മീനച്ചൂടൊന്നും ഇവിടൊരു ചൂടല്ല; പുനലൂരിൽ ഇത്തവണ ജനവിധി തേടുന്നത് കന്നിയങ്കക്കാരായ ആറ് സ്ഥാനാർഥികൾ

മീനച്ചൂടൊന്നും ഇവിടൊരു ചൂടല്ല; പുനലൂരിൽ ഇത്തവണ ജനവിധി തേടുന്നത് കന്നിയങ്കക്കാരായ ആറ് സ്ഥാനാർഥികൾ

M
MathrubhumiSource Link
പുനലൂർ: സംസ്ഥാനത്തുതന്നെ ഏറ്റവുമധികം ചൂട് രേഖപ്പെടുത്തുന്ന മണ്ഡലങ്ങളിലൊന്നാണ് പുനലൂർ. കഴിഞ്ഞ ദിവസങ്ങളിൽ കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഇവിടെ രേഖപ്പെടുത്തിയ ചൂട് ശരാശരി 38 ഡിഗ്രി സെൽഷ്യസാണ്. വല്ലപ്പോഴും പെയ്യുന്ന ചാറ്റൽമഴയൊന്നും ചൂട് കുറയ്ക്കാൻ പര്യാപ്തമാവുന്നില്ല. എന്നാൽ, ഈ ചൂടൊന്നും ഒരു ചൂടല്ലെന്ന മട്ടിൽ ഓടിനടക്കുകയാണ് മണ്ഡലത്തിൽ ഒരുകൂട്ടം സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും. To advertise here, ഒരു കുടപോലും ചൂടാതെയാണ് നട്ടുച്ചയ്ക്കും ഇവരുടെ ഓട്ടപ്പാച്ചിൽ. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് വോട്ടുതേടാനുള്ള ശ്രമമാണ്. തുടരെയുള്ള വെള്ളംകുടി മാത്രമാണ് ഏക പ്രതിരോധമാർഗം. അക്ഷരാർഥത്തിൽ മീനച്ചൂടിനും മേലെയായിക്കഴിഞ്ഞു പുനലൂരിൽ തിരഞ്ഞെടുപ്പുചൂട്. പത്രികാസമർപ്പണം കഴിഞ്ഞതോടെയാണ് പ്രചാരണത്തിനു ചൂടുപിടിച്ചത്. കഴിഞ്ഞദിവസങ്ങളിൽ ഇത് ഉച്ചസ്ഥായിയിലായി. കന്നിയങ്കക്കാരായ ആറു സ്ഥാനാർഥികളാണ് മണ്ഡലത്തിൽ ഇക്കുറി ജനവിധി തേടുന്നത്. എൽ.ഡി.എഫ്. സ്ഥാനാർഥിയായി സി.പി.ഐ.യിലെ സി. അജയപ്രസാദ്, യു.ഡി.എഫ്. സ്ഥാനാർഥിയായി മുസ്‌ലിം ലീഗിലെ നൗഷാദ് യൂനുസ്, എൻ.ഡി.എ. സ്ഥാനാർഥിയായി ട്വന്റി 20-യിലെ രഘുനാഥ് കമുകുംചേരി, ഇക്വാളിറ്റി പാർട്ടി ഓഫ് ഇന്ത്യയുടെ പ്രതിനിധിയായി നെടുമൺകാവ് ഗോപാലകൃഷ്ണൻ, എസ്.യു.സി.ഐ. പ്രതിനിധിയായി കെ. മഹേഷ്, ബഹുജൻ സമാജ് പാർട്ടി പ്രതിനിധിയായി ജോസ് സാരാനാഥ് എന്നിവരാണ് മത്സരരംഗത്ത്. 30 വർഷമായി ഇടതുമുന്നണിയാണ് മണ്ഡലത്തിൽ ജയിക്കുന്നത്. സി.പി.ഐ. നേതാക്കളായ പി.എസ്. സുപാൽ, കെ. രാജു എന്നിവർ മൂന്നുതവണ വീതം നിയമസഭയിൽ മണ്ഡലത്തെ പ്രതിനിധാനം ചെയ്തു. വികസനത്തുടർച്ചയ്ക്കുവേണ്ടിയാണ് എൽ.ഡി.എഫ്. ഇത്തവണ വോട്ടുതേടുന്നത്. പുനലൂരിൽ റവന്യൂ ഡിവിഷൻ രൂപവത്‌കരിച്ചതും മലയോര ഹൈവേയും അഞ്ചലിൽ ബൈപ്പാസ്‌ നിർമിച്ചതും റോഡുകൾ പുനരുദ്ധരിച്ചതും ഉൾപ്പെടെ സുപാലും രാജുവും നടത്തിവന്ന വികസനപ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് അജയപ്രസാദ് വോട്ടഭ്യർഥിക്കുന്നു. എന്നാൽ, വികസനം കടലാസിലാണെന്ന് യു.ഡി.എഫ്. സ്ഥാനാർഥി നൗഷാദ് യൂനുസ് കുറ്റപ്പെടുത്തുന്നു. കുടിവെള്ളം, വൈദ്യുതി, റോഡുകൾ, ലൈഫ് ഭവനപദ്ധതി തുടങ്ങിയ പ്രാഥമികാവശ്യങ്ങൾ പോലും പരിഹരിക്കാൻ തുടർച്ചയായ 30 വർഷംകൊണ്ട് എൽ.ഡി.എഫിനു കഴിഞ്ഞില്ലെന്ന് സ്ഥാനാർഥി പറയുന്നു. തോട്ടംതൊഴിലാളികളുടെ കണ്ണീരൊപ്പാനും വന്യജീവിയാക്രമണം തടയാനും കഴിഞ്ഞില്ലെന്നു മാത്രമല്ല, താലൂക്കാശുപത്രിയെ ജനറൽ ആശുപത്രിയാക്കാനോ ആവശ്യമായ സൗകര്യമൊരുക്കാനോ കഴിഞ്ഞിട്ടില്ലെന്നും സ്ഥാനാർഥി കുറ്റപ്പെടുത്തുന്നു. ഇടതു, വലതു മുന്നണികൾ പുനലൂരിനെ നശിപ്പിച്ചെന്ന് എൻ.എഡി.എ. സ്ഥാനാർഥി രഘുനാഥ് കമുകുംചേരി ആരോപിക്കുന്നു. തെരുവുനായശല്യത്തിനും പേവിഷബാധാമരണങ്ങൾക്കും പരിഹാരം കാണാൻ കഴിയുന്നില്ലെന്ന് രഘുനാഥ് കമുകുംചേരി കുറ്റപ്പെടുത്തുന്നു. ജില്ലയുടെ കിഴക്കേയറ്റത്ത്, തമിഴ്നാടുമായി അതിർത്തിപങ്കിടുന്ന നിയോജകമണ്ഡലമെന്ന പ്രത്യേകതയുണ്ട് പുനലൂരിന്. പശ്ചിമഘട്ടം അതിരിടുന്ന മണ്ഡലത്തിൽ കർഷകരും കർഷകത്തൊഴിലാളികളും തോട്ടംതൊഴിലാളികളുമൊക്കെ തിങ്ങിപ്പാർക്കുന്നു. ആദിവാസികളും ശ്രീലങ്കൻ അഭയാർഥികളുമുൾപ്പെടെ വ്യത്യസ്ത ജനവിഭാഗങ്ങളും പാർക്കുന്ന ഭൂമികയാണിത്. പുനലൂർ നഗരസഭയും ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ, ഏരൂർ, അഞ്ചൽ, ഇടമുളയ്ക്കൽ, കരവാളൂർ പഞ്ചായത്തുകളും മണ്ഡലത്തിൽ ഉൾപ്പെടുന്നു. പൊതുവേ ഇടതുമുന്നണിയോടൊപ്പം നിൽക്കുന്നതാണ് ഈ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെല്ലാം. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ കുളത്തൂപ്പുഴ, ഇടമുളയ്ക്കൽ പഞ്ചായത്തുകളിലാണ് യു.ഡി.എഫിനു ഭരണം ലഭിച്ചത്. രണ്ടിടത്തും ഇടതുമുന്നണിയിൽനിന്നു ഭരണം പിടിച്ചെടുക്കുകയായിരുന്നു. അതേസമയം, കഴിഞ്ഞതവണ ഭരണം ലഭിച്ച തെന്മല, ആര്യങ്കാവ്, കരവാളൂർ പഞ്ചായത്തുകൾ നഷ്ടപ്പെടുകയും ചെയ്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മീനച്ചൂടൊന്നും ഇവിടൊരു ചൂടല്ല; പുനലൂരിൽ ഇത്തവണ ജനവിധി തേടുന… | Boolokam