തൊടുപുഴ : കുന്നം-മുതലക്കോടം-മഠത്തിക്കണ്ടം ബൈപ്പാസിന് അനുകൂലമായി പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട്. To advertise here, ബൈപ്പാസ് പണിതാൽ മങ്ങാട്ടുകവല-ഉടുമ്പന്നൂർ റോഡിൽ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാനാകുമെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ഇതിന് മുന്നോടിയായി മേജർ ഡിസ്ട്രിക്ട് റോഡുകളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി പാതയും സ്ഥലവും ഏറ്റെടുക്കാൻ സർക്കാർ ഉത്തരവ് വേണം. പി.ഡബ്ല്യു.ഡി. അസി. എക്സിക്യുട്ടീവ് എൻജിനിയറാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഗൂഗിൾ മാപ്പ് വഴി തയ്യാറാക്കിയ ബൈപ്പാസിന്റെ സ്കെച്ചും പി.ഡബ്ല്യു.ഡി. ചീഫ് എൻജിനിയർക്ക് നൽകിയ റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറി. പല ഭൂമി, പഠനം വേണം 2.86 കിലോമീറ്ററാണ് നിർദിഷ്ട കുന്നം-മുതലക്കോടം-മഠത്തിക്കണ്ടം ബൈപ്പാസിന്‍റെ ദൂരം. ഇതിൽ 800 മീറ്റർ മുനിസിപ്പൽ റോഡാണ്. എം.വി.ഐ.പി.യുടെ വലതുകരക്കനാൽ റോഡും പി.ഡബ്ല്യു.ഡി. റോഡുമുണ്ട്. ബാക്കി ഭാഗങ്ങളിൽ കരഭൂമിയും തരിശ് കിടക്കുന്ന പാടങ്ങളുമാണ്. വ്യത്യസ്ത ഭൂപ്രകൃതിയായതിനാൽ ഇവിടെ പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങൾ നടത്തണമെന്നും റിപ്പോർട്ടിലുണ്ട്. അത് എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മങ്ങാട്ടുകവല-ഉടുമ്പന്നൂർ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഹൈറേഞ്ചിൽനിന്ന് വണ്ണപ്പുറം, ഉടുമ്പന്നൂർ വഴി വരുന്ന വാഹനങ്ങളും വൈക്കം, പാലാ ഭാഗത്തുനിന്ന് മൂവാറ്റുപുഴയ്ക്ക് പോകുന്നവരും ഈ റോഡാണ് ഉപയോഗിക്കുന്നത്. കരിമണ്ണൂരിൽനിന്ന് വാഹനങ്ങളെത്തുന്നുണ്ട്. ഉടുമ്പന്നൂർ റോഡിന് സമാന്തരമായി ബൈപ്പാസ് വന്നാൽ, ഇവിടെ വാഹനത്തിരക്ക് കുറയും. പ്രധാനപ്പെട്ട ബൈപ്പാസ് ബൈപ്പാസിന്റെ പ്രാധാന്യത്തെക്കുറിച്ചും റിപ്പോർട്ടിൽ വിശദമായി പറയുന്നുണ്ട്. തൊടുപുഴ-ഉടുമ്പന്നൂർ റോഡിൽ (മങ്ങാട്ടുകവല-ഉടുമ്പന്നൂർ) മങ്ങാട്ടുകവല, മാവിൻചുവട്, മുതലക്കോടം, പട്ടയംകവല, കുന്നം തുടങ്ങിയയിടങ്ങളിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. സമീപഭാവിയിൽ തിരക്ക് രൂക്ഷമാകും. ബൈപ്പാസ് യാഥാർഥ്യമാക്കിയാൽ തിരക്ക് കുറയ്ക്കാം. കരിമണ്ണൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് മങ്ങാട്ടുകവല നാലുവരിപ്പാതയിലൂടെ മൂവാറ്റുപുഴയിലേക്ക് പോകാം. പാലാ, വൈക്കം ഭാഗത്തുനിന്ന് വരുന്നവർക്ക് തൊടുപുഴ ടൗണിൽ പ്രവേശിക്കാതെ മൂവാറ്റുപുഴയിലേക്ക് തിരിച്ചും പോകാം.
