മൂവാറ്റുപുഴ : മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ ബോംബ് െവച്ചിട്ടുണ്ടെന്നു കാണിച്ച് ഇവിടെ പ്രവർത്തിക്കുന്ന റോഡ് ട്രാൻസ്‌പോർട്ട് ഓഫീസിലേക്ക് ഇ -മെയിൽ സന്ദേശം. ബുധനാഴ്ച പുലർച്ചെ നാലു മണിക്കാണ് സന്ദേശം വന്നത്. ഇതേത്തുടർന്ന് മൂവാറ്റുപുഴ പോലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. രണ്ടു മണിക്കൂറോളം പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. ഏപ്രിൽ ഒന്നിന് വന്ന സന്ദേശം വിഡ്ഢി ദിനത്തിൽ കബളിപ്പിക്കാനായി അയച്ചതാണെന്നും കരുതുന്നുണ്ട്. സിവിൽ സ്റ്റേഷനിൽ 27 സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. To advertise here, ആർ.ടി. ഓഫീസിലാണ് ബോംബ് എന്നായിരുന്നു ഭീഷണിയെങ്കിലും മറ്റെല്ലാ ഓഫീസുകളും പിശോധിച്ചു. അടുത്തുതന്നെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസും വെള്ളൂർക്കുന്നം വില്ലേജോഫീസും പ്രവർത്തിക്കുന്നുണ്ട്. എല്ലാ ഓഫീസിന്റെയും പ്രവർത്തനം താളംതെറ്റി. പോലീസെത്തിയപ്പോഴാണ് പലരും സംഭവം അറിഞ്ഞത്. ഇതോടെ ഉദ്യോഗസ്ഥരെല്ലാം ഓഫീസ് വിട്ടിറങ്ങി. പോലീസും സംഘവും എല്ലാ ഓഫീസുകളിലും സിവിൽ സ്റ്റേഷൻ പരിസരത്തും പരിശോധന നടത്തി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെല്ലാം തിരക്കിലായ സമയത്തുവന്ന സന്ദേശം ഗൗരവത്തോടെയാണ് കാണുന്നത്. തിരഞ്ഞെടുപ്പ് ജോലികൾ കേന്ദ്രീകരിക്കുന്ന താലൂക്ക്, ആർ.ഡി.ഒ. ഓഫീസുകളും സിവിൽ സ്റ്റേഷനിലാണ് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിച്ചു. കുറച്ചു നേരത്തേക്ക് തിരഞ്ഞെടുപ്പ് ജോലികൾ തടസ്സപ്പെടുന്നതിനും ഭീഷണി സന്ദേശം കാരണമായി. സിവിൽ സ്റ്റേഷന് അടുത്തുതന്നെ നിരവധി കൺസൾട്ടിങ് ഓഫീസുകളും അക്ഷയ കേന്ദ്രങ്ങളും മറ്റ് വ്യാപാരസ്ഥാപനങ്ങളുമുണ്ട്. ഇവിടെയുള്ളവരും ഓഫീസുകളിൽ പല ആവശ്യങ്ങൾക്കായി എത്തിയവരും ഭയന്നു. തുടർച്ചയായി അവധിവരുന്നതിനാൽ എല്ലാ ഓഫീസുകളിലും തിരക്കുണ്ടായിരുന്നു. ഏത് ഓഫീസിലാണ് ബോംബെന്ന് മനസ്സിലാകാത്തതിനാൽ എല്ലായിടത്തും സുരക്ഷാ പരിശോധന വേണ്ടിവന്നു. സന്ദേശം വ്യാജമാണെന്ന് വ്യക്തമായതിനു ശേഷമാണ് ഉദ്യോഗസ്ഥരും ജനങ്ങളും ഓഫീസുകളിൽ കയറിയത്. Published: 02 Apr 2026, 02:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മൂവാറ്റുപുഴ സിവിൽ സ്റ്റേഷനിലെ ബോംബ് ഭീഷണി പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല
M
MathrubhumiSource Link
about 1 month ago