രണ്ടാഴ്ചയായിട്ടും സംഭരിച്ചില്ല To advertise here, അമ്പലപ്പുഴ : സംഭരിക്കാൻ മില്ലുകാരെക്കാത്ത് അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് കഞ്ഞിപ്പാടം കാട്ടുകോണം പാടശേഖരത്തിൽ കൂട്ടിയിട്ടിരിക്കുന്നത് ഒന്നരക്കോടിയുടെ നെല്ല്. വേനൽമഴയിൽ നെല്ല് നശിച്ചുപോകാതിരിക്കാൻ പാടുപെടുകയാണ് കർഷകർ. 240 ഏക്കറുള്ള പാടശേഖരത്തിൽ 150 ചെറുകിടനാമമാത്രകർഷകരാണുള്ളത്. 45 ലോഡ് നെല്ലാണ് പാടശേഖരത്തിലും വരമ്പിലും വഴിയോരത്തുമായി കൂട്ടിയിട്ടിരിക്കുന്നത്. ഒരുതവണ മില്ലുകാർ വന്നെങ്കിലും സംഭരിക്കുന്ന കാര്യത്തിൽ ഉറപ്പുനൽകിയില്ല. കർഷകർ പരാതിപ്പെട്ടതിനെത്തുടർന്ന് പാഡി മാർക്കറ്റിങ് ഓഫീസർ സ്ഥലത്തെത്തി പരിശോധനനടത്തി. മികച്ച വിളവായിട്ടും ക്വിന്റലിന് ഏഴുകിലോ കിഴിവാണ് മില്ലുകാർ ആവശ്യപ്പെട്ടത്. എന്നാൽ, പിന്നീട് മില്ലുകാർ പാടത്തേക്കു തിരിഞ്ഞുനോക്കിയിട്ടില്ലെന്നു കർഷകർ പറയുന്നു. ഏതാനും ദിവസങ്ങളായി പെയ്യുന്ന വേനൽമഴയിൽ നെല്ല് നശിച്ചുപോകുമെന്ന ആശങ്കയിലാണവർ. ഉചിതമായ സമയത്ത് ഇടപെടൽ നടത്താതെ ഒഴിഞ്ഞുമാറിനിൽക്കുന്ന പാഡി മാർക്കറ്റിങ് ഓഫീസറും സർക്കാർ സംവിധാനങ്ങളും കൃഷിക്കാരെ ദ്രോഹിക്കാതെ അടിയന്തരമായി നെല്ലെടുക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം എ.ആർ. കണ്ണൻ ആവശ്യപ്പെട്ടു. Published: 19 Mar 2026, 02:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മില്ലുകാരെക്കാത്ത് ഒന്നരക്കോടിയുടെ നെല്ല്
M
MathrubhumiSource Link
about 2 months ago