മാരിവില്ലിൻ മനോഹാരിതയിൽ മാങ്ങോട് പൂരം

മാരിവില്ലിൻ മനോഹാരിതയിൽ മാങ്ങോട് പൂരം

M
MathrubhumiSource Link
മാങ്ങോട്, വീരമംഗലം, വെള്ളിനേഴി, ചമ്മനൂർ ദേശങ്ങളിൽനിന്നായി അണിനിരന്നത് 27 ആനകൾ To advertise here, ചെർപ്പുളശ്ശേരി : നാല്‌ ദേശവേലകളുടെ പൊന്നണിഞ്ഞ 27 ആനകൾ, താളഗോപുരങ്ങൾ കൊടുമുടിയേറിയ പഞ്ചവാദ്യവും മേളവും. ഒപ്പം കുതിര-കുമ്മാട്ടി ചവിട്ടുകളിയുമായി വേലകൾ, തെയ്യം, തിറ-പൂതൻ നാടൻ കലാരൂപങ്ങൾ. ദേശവേലസംഗമവും കൂട്ടിയെഴുന്നള്ളിപ്പും ആഹ്ലാദാവേശം കൊടുമുടിയേറിയ സായാഹ്നത്തിൽ മനോഹാരിത ചൊരിഞ്ഞ മാങ്ങോട് പൂരം പതിനായിരങ്ങൾക്ക് മതിവരാക്കാഴ്ചയായി. പാനച്ചടങ്ങുകൾക്കുശേഷം ദേശവേലകളുടെ എഴുന്നള്ളിപ്പുകൾ വെളിച്ചപ്പാടിന്റെ സാന്നിധ്യത്തിൽ കൊട്ടിപ്പുറപ്പെട്ടതോടെ മാങ്ങോട് ഭഗവതിയുടെ നാലുദേശങ്ങളിലാകെ പൂരക്കാഴ്ചകൾ നിറഞ്ഞു. മാങ്ങോട് പടിഞ്ഞാറൻവേലയിലെ കുതിര, കുമ്മാട്ടിവേലകൾ ക്ഷേത്രപ്പറമ്പിൽ പ്രവേശിച്ചതോടെ പകൽപ്പൂരം തുടങ്ങി. പിന്നാലെ വീരമംഗലം തെക്കൻവേലയിലെയും വെള്ളിനേഴി വടക്കൻവേലയിലെയും അവസാനം ചമ്മനൂർ കിഴക്കൻവേലയിലെയും കുതിര-കുമ്മാട്ടി വേലകളുമെത്തി. ഒപ്പം എഴുന്നള്ളിപ്പുകളും. മാങ്ങോട് പടിഞ്ഞാറൻവേലയിൽ തെച്ചിക്കോട്ട് രാമചന്ദ്രനും വീരമംഗലം തെക്കൻവേലയിൽ ഉട്ടോളി രാമനും വെള്ളിനേഴി വടക്കൻവേലയിൽ ചിറയ്ക്കൽ കാളിദാസനും ചമ്മനൂർ കിഴക്കൻവേലയിൽ ഗുരുവായൂർ രാജശേഖരനും തിടമ്പേറ്റി. തിറ- പൂതൻ കലാരൂപങ്ങൾ പറയുടെയും തുടിയുടെയും താളത്തിനൊത്ത് കണ്ണും കാതും നിറച്ച് നടപ്പന്തലിൽ കളംനിറഞ്ഞാടി. പഞ്ചവാദ്യത്തിന്റെയും മേളത്തിന്റെയും കലാശങ്ങൾക്കിടെ ആലവട്ടവും വെഞ്ചാമരവും ഉയർന്നുപൊങ്ങി. മാങ്ങോട് വേലയിലും വെള്ളിനേഴി വേലയിലും കുടമാറ്റം തുടങ്ങിയതോടെ ആർപ്പുവിളികളുയർന്നു. കല്ലൂർ ഉണ്ണിക്കൃഷ്ണമാരാർ നയിച്ച മേളത്തിന്റെ അകമ്പടിയിൽ തിടമ്പേന്തിയ ആനകൾ കാവേറി തൊഴുത്‌ പിൻവാങ്ങിയതോടെ പകൽപ്പൂരച്ചടങ്ങുകൾ പൂർത്തിയായി. രാത്രി ഡോ. കൃഷ്ണദാസും സംഘവും നയിച്ച സംഗീതികയുടെ ഗാനസുധയുമുണ്ടായി. രാവിലെ താന്ത്രികച്ചടങ്ങുകളും വിശേഷാൽപൂജയുമുണ്ടായി. തന്ത്രി അണ്ടലാടി മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാട് കാർമികനായി. ഞാളാകുറുശ്ശിയിൽ ആറാട്ടും നടപ്പന്തലിൽ പഞ്ചവാദ്യസമേതം കാഴ്ചശീവേലിയും കൂത്തുമാടത്തിനുമുന്നിൽ ചവിട്ടുകളിയുമുണ്ടായി. വ്യാഴാഴ്ച രാവിലെ ഏഴിന് ക്ഷേത്രക്കുളത്തിൽ ആറാട്ടിനുശേഷം കലശാഭിഷേകത്തോടൂകൂടി ഭഗവതിയെ ആറാടി കുടിയിരുത്തുന്നതോടെയാണ് സമാപനം. ഏഴുമുതൽ 11.30വരെ പ്രസാദക്കഞ്ഞി വിതരണവുമുണ്ടാകും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാരിവില്ലിൻ മനോഹാരിതയിൽ മാങ്ങോട് പൂരം — Mathrubhumi | Boolo… | Boolokam