മാനന്തവാടി: തിരഞ്ഞെടുപ്പുചൂട് പടിവാതിൽക്കൽ എത്തിയപ്പോൾ മാനന്തവാടിയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് എൽ.ഡി.എഫ്. സിറ്റിങ് എം.എൽ.എ.യും മന്ത്രിയുമായ ഒ.ആർ. കേളുതന്നെയാണ് ഇത്തവണയും കളത്തിലിറങ്ങുക. തിരഞ്ഞെടുപ്പ് ചർച്ചകൾ തുടങ്ങിയ മുതലേ എൽ.ഡി.എഫിൽനിന്ന് ഒ.ആർ. കേളുവിന്റെ പേരുകളല്ലാതെ മറ്റൊന്നും ഉയർന്നിരുന്നില്ല. തദ്ദേശതിരഞ്ഞെടുപ്പിലെ വലത്തോട്ടുള്ള കാറ്റും കൂടിയായപ്പോൾ കേളുവല്ലാതെ മറ്റൊരു സ്ഥാനാർഥിയെപ്പറ്റി ആലോചിച്ചുപോലുമില്ല. To advertise here, മത്സരരംഗത്തുനിന്ന് മാറിനിൽക്കാൻ വ്യക്തിപരമായി സന്നദ്ധത പ്രകടിപ്പിച്ച കേളുവിന് മുഖ്യമന്ത്രിയും സി.പി.എം. സംസ്ഥാന സെക്രട്ടറിയും ഉൾപ്പെടുന്ന നേതൃത്വം മത്സരിക്കാൻ നിർദേശംനൽകിയതായാണ് സൂചന. ജില്ലയിലെ സി.പി.എം. നേതൃത്വത്തിനും ഇത് എതിർപ്പില്ലാത്ത തീരുമാനമായിരുന്നു. കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനസമ്മതിയുള്ള ഒ.ആർ. കേളുവിനു പ്രതിരോധം തീർക്കാൻ യു.ഡി.എഫിനും എൽ.ഡി.എ.ക്കും നന്നായി വിയർക്കേണ്ടി വരും. ഇരുവിഭാഗങ്ങൾക്കും ഇതുവരെ സ്ഥാനാർഥികളായിട്ടുമില്ല. യു.ഡി.എഫിൽനിന്ന് മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ പേര് ആദ്യം പരിഗണനയിലേക്കു വന്നിരുന്നു. ജില്ലയ്ക്കു പുറത്തുനിന്നുള്ള മഞ്ജുക്കുട്ടനും മത്സരിക്കുമെന്ന അഭ്യൂഹമുയർന്നു. ഇതിനെ ഒറ്റക്കെട്ടായി ചെറുത്ത ജില്ലയിലെ നേതൃത്വത്തിന് മാനന്തവാടിയിലെ സ്ഥാനാർഥിനിർണയത്തെപ്പറ്റി അന്തിമതീരുമാനമെടുക്കാൻ സാധിച്ചില്ലെന്നുവേണം കരുതാൻ. അടുത്തിടെ യു.ഡി.എഫ്. അസോസിയേറ്റ് അംഗമായ സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെ.ആർ.പി) ക്ക് സീറ്റ് വേണമെന്ന ആവശ്യമുന്നയിച്ചെങ്കിലും പരിഗണനയിൽപ്പോലും എത്തിയില്ല. വടക്കേ വയനാട് മുൻ എം.എൽ.എ.യുടെ മകനും കോൺഗ്രസ് അധ്യാപക സംഘടനാ നേതാവുമായ മുരളീദാസ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, ബ്ലോക്ക് പഞ്ചായത്തംഗം ഉഷാ വിജയൻ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. സ്ഥാനാർഥി ചർച്ചകൾ അനന്തമായി നീളുന്നതുകൊണ്ടുതന്നെ പ്രചാരണം വൈകുന്നത് യു.ഡി.എഫിനു വെല്ലുവിളിയാവും. സ്ഥാനാർഥിനിർണയം സംബന്ധിച്ച് എൻ.ഡി.എ.യിലും തീരുമാനമൊന്നുമായില്ല. എസ്.ടി. മോർച്ച സംസ്ഥാന അധ്യക്ഷനായ ബി.ജെ.പി.യിലെ പള്ളിയറ മുകുന്ദൻ, ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് കെ. മോഹൻദാസ്, മാനന്തവാടി മണ്ഡലം പ്രസിഡന്റ് സുമാ രാമൻ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. പള്ളിയറ മുകുന്ദനും കെ. മോഹൻദാസും മുമ്പ് മാനന്തവാടിയിൽനിന്ന് ജനവിധി തേടിയിട്ടുണ്ട്. പുതിയ സ്ഥാനാർഥിക്കും വനിതയ്ക്കുമാണ് പ്രാധാന്യം നൽകുന്നതെങ്കിൽ സുമാ രാമന് മത്സരിക്കാൻ അവസരം ലഭിച്ചേക്കും. ഒ.ആർ. കേളു (56) ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി പത്തുവർഷം പ്രവർത്തിച്ച അനുഭവസമ്പത്തുമായാണ് ഒ.ആർ. കേളു 2016-ൽ ആദ്യം നിയമസഭയിലേക്ക് ജനവിധി തേടിയത്. സിറ്റിങ് എം.എൽ.എ.യും മന്ത്രിയുമായിരുന്ന പി.കെ. ജയലക്ഷ്മിയെ 1307 വോട്ടിനു തോൽപ്പിച്ച ഒ.ആർ. കേളു 2021-ൽ രണ്ടാം അങ്കത്തിനിറങ്ങിയപ്പോൾ ഭൂരിപക്ഷം 9282 ആക്കി ഉയർത്തി. പയ്യമ്പള്ളി മൊടോമറ്റം എസ്റ്റേറ്റിലെ കൂലിത്തൊഴിലാളിയായിരുന്നു ആദ്യം. തൃശ്ശിലേരി പവർലൂമില്ലിൽ ദിവസക്കൂലിക്കും മാനന്തവാടി പഴശ്ശി പാർക്കിൽ കൂലിത്തൊഴിലാളിയായും പണിയെടുത്തു. മരക്കൂപ്പ് തൊഴിലാളിയായും പ്രവർത്തിച്ചശേഷമാണ് തിരഞ്ഞെടുപ്പുരംഗത്തേക്ക് വരുന്നത്. വാർഡംഗം, രണ്ടുതവണ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്തംഗം എന്നീനിലകളിൽ പ്രവർത്തിച്ചു. മത്സരിച്ച തിരഞ്ഞെടുപ്പുകളിലൊന്നും പരാജയപ്പെട്ടിട്ടില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇത്തവണയും കേളു തിരഞ്ഞെടുപ്പിനിറങ്ങുന്നത്. സി.പി.എം. കാട്ടിക്കുളം ലോക്കൽ കമ്മിറ്റിയംഗം, മാനന്തവാടി ഏരിയാകമ്മിറ്റിയംഗം, ജില്ലാകമ്മിറ്റി അംഗം, ജില്ലാ സെക്രട്ടേറിയറ്റംഗം എന്നീനിലകളിലും ആദിവാസി ക്ഷേമസമിതി മാനന്തവാടി ഏരിയാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് പട്ടികജാതി/പട്ടികവർഗ ക്ഷേമം സംബന്ധിച്ച നിയമസഭാ കമ്മിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചു. നിലവിൽ സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗവും ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് കേന്ദ്രകമ്മിറ്റിയംഗവുമാണ്. 2024 ജൂൺ 24-നാണ് മന്ത്രിയായി ചുമതലയേറ്റത്. ഓലഞ്ചേരി പുത്തൻമിറ്റം രാമനും അമ്മുവുമാണ് മാതാപിതാക്കൾ. ഭാര്യ: പി.കെ. ശാന്ത. മക്കൾ: വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസറായ സി.കെ. മിഥുന, വിദ്യാർഥിയായ സി.കെ. ഭാവന.

മാനന്തവാടിയിൽ ഒ.ആർ. കേളു വീണ്ടും സ്ഥാനാർഥി, തീരുമാനമാവാതെ യു.ഡി.എഫും എൻ.ഡി.എ.യും
M
MathrubhumiSource Link
about 2 months ago