മഞ്ചേശ്വരം : മൊറത്തണ അങ്കണവാടിക്ക് സമീപം പഞ്ചായത്ത് സ്ഥാപിച്ച മാലിന്യശേഖരണ കേന്ദ്രത്തിന് അജ്ഞാതർ കഴിഞ്ഞദിവസം രാത്രി തീയിട്ടു. മീഞ്ച ഗ്രാമപ്പഞ്ചായത്ത് പതിനാലാം വാർഡിലെ മാലിന്യശേഖരണ കേന്ദ്രത്തിനാണ് തീയിട്ടത്. നീക്കം ചെയ്യാത്തതിനാൽ ഇതിൽ നിറയെ പ്ലാസ്റ്റിക് മാലിന്യവും മറ്റും ഉണ്ടായിരുന്നു. മാലിന്യം കത്തിയതിനേത്തുടർന്ന് പുകയും രൂക്ഷമായ ഗന്ധവും സമീപ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയുണ്ടായി. ഇത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കി. തൊട്ടടുത്ത് തന്നെ അങ്കണവാടി പ്രവർത്തിക്കുന്നുണ്ട്. വീടുകളിൽനിന്നും മറ്റും കഴുകി ഉണക്കി ശേഖരിച്ച് കൊണ്ടുവരുന്ന പ്ലാസ്റ്റിക് വസ്തുക്കളും മറ്റും ഇവിടെ ശേഖരിച്ച് വെക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇവ സമയബന്ധിതമായി നീക്കം ചെയ്യുന്നില്ലെന്നും ഇറച്ചി അവശിഷ്ടങ്ങൾ ഉൾപ്പെടെ ജൈവമാലിന്യവും ഇവിടെ നിക്ഷേപിക്കുന്നതായും സമീപവാസികൾ പറയുന്നു. പ്ലാസ്റ്റിക് മാലിന്യത്തോടൊപ്പം ജൈവമാലിന്യം കൂടി കത്തിയമരുമ്പോൾ അസഹ്യമായ ഗന്ധം അനുഭവപ്പെടുന്നതായും ഒപ്പം പകർച്ചവ്യാധി ഭീതിയിലുമാണ് നാട്ടുകാർ. മാലിന്യ ശേഖരണ കേന്ദ്രത്തിന് തൊട്ടടുത്ത് തന്നെ പഞ്ചായത്തിന്റെ പൊതുകിണറും ഉണ്ട്. To advertise here, Published: 15 Mar 2026, 04:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
