ശക്തമായ നടപടി വേണമെന്ന് ചിറ സംരക്ഷണസമിതി To advertise here, ചിറഅത്താണി: അത്താണി ജങ്ഷനിലെ ഹോട്ടലുകളിൽ നിന്ന് ദേശീയപാതയ്ക്കരികിലെ കാനവഴി കുറുന്തലക്കോട്ട്ചിറയിലേക്ക് വലിയതോതിൽ മാലിന്യം ഒഴുക്കിവിടുന്നതായി പരാതി. ചിറയ്ക്കരികിൽ ദേശീയപാതയോട് ചേർന്ന് രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യവും തള്ളുന്നുണ്ട്. ഇത് തടയാൻ നെടുമ്പാശ്ശേരി ഗ്രാമപ്പഞ്ചായത്ത് അധികൃതർ ശക്തമായ നടപടിയെടുക്കണമെന്ന് ചിറ സംരക്ഷണസമിതി അടിയന്തര യോഗം ചേർന്ന് ആവശ്യപ്പെട്ടു. 16, 18 വാർഡുകളിലെ 600-ഓളം വീടുകളുടെ കുടിവെള്ള സ്രോതസ്സാണ് ചിറ. ഇതിൽ മാലിന്യം കലർന്നാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. അതിനാൽ എത്രയുംവേഗം ഹോട്ടലുകൾക്ക് മുൻപിലെ കാനയുടെ സ്ലാബുകൾ പകൽ സമയത്ത് ഗ്രാമവാസികളുടെ സാന്നിധ്യത്തിൽ മാറ്റി പരിശോധിക്കണമെന്നാണ് സമിതിയുടെ ആവശ്യം. പതിനെട്ടാം വാർഡിലെ പാലിയ പാടത്തേക്ക് എരുമത്തോട് വഴി മാലിന്യം ഒഴുക്കുന്നതും അടിയന്തരമായി തടയണം. മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി അടിയന്തരമായി ചിറയിലെ പുല്ലും പായലും വാരിവൃത്തിയാക്കി സംരക്ഷിക്കണം. ചിറയിലെ ജലനിരപ്പ് താഴ്ന്ന സാഹചര്യത്തിൽ മുൻ വർഷങ്ങളിൽ ചെയ്യുന്നതുപോലെ ചൊവ്വര ഇറിഗേഷനിൽനിന്നു വെള്ളം പമ്പ് ചെയ്ത് ചിറയിലേക്ക് എത്തിക്കാൻ അടിയന്തര നടപടി വേണമെന്നും സമിതി ആവശ്യപ്പെട്ടു. ചിറയ്ക്കരികിൽ കക്കൂസ് മാലിന്യം തള്ളുന്നത് തടയാൻ ക്യാമറ സ്ഥാപിക്കുമെന്ന് ഒരുവർഷം മുൻപ് പറഞ്ഞതാണ്. പക്ഷേ നടപ്പായിട്ടില്ലെന്നും സമിതി കുറ്റപ്പെടുത്തി. യോഗത്തിൽ 16-ാം വാർഡ് മെംബർ ഉഷാ സുന്ദരൻ അധ്യക്ഷത വഹിച്ചു. 18-ാം വാർഡ് മെംബർ ജയകൃഷ്ണൻ, ഐശ്വര്യ നഗർ റെസിഡെൻസ് അസോസിയേഷൻ പ്രസിഡന്റ് സുരേഷ് അത്താണി, പ്രവീൺ കുമാർ, പി.പി. ഐസക്ക്, ശാന്തിനഗർ അസോസിയേഷൻ സെകട്ടറി എം.കെ. ബിജു, സാബു കോഴിക്കിലാൻ, സാറാക്കുട്ടി, നെടുമ്പാശ്ശേരി അസോസിയേഷൻ മേരി കോരത്, ഷിജുലാൽ, പി.ആർ. ബിജു, എ.എൻ. സുരേഷ്, അത്താണി ടൗൺ അസോസിയേഷൻ ഭാരവാഹികളായ ജോബി നെൽക്കര, കെ.എം. വർഗീസ് എന്നിവർ പങ്കെടുത്തു. ഈ വിഷയങ്ങളിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് പഞ്ചായത്ത്, ആരോഗ്യവകുപ്പ്, കളക്ടർ എന്നിവർക്ക് നിവേദനം നൽകാൻ യോഗം തീരുമാനിച്ചു.
