മാലിന്യത്തിന് കൂടുതൽ കടിഞ്ഞാൺ വേണം

മാലിന്യത്തിന് കൂടുതൽ കടിഞ്ഞാൺ വേണം

M
MathrubhumiSource Link
Last Updated: 28 March 2026, 11:02 PM IST മാലിന്യസംസ്കരണത്തിൽ കേരളം തീർച്ചയായും ലോകത്തെ പലതും പഠിപ്പിക്കുന്നുണ്ട്. നമ്മളും പുതിയ തന്ത്രങ്ങൾ പഠിക്കണം. അതോടൊപ്പം പുതുതലമുറയിൽ മാലിന്യനിർമാർജനം ഒരു സംസ്കാരമായി വികസിപ്പിക്കണം കേന്ദ്രചട്ടങ്ങളുടെ ഭാഗമായി കേരളത്തിലും മാലിന്യസംസ്കരണത്തിൽ പുതിയ പരിഷ്കരണം ഏപ്രിൽ ഒന്നുമുതൽ തുടങ്ങുകയാണ്. ഇതുവരെ ജൈവം, അജൈവം, സാനിറ്ററി എന്നിങ്ങനെ മൂന്നായി തിരിച്ചിരുന്ന മാലിന്യം ഇനി നാലാവും. വൻകിടമാലിന്യ ഉത്പാദകരുടെ മാലിന്യമാണ് നാലാമൻ. ഇതുകണ്ടെത്തുന്നത് കെട്ടിടവലുപ്പം, ജലോപയോഗം എന്നിവയുടെ അടിസ്ഥാനത്തിലാണ്. മാലിന്യസംസ്കരണവിഷയത്തിൽ ജനപ്രതിനിധികൾക്ക് നിയമപരമായ ഉത്തരവാദിത്വം നൽകുന്നതിനുപുറമേ ഇതിനായി ഏകീകൃതപോർട്ടലും നിർമിക്കുന്നുണ്ട്. ശാസ്ത്രത്തിന്റെ ചിറകിൽ മനുഷ്യൻ നേട്ടങ്ങൾ വാരിക്കൂട്ടുമ്പോഴെല്ലാം ഉപോത്പന്നമായി മാലിന്യം കുമിഞ്ഞുകൂടുന്നുണ്ട്. അത് നമ്മുടെ നേട്ടങ്ങളെ നോക്കി പരിഹസിക്കുന്നു. ഇന്നുണ്ടാക്കുന്ന മാലിന്യം വരാനിരിക്കുന്ന തലമുറകൾക്കുകൂടി ഭീഷണിയാണ്. ‘ഗ്രേറ്റ് പസഫിക് ഗാർബേജ്’ എന്ന കുപ്രസിദ്ധമായ മാലിന്യദ്വീപ് ഉണ്ടായത് പസഫിക് സമുദ്രത്തിലാണ്. പല ഇന്ത്യൻ സംസ്ഥാനങ്ങളെക്കാളും വിസ്തൃതിയിൽ അജൈവമാലിന്യം കുമിഞ്ഞുകൂടിയുണ്ടായ ദ്വീപാണത്. ഇത്തരത്തിലുള്ള മാലിന്യക്കൂനകൾ കടലിൽ പലയിടങ്ങളിലായി ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. കടലിലെ ജൈവസമ്പത്ത് നശിക്കുന്നതിനൊപ്പം മനുഷ്യന്റെ ഏറ്റവും വലിയ ഭക്ഷ്യശൃംഖലയുടെ തകർച്ചകൂടിയാണ് ഇതിന്റെ ഫലം. കിഴക്കൻ ഡൽഹിക്കടുത്തുള്ള ഗാസിപുരിൽ സ്ഥിതിചെയ്യുന്ന മാലിന്യമലയ്ക്ക് 60 മീറ്ററാണ് ഉയരം. അതായത് 15 നില കെട്ടിടത്തെക്കാൾ ഉയരം! അതാണെങ്കിൽ 70 ഏക്കർ സ്ഥലത്ത് പരന്നുകിടക്കുകയാണ്. ഇടയ്ക്കിടെ തീപിടിച്ച് വിഷവാതകം നാട്ടുകാർക്ക് ദുരിതമുണ്ടാക്കും. ഇതിന്റെ പേരിൽ നിരന്തരം ഇവിടെ പ്രതിഷേധവുമുണ്ടാകുന്നുണ്ട്. ഇത്തരം മാലിന്യക്കൂമ്പാരങ്ങൾ ലോകത്തെമ്പാടും അനുദിനം നിർമിക്കപ്പെടുന്നു. മാലിന്യം ഭൂമിക്കും മനുഷ്യനടക്കമുള്ള ജീവജാലങ്ങൾക്കുമുണ്ടാക്കുന്ന വിനാശത്തെക്കുറിച്ച് പുതിയ തലമുറയെ പഠിപ്പിക്കുകയാണ് പ്രധാന പ്രതിരോധമാർഗം. ഉറവിടങ്ങൾ കുറയ്ക്കാനും ക്രമേണ ഇല്ലാതാക്കാനും ഉണ്ടായതിനെ പുനരുപയോഗിക്കാനുമുള്ള തന്ത്രങ്ങൾ മെനയുന്നതിൽ അവരെക്കൂടി ഭാഗമാക്കണം. അതാണ് വർഷങ്ങളായി മാതൃഭൂമി ‘സീഡ്’ പദ്ധതിയുടെ പ്രധാന അജൻഡകളിലൊന്ന്. സീഡിന്റെ ‘ലവ് പ്ലാസ്റ്റിക്’ പദ്ധതിയുടെ ഭാഗമായി 2024-’25ൽ ശേഖരിച്ചത് 1.73 ലക്ഷം കിലോ പ്ലാസ്റ്റിക്കാണ്. ഇങ്ങനെ പ്ലാസ്റ്റിക് ശേഖരിക്കേണ്ട അവസ്ഥയില്ലാതാക്കുകയാവണം അടുത്ത ലക്ഷ്യം. മാലിന്യനിർമാർജനത്തിൽ ലോകമാതൃകകളെ നമ്മൾ സ്വീകരിക്കണം. സ്വീഡനിൽ മാലിന്യത്തിന്റെ 90 ശതമാനവും സംഭരിക്കപ്പെടാതെ ഊർജമായും മറ്റ് ഉത്പന്നമായും മാറ്റുകയാണ് ചെയ്യുന്നത്. ജപ്പാനിലെ ‘കാമികാട്‌സു’ എന്ന ഗ്രാമത്തിൽ മാലിന്യം തരംതിരിക്കുന്നത് 45-ലധികം ഇനമായാണ്. ആളുകൾ ഉപേക്ഷിക്കുന്ന വസ്തുക്കൾ വൃത്തിയാക്കിയും ചെറിയ മാറ്റം വരുത്തിയും അവർ മറ്റുള്ളവർക്ക് നൽകുന്നു. ഒരു വസ്തുവിന്റെ പരമാവധി ഉപയോഗമാണ് ഉറപ്പുവരുത്തുന്നത്. ഇങ്ങനെ മാതൃകകൾ പലതുണ്ട്. മാലിന്യസംസ്കരണത്തിൽ കേരളം തീർച്ചയായും ലോകത്തെ പലതും പഠിപ്പിക്കുന്നുണ്ട്. നമ്മളും പുതിയ തന്ത്രങ്ങൾ പഠിക്കണം. അതോടൊപ്പം പുതുതലമുറയിൽ മാലിന്യ നിർമാർജനം ഒരു സംസ്കാരമായി വികസിപ്പിക്കണം. പുതിയ നിയമം ഈ രംഗത്ത് വലിയൊരു മാറ്റംവരുത്തുമെന്ന് പ്രതീക്ഷിക്കാം. To advertise here, Published: 28 Mar 2026, 11:02 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാലിന്യത്തിന് കൂടുതൽ കടിഞ്ഞാൺ വേണം — Mathrubhumi | Boolokam | Boolokam