ദുബായ് : കഴിഞ്ഞ ആഴ്ച പെയ്ത ശക്തമായ മഴയ്ക്കുശേഷം എമിറേറ്റ് ശുചീകരിക്കുന്നതിൽ മികച്ച ഇടപെടലുകൾ നടത്തി ദുബായ് മുനിസിപ്പാലിറ്റി. ദുബായിയുടെ വിവിധയിടങ്ങളിൽ നിന്നായി 1.21 കോടി ലിറ്റർ മഴവെള്ളം ജലാശയങ്ങളിലേക്ക് പമ്പ് ചെയ്തതായി ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. To advertise here, പൊതുജനങ്ങളുടെ റിപ്പോർട്ടുകളോടും സഹായ അഭ്യർഥനകളോടും അതിവേഗ പ്രതികരണം ഉറപ്പാക്കി. കനത്തകാറ്റിലും മഴയിലുമായി വീണ 159 മരങ്ങൾ നീക്കംചെയ്യുകയും വെള്ളക്കെട്ടുകൾ പരിഹരിക്കുകയും മലിനജല ശൃംഖലയിലെ തടസ്സങ്ങൾ ഒഴിവാക്കുകയുംചെയ്തു. അസ്ഥിര കാലാവസ്ഥ കാരണം അടച്ചിട്ട ബീച്ചുകളിലും പാർക്കുകളിലും ചുരുങ്ങിയ സമയത്തിനകം പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. പൊതുയിടങ്ങളിൽ നിന്നായി 12,250 കിലോഗ്രാം മാലിന്യം സംസ്കരിച്ചിട്ടുമുണ്ട്. സൂപ്പർവൈസർമാർ, എൻജിനിയർമാർ, ഫീൽഡ് വർക്കർമാർ, രക്ഷാപ്രവർത്തനസംഘങ്ങൾ എന്നിവരുൾപ്പെടെ ഏകദേശം 3500 ജീവനക്കാരനാണ് നഗരശുചീകരണ യജ്ഞത്തിന്റെ ഭാഗമായത്. വാട്ടർ ടാങ്കറുകൾ, പമ്പുകൾ, ക്രെയിനുകൾ ഉൾപ്പടെ വലിയവാഹനങ്ങൾ എന്നിങ്ങനെ 1210-ലേറെ യന്ത്രങ്ങളും വാഹനങ്ങളും ഉപയോഗിച്ചാണ് പ്രവർത്തിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ മുനിസിപ്പാലിറ്റി നടത്തിയ തുടർച്ചയായ നിക്ഷേപങ്ങളും മികച്ച സംഭാവനകൾ നൽകിയതായി മുനിസിപ്പാലിറ്റിയിലെ വേസ്റ്റ് ആൻഡ് സീവേജ് ഏജൻസി സി.ഇ.ഒ. എൻജിനിയർ ആദിൽ മുഹമ്മദ് അൽ മർസൂഖി പറഞ്ഞു. സാമൂഹികക്ഷേമത്തിനും സുരക്ഷയ്ക്കും ജനങ്ങളുടെ ജീവിതനിലവാരത്തിനുമാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർക്കുകൾ, ബീച്ചുകൾ, വിനോദ സൗകര്യങ്ങൾ എന്നിവിടങ്ങൾ സുരക്ഷിതമാക്കാൻ പ്രത്യേക സംഘത്തെ വിന്യസിച്ചിരുന്നു. അടിയന്തര സാഹചര്യങ്ങളോട് പ്രതികരിക്കാനുള്ള എമിറേറ്റിന്റെ പ്രതിരോധശേഷിയാണ് ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ വിജയത്തിൽ വ്യക്തമാകുന്നത്.
