തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ രണ്ടുപേർ ചേർന്ന് നടുറോഡിലിട്ട് അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തി . വെള്ളായണി കീഴൂർ സ്വദേശി പാലപ്പൂരിൽ വാടകയ്ക്ക് താമസിക്കുന്ന സുമനാണ് (38) കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടുകാൽ ഉച്ചക്കട പയറ്റുവിളയിൽ വാടകയ്ക്ക് താമസിക്കുന്ന അച്ചു എസ്. ബാബു (24), അനന്തു എസ്. (19) എന്നിവരെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. ഇവർ സഹോദരങ്ങളാണ്. To advertise here, വിഴിഞ്ഞം മുക്കോലയിലെ ബാറിന് സമീപത്തെ റോഡിൽ ബുധനാഴ്ച രാത്രി 12 മണിക്കായിരുന്നു അക്രമമുണ്ടായത്. അച്ചുവും അനന്തുവും സുമനെ മർദിക്കുന്നത് കണ്ടുനിന്ന ബാർ ജീവനക്കാർ സംഘർഷത്തിൽ ഇടപെടാതെ, അക്രമദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. റോഡിൽ കിടന്ന സുമനെ അതുവഴി വന്ന കാർ യാത്രക്കാരൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ച രാത്രി സുഹൃത്ത് ലാൽ കൃഷ്ണനുമൊത്താണ് സുമൻ ബാറിലെത്തിയത്. ഉച്ചക്കടയിലെ വിവാഹവീട്ടിൽനിന്ന് സുഹൃത്തിനൊപ്പം അച്ചുവും ഇതേ ബാറിലെത്തി. ഇവിടെവെച്ച് അച്ചുവും ഒരു വെങ്ങാനൂർ സ്വദേശിയുമായി വാക്കേറ്റത്തിലേർപ്പെട്ടു. സുമൻ ഈ തർക്കത്തിൽ ഇടപെട്ടതോടെ അച്ചുവുമായി സംഘട്ടനമായി. പരിക്കേറ്റ അച്ചു സഹോദരൻ അനന്തുവിനെ ബാറിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. 12 മണിക്ക് ബാർ അടച്ചതോടെ സംഘർഷം റോഡിലേക്ക് നീണ്ടു. ബാറിന് മുന്നിൽ ദേശീയപാതയുടെ സർവീസ് റോഡിൽവെച്ച് അച്ചുവും അനന്തുവും ചേർന്ന് സുമനെ അടിച്ചുവീഴ്ത്തി. വീണുകിടന്ന സുമനെ ആക്രോശിച്ചുകൊണ്ട് ഇടിച്ചും ചവിട്ടിയും ഇരുവരും ആക്രമിച്ചു. ബാറിൽ നിന്നിറങ്ങി വന്ന ചിലരും ബാർ ജീവനക്കാരും അക്രമങ്ങൾ കണ്ടുനിന്നതല്ലാതെ പിടിച്ചുമാറ്റാൻ ശ്രമിച്ചില്ല. ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയ ബാർ ജീവനക്കാരെ അക്രമികൾ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ബാർ ജീവനക്കാർ മുളകു സ്‌പ്രേ പ്രയോഗിച്ചതോടെ ഇരുവരും സ്‌കൂട്ടറിൽ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. രാത്രി 12.15-ഓടെയാണ് വിഴിഞ്ഞം പോലീസ് അക്രമത്തെക്കുറിച്ച് അറിയുന്നത്. ബാറിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളുടെ സ്കൂട്ടർ തിരിച്ചറിഞ്ഞു. രാത്രി തന്നെ ഇവരെ ഉച്ചക്കടയിൽനിന്ന് പോലീസ് പിടികൂടി. കോവളത്തെ സ്വകാര്യ ഹോട്ടലിൽ ഷെഫ് ആയിരുന്നു സുമൻ. രമ്യയാണ് ഭാര്യ. മകൾ: അനാർക്കലി. പ്രതിയായ അച്ചു പെയിന്റിങ് തൊഴിലാളിയാണ്. മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്ററാണ് അനന്തു. മുന്നിൽ കൊടുംക്രൂരത; ആൾക്കൂട്ടം നോക്കിനിന്നു വിഴിഞ്ഞം: മുക്കോലയിലെ ബാറിന് മുന്നിലെ റോഡിൽ മദ്യലഹരിയിൽ സഹോദരങ്ങൾ ചേർന്ന് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത് ആൾക്കൂട്ടം നോക്കിനിൽക്കെ. യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ കണ്ടുനിന്നവർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇത് സാമൂഹികമാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായി പ്രചരിച്ചു. എന്നാൽ, ഈ സമയമൊന്നും ആരും അക്രമം തടയുകയോ യുവാവിനെ അക്രമികളിൽനിന്ന് രക്ഷപ്പെടുത്തുകയോ ചെയ്തില്ലെന്നതിൽ വ്യാപകമായി ആക്ഷേപമുയർന്നു. ബുധനാഴ്ച രാത്രിയിൽ ചെങ്കൽ സ്വദേശിയായ ലാൽകൃഷ്ണനോടൊപ്പമാണ് സുമൻ മുക്കോല ജങ്ഷനിലെ ബാറിലെത്തിയത്. മദ്യപാനത്തിനിടയിൽ സുമനൊപ്പമെത്തിയ സുഹൃത്തുക്കളിൽ ഒരാളുമായി അച്ചു വഴക്കുണ്ടാക്കി. ഇത് ചോദ്യം ചെയ്തതിന് അച്ചുവിനെ സുമൻ മുഖത്തടിച്ചിരുന്നുവെന്നും പറയുന്നു. ഇതിനിടയിൽ അച്ചുവുമായി വഴക്കിട്ടയാൾ രക്ഷപ്പെട്ടു. രാത്രി 11.50-ഓടെ അച്ചു സുമനുമായി വഴക്കുണ്ടാക്കി ബാറിൽനിന്ന് പുറത്തിറങ്ങി. തുടർന്ന് അച്ചു തന്റെ സഹോദരൻ അനന്തുവിനെ വിളിച്ചുവരുത്തുകയും ഇരുവരും ചേർന്ന് സുമനെ ക്രൂരമായി മർദിക്കുകയുമായിരുന്നു. സുമന്റെ ബോധം നഷ്ടപ്പെട്ടപ്പോൾ ഇരുവരും സ്കൂട്ടറിൽ കയറി രക്ഷപ്പെട്ടു. ഒരു മണിക്കൂറിനകം പ്രതികൾ പിടിയിൽ സംഭവം നടന്ന് ഒരു മണിക്കൂറിനകംതന്നെ സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പോലീസ് പിടികൂടി. പ്രതികൾ രക്ഷപ്പെട്ട ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ നമ്പർ അടക്കം ദൃശ്യങ്ങളിൽ വ്യക്തമായി കാണാമായിരുന്നു. സ്‌കൂട്ടറിന്റെ നമ്പറുപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ സ്വകാര്യസ്ഥാപന ഉടമയുടെ സ്‌കൂട്ടർ അവിടത്തെ ഡ്രൈവറിന് താത്കാലിക ആവശ്യത്തിന് നൽകിയതാണെന്നും ഡ്രൈവറുമായി സൗഹൃദമുള്ളതിനാലാണ് അച്ചുവും അനന്തുവും ഈ സ്‌കൂട്ടർ ഉപയോഗിച്ചതെന്നും മനസ്സിലായി. പ്രതികളെത്തേടി പോലീസ് സംഘം ജീപ്പിൽ പോകുമ്പോഴാണ് സ്കൂട്ടറിൽ വരികയായിരുന്ന പ്രതി അനന്തുവിനെ കണ്ടത്. മറ്റൊരു യുവാവും സ്‌കൂട്ടറിന് പിന്നിലുണ്ടായിരുന്നു. ജീപ്പ് കണ്ടപ്പോൾ അനന്തു സ്കൂട്ടർ തിരിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന പോലീസ് റോഡരികിലെ മതിലിനോട് ചേർന്നുള്ള ഭാഗത്തുവെച്ച് സ്‌കൂട്ടറിനെ ജീപ്പുപയോഗിച്ച് തട്ടിയിട്ടു. സ്കൂട്ടറുമായി ഇടതുവശത്തേക്ക് മറിഞ്ഞതോടെ പോലീസുകാർ പെട്ടെന്നുതന്നെ അനന്തുവിനെ പിടികൂടി. സ്‌കൂട്ടറിലുണ്ടായിരുന്ന യുവാവ് ഓടിരക്ഷപ്പെട്ടു. അനന്തുവുമായി പയറ്റുവിളയിലെ വീട്ടിലെത്തി കേസിലെ ഒന്നാംപ്രതിയും അനന്തുവിന്റെ ജ്യേഷ്ഠനുമായ അച്ചുവിനെ പിടിക്കാൻ ശ്രമിച്ചു. പോലീസെത്തിയതോടെ അച്ചു ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി. ഫോർട്ട് അസി. കമ്മിഷണർ കെ.ബി. മനോജ് കുമാർ, വിഴിഞ്ഞം എസ്.എച്ച്.ഒ. വി.ഡി. റെജിരാജ്, ഗ്രേഡ് എസ്.ഐ.മാരായ സജീന്ദ്രപ്രസാദ്, സാബു, സി.പി.ഒ.മാരായ വിനയകുമാർ, രെജിൻ, രാകേഷ് റോഷൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

മുന്നിൽ കൊടുംക്രൂരത, ആൾക്കൂട്ടം നോക്കിനിന്നു, മൊബൈലിൽ ദൃശ്യംപകർത്തി; ഒരുമണിക്കൂറിനകം പ്രതികൾ പിടിയിൽ
M
MathrubhumiSource Link
23 days ago