കറ്റാനം : മാതൃഭൂമിയും കായംകുളം മൂന്നാംകുറ്റി ഗായത്രി സെൻട്രൽ സ്കൂളും ചേർന്ന് വിദ്യാർഥികൾക്കായി സ്പോട്ട് കോറിയോഗ്രഫി മത്സരം നടത്തി. കുട്ടികളിലെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് കെ.ജി., എൽ.പി. വിഭാഗം വിദ്യാർഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള പാട്ടിനനുസരിച്ച് ഏറ്റവും മികച്ച രീതിയിൽ ചുവടുവെക്കുന്ന വിദ്യാർഥികളിൽനിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. കുട്ടികളുടെ നൃത്തച്ചുവടുകളിൽനിന്ന് ആവേശം ഉൾക്കൊണ്ട് രക്ഷിതാക്കളായ അമ്മമാരും ഗ്രൂപ്പായി സ്പോട്ട് കോറിയോഗ്രഫിയിൽ പങ്കാളികളായി. To advertise here, മത്സരത്തിന്റെ ഉദ്ഘാടനം സിനിമ-സീരിയൽ നടി ദേവീചന്ദന നിർവഹിച്ചു. സ്കൂൾ ചെയർമാൻ സി. ഷാജി അധ്യക്ഷനായി. മാതൃഭൂമി സർക്കുലേഷൻ മാനേജർ സി.എസ്. ആനന്ദ്, പ്രിൻസിപ്പൽ വി. സുനിൽകുമാർ, എസ്.എം.സി. ചെയർമാൻ ഡോ. വി. സുനിൽകുമാർ, ചീഫ് കോഡിനേറ്റർ ആഷ്‌ന രാജ്, കോഡിനേറ്റർ ശ്രുതി വിജയൻ, വൈസ് പ്രിൻസിപ്പൽമാരായ ഷീജ പി. നായർ, കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കലാമണ്ഡലം ജയലക്ഷ്മി, കലാമണ്ഡലം എം. ആതിര എന്നിവർ വിധികർത്താക്കളായിരുന്നു. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ നൽകി. രണ്ടു വിഭാഗങ്ങളിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം 3,000, 2,000, 1,000 രൂപവീതം ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും നൽകി.

മാതൃഭൂമി-ഗായത്രി സെൻട്രൽ സ്കൂൾ സ്പോട്ട് കോറിയോഗ്രഫി മത്സരം
M
MathrubhumiSource Link
about 1 month ago