കുടിവെള്ളം മുട്ടിക്കരുത് To advertise here, തൃക്കണ്ണാപുരത്ത് കരമനയാറിന്റെ തീരത്ത് നേമം : കുടിവെള്ളസ്രോതസ്സായ കരമനയാറിന്റെ തീരമായ തൃക്കണ്ണാപുരം ഭാഗങ്ങളിൽ മാലിന്യംകലർന്ന മണ്ണ് വ്യാപകമായി തള്ളുന്നു. ആറിനോടുചേർന്ന സ്വകാര്യവ്യക്തിയുടെ പുരയിടത്തിലാണ് മണ്ണിടുന്നത്. കരയിടിഞ്ഞ സ്ഥലം നികത്താനാണ് മണ്ണിടുന്നതെന്നാണ് പറയുന്നത്. ഇങ്ങനെ തള്ളുന്ന മണ്ണിനോടൊപ്പം പ്ലാസ്റ്റിക് കവറുകളും മറ്റു മാലിന്യങ്ങളും ആറ്റിലേക്ക് ഒഴുകി വെള്ളം മലിനമാകുന്നതായി പരാതിയുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി ഈ പ്രവൃത്തി നടക്കുകയാണ്. കരയിടിഞ്ഞും മലിനപ്പെട്ടും കൈയേറ്റങ്ങൾ കാരണവും കരമനയാറിന്റെ സ്വഭാവിക ഒഴുക്ക് പലയിടത്തും തടസ്സപ്പെട്ടിരിക്കുകയാണ്. ഇത്തരം പ്രവർത്തനങ്ങൾ വ്യാപകമായിട്ടും നടപടിയെടുക്കേണ്ട അധികൃതർ മൗനംപാലിക്കുന്നതായി ആക്ഷേപമുണ്ട്. നഗരപ്രദേശങ്ങളിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളം നൽകുന്നതിനായി കരമനയാറിൽ നിരവധി പമ്പ് ഹൗസുകളുമുണ്ട്. ചൂഴാറ്റുകോട്ട സമഗ്ര കുടിവെള്ളപദ്ധതിയും തൃക്കണ്ണാപുരത്തിനു സമീപമാണ്. വെള്ളം മലിനമാകുന്നതു കാരണം ഇതിനു സമീപത്തെ കടവുകളിൽ കുളിക്കാനും ആരും ഇറങ്ങുന്നില്ല. പൂജപ്പുര പോലീസ് സ്റ്റേഷൻ പരിധിയിൽ തൃക്കണ്ണാപുരം വാർഡിലാണ് ഈ പ്രദേശം. രാത്രികാലങ്ങളിലാണ് മാലിന്യംകലർന്ന മണ്ണ് ലോറികളിലെത്തിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കടുത്ത മലിനീകരണം നേരിട്ടുകൊണ്ടിരിക്കുന്ന കരമനയാറിന്റെ പല തീരങ്ങളിലും പ്ലാസ്റ്റിക് കുപ്പികളും പോളിത്തീൻ കവറുകളും അടിഞ്ഞുകൂടുകയാണ്. തീരങ്ങളുടെ പല ഭാഗങ്ങളും മാലിന്യം തള്ളുന്ന കേന്ദ്രങ്ങളായിമാറുന്നു. കുടിവെള്ളസ്രോതസ്സായ കരമനയാറിന്റെ തീരങ്ങളിൽ ആശുപത്രിമാലിന്യങ്ങളടക്കം കൊണ്ടിടുന്നുവെന്ന പരാതി നേരത്തേയുണ്ട്. കരമനയാറിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവു കൂടുതലാണെന്ന് പഠന റിപ്പോർട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും ആറിന്റെ പലഭാഗത്തും വന്നടിയുകയാണ്. Published: 18 Mar 2026, 01:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
