Last Updated: 02 April 2026, 11:35 PM IST മറ്റു ചില ഘടകങ്ങൾക്കൊപ്പം, ഭരണകൂട നടപടികൂടിയായപ്പോൾ മാവോവാദിപ്രസ്ഥാനം തകർന്നടിഞ്ഞതാണു നാം കാണുന്നത് രാജ്യം മാവോവാദിഭീഷണിയിൽനിന്നു വിമുക്തമായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രഖ്യാപിച്ചിരിക്കുന്നു. ഇക്കൊല്ലം മാർച്ച് 31-നകം രാജ്യത്തെ മാവോവാദിമുക്തമാക്കുമെന്ന് അദ്ദേഹം മുൻപ് ഉറപ്പുതന്നതാണ്. ഈ തീയതിക്ക് ഒരുനാൾമുൻപ്, മാർച്ച് 30-നാണ് പാർലമെന്റിൽ പ്രഖ്യാപനംനടത്തിയത്. രാജ്യത്തിന്റെ ജനാധിപത്യവ്യവസ്ഥയ്ക്കുപുറത്ത്, അക്രമപാതയിൽ പ്രവർത്തിച്ചുവന്ന സി.പി.ഐ.(മാവോവാദി) കക്ഷിയുടെ നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റുചെയ്തോ കീഴടങ്ങാൻ പ്രോത്സാഹിപ്പിച്ചോ കൊലപ്പെടുത്തിയോ ആണ് ലക്ഷ്യംകൈവരിച്ചത്. അമിത് ഷാതന്നെ പാർലമെന്റിൽ പറഞ്ഞതനുസരിച്ച്, 2024-ന്റെ തുടക്കത്തിൽ സി.പി.ഐ.(മാവോവാദി)ക്ക് പൊളിറ്റ്‌ബ്യൂറോ, കേന്ദ്രകമ്മിറ്റി എന്നിവയിലായി ഇരുപത്തിയൊന്ന് അംഗങ്ങളുണ്ടായിരുന്നു; ഇവരിൽ പന്ത്രണ്ടുപേരെ കൊലപ്പെടുത്തി, ഏഴുപേർ കീഴടങ്ങി, ഒരാളെ അറസ്റ്റുചെയ്തു, ശേഷിക്കുന്ന ഒരാളുടെ കീഴടങ്ങലിനായുള്ള സംഭാഷണംനടന്നുവരുന്നു. അതുകൂടി പൂർത്തിയാകുന്നതോടെ വിവരം പുറത്തുവിടും. എന്തായാലും രാജ്യം മാവോവാദിമുക്തമായതായി കണക്കാക്കാമെന്നും അമിത് ഷാ പറഞ്ഞു. മൂന്നുവർഷത്തോളംനീണ്ട സമഗ്രയത്നത്തിലൂടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഈ ലക്ഷ്യപ്രാപ്തിയിലെത്തിയത്. നൂറുകണക്കിന് മാവോവാദിപ്രവർത്തകർ ഈ കാലയളവിൽ കീഴടങ്ങുകയോ അറസ്റ്റിലാകുകയോ കൊല്ലപ്പെടുകയോചെയ്തു. മാവോവാദിപ്രസ്ഥാനം കുറെവർഷങ്ങളായി ക്ഷയോന്മുഖമായിരുന്നു. സുരക്ഷാസേനകളുടെ ശക്തമായ നടപടിതന്നെയായിരുന്നു ഇതിനു പ്രധാനകാരണം. സി.പി.ഐ.(എം.എൽ.) പീപ്പിൾസ് വാർ ഗ്രൂപ്പ്, മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റർ എന്നീ സംഘടനകൾ ലയിച്ച് 2004-ൽ സി.പി.ഐ.(മാവോവാദി) രൂപവത്കരിച്ചപ്പോൾ അതിന്റെ പൊളിറ്റ് ബ്യൂറോയിൽ ഇരുപത്തിയഞ്ചോളവും കേന്ദ്രകമ്മിറ്റിയിൽ നാല്പതിലേറെയും അംഗങ്ങളുണ്ടായിരുന്നു. പ്രവർത്തകരുടെ എണ്ണം പതിനായിരത്തോളമായിരുന്നു. 2024-’25 ആയപ്പോൾ പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ എണ്ണം എട്ടും കേന്ദ്രകമ്മിറ്റി അംഗങ്ങൾ പതിമ്മൂന്നും പ്രവർത്തകർ രണ്ടായിരത്തിനുതാഴെയുമായി ലോപിച്ചു. മാവോവാദികളുടെ സായുധകലാപസ്വപ്നം അന്ത്യോത്തോടടുക്കുകയാണെന്നത് വ്യക്തമായിരുന്നു. ആന്ധ്രപ്രദേശ്, ഒഡിഷ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ ഗോത്രഭൂരിപക്ഷ, പിന്നാക്കജില്ലകളായിരുന്നു ആദ്യകാലത്ത് മാവോവാദികളുടെ ശക്തികേന്ദ്രങ്ങൾ. ആന്ധ്രയും ഒഡിഷയും സേനാനടപടി കടുപ്പിച്ചതോടെ അവർ ഛത്തീസ്ഗഢിൽ കേന്ദ്രീകരിച്ചു. ഇവിടെ ‘വിമോചിതമേഖല’ സൃഷ്ടിക്കുകയും സമാന്തരസർക്കാരുണ്ടാക്കി ‘ഭരണം’നടത്തുകയുംവരെചെയ്തു. ഇതിനിടെ സംഘടനയുടെ ആശയാടിത്തറ ദുർബലമായിക്കൊണ്ടിരുന്നു. സി.പി.ഐ.(മാവോവാദി) കേഡറുകളിൽ ഭൂരിപക്ഷവും ആദിവാസികളായിരുന്നു. പ്രത്യയശാസ്ത്രക്കൂറുകൊണ്ട് സംഘടനയിലേക്കുവന്നവരല്ല ഇവർ. ആദ്യകാലത്തേതിൽനിന്നു വിഭിന്നമായി, ബൗദ്ധികശേഷിയും ആശയക്കരുത്തുമുള്ളവർ നേതൃനിരയിലും കുറഞ്ഞുവന്നു. ഇതൊക്കെ സംഘടനയുടെ ശോഷണത്തിനിടയാക്കിയ ഘടകങ്ങളാണ്. ഇതിനൊപ്പം ഭരണകൂടത്തിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള നടപടികൾകൂടിയായപ്പോൾ മാവോവാദിപ്രസ്ഥാനം തകർന്നടിഞ്ഞതാണു നാം ഇപ്പോൾ കാണുന്നത്. ഭരണകൂടത്തിന്റെ ഈ നിശ്ചയദാർഢ്യം അനുമോദനീയംതന്നെ. വലിയൊരു വിപത്തിൽനിന്നാണ് രാജ്യം രക്ഷനേടിയിരിക്കുന്നത്. അതേസമയം, ഗോത്രമേഖലകളിലെ ദൗർഭാഗ്യകരമായ ജീവിതപരിതോവസ്ഥയും അവിടങ്ങളിൽ വൻകിടകമ്പനികൾ നടത്തിയ പ്രകൃതിചൂഷണവും അതിന് ഭരണകൂടംചെയ്ത ഒത്താശകളും അത് ഗോത്രജീവിതത്തിലുണ്ടാക്കിയ അസ്വാസ്ഥ്യങ്ങളുമൊക്കെയാണ് ഒരുഘട്ടത്തിൽ രാജ്യത്ത് മാവോവാദത്തിന്റെ വളർച്ചയ്ക്കു വളമായതെന്ന യാഥാർഥ്യം വിസ്മരിച്ചുകൂടാ. ഈ മേഖലകളിൽ ദാരിദ്ര്യനിർമാർജനവും സമതുലിതവികസനവും യാഥാർഥ്യമാക്കാനും കോർപ്പറേറ്റ് ചൂഷണത്തിനു കുടപിടിക്കാതിരിക്കാനുമുള്ള രാഷ്ട്രീയവിവേകംകൂടി കേന്ദ്രസർക്കാരിനുണ്ടാകണം. എങ്കിൽമാത്രമേ നാശകാരിയായ മാവോവാദിഭീഷണിക്ക് അറുതിവരുത്തിയതിന്റെ ശരിയായ ഫലം രാജ്യത്തിന് അനുഭവവേദ്യമാകൂ. To advertise here, Published: 02 Apr 2026, 11:35 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
