ആർ. റോഷൻ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ' രത്തൻ ടാറ്റ: ഒരു ഇന്ത്യൻ വിജയഗാഥ ' എന്ന പുസ്തകത്തെക്കുറിച്ച് എസ്. ഹരികിഷോർ ഐഎഎസ് എഴുതിയ കുറിപ്പ് വായിക്കാം. To advertise here, 'വേ ഗത്തിൽ നടക്കാനാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ ഒറ്റയ്ക്കു നടക്കുക. എന്നാൽ, ബഹുദൂരം പോകണമെങ്കിൽ കൂട്ടമായിത്തന്നെ നടക്കുക.' പ്രശസ്തമായ ഈ ആഫ്രിക്കൻ പഴഞ്ചൊല്ല് ഉദ്ധരിച്ചാണ് ആർ. റോഷൻ 'രത്തൻ ടാറ്റ: ഒരു ഇന്ത്യൻ വിജയഗാഥ' എന്ന പുസ്തകം തുടങ്ങുന്നത്. വലിയ നേട്ടങ്ങൾ സ്വായത്തമാക്കാൻ ടീംവർക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് തന്റെ പ്രവർത്തനത്തിലൂടെ നമുക്ക് കാണിച്ചുതന്ന രത്തൻ ടാറ്റയുടെ ജീവചരിത്രത്തിന്റെ രത്നച്ചുരുക്കമാണ് ഈ വരികളിലുള്ളത്. പല പുസ്തകങ്ങളിലൂടെയും ഇന്റർവ്യൂകളിലൂടെയും ലേഖനങ്ങളിലൂടെയും മറ്റും നമുക്കറിയാവുന്ന രത്തൻ ടാറ്റയുടെ ജീവിതകഥ പുതിയ രീതിയിൽ വിശകലനം ചെയ്ത്, സമഗ്രമായ ഗവേഷണത്തിലൂടെ കോർത്തിണക്കി, മികച്ച അവതരണരീതി അവലംബിച്ച് തയ്യാറാക്കുക എന്ന വലിയ വെല്ലുവിളിയാണ് ഈ പുസ്തകരചന വഴി ആർ. റോഷൻ ഏറ്റെടുത്തത്. തന്റെ ഉദ്യമത്തിൽ അദ്ദേഹം മികച്ച വിജയം നേടുകതന്നെ ചെയ്തു. ഓരോ അധ്യായങ്ങളിലുമായി ഓരോ ആശയങ്ങൾ തയ്യാറാക്കി, മികച്ച വായനാനുഭവം പകർന്നുകൊണ്ട് വായനക്കാരെ ടാറ്റയുടെ ലോകത്തേക്ക് കൈപിടിച്ചുനടത്തുന്ന ഈ പുസ്തകം, ആ ജീവിതത്തെ സമഗ്രമായി അവതരിപ്പിക്കുന്നതിൽ പൂർണമായും വിജയിച്ചിരിക്കുന്നു എന്നുതന്നെ പറയാം. നേതൃമികവിന്റെ പ്രതിഫലനം പുസ്തകത്തിന്റെ ആദ്യ ഭാഗത്ത് രത്തൻ ടാറ്റയുടെ ചെറുപ്പവും പഠനകാലവും വിവരിച്ച ശേഷം ഏറ്റവുമധികം അധ്യായങ്ങൾ മാറ്റിവച്ചത് അദ്ദേഹത്തിന്റെ നേതൃത്വമികവ് സോദാഹരണം വിശദമാക്കാനാണ്. അമേരിക്കയിലെ പഠനത്തിനുശേഷം 1963-ൽ ജംഷേദ്പുരിലെ ടിസ്‌കോ (ടാറ്റാ അയൺ ആൻഡ് സ്റ്റീൽ കമ്പനി)യിൽ ഒരു ഫാക്ടറിജീവനക്കാരനെപ്പോലെ തന്റെ കരിയറിന് തുടക്കംകുറിക്കുകയും, പിന്നീട് ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സാമ്രാജ്യം മികവിലേക്കുയർത്തും അടക്കം പ്രചോദനാത്മകമായ അദ്ദേഹത്തിന്റെ കർമ്മപഥമാണ് ഈ അധ്യായങ്ങളിലൂടെ ഗ്രന്ഥകാരൻ അനാവരണം ചെയ്തത്. മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് പ്രതിസന്ധികളെ നേരിട്ട രത്തൻ ടാറ്റയുടെ മാനേജ്മെന്റ് വൈദഗ്ധ്യവും ശാന്തതയോടെ എതിർപ്പുകളെ നേരിട്ടു വിജയിച്ചതും, ഹൈ-ടെക്നോളജി, ഹൈ-റിസ്‌ക് വ്യവസായങ്ങളിലേക്ക് ചുവടുവയ്ക്കണമെന്ന ദീർഘവീക്ഷണത്തോടെ തീരുമാനങ്ങളെടുത്ത് വിജയിച്ചതുമൊക്കെ പല ആശയങ്ങളിലൂടെയും അനുഭവകഥകളിലൂടെയും അവതരിപ്പിക്കുന്നു. പുസ്തകത്തിന്റെ കവർ പേജ് നൂറു ശതമാനം ഇന്ത്യയിൽ മാത്രം വികസിപ്പിക്കുന്ന ഇന്ത്യയുടെ സ്വന്തം കാറായ 'ടാറ്റാ ഇൻഡിക' എന്ന ആശയം ആവിഷ്‌കരിച്ചുനടപ്പിലാക്കിയ രത്തൻ ടാറ്റയുടെ നിശ്ചയദാർഢ്യവും നേതൃത്വമികവും, പല പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടും ജനകീയകാറായ നാനോ നിരത്തിലിറക്കി 'അസാധ്യമായത് ഒന്നുമില്ല' എന്നു തെളിയിച്ച മാനേജ്മെന്റ് വൈദഗ്ധ്യവുമെല്ലാം സരളമായി അവതരിപ്പിക്കാൻ ആർ. റോഷന് സാധിച്ചിട്ടുണ്ട്. ടാറ്റയുടെ ഓരോ പുതിയ ബിസിനസ് ആശയങ്ങളും അത് നടപ്പിലാക്കാൻ രത്തൻ ടാറ്റ നേതൃത്വം നൽകിയ വലിയ നേതൃപാടവവും അടുക്കുംചിട്ടയോടെയും അവതരിപ്പിക്കാൻ സാധിച്ചതാണ് ഈ പുസ്തകത്തിന്റെ മികവിന്റെ അടിത്തറ. സംഭാഷണങ്ങൾ വായനക്കാർക്ക് പ്രചോദനം നൽകുന്ന രത്തൻ ടാറ്റയുടെ ഒട്ടേറെ സംഭാഷണങ്ങൾ, തന്മയത്വത്തോടെ എഴുതി ഓരോ അധ്യായങ്ങളും മികച്ച വായനാനുഭവമാക്കി മാറ്റാൻ സാധിച്ചു എന്നത് എടുത്തുപറയേണ്ട മറ്റൊരു വസ്തുതയാണ്. ഒട്ടേറെ സംഭാഷണശകലങ്ങൾ ഉൾപ്പെടുത്തിയ അവതണരീതി ഈ ജീവചിത്ര ഗന്ഥത്തെ തികച്ചും വ്യത്യസ്തമാക്കുന്നു. 'ഇത്ര വലിയൊരു വ്യവസായ സാമ്രാജ്യത്തിന്റെ തലപ്പത്തെത്തിയിട്ടും ഇത്ര ശാന്തനായി ഇരിക്കാൻ കഴിയുന്നത് എങ്ങനെയാണ്?' ടാറ്റാ സൺസിന്റെ ചെയർമാൻപദവിയിലെത്തിയ ശേഷമുള്ള ആദ്യ അഭിമുഖങ്ങളിലൊന്നിൽ വിദേശപത്രത്തിന്റെ പ്രതിനിധി രത്തൻ ടാറ്റയോട് ചോദിച്ച ചോദ്യമായിരുന്നു ഇത്. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: 'എനിക്കു തിടുക്കമില്ല, കാലം എന്നോടൊപ്പമുണ്ട്.' കാലങ്ങൾക്ക് ശേഷം ചെയർമാൻ പദവി ഒഴിയുന്നതിനു മുമ്പ്, 2016 ഡിസംബറിൽ ഒരു ദിവസം എൻ. ചന്ദ്രശേഖരനെ രത്തൻ ടാറ്റ വിളിപ്പിച്ചു. 'താങ്കളെ ചെയർമാനായി തിരഞ്ഞെടുത്താൽ താങ്കൾ എന്തൊക്കെയായിരിക്കും ചെയ്യുക?' 'ഓരോ അവസരങ്ങളും പ്രയോജനപ്പെടുത്താൻ ശ്രമിക്കും,' ആത്മാർത്ഥമായിരുന്നു ചന്ദ്രയുടെ മറുപടി. ഇത്തരത്തിൽ ഹൃദയസ്പർശിയായ ഒട്ടേറെ സംഭാഷണങ്ങളിലൂടെ പുസ്തകം വായനക്കാരന്റെ ഹൃദയത്തോടടുക്കുന്നു. ലോകത്തെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പുകളിലൊന്നായ ടാറ്റാ ഗ്രൂപ്പ്, രത്തൻ ടാറ്റയിലൂടെ നേടിയ പുരോഗതിയുടെ കഥ പറയുന്ന ഈ പുസ്തകം, ആ കഥകളിലൂടെ രത്തൻ ടാറ്റ എന്ന വ്യവസായ മേധാവിയുടെ വ്യക്തിത്വത്തിന്റെയും നേതൃത്വമികവിന്റെയും വിവിധ വശങ്ങൾ വായനക്കാരുടെ മുന്നിൽ അനാവരണം ചെയ്യുന്നു. റോഷന്റെ ധീരമായ ഈ ചുവടുവെയ്പ് സാർഥകമാണ് എന്നു തന്നെ പറയാം. (കേന്ദ്ര ടൂറിസം മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയാണ് ലേഖകൻ.) Content Highlights: Comprehensive analysis of Ratan Tata's leadership and management philosophy., Details the evolution of Tata Group from TISCO to global success., Highlights the development of iconic projects like Tata Indica and Nano., Showcases Ratan Tata's calm demeanor and value-driven decision-making., Features insightful conversations and anecdotes from his career. Published: 20 Apr 2026, 03:28 pm IST ABOUT THE AUTHOR Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മൂല്യങ്ങളിലുറച്ച് പ്രതിസന്ധികളെ നേരിട്ട രത്തൻ ടാറ്റ; ആ ലോകത്തേക്ക് കൈപിടിച്ചു നടത്തുന്ന പുസ്തകം
M
MathrubhumiSource Link
20 days ago