ചെന്നൈ : വിദ്യാഭ്യാസ വിചക്ഷണയും ജീവകാരുണ്യപ്രവർത്തകയുമായ മീന മുത്തയ്യ (91)ക്ക് തമിഴ്‌നാട് വിട നൽകി. ശനിയാഴ്ച ഊട്ടിയിൽ അന്തരിച്ച മീന മുത്തയ്യയുടെ സംസ്‌കാരം ഞായറാഴ്ച മയിലാപ്പൂർ ശ്മശാനത്തിൽ നടന്നു. To advertise here, അണ്ണാമലൈ സർവകലാശാല സ്ഥാപകനായ രാജാ സർ അണ്ണാമലൈ ചെട്ടിയാരുടെ കൊച്ചുമകളും വ്യവസായി കുമാരരാജ മുത്തയ്യ ചെട്ടിയാരുടെ ഭാര്യയുമായ മീന, ചെട്ടിനാട് വിദ്യാശ്രം, റാണി മയ്യമ്മൈ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, കുമാരറാണി ഡോ. മീന മുത്തയ്യ കോളജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് എന്നിവയുൾപ്പെടെ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകയും നടത്തിപ്പുകാരിയുമായിരുന്നു. തഞ്ചാവൂർ ചിത്രകലയെ പ്രോത്സാഹിപ്പിക്കുന്നതിനു തുടങ്ങിയ കുമാരരാജാ മുത്തയ്യ സ്‌കൂൾ ഓഫ് ട്രഡീഷനൽ ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് ഒട്ടേറെ കുട്ടികൾക്ക് പരിശീലനം നൽകി. മ്യാൻമാറിൽ കുട്ടിക്കാലം ചെലവഴിച്ച മീന രണ്ടാം ലോകയുദ്ധം കഴിഞ്ഞതിനു ശേഷമാണ് കുടുംബത്തോടൊപ്പം തമിഴ്‌നാട്ടിൽ തിരിച്ചെത്തിയത്. 14-ാം വയസ്സിൽ വിവാഹിതയായി. വിവാഹ ശേഷം ചെന്നൈയിലെ ചെട്ടിനാട് ഹൗസിലായിരുന്നു താമസം. 34-ാം വയസ്സിൽ ഭർത്താവ് മരിച്ചപ്പോൾ ഭർത്തൃമാതാവ് റാണി മയ്യമ്മയുടെ പ്രേരണയിലാണ് വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തന രംഗത്തേക്കു കടന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പുറമേ, സ്പാസ്റ്റിക് സൊസൈറ്റി ഓഫ് തമിഴ്‌നാട്, സ്ലം റിലീഫ് അസോസിയേഷൻ, മദ്രാസ് വൊളന്ററി ബ്ലഡ് ബ്യൂറോ, ബാംഗ്ലൂർ മെഡിക്കൽ ട്രസ്റ്റ് ബ്ലഡ് ബാങ്ക്, ടി.ടി. രംഗനാഥൻ ക്ലിനിക്കൽ ആൻഡ് റിസർച്ച് സെന്റർ, തമിഴ്‌നാട് സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ്, ഇന്ത്യൻ കൾച്ചറൽ സെന്റർ, വിക്ടോറിയ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സന്നദ്ധ സ്ഥാപനങ്ങൾക്കും നേതൃത്വം നൽകി. മീന മുത്തയ്യയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചിച്ചു.

