മൂന്നാംകടവിൽ വീണ്ടും അപകടം; നാട്ടുകാർ റോഡ് ഉപരോധിച്ചു

മൂന്നാംകടവിൽ വീണ്ടും അപകടം; നാട്ടുകാർ റോഡ് ഉപരോധിച്ചു

M
MathrubhumiSource Link
പെരിയ : മൂന്നാംകടവിലെ അപകട പരമ്പര കാരണം സ്വൈരജീവിതം നഷ്ടപ്പെട്ട നാട്ടുകാർ റോഡ് ഉപരോധിച്ചു. മൂന്നാംകടവിലെ കൊടുംവളവിൽ തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ ചരക്കുലോറി മറിഞ്ഞതിനെ തുടർന്നാണ് നാട്ടുകാർ പ്രകോപിതരായത്. നിത്യവും അപകടം നടക്കുന്ന മൂന്നാംകടവ് പാലത്തിന് സമീപത്തെ നാട്ടുകാരാണ് രാവിലെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. അശാസ്ത്രീയമായ റോഡ് നിർമാണം മൂലം അപകടകേന്ദ്രമായി മാറിയ മൂന്നാംകടവിൽ ഏഴ് അപകടമരണങ്ങൾ നടന്നു. To advertise here, ആഴ്ചയിൽ രണ്ടും മൂന്നും അപകടങ്ങൾ ഇവിടെ പതിവാണ്. ചോരയിൽ കുളിച്ചുകിടക്കുന്ന വാഹനയാത്രികരെ പുറത്തെടുത്ത് മനസ്സ് മരവിച്ച അവസ്ഥയാണെന്ന് പ്രദേശവാസിയായ സുനിൽ കുമാർ കൂവാര പറഞ്ഞു. തിങ്കളാഴ്ച രാവിലെ ബന്തടുക്ക ഭാഗത്തേക്ക് പോകുകയായിരുന്ന സിമന്റ് ലോറിയാണ് മറിഞ്ഞത്. ഡ്രൈവർ ഉൾപ്പെടെ തമിഴ്നാട് സേലംസ്വദേശികളായ രണ്ടുപേരാണ് ലോറിയിലുണ്ടായിരുന്നത്. ഇവരിൽ ഒരാളുടെ കാൽ അറ്റുപോയനിലയിലാണ്. അപകടവിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. തുടർന്ന് കർമസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ റോഡ് ഉപരോധിക്കുകയായിരുന്നു. കളക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. റോഡ് ഉപരോധിച്ചതിന് പിന്നാലെ വാഹനഗതാഗതം തടസ്സപ്പെട്ടു. ബേക്കൽ ഡിവൈ.എസ്.പി. എം.പി. ആസാദ് സ്ഥലത്തെത്തി പ്രതിഷേധക്കാരോട് ഉപരോധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. വിവരമറിഞ്ഞ് പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ. സബിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം.കെ. ബാബുരാജ്, അംഗങ്ങളായ എ. കാർത്യായനി, കെ. ഗംഗാധരൻ എന്നിവരും സ്ഥലത്തെത്തി. ഉച്ചയ്ക്ക് 12-വരെ റോഡ് ഉപരോധം തുടർന്നു. പ്രശ്നപരിഹാരത്തിനായി ബേക്കൽ ഡിവൈ.എസ്.പി. കാഞ്ഞങ്ങാട് ആർ.ഡി.ഒ. കെ.ആർ. മനോജുമായി ബന്ധപ്പെട്ടു. പ്രശ്നം ചർച്ചചെയ്യാൻ കർമസമിതി ഭാരവാഹികളുടെയും പഞ്ചായത്ത് ജനപ്രതിനിധികളുടെയും യോഗം ചൊവ്വാഴ്ച രാവിലെ 10-ന് ആർ.ഡി.ഒ. ഓഫീസിൽ വിളിച്ചിട്ടുണ്ട്. ബേക്കൽ ഇൻസ്പെക്ടറുടെ ചുമതലവഹിക്കുന്ന ശിവം, പ്രിൻസിപ്പൽ എസ്.ഐ. അഖിൽ സെബാസ്റ്റ്യൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു. അപകടവളവുകൾ ഒഴിവാക്കണം -കർമസമിതി വർഷങ്ങളായി നടക്കുന്ന അപകടങ്ങൾ ഒഴിവാക്കാൻ ശാശ്വത പരിഹാരം ഒരുക്കണമെന്ന് കർമസമിതി ജനറൽ കൺവീനർ ഫസൽ മൂന്നാംകടവ് ആവശ്യപ്പെട്ടു. അർഹമായ നഷ്ടപരിഹാരം നൽകി കൂടുതൽ സ്ഥലം ഏറ്റെടുത്ത് വളവുകൾ നികത്തി പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മൂന്നാംകടവിൽ വീണ്ടും അപകടം; നാട്ടുകാർ റോഡ് ഉപരോധിച്ചു — Mat… | Boolokam