ടെഹ്‌റാൻ: ബുധനാഴ്ച ഹോർമുസ് കടലിടുക്ക് വഴി പുറത്തുകടക്കാൻ ശ്രമിച്ച രണ്ട് കണ്ടെയ്‌നർ കപ്പലുകൾ ഇറാൻ പിടിച്ചെടുത്തിരുന്നു. ഇറാൻ-ഇസ്രയേൽ-യുഎസ് യുദ്ധം ഫെബ്രുവരിയിൽ ആരംഭിച്ചതിന് ശേഷം ഇറാൻ നടത്തുന്ന ഇത്തരത്തിലുള്ള ആദ്യനടപടിയാണിത്. കപ്പലിൽ സൈനികർ കയറി പിടിച്ചെടുക്കുന്നതിന്റെ വീഡിയോ വ്യാഴാഴ്ച ഇറാനിയൻ ഭരണകൂടം പുറത്തുവിട്ടു. സ്റ്റേറ്റ് അഫിലിയേറ്റഡ് മാധ്യമമായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ് ആണ് വീഡിയോ പുറത്തുവിട്ടത്. വീഡിയോ പുറത്തുവന്നതിന് ശേഷം, രണ്ട് കപ്പലുകൾ പിടിച്ചെടുത്തതായി ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ(IRGC) അവകാശപ്പെട്ടു. രണ്ട് കപ്പലുകളും പിടിച്ചെടുത്തതിന് ശേഷം ഇറാനിയൻ തീരത്തേക്ക് തിരിച്ചതായും ഐആർജിസി അവകാശപ്പെട്ടു. To advertise here, വ്യാഴാഴ്ച പുലർച്ചെ ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേക്ഷണം ചെയ്ത ഒരു വീഡിയോയിൽ, മുഖംമൂടിയണിഞ്ഞ സായുധ സംഘം രണ്ട് കണ്ടെയ്‌നർ കപ്പലുകളിൽ പ്രവേശിക്കുന്നതായി കാണാം. എംഎസ്‌സി-ഫ്രാൻസെസ്ക, എപമിനോഡെസ് എന്നിവയാണ് ഈ കപ്പലുകൾ. പിന്നീട് ഇറാനിയൻ സൈനികർ കപ്പലിന്റെ ഡെക്ക് നിയന്ത്രണത്തിലാക്കിയതായും റിപ്പോർട്ടുകളുണ്ട്. ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവികസേന കടലിടുക്കിലെ ക്രമസമാധാനത്തിനും സുരക്ഷയ്ക്കും ഭംഗം വരുത്തുന്ന ഏത് നടപടിയെയും ഇറാനെതിരായ നീക്കമായി കണക്കാക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായി ഇറാനിയൻ വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു. അംഗീകാരമില്ലാതെയാണ് കപ്പലുകൾ സഞ്ചരിക്കുന്നതെന്നും നാവിഗേഷൻ സംവിധാനങ്ങളിൽ കൃത്രിമം കാണിച്ചെന്നും ഐആർജിസി വീഡിയോയിൽ ആരോപിച്ചു. ആവശ്യമായ അംഗീകാരമില്ലാതെയാണ് എംഎസ്‌സി ഫ്രാൻസെസ്കയും ലൈബീരിയൻ പതാകയുള്ള എപമിനോഡസും പ്രവർത്തിച്ചതെന്നും ഐആർജിസി ആരോപിച്ചു. ഗ്രീക്ക് നിയന്ത്രണത്തിലുള്ള എപമിനോഡസിനെതിരെ ഒമാന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള ഏകദേശം 20 നോട്ടിക്കൽ മൈൽ അകലെവെച്ച് വെടിവെപ്പ് നടന്നതായി റിപ്പോർട്ട് പുറത്തുവന്നു. പീരങ്കിപ്പടയിൽ നിന്ന് വെടിയുണ്ടകളും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകളും ഏറ്റതിനെത്തുടർന്ന് കപ്പലിന് കേടുപാടുകൾ സംഭവിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പനാമ പതാകയുള്ള എംഎസ്‌സി ഫ്രാൻസെസ്ക ഇറാനിൽ നിന്ന് ഏകദേശം എട്ട് നോട്ടിക്കൽ മൈൽ പടിഞ്ഞാറ് ഭാഗത്തുവെച്ച് വെടിയേറ്റു, പക്ഷേ സാരമായ കേടുപാടുകളുണ്ടായിട്ടില്ല. ജീവനക്കാർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. ലൈബീരിയൻ പതാകയുള്ള മൂന്നാമത്തെ കപ്പലായ യൂഫോറിയയും സമാനമായ പ്രദേശത്ത് വെടിയേറ്റു, എന്നാൽ കേടുപാടുകളില്ലാതെ യുഎഇയിലെ ഫുജൈറയിലേക്ക് യാത്ര തുടർന്നു. എംഎസ്‌സി ഫ്രാൻസെസ്ക പിടിച്ചെടുത്തത് സ്ഥിരീകരിച്ച് മോണ്ടിനെഗ്രോയുടെ നാവിക കാര്യ മന്ത്രി, നാല് മോണ്ടിനെഗ്രിൻ നാവികർ കപ്പലിലുണ്ടായിരുന്നു എന്നും എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നും അറിയിച്ചു. എപമിനോഡസിന്റെ ഓപ്പറേറ്ററായ ഗ്രീക്ക് ഷിപ്പിങ് സ്ഥാപനം ടെക്നോമാർ ഷിപ്പിങ് , ആക്രമണം സ്ഥിരീകരിക്കുകയും പിന്നീട് ഇറാനിയൻ സേന കപ്പലിൽ പ്രവേശിച്ചതായി അറിയിക്കുകയും ചെയ്തു. പേർഷ്യൻ ഉൾക്കടലിനെ ഒമാൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന ഹോർമുസ് കടലിടുക്കിൽ, ഫെബ്രുവരി 28 ന് നടന്ന യുഎസ്-ഇസ്രയേലി വ്യോമാക്രമണങ്ങൾക്ക് ശേഷം ഇറാൻ ഉപരോധമേർപ്പെടുത്തിയിരുന്നു. ഈ മാസം ആദ്യം ഇറാനുമായി നടന്ന ആദ്യ ഘട്ട ചർച്ചകൾ പരാജയപ്പെട്ടതിന് ശേഷം യുഎസും കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്തിയിരുന്നു. ലോകത്തെ അസംസ്കൃത എണ്ണയുടെയും ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും (LNG) വ്യാപാരത്തിന്റെ 20 ശതമാനവും ഈ പ്രധാന ജലപാതയിലൂടെയാണ് കടന്നുപോകുന്നത്. അതേസമയം, ബുധനാഴ്ച യുഎസ് സൈന്യം ഇറാനിയൻ പതാക വഹിച്ച കപ്പലുകൾ തടഞ്ഞതായി റിപ്പോർട്ടുണ്ട്. യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധത്തിൻ്റെ ഭാഗമായാണ് ഈ ടാങ്കറുകൾ തടഞ്ഞത്. ഇറാനിയൻ പതാകയുള്ള ഡീപ് സീ സൂപ്പർടാങ്കറുകളായ സെവിൻ, ഡോറെന എന്നിവയാണ് ഈ കപ്പലുകൾ. ഇന്ത്യൻ മഹാസമുദ്രത്തിൽ ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ടാങ്കർ ഡോറെനയെ യുഎസ് നാവികസേനയുടെ ഒരു ഡിസ്ട്രോയർ അകമ്പടി സേവിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് എക്സ് പോസ്റ്റിൽ അറിയിച്ചു. Content Highlights: IRGC seized container ships MSC Francesca and Epaminondas in the Strait of Hormuz., The incident follows the Iran-Israel conflict escalation in February 2026., Iran cites navigation violations; international operators confirm military boarding., Global energy supply chains are at risk as 20% of oil/LNG passes through this route., Concurrent US naval interception of Iranian tankers Sevin and Dorena reported. Published: 23 Apr 2026, 03:21 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മുഖംമൂടിയണിഞ്ഞ് സൈനികർ, ചടുലനീക്കം; ഹോർമുസിൽ കപ്പൽ പിടിച്ചെടുക്കുന്ന വീഡിയോ പുറത്തുവിട്ട് IRGC
M
MathrubhumiSource Link
17 days ago