാവസ്ഥ കാരണം രൂപപ്പെട്ട പ്രതിസന്ധികൾ വേഗത്തിൽ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ ടീം മേധാവി അലി മുഹമ്മദ് അൽ റാഷിദി പറഞ്ഞു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വേഗത്തിൽ പരിഹാരം കാണാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മഴയും വെള്ളക്കെട്ടും കാരണം ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിന് ഷാർജ ചാരിറ്റി ഇന്റർനാഷണൽ സന്നദ്ധമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അതിനായി ചാരിറ്റി ഇന്റർനാഷണലിന് കീഴിലുള്ള ഹെൽത്ത് വിഭാഗം തയ്യാറെടുത്തുകഴിഞ്ഞു.
