നാഗ്പുർ : വസ്ത്രം വാങ്ങാൻപോലും പണമില്ലാത്ത അവസ്ഥയിൽനിന്ന് കോഴിവളർത്തലിലൂടെ കോടികളുടെ സാമ്രാജ്യം കെട്ടിപ്പടുത്ത അനുഭവകഥ പറയാൻ മഹാരാഷ്ട്രയിലെ ഒരു കർഷകൻ പറക്കുന്നു, യു.കെ.യിലെ ഓക്സ്‌ഫഡ് സർവകലാശാലയിലേക്ക്. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ മസാല അഞ്ജൻഗാവ് ബാരി ഗ്രാമത്തിൽ നിന്നുള്ള 57-കാരനായ രവീന്ദ്ര മണിക്‌റാവു മെട്കർക്കാണ് സർവകലാശാലയുടെ ക്ഷണം ലഭിച്ചത്. To advertise here, മേയ് ഒന്നുമുതൽ അഞ്ചുവരെ സർവകലാശാല ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര ഗവേഷണ സമ്മേളനത്തിൽ അദ്ദേഹം സംസാരിക്കും. ഒരു സംരംഭകനെന്ന നിലയിൽ ഉൾക്കാഴ്ചകളാണ് അവിടെ പങ്കിടേണ്ടത്. സർവകലാശാലയുമായി സഹകരിച്ച് ഗ്ലോബൽ ഇക്കണോമിക് ഫോറമാണ് (ജി.ഇ.എഫ്.) സമ്മേളനം സംഘടിപ്പിക്കുന്നത്. 1984-ൽ ജൂനിയർ കോളേജിൽ പഠിക്കുമ്പോൾ വീടിന്റെ ടെറസിൽനിന്നാണ് രവീന്ദ്ര മണിക്‌റാവു മേട്കർ കോഴിവളർത്തൽ ആരംഭിച്ചത്. വനംവകുപ്പിൽ നാലാംക്ലാസ് ജീവനക്കാരനായി സേവനമനുഷ്ഠിച്ച പിതാവിൽനിന്ന് ലഭിച്ച 3000 രൂപയിൽനിന്നാണ് തുടക്കം. 100 കോഴികളാണുണ്ടായിരുന്നത്. കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയശേഷം അമരാവതിയിലെ ചന്ദുർബസാറിൽ അമ്മയിൽനിന്ന് നാലേക്കർ ഭൂമി ലഭിച്ചു. കുടുംബം ആ ഭൂമി വിറ്റ് അതേജില്ലയിലെ ബദ്‌നേരയിൽ ഒരേക്കർ ഭൂമി വാങ്ങി. ബാങ്കിൽനിന്ന് അഞ്ചുലക്ഷംരൂപ വായ്പയെടുത്ത് 4000 പക്ഷികളുമായി കോഴിഫാം ആരംഭിച്ചു. 2006 ആയപ്പോഴേക്കും മസാല അഞ്ജൻഗാവ് ബാരി ഗ്രാമത്തിൽ 10 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന കൃഷിയിടത്തിൽ 20,000 കോഴികളായി. 2008-ൽ ഒരു ബാങ്കിൽനിന്ന് 25 ലക്ഷം രൂപ വായ്പയെടുത്താണ് പുതിയ ഊർജസ്വലതയോടെ അദ്ദേഹം ബിസിനസിലേക്ക് പ്രവേശിച്ചത്. അതിനുശേഷം തിരിഞ്ഞുനോക്കേണ്ടിവന്നില്ല. വർഷം 10,000 കോഴികൾ കൃഷിയിടത്തിലേക്കെത്തുന്നു. നിലവിൽ ബാങ്ക് വായ്പയില്ല. ഇപ്പോൾ 50 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഫാമിൽ 1.8 ലക്ഷം കോഴികളുണ്ട്. വാർഷിക വിറ്റുവരവ് 15 കോടി രൂപയാണെന്ന് രവീന്ദ്ര മണിക്‌റാവു പറഞ്ഞു. ഗോതമ്പ്, ചോളം എന്നിവയ്ക്കുപുറമേ പഴം, മാങ്ങ, ഓറഞ്ച്, മധുരനാരങ്ങ, തേങ്ങ തുടങ്ങിയവയുടെ കൃഷിയുമുണ്ട്. അഗ്രിക്കൾച്ചർ ബിസിനസ് മാനേജ്‌മെന്റ് പഠിച്ച് ഇപ്പോൾ എം.ബി.എ. ചെയ്യുന്ന രണ്ട് സഹോദരന്മാരും മൂത്തമകനും അദ്ദേഹത്തെ സഹായിക്കുന്നു. ഇളയമകൻ വിദേശ സർവകലാശാലയിൽനിന്ന് കംപ്യൂട്ടർ എൻജിനിയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടി. വിജയഗാഥ പങ്കുവെക്കാനും കാർഷിക വിദ്യാർഥികളെയും കർഷകരെയും നയിക്കാനും ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ കാർഷിക കോളേജുകൾ രവീന്ദ്രയെ ക്ഷണിച്ചിട്ടുണ്ട്. സിങ്കപ്പൂർ സർവകലാശാല, ജമ്മുവിലെ ഷേർ ഇ കശ്മീർ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രിക്കൾച്ചറൽ സയൻസസ് ആൻഡ് ടെക്‌നോളജി, നാഗ്പുരിലെ മഹാരാഷ്ട്ര അനിമൽ ആൻഡ് ഫിഷറി സയൻസസ് സർവകലാശാല, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഭിലായ് ഉൾപ്പെടെ സർവകലാശാലകളിൽ പ്രഭാഷണം നടത്തിയിട്ടുണ്ട്. നല്ലവസ്ത്രങ്ങളില്ലാതെ വീട്ടിൽ തുന്നിച്ചേർത്ത വസ്ത്രങ്ങൾ ധരിച്ചിരുന്ന, കോളേജിൽ പോകാൻ സൈക്കിൾപോലുമില്ലാതിരുന്ന തനിക്ക് ഓക്സ്ഫഡ് സർവകലാശാലയിൽ വിജയഗാഥ പങ്കിടാൻ അവസരം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും രവീന്ദ്ര മണിക്‌റാവു മെട്കർ പറയുന്നു.

മഹാരാഷ്ട്രയിലെ കർഷകൻ വിജയഗാഥ പങ്കുവെക്കും ഓക്സ്ഫഡ് സർവകലാശാലയിൽ
M
MathrubhumiSource Link
about 2 months ago