ബിരിയാണി പ്രേമികൾക്ക് പരീക്ഷിക്കാവുന്ന വേറിട്ടൊരു രുചിക്കൂട്ടാണ് മഷ്റൂം ബിരിയാണി. ഇതിനൊപ്പം സൈഡ് ഡിഷ് ആയി എരിവും മധുരവും പുളിയും ഒരുപോലെ ഒത്തുചേരുന്ന പൈനാപ്പിൾ തവ ഫ്രൈ കൂടി ഉണ്ടെങ്കിൽ ഉച്ചയൂണ് ഗംഭീരമാക്കാം. അടുപ്പിച്ച് അവധി ദിവസങ്ങളെത്തുന്ന വീക്കെന്റിൽ വീട്ടിലുള്ള ചേരുവകൾകൊണ്ട് സ്പെഷ്യൽ കോംബോ റെസിപ്പി എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം. To advertise here, മഷ്റൂം ബിരിയാണി മഷ്റൂം - 250 ഗ്രാം ബസ്മതി അരി - 2 കപ്പ് സവാള - 2-3 എണ്ണം ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 ടേബിൾസ്പൂൺ പച്ചമുളക് - 4-5 എണ്ണം തക്കാളി - 1 മല്ലിയില അരിഞ്ഞത് - 1/2 കപ്പ് പുതിന അരിഞ്ഞത് - 1 ടേബിൾസ്പൂൺ തൈര് - 2 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ മുളക്പൊടി - 1/2 ടീസ്പൂൺ ഗരം മസാല/ ബിരിയാണി മസാല - 1 ടീസ്പൂൺ ഏലക്ക - 3-4 എണ്ണം ഗ്രാമ്പൂ - 4-5 എണ്ണം കറുകപ്പട്ട - 1 കഷണം നാരങ്ങാനീര് - 1 ടീസ്പൂൺ വറുത്ത സവാള - 2 ടേബിൾസ്പൂൺ എണ്ണ - 2 ടേബിൾസ്പൂൺ ഉപ്പ് - പാകത്തിന് മഷ്റൂം ബിരിയാണി തയ്യാറാക്കുന്ന വിധം അരി കഴുകി 15 മിനിറ്റ് കുതിർത്ത് വെക്കുക. വെള്ളം ചൂടായി വരുമ്പോൾ ഏലക്ക, ഗ്രാമ്പൂ, കറുകപ്പട്ട പാകത്തിന് ഉപ്പു, നാരങ്ങനീര് എന്നിവ ചേർത്ത് കൊടുക്കുക. അതിലേക്ക് അരി ചേർത്ത് 80% വേവിക്കുക. ശേഷം ഊറ്റി വെക്കുക. മഷ്റൂം അൽപനേരം മഞ്ഞൾപ്പൊടി ചേർത്ത വെള്ളത്തിൽ മുക്കി വെക്കുക. അതിന് ശേഷം നന്നായി വൃത്തിയാക്കി വലിയ കഷണങ്ങളായി മുറിച്ച് വെക്കുക. (ഞാൻ ഓയിസ്റ്റർ മഷ്റൂം ആണ് എടുത്തിരിക്കുന്നത്). ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണയൊഴിച്ച് ചൂടായി വരുമ്പോൾ അതിലേക്ക് നീളത്തിൽ അരിഞ്ഞ സവാള, പച്ചമുളക് ചേർത്ത് വഴറ്റുക. നിറം മാറി വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചതച്ചത് കൂടെ ചേർത്ത് വീണ്ടും വഴറ്റുക. പച്ചമണം മാറി മൂത്ത് വരുമ്പോൾ മഞ്ഞൾപ്പൊടി, മുളക്പൊടി, ഗരം മസാല എന്നിവ ചേർത്ത് മൂപ്പിക്കുക. അതിലേക്ക് അരിഞ്ഞ തക്കാളി കൂടെ ചേർത്ത് വഴറ്റുക. തക്കാളി ഉടഞ്ഞു വരുമ്പോൾ വൃത്തിയാക്കിയ മഷ്റൂം ചേർത്ത് യോജിപ്പിക്കുക. പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കാം. മഷ്റൂം വെന്ത് വെള്ളം വറ്റി വരുമ്പോൾ തൈര് ചേർത്ത് യോജിപ്പിക്കുക. അരിഞ്ഞ മല്ലിയില, പുതിന കൂടെ ചേർത്ത് യോജിപ്പിച്ച് വെക്കുക. ബിരിയാണി ലെയർ ചെയ്യാം: ഒരു ചെമ്പിൽ അല്ലെങ്കിൽ നോൺ സ്റ്റിക്ക് ബിരിയാണി പോട്ടിൽ അല്പം നെയ്യൊഴിച്ച് ചോറിൽ പകുതി നിരത്തുക. അതിന് മേലെ മഷ്റൂം മസാല നിരത്തി ബാക്കിയുള്ള ചോറ് കൂടെ നിരത്തി ലെയർ ചെയ്യുക. മേലെ അല്പം കൂടെ നെയ്യ്, പൊരിച്ച സവാള, അരിഞ്ഞ മല്ലിയില അല്പം ഗരം മസാല എന്നിവ വിതറി മൂടി വച്ച് ചെറുതീയിൽ 15 മിനുട്ട് ദം ചെയ്യുക. തീ അണച്ചു 10 മിനുട്ട് കൂടെ വച്ച ശേഷം ചൂടോടെ വിളമ്പാം. പൈനാപ്പിൾ തവ ഫ്രൈ പൈനാപ്പിൾ - 1 ചെറുത് മുളക്പൊടി - 1 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ കുരുമുളകുപൊടി - 1/2 ടീസ്പൂൺ ജീരകം പൊടിച്ചത് - ഒരു നുള്ള് പഞ്ചസാര - 1/2 ടീസ്പൂൺ ഉപ്പ് - പാകത്തിന് മല്ലിയില അരിഞ്ഞത് - 1 ടീസ്പൂൺ എണ്ണ/ ബട്ടർ - 1 ടേബിൾസ്പൂൺ പൈനാപ്പിൾ ഫ്രൈ തയ്യാറാക്കുന്ന വിധം പൈനാപ്പിൾ തൊലി കളഞ്ഞു വട്ടത്തിൽ മുറിച്ച് വെക്കുക. നടുഭാഗം കൂടെ നീക്കം ചെയ്യാം. മുളക്പൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ജീരകപ്പൊടി, പഞ്ചസാര, ഉപ്പ് എന്നിവ അല്പം വെള്ളം ചേർത്ത് കുഴച്ച് പൈനാപ്പിളിൽ പുരട്ടി വെക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് പൈനാപ്പിൾ കഷണങ്ങൾ നിരത്തി ചെറുതീയിൽ ഇരുപുറവും വറുത്തെടുക്കുക. മേലെ മല്ലിയില വിതറി ചൂടോടെ വിളമ്പാം.

മഷ്റൂം ബിരിയാണിയും സ്പൈസി പൈനാപ്പിൾ ഫ്രൈയും ട്രൈ ചെയ്താലോ ?
M
MathrubhumiSource Link
about 1 month ago