വെള്ളക്കെട്ട് കാരണം വീടിനുപുറത്തിറങ്ങാൻ സാധിക്കാത്ത താമസക്കാർക്ക് കുടിവെള്ളം, അവശ്യസാധനങ്ങൾ, മരുന്ന്, പാകംചെയ്ത ആഹാരം തുടങ്ങിയവ എത്തിച്ച് മലയാളി കൂട്ടായ്മകൾ To advertise here, ഷാർജ : ജീവകാരുണ്യപ്രവർത്തനങ്ങളിൽ മാതൃകയായ പ്രവാസി മലയാളികളുടെ സേവനങ്ങൾ യു.എ.ഇ. യിൽ വീണ്ടും സജീവമായി. കഴിഞ്ഞ ദിവസങ്ങളിലെ മഴക്കെടുതികാരണം പ്രതിസന്ധിയിലായ താമസക്കാർക്ക് സഹായം ചെയ്യാനായി ഒട്ടേറെ മലയാളി സന്നദ്ധപ്രവർത്തകരാണ് സ്വയം മുന്നോട്ടുവന്നത്. മഴക്കെടുതി കൂടുതലും ബാധിച്ചത് ഷാർജയിലായിരുന്നു. വെള്ളക്കെട്ട് കാരണം വീടിനുപുറത്തിറങ്ങാൻ സാധിക്കാത്ത താമസക്കാർക്ക് കുടിവെള്ളം, അവശ്യസാധനങ്ങൾ, മരുന്ന് തുടങ്ങിയവ എത്തിച്ചത് മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലാണ്. പാകംചെയ്ത ആഹാരവും എത്തിച്ചുനൽകി. കുട്ടികളടക്കമുള്ള കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് കൂടുതൽ സഹായവും കൂട്ടായ്മകളെത്തിച്ചത്. കൃത്യമായി കഴിക്കുന്ന മരുന്നുകൾ തീർന്നതുകാരണം പലർക്കും മരുന്നുകളെത്തിക്കാനും മലയാളികൾ മുന്നിലുണ്ടായി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രവർത്തകരും സേവന പ്രവർത്തനങ്ങളിൽ സജീവമായുണ്ടായി. അബു ഷഗാര, ഖാസിമിയ, ഷാർജ ബുതീന ഫയർസ്റ്റേഷൻ പരിസരം അടക്കമുള്ള പ്രദേശങ്ങളിലുണ്ടായ വെള്ളക്കെട്ട് നീക്കാനും വാഹനങ്ങളെ വഴിതിരിച്ചുവിടാനും മറ്റു പ്രവർത്തനങ്ങൾക്കും ഷാർജയിലെ സർക്കാർ അതോറിറ്റികൾക്കൊപ്പം വൊളന്റിയർമാരായി മലയാളികൾ പ്രവർത്തിച്ചുകൊണ്ട് മാതൃകയായി. ഏതു സാഹചര്യങ്ങളിലും വിളിക്കാനായി മലയാളി വൊളന്റിയർമാർ തങ്ങളുടെ നമ്പറുകളും താമസക്കാർക്ക് നൽകിയിട്ടുണ്ട്. ഷാർജ സർക്കാരിന്റെ കീഴിലുള്ള മലയാളി വൊളന്റിയർമാരും സഹായപ്രവർത്തനങ്ങൾക്കൊപ്പമുണ്ട്. ശക്തമായ മഴയിൽ എമിറേറ്റിൽ പല സ്ഥാപനങ്ങളിലും വെള്ളം കയറിയിരുന്നു. അതിനാൽ കടകളും ഓഫീസുകളും ദിവസങ്ങളായി പ്രവർത്തനങ്ങൾ മുടങ്ങിയിരിക്കുകയാണ്. ഫർണിച്ചുകൾക്കടക്കം വലിയ നാശനഷ്ടങ്ങളുമുണ്ടായി. ജീവനക്കാരിൽ ചിലർക്ക് വർക്ക് ഫ്രം ഹോമും ചിലർക്ക് അവധിയും നൽകിയിരിക്കുകയാണ്. ശനിയാഴ്ചയോടെ ഷാർജയുടെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് നീക്കിയെങ്കിലും അബു ഷഗാര അടക്കമുള്ള സ്ഥലങ്ങളിൽ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. പുറത്തിറങ്ങാൻ പ്രയാസമുണ്ടെന്ന് താമസക്കാർ പറഞ്ഞു. ഒട്ടേറെ വാഹനങ്ങൾക്കും കേടുപാടുകളുണ്ടായി. ചെറിയ വാഹനങ്ങളിൽ വെള്ളംകയറിയതുകാരണം സ്റ്റാർട്ടാകാത്ത സാഹചര്യമാണെന്നും ഡ്രൈവർമാർ പറഞ്ഞു. താമസയിടങ്ങളിൽ വൈദ്യുതി, ഇന്റർനെറ്റ് പ്രവർത്തനങ്ങൾക്കും തടസ്സം നേരിട്ടിരുന്നു.
