മായാമനുഷ്യർ; സൈദ്ധാന്തികതയുടെ ആലഭാരങ്ങളില്ല, ആധുനികാനന്തരതയുടെ ആശയങ്ങളെ വിശകലനംചെയ്യുന്ന നോവൽ

മായാമനുഷ്യർ; സൈദ്ധാന്തികതയുടെ ആലഭാരങ്ങളില്ല, ആധുനികാനന്തരതയുടെ ആശയങ്ങളെ വിശകലനംചെയ്യുന്ന നോവൽ

M
MathrubhumiSource Link
കേന്ദ്രസാഹിത്യ അക്കാദമി അവാർഡിനർഹമായ   എൻ. പ്രഭാകരന്റെ ‘ മായാമനുഷ്യർ ’ എന്ന നോവലിനെക്കുറിച്ച് ബിജു സി.പി. എഴുതിയ ലേഖനം    To advertise here, ന മ്മുടെ കാലഘട്ടം നേരിടുന്ന പ്രതിസന്ധികളുടെ മൂലകാരണമെന്നു പറയാവുന്ന, പുത്തൻ പുതുമയുടെ സൈദ്ധാന്തിക നിലപാടുകളെക്കുറിച്ചുള്ള ചിന്താക്കുഴപ്പങ്ങളിലിട്ട് അലമ്പിയെടുക്കുന്ന ഒരു 'കുഴപ്പം പിടിച്ച' നോവലാണ് 'മായാമനുഷ്യർ'. കുഴപ്പം പിടിച്ച ഒരു പുസ്തകമാണ് എൻ. പ്രഭാകരന്റെ മായാമനുഷ്യർ. പുസ്തകത്തിൽ എഴുതിയിരിക്കുന്നു, അതൊരു നോവലാണെന്ന്. ഒറ്റ വായനയങ്ങു വായിച്ചു പോയാൽ തോന്നും അതൊരു കഥയാണെന്ന്. നീണ്ടു നീണ്ട ഒരു കഥ. അല്ലെങ്കിൽ ഒരു നീണ്ടനീണ്ട കഥ. ഇനി, നിർത്തി നിർത്തി വായിച്ച് ഇടയ്ക്ക് ആലോചിച്ചു പോയാലോ! അപ്പോൾ തോന്നും അത് സാമൂഹ്യ രാഷ്ട്രീയ സമീപനങ്ങളെക്കുറിച്ചും പുത്തൻപുതുമയുടെ സൈദ്ധാന്തിക നിലപാടുകളെക്കുറിച്ചുമുള്ള ചില പുനരാലോചനകളാണെന്ന്. ആധുനികാനന്തരം എന്നോ ഉത്തരാധുനികം എന്നോ വിളിക്കുന്ന സാമൂഹ്യ രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ചുള്ള കടുത്ത ചില വിമർശനങ്ങളാണെന്ന്. കഥ പറയുന്നതിനെക്കാൾ ചില കാര്യങ്ങൾ അവതരിപ്പിക്കുകയും ഒട്ടേറെ കാര്യങ്ങളെ പ്രശ്‌നവത്കരിക്കുകയും ചെയ്യുന്ന ഒരു സവിശേഷ ആഖ്യാനം. അതുകൊണ്ടു തന്നെ വായനയുടെ ഹിറ്റ് ചാർട്ടിൽ ഇടംപിടിക്കാൻ സാധ്യത കുറവുള്ള ജനുസ്സിലാണ് മായാമനുഷ്യർ. 'മായാമനുഷ്യർ കുറച്ചേറെ ദൈർഘ്യമുള്ള ഒരു ചെറുകഥയായി എഴുതാൻ പുറപ്പെട്ടതായിരുന്നു' എന്ന് 'മായാമയന്റെ സഹോദരങ്ങൾ' എന്ന ആമുഖക്കുറിപ്പിൽ ഗ്രന്ഥകാരൻ പറയുന്നുണ്ട്. പിറവിയിലേ ഉള്ള അതിന്റെ കഥാത്വം നോവലിനെ ഏകാഗ്രമാക്കുന്നു. രേഖീയമായ, ലളിതമായ ഒരു ആഖ്യാന വടിവിലാണ് നോവലിന്റെ വികാസം. വളവു തിരിവുകളിൽ പരിണാമഗുപ്തികൾ ഒളിച്ചിരിക്കുകയോ ചാടി വീഴുകയോ ചെയ്യുന്നില്ല. എന്നാൽ, ലോകത്തോടും ജീവിതത്തോടും സാഹിത്യത്തോടും രാഷ്ട്രീയ നിലപാടുകളോടുമൊക്കെയുള്ള നമ്മുടെ സമീപനങ്ങളെക്കുറിച്ച് നിരന്തരം സംശയങ്ങൾ ഉയർത്തുന്നു മായാമനുഷ്യർ. ഗമൻ എന്ന ചെറുപ്പക്കാരന്റെ ജീവിതഗമനത്തിലെ ഒരു ഏടാണ് നോവലിന്റെ പാഠം. ഗമൻ എന്ന നായകന്റെ ജീവിതവും നോവലിന്റെ പാഠവും ഏതാണ്ട് ഒരേ മട്ടിലുള്ളതാണ്. വലിയ വളവു തിരിവുകളോ ആകസ്മികതകളോ അടിയൊഴുക്കുകളുടെ പ്രക്ഷുബ്ധതകളോ ഇല്ലാതെ കാലത്തിന്റെ ഓരം ചേർന്ന് മുന്നോട്ടു പോവുന്നത്. എന്നാൽ, ഓരോ നിമിഷത്തിലും ഗമൻ സങ്കീർണമായ നിലപാടു പ്രശ്‌നങ്ങൾ അനുഭവിക്കുന്നുമുണ്ട്. നിലപാടുകളുടെ കോളിളക്കങ്ങളിൽ ഒരു മനുഷ്യകഥ. മറ്റേതൊരു കൃതിയെയും എന്ന പോലെ ഈനോവലിനെയും പല തരത്തിൽ വായിക്കാം. നോവൽ വായനകളുടെ കാര്യത്തിൽ അത് സ്വാഭാവികം മാത്രമാണല്ലോ. അതിൽ നിന്ന് രണ്ടു തരം വായനാ സാധ്യതകൾ തിരഞ്ഞെടുത്ത് അവതരിപ്പിക്കാൻ ശ്രമിക്കട്ടെ. 1. ഒരു കഥാഖ്യാനം എന്ന നിലയിലുള്ള അതിന്റെ പ്രാഥമിക വായനാ സാധ്യത. 2. എഴുത്തുകാരൻ ഇതുവരെ എഴുതിയിട്ടുള്ള രചനകളോടു ചേർത്ത് അവ പുലർത്തിയിട്ടുള്ള നിലപാടുകളുടെയും രാഷ്ട്രീയ സമീപനങ്ങളുടെയും അടിസ്ഥാനത്തിൽ എൻ. പ്രഭാകരന്റെ പുതിയ നോവൽ എന്ന മട്ടിലുള്ള വായന. ഒന്നാമത്തെ നോവൽ വായനയിൽ ഇത് ആധുനികതയുടെ അന്ത്യഘട്ടങ്ങളിൽ സ്വരൂപിച്ച ജീവിതാദർശങ്ങളിൽ അടിയുറച്ച് താരതമ്യേന നിസംഗമായ, ഒരു പാവം ജീവിതം നയിക്കുന്ന യുവാവിന്റെ ജീവിതാഖ്യാനമാണ്. വ്യക്തിജീവിതത്തിലെ സാധാരണതകളെയും പ്രതിസന്ധികളെയും പ്രതീക്ഷകളെയും മോഹരാഹിത്യങ്ങളെയും ഒക്കെ അടയാളപ്പെടുത്തുന്ന പതിഞ്ഞ താളത്തിലുള്ള പ്രവാഹം. നിഴൽ വീണ ചാരനിറമുള്ള ആഖ്യാനാകാശം. മഹത്വീകരണങ്ങളും പൊലിപ്പാട്ടുകളുമില്ലാത്ത ഒരു സാധാരണയുവാവിന്റെ സാധാരണ ജീവിതത്തിന്റെ സാധാരണത്വം നിറഞ്ഞ ആഖ്യാനം. ബഹുഭൂരിപക്ഷം സാധാരണക്കാരുടെയും ജീവിതത്തിന്റെ കണ്ണാടിഛായ പോലൊന്ന്. തടഞ്ഞു നിൽക്കാത്ത ജീവിതത്തിന്റെ അലസ പ്രഹാഹത്തിലെ നിരാനന്ദത്തിന്റെ നിർമമത. ഗമൻ എന്ന നായകന്റെ ജീവിതം അല്ലെങ്കിൽ ജീവിതാന്വേഷണമാണ് പ്രതിപാദ്യം. ഗമന്റെ ജീവിതത്തെ അലസ ജീവിതമെന്നോ താരതമ്യേന സംഭവരഹിതമായ ഒരു നിസംഗ ജീവിതമെന്നോ പറയാം. അപ്രതീക്ഷിതമായ കടന്നു വരവുകളുണ്ടായെങ്കിൽ എന്തു രസമായേനേ എന്ന് അനിയന്ത്രിതമായ് ചിലപ്പോൾ ആ മനസ്സ് ഓടാറുണ്ടെങ്കിലും അസാധാരണമായ ഒന്നിലേക്കും കടന്നു കയറാനുള്ള സംരംഭകത്വം ഗമന് ഇല്ല. ജീവിതത്തിലെ സാധാരണത്വങ്ങളുണ്ടാക്കുന്ന ബോറടി കൊണ്ടു മാത്രമാണ് ചിലപ്പോൾ അയാൾ തന്റെ മാളത്തിൽ നിന്ന് നൂണ്ട് പുറത്തേക്കിറങ്ങി ഇത്തിരി നേരം ജീവിതത്തിന്റെ വെയിലു കൊള്ളാൻ ശ്രമിക്കുന്നത്. പുതിയ കാലത്തിന്റെ ജീവിത സമീപനങ്ങളും താത്വിക ധാരണകളും അയാളെ ചിന്താക്കുഴപ്പത്തിലാക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സഹജമായ അപകർഷതയെ അതിജീവിച്ച് ചിലപ്പോഴെങ്കിലും ശക്തമായി പ്രതികരിക്കാൻ അയാൾ നിർബന്ധിതനാകുന്നു. എന്നാലോ! തന്റെ ജീവിതത്തിന്റെ സ്വാഭാവികമായ പതിഞ്ഞ താളത്തെ അതിലംഘിച്ച് മുന്നേറുന്ന ഏതെങ്കിലുമൊരു പ്രതികരണം അയാളിൽ നിന്ന് ഉണ്ടാകുന്നതുമില്ല. നോവൽ അവസാനിക്കുമ്പോഴും ''ഗമൻ ആ തെരുവിലെ കെട്ടു പിണഞ്ഞ വഴികളിലൊന്നിൽ പന്തുന്ന നെഞ്ചുമായി അലയുക തന്നെയാണ്.'' പുസ്തകത്തിന്റെ കവർ പേജ് എൻ. പ്രഭാകരന്റെ മുൻകാല രചനകളുമായുള്ള ഒരു സംവാദാത്മക പരിചരണം ഈ നോവലിന്റെ വായനയെ സംബന്ധിച്ചിടത്തോളം അത്ര പ്രധാനമൊന്നുമല്ല. ഈ നോവലിന് ഇതിന്റേതു മാത്രമായ നിലനിൽപ് തീർച്ചയായുമുണ്ട്. മായാമയൻ എന്ന നോവൽ വായിക്കുന്നവർക്ക് എൻ. പ്രഭാകരൻ എന്ന മനുഷ്യനെ അന്വേഷിച്ചു പോകേണ്ട കാര്യമില്ല. അദ്ദേഹം മുമ്പ് എന്തെങ്കിലും എഴുതിയിട്ടുണ്ടോ അതെന്താണ് തുടങ്ങിയതൊന്നും ഗൗനിക്കേണ്ട കാര്യവുമില്ല. എന്നാൽ, വേറിട്ട വഴികളിലൂടെ, വലിയ ശബ്ദ ബഹളങ്ങളില്ലാതെ നിരന്തരമായി മുന്നേറിക്കൊണ്ടേയിരിക്കുന്ന ഒരെഴുത്തുകാരന്റെ മഷിപ്പാടുകളെ അവധാനതയോടെ അനുധാവനം ചെയ്യാനുള്ള ചുമതലയുണ്ട് മലയാളത്തിന്റെ സർഗ വഴികളെ സ്‌നേഹാതിരേകത്തോടെ പിൻ പറ്റുന്ന നമുക്ക്. ആധുനികത, ആധുനികതാ വാദത്തിനു ശേഷമുള്ള ആധുനികാനന്തരത, അർഥത്തിന്റെ നിയാമകത, സാഹിത്യത്തിന്റെ സംവേദന സാധ്യതകൾ, ആശയ വിനിമയം, ആത്മ വിമർശനം, ലോകവിമർശനം തുടങ്ങി സംവാദത്തിന്റെ വലിയൊരു ലോകത്തിലേക്ക് വായനക്കാരെ ക്ഷണിക്കുന്നു മായാമയനുഷ്യരിൽ എൻ. പ്രഭാകരൻ. ''സൗന്ദര്യാനുഭവത്തിന് ആത്മ വിസ്മൃതിയുടെ സവിശേഷ രൂപം എന്നതിൽക്കവിഞ്ഞ് ആത്മവിമർശത്തിലേക്കും ലോക വിമർശത്തിലേക്കുമുള്ള പുതിയ ക്ഷണം എന്ന് അർഥം കല്പിക്കുന്ന വായനക്കാർക്കു വേണ്ടിയുള്ളതാണ് മായാമനുഷ്യർ'' എന്ന് നോവലിൽത്തന്നെ ഒരു മുൻകൂർ പ്രഖ്യാപനമുണ്ട്. വേണമെങ്കിൽ മുൻകൂർ ജാമ്യമെന്നും പറയാം. നോവലിലുടനീളം മുഴങ്ങിക്കൊണ്ടേയിരിക്കുകയാണ് ആ പ്രഖ്യാപനത്തിന്റെ അലയൊലികൾ. കഥാനായകന്റെ ഗമൻ എന്ന പേരു മുതൽ നിരന്തരമായ അലച്ചിലായി തുടരുന്ന അയാളുടെ ഗമനങ്ങളിലാകെയുണ്ട് ആ മുഴക്കം. അത്രയെളുപ്പമല്ല അതിനെ അവഗണിക്കാൻ. നോവലിനെ ഒരു വിചാരലോകമായിക്കൂടി പണിതൊരുക്കുന്ന രീതി ഒട്ടും ജനപ്രിയമല്ല. വിചാരതലങ്ങളെ പരമാവധി ഉള്ളിലൊതുക്കിയും ഒളിപ്പിച്ചും സൗന്ദര്യാനുഭവത്തെ മാത്രം മുന്നിലവതരിപ്പിച്ചുമാണ് നമ്മുടെ നോവലുകളിലൊട്ടധികവും പിറവിയെടുക്കുന്നത്. വായിക്കപ്പെടുന്നതും. പ്രകടമായും ആ സമ്പ്രദായത്തിൽ നിന്നു വേറിട്ടു നിൽക്കുന്നത് ആനന്ദിനെപ്പോലെ വളരെക്കുറച്ച് എഴുത്തുകാർ മാത്രം. ആനന്ദിനെപ്പോലെ എന്നല്ലാതെ, കൂടെ ചേർത്തു പറയാൻ വേറേ പേരുകൾ ഇല്ലെന്നു തോന്നുന്നു. ഒറ്റയാന്റെ പാപ്പാൻ, മായാമയൻ തുടങ്ങിയ ചില കഥാസമാഹാരങ്ങളിലും തീയൂർ രേഖകൾ, ഏഴിനും മീതേ, ബഹുവചനം, ജനകഥ, മലയാളി ഭ്രാന്തന്റെ ഡയറി തുടങ്ങി ഏതാണ്ടെല്ലാ നോവലുകളിലും എൻ. പ്രഭാകരന്റെ ആഖ്യാനവടിവ് കേവലം സൗന്ദര്യാനുഭവനിഷ്ഠം മാത്രമല്ല. കഥപറച്ചിലിന്റെ സൗന്ദര്യാനുഭവത്തിനപ്പുറത്ത് സമകാലികവും സകലകാലികവുമായ ഒരു രാഷ്ട്രീയാഖ്യാനത്തിന്റെ ചൂടും വെളിച്ചവും കൂടി പ്രസരിക്കുന്നുണ്ടാവും. സാഹിത്യമെന്നല്ല, മതവും നിയമവും കലയും ശാസ്ത്രവുമൊക്കെ പ്രത്യയശാസ്ത്രത്തിന്റെ പുറംപാളിയാണെന്നാണല്ലോ മാർക്‌സിയൻ കാഴ്ചപ്പാട്. സാമൂഹിക അന്തരീക്ഷത്തിന്റെ പ്രതിഫലനമാണ് സാഹിത്യം എന്ന പ്രഖ്യാതമായ ഇടതുപക്ഷ വീക്ഷണം ഇന്ന് ഏതാണ്ടൊരു സമ്മതി നേടിയിട്ടുണ്ട്. ഇടതുപക്ഷ വിരുദ്ധർ കൂടി വലിയ കലമ്പലുകളില്ലാതെ സ്വീകരിക്കുന്നു ആ ആശയം. പ്രത്യയശാസ്ത്രം എന്ന മാർക്‌സിയൻ പരികല്പനയെ സവിശേഷമായ ഒരു ജൈവബോധത്തിലൂടെ പാകപ്പെടുത്തി അധീശത്വം എന്ന പരികല്പനയാക്കി വളർത്തിയിട്ടുണ്ടല്ലോ അന്റോണിയോ ഗ്രാംഷി. പ്രത്യയശാസ്ത്രം എന്നതിനു പകരമുള്ള ഒരു സാങ്കേതിക പദം എന്ന നിലയലിൽ മാത്രമല്ല ഗ്രാംഷി അധീശത്വം എന്ന പരികല്പന ഉപയോഗിക്കുന്നത്. മാർക്‌സിയൻ പരികല്പനയിൽ 'പ്രത്യയശാസ്ത്ര'ത്തിനുള്ള സാമ്പത്തികാടിത്തറയിലൂന്നിയ നില്പിനപ്പുറം കൂടുതൽ വിപുലമായ സാമൂഹിക സാംസ്‌കാരിക തലങ്ങളുള്ളതാണ് ഗ്രാംഷിയുടെ 'അധീശത്വം' എന്ന പരികല്പന. ആധുനികതയുടെ സാംസ്‌കാരിക രാഷ്ട്രീയ സമീപനങ്ങളിൽ നിന്ന് ആധുനികാനന്തരതയുടെ സാംസ്‌കാരിക രാഷ്ട്രീയങ്ങളിലേക്കു വരുന്നതോടെ ആശയാവലികൾ മാത്രമല്ല ഛിന്നഭിന്നമായിത്തീരുന്നത്. എല്ലാത്തരം വിശ്വാസങ്ങളും ധാരണകളും രൂപഭദ്രതകളും ഭാവഭദ്രതകളും ഒക്കെ ശകലിതമാവുന്നുണ്ട്. ഐൻസ്റ്റീനു പിന്നാലെ ശാസ്ത്രം പോലും അനിശ്ചിതത്വത്തെ അംഗീകരിച്ചുവല്ലോ. മഹത്തായ ഭൗതികശാസ്ത്ര സിദ്ധാന്തമായി അനിശ്ചിതത്വം. സത്തിയം പലത് എന്ന് ഖസാക്കുകാർ സ്വയം തിരിച്ചറിയുന്നത് നമുക്കും പരിചിതമാണല്ലോ. മായാമയന്റെ സഹോദരങ്ങൾ എന്ന ആമുഖക്കുറിപ്പിൽ നോവലിസ്റ്റ് എഴുതുന്നു- ' ഒരു വാക്കിന്റെയും അർഥത്തെക്കുറിച്ച് അന്തിമമായ തീർപ്പ് സാധ്യമല്ലെന്ന ആശയം ഇപ്പോൾ... സാമാന്യജ്ഞാനത്തിന്റെ ഭാഗമാണ്.' തുടർന്ന് പറയുന്നത് അല്ലെങ്കിൽ വാദിക്കുന്നത് 'ഏതൊരു വാക്കിന്റെ കാര്യത്തിലും അത് ഉപയോഗിക്കുന്നയാൾക്ക് അതിന്റെ അർഥം ഇന്നതാണെന്നതിനെക്കുറിച്ച് സംശയരഹിതമായ ധാരണയുണ്ടാവും. ആ വാക്കിനെ സ്വീകരിക്കുന്നയാൾ ആ ധാരണ പങ്കു വെക്കുകയും ചെയ്യും. ഇല്ലെന്നു വരികിൽ ആശയ വിനിമയം അസാധ്യമാവും' വാഗർഥാവിവ സംപൃക്തൗ വാഗർഥ പ്രതിപത്തയേ... വാക്കും അർഥവും ഇണ പിരിയാത്ത ദമ്പതികളാണെന്ന കാളിദാസന്റെ കാലത്തെ വാദം തന്നെയല്ലേ മായാമനുഷ്യർ എന്ന നോവലിന്റെ ആമുഖക്കുറിപ്പിൽ എൻ. പ്രഭാകരൻ എഴുതിയിരിക്കുന്നത്? വാക്കുകളുടെ അർഥം രൂപപ്പെടുന്നത് ചരിത്രത്തിലാണെന്ന റെയ്മണ്ട് വില്യംസിന്റെ പ്രശസ്തമായ സമീപനത്തിന് ഇവിടെ പ്രത്യേക പ്രസക്തിയുണ്ട്. ഹൈസൻബെർഗിന്റെ അനിശ്ചിതത്വ സിദ്ധാന്തത്തെ ഒരു മട്ട് ലഘുവാക്കി പറഞ്ഞു കേട്ടിട്ടുള്ളത് ഇങ്ങനെയാണ് - ഒരു ആറ്റത്തിലെ ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോണുകൾ പരിക്രമണം ചെയ്യുന്നത് നിശ്ചിത പഥത്തിലൂടെയാണെന്ന ധാരണ തെറ്റാണ്. ഒരു നിശ്ചിത സമയത്ത് ഇലക്ട്രോണിന്റെ സ്ഥാനവും വേഗവും ഇന്നതായിരിക്കും എന്ന് പ്രവചിക്കാനാവില്ല. അത് അനിശ്ചിതമാണ്. ഒരു പൂവിനു ചുറ്റും തേനീച്ചയുടെ പരിക്രമണം പോലെ. എന്നാൽ, തേനീച്ചയുടെ പരിക്രമണം അതിരുകൾ കിറുകൃത്യമല്ലാത്തതെങ്കിലും ഒരു നിശ്ചിത മണ്ഡലത്തിനുള്ളിലായിരിക്കും. അതു പോലെയാണ് ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോണുകളുടെ പരിക്രമണവും. ഒരു പദത്തിന് ഒരു കൃത്യമായ ഒരു നിശ്ചിത അർഥമുണ്ടായേ തീരൂ എന്നതിനെക്കാൾ അർഥത്തിന്റെ ഒരു മണ്ഡലം -Meaning Scape- എന്ന പരികല്പനയാണ് പല ചിന്തകരും സ്വീകരിച്ചു കണ്ടിട്ടുള്ളത്. ഒരു സാഹിത്യകൃതി ഒരു നിശ്ചിത അർഥം മാത്രം ഉത്പാദിപ്പിക്കുന്ന ഏകപുഷ്പി സസ്യമല്ലെന്നും അത് അനവധിയായ പാഠങ്ങളെ മുളപ്പിക്കുന്ന പാടമാണെന്നും പറയുന്നതൊക്കെ ഇന്ന് കുട്ടികൾക്കും അറിയാവുന്ന സൈദ്ധാന്തിക സമീപനങ്ങളാണല്ലോ. ആധുനികാനനന്തരത കൊണ്ടുവന്ന മൈക്രോ പൊളിറ്റിക്‌സിനെക്കുറിച്ച് നോവലിന്റെ അവസാനഭാഗത്തൊരിടത്ത് തുറന്ന് ചർച്ച ചെയ്യുന്നത് ഇങ്ങനെ- 'ഈ മൈക്രോ പൊളിറ്റിക്‌സ് എന്ന സാധനം വലിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തകർക്കാനും വൻകിടക്കാരുടെ രക്ഷ ഉറപ്പു വരുത്താനുമായി വൻകിടക്കാർ തന്നെ ഉണ്ടാക്കിയെടുത്തതാണ്. വ്യവസ്ഥയുടെ ഭാഗമായി നിലനിൽക്കുന്ന അസമത്വങ്ങൾക്കും അതിൽ നിന്നുണ്ടാവുന്ന മറ്റു പ്രശ്‌നങ്ങൾക്കും പരിഹാരങ്ങൾക്കും നിങ്ങൾ പറയുന്ന സൂക്ഷ്മരാഷ്ട്രീയത്തിന് കഴിയില്ല... മൈക്രോ പൊളിറ്റിക്‌സ് യഥാർഥ വൈരുധ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമേ ആവുകയുള്ളൂ. ആധുനികാനന്തരതയെക്കുറിച്ചുള്ള ചർച്ചകൾ നമ്മുടെ നാട്ടിൽ തിടംവെച്ചു തുടങ്ങിയ തൊണ്ണൂറുകളുടെ തുടക്കത്തിൽത്തന്നെ അതിന്റെ സ്വഭാവമായ ധാർമികതയില്ലായ്മയെക്കുറിച്ചും പറയുന്നതാണ്. മൂല്യങ്ങളുടെും ധാർമികതയുടെയും പോരായ്മ നിലനിൽക്കെത്തന്നെ അതു മുന്നോട്ടു വെച്ച പുതിയ കാഴ്ചകളെ ലോകം അംഗീകരിച്ചതുമാണ്. ആ ധാർമികതാ നിരാസവും മൂല്യരാഹിത്യവും വലിയ പ്രശ്‌നങ്ങളായി അനുഭവപ്പെടുന്നയാളാണ് മായാമനുഷ്യരിലെ ഏക ആൺനായകനായ ഗമൻ. ആധുനികതയുടെ വാഴ്ചക്കാലത്തെ നോവലുകളിലൊക്കെ കാണാറുള്ളതു പോലെ ഒരു ഏക പുരുഷ ഗോപുരമായിട്ടാണ് മായാമനുഷ്യരുടെ പാഠനിർമിതി എന്നത് കൗതുകകരമാണ്. ബഹുവചനവും തീയൂർരേഖകളുമൊക്കെപ്പോലെ പലമയുടെ സമൃദ്ധി പറഞ്ഞ നോവലുകൾ പിറന്ന തൂലികയിൽ നിന്നാണ് മായാമനുഷ്യരും പിറവിയെടുത്തത് എന്നതിനാൽ പ്രത്യേകിച്ചും. എൻ. പ്രഭാകരന്റെ ഏറെ പ്രശസ്തമായ കഥയാണ് മായാമയൻ. പുതിയ കാലഘട്ടത്തിലെ ഉപഭോഗ പ്രവണത കൊണ്ടുവന്ന ഭ്രമങ്ങളിൽപ്പെട്ട് ഊടുറപ്പില്ലാതെ ജീവിക്കുന്ന ഉണ്ണിയുടെ കഥ. മായാമയനിലെ ഉണ്ണി പുതുകാല ഭ്രമങ്ങളുടെ ചൂഴ്‌നിലയിൽ അകപ്പെട്ടു പോയ വ്യക്തിയായിരുന്നു. മായാമനുഷ്യരിലാകട്ടെ വ്യക്തികൾ യാഥാർഥ്യബോധത്തിൽ നിന്ന് വേറിട്ടു പോകാതിരിക്കാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. എന്നാൽ പൊതു സാമൂഹികാവസ്ഥ ഒരു തരം മായയിൽ കുടുങ്ങിയിരിക്കുകയാണ്. മായാമയനിൽ നിന്ന് മായാമനുഷ്യരിലേക്ക് എത്തുമ്പോൾ ഭ്രമങ്ങൾ വ്യക്തിയിൽ നിന്ന് പൊതുബോധത്തിലേക്ക് കൈമാറ്റപ്പെട്ടിരിക്കുന്നു. വ്യക്തികളുടെ കാഴ്ചപ്പാടുകളിൽ വരുന്ന മാറ്റങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനും വസ്തുയാഥാർഥ്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകൾ മതിയാകുമെന്ന് മായാമയൻ എന്ന കഥ പറഞ്ഞു വെക്കുന്നുണ്ട്. എന്നാൽ ഒരു ജനസമൂഹത്തിന്റെയാകെ കാഴ്ചപ്പാടുകൾ മാറിമറിയുമ്പോൾ വ്യക്തികളും സമൂഹവും ആകെ കുഴപ്പങ്ങളിൽ അകപ്പെടുകയാണ് മായാമനുഷ്യരിൽ. ആരാണ് മായാമനുഷ്യർ? പുതിയ കാലഘട്ടത്തിൽ ജീവിക്കേണ്ടി വരുന്ന മനുഷ്യർ ഓരോരുത്തരും മായാമനുഷ്യരായി മാറിക്കൊണ്ടിരിക്കുന്നു എന്ന് പറയാനാവുമോ? വ്യക്തിമനസ്സുകളിൽ ചേക്കേറിയിരുന്ന മായാപരത ഇപ്പോൾ രാഷ്ട്രീയം, വിദ്യാഭ്യാസം, സാഹിത്യം, ആത്മീയത തുടങ്ങിയ തലങ്ങളിലൊക്കെ ചേക്കേറി ആകെ കുഴമറിച്ചിലുകൾ സൃഷ്ടിച്ചിരിക്കുകയാണോ! ഇപ്പറയുന്ന മായ ബ്രഹ്‌മസത്യം ജഗന്മിഥ്യ എന്ന് ആദിശങ്കരൻ പറഞ്ഞ ആ മായ തന്നെയാണോ? നേരിൽ കാണുന്നത് മിഥ്യയും അപ്പുറത്തെങ്ങോ ഒളിച്ചിരിക്കുന്നത് വലിയ സത്യവുമാണോ! എച്ച്.പി. ബസാറിൽ സ്വതന്ത്ര ബുദ്ധിജീവികളുടെ ഒരു കൂട്ടായ്മ നടത്തിയ ചർച്ചയിൽ പങ്കെടുത്ത് മടങ്ങും വഴി ഗമൻ സ്വയം പറയുന്നത് ഇങ്ങനെ- '' ഈ പരിപാടിയെപ്പറ്റി എനിക്കു തോന്നിയതെല്ലാം ശരിയായിരിക്കാം. സത്യങ്ങൾ പലതും അവിടെ പറയപ്പെട്ടുവെങ്കിലും ഇത് മറ്റെന്തോ ലക്ഷ്യമാക്കുന്ന ഒരു കാട്ടിക്കൂട്ടൽ തന്നെയാകാം. എങ്കിലും എന്റെ തോന്നലുകൾ സംശയങ്ങളായോ ചോദ്യങ്ങളായോ മറ്റൊരാളുടെ മുന്നിൽ വെച്ചു കൂടാത്തതാണ്. കാലം അതാവശ്യപ്പെടുന്നില്ല. കാലം ആവശ്യപ്പെടാത്തത് എന്നെപ്പോലൊരാൾ ചെയ്യാൻ ശ്രമിച്ചാൽ വിഡ്ഢിയാവുകയേ ഉള്ളൂ'. എല്ലാ കാലത്തും ഓരോരോ മിഥ്യാസങ്കല്പങ്ങളും അനാവശ്യമായ ബൗദ്ധികാസക്തികളുമാണ് തന്നെ നയിച്ചത് എന്ന് സ്വയം വിലയിരുത്തുന്ന ഗമന്റെ ചിന്തകളെയും പ്രവൃത്തികളെയും ആഖ്യാതാവ് വിവരിച്ചു തരുന്ന രീതിയിലാണ് നോവൽ. തുടക്കത്തിലൊക്കെയാണെങ്കിൽ തുടർനോവലുകളിൽ കഥ ഇതുവരെ പറയുന്ന രീതിയിലാണ് ആഖ്യാനം. നെടുങ്കൻ വാക്യങ്ങളിലൂടെയുള്ള കഥാവിവരണം. ചരിത്രത്തെക്കുറിച്ചുള്ള നിലപാടുകൾ, പരമ്പരാഗത ചരിത്ര പഠനത്തിന്റെ രീതിമാതൃകകളിൽ നിന്ന് വേറിട്ട് ഓർമയെയും കഥകളെയും ചരിത്രവത്കരിക്കുന്ന പൈതൃക പഠനം എന്ന ജ്ഞാന മാതൃക, കവിതയെക്കുറിച്ചുള്ള പഴയതും പുതിയതുമായ സമീപനങ്ങൾ, എന്നിങ്ങനെ വളരെ വിപുലമായ ആശയ ചർച്ചകളുടെ ലോകമുണ്ട് നോവലിൽ. ആധുനികാനന്തരതയുടെ ആശയാവലികളെ ഒരു നോവലിൽ ഇത്രയും ഇഴ പിരിച്ച് വിശകലനം ചെയ്യുന്നത് തികച്ചും വേറിട്ട വായനാനുഭവമാണ്. സൈദ്ധാന്തികതയുടെ ആലഭാരങ്ങളൊന്നുമില്ലാതെ ഇത്തരം കാര്യങ്ങൾ പറയുകയും നിത്യജീവിതത്തിലേക്കുള്ള അവയുടെ കടന്നു കയറ്റങ്ങൾ ചൂണ്ടിക്കാണിക്കുകയും ആഖ്യാന ചാരുതയോടെ ആവിഷ്‌കരിക്കുകയും ചെയ്യുന്നു എന്നതാണ് നോവൽ എന്ന നിലയിൽ മായാമനുഷ്യരുടെ സവിശേഷത. ആളുകളുടെ ജീവിത സമീപനവും മൂല്യ സങ്കല്പങ്ങളും പെരുമാറ്റ രീതികളുമെല്ലാം മാറിക്കൊണ്ടേയിരിക്കുന്ന ശൈഥില്യങ്ങളുടെ കാലഘട്ടത്തോടും ആ ചിതറലുകൾക്ക് ഉൽപ്രേരകമാവുന്ന കാഴ്ചപ്പാടുകളോടും ജീവിത ഗമനംകൊണ്ട് ചോദ്യങ്ങളുതിർക്കുന്ന സവിശേഷ രാഷ്ട്രീയാഖ്യായികയാണ് മായാമനുഷ്യർ. വിപുലമായി ഉന്നയിക്കേണ്ട വലിയ ചോദ്യങ്ങളുടെയും ചർച്ചകളുടെയും പുസ്തകം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മായാമനുഷ്യർ; സൈദ്ധാന്തികതയുടെ ആലഭാരങ്ങളില്ല, ആധുനികാനന്തരതയ… | Boolokam