ഡോ. കലാമണ്ഡലം ഗോപി, സദനം വാസുദേവൻ, ചന്ദ്രൻകുട്ടിത്തരകൻ എന്നിവർ ഏറ്റുവാങ്ങി To advertise here, ചെർപ്പുളശ്ശേരി : മാങ്ങോട് രംഗശ്രീ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ പ്രഥമ കഥകളി പുരസ്കാരങ്ങൾ മൂന്നുപേർക്ക് സമ്മാനിച്ചു. അണിയറ കലാകാരൻ നമ്പ്യാരത്ത് അപ്പുണ്ണിത്തരകൻ സ്മാരക 'കേശഭാരം' പുരസ്കാരം ഡോ. കലാമണ്ഡലം ഗോപിക്കും കോട്ടയ്ക്കൽ കൃഷ്ണൻകുട്ടി സ്മാരക 'നാദലയം' പുരസ്കാരം സദനം വാസുദേവനും അണിയറ കലാകാരൻ ഊരംചൊക്കത്ത് രാമത്തരകൻ സ്മാരക 'അണിയലം' പുരസ്കാരം ചമ്മന്നൂർ ചന്ദ്രൻകുട്ടിത്തരകനുമാണ് സമ്മാനിച്ചത്. 10,000 രൂപയുടെ പുരസ്കാരങ്ങൾ കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയർ, കലാമണ്ഡലം രജിസ്ട്രാർ ഡോ. ടി. രാജേഷ്‌കുമാർ എന്നിവർ സമ്മാനിച്ചു. മാങ്ങോട് ക്ഷേത്രസന്നിധിയിൽ പുരസ്കാരസമർപ്പണസമ്മേളനം കേരളാ സംഗീത-നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനംചെയ്തു. ഡോ. എം.എൻ. വിനയകുമാർ അധ്യക്ഷനായി. കലാമണ്ഡലം വേഷവിഭാഗം ഡീൻ കെ.ബി. രാജ് ആനന്ദ് പുരസ്കാരംനേടിയ കലാകാരന്മാരെ പരിചയപ്പെടുത്തി. എം.വി. രാജൻ അനുസ്മരണ പ്രഭാഷണംനടത്തി. ദേവസ്വം മാനേജർ എം. പങ്കജാക്ഷൻ, അപ്പുക്കുട്ടൻ സ്വരലയം, രംഗശ്രീ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് കലാമണ്ഡലം ശിവരാമൻ, ബിജുമോൻ പന്തിരുകുലം, കളത്തൊടി രാധാകൃഷ്ണൻ, കെ. ശിവരാമൻ, ടി. സന്തോഷ്‌കുമാർ, ജയചന്ദ്രൻ, അനിൽകുമാർ, വൈഗ കൃഷ്ണപ്രസാദ് തുടങ്ങിയവർ സംസാരിച്ചു. ധന്യ ജയകൃഷ്ണൻ, ശ്രീലക്ഷ്മി അഴകപ്പത്ത്, ആരാധ്യ ശെൽവരാജ്, പുത്തൻകളം സുബ്രഹ്മണ്യൻ എന്നിവരുടെ നാലുമുടി പുറപ്പാടോടുകൂടിയ കളിയരങ്ങുമുണ്ടായി. തുടർന്ന് 'ദാരികാവധം' കഥകളിയുമുണ്ടായി. കലാമണ്ഡലം സോമൻ, സദനം വിപിൻചന്ദ്രൻ, കലാമണ്ഡലം ഹരിനാരായണൻ, വെള്ളിനേഴി ഹരിദാസ്, കലാനിലയം വാസുദേവൻ, അത്തിപ്പറ്റ രവി, നെടുമ്പുള്ളി രാംമോഹൻ, കലാനിലയം കുഞ്ചുണ്ണി, കലാമണ്ഡലം നന്ദകുമാർ, കലാമണ്ഡലം രാമൻകുട്ടി, കലാനിലയം രാജൻ തുടങ്ങിയവർ പങ്കെടുത്തു.

മാങ്ങോട് രംഗശ്രീ പ്രഥമ കഥകളി പുരസ്കാരങ്ങൾ സമ്മാനിച്ചു
M
MathrubhumiSource Link
about 1 month ago