മൃതദേഹത്തെ കോടതിയിലെത്തിച്ച് വിചാരണ

മൃതദേഹത്തെ കോടതിയിലെത്തിച്ച് വിചാരണ

M
MathrubhumiSource Link
അന്നത്തെ പോപ്പായ ഫോർമോസസിനെയാണ് കുഴിയിൽ നിന്ന് തോണ്ടിയെടുത്ത് കോടതിയിലെത്തിച്ച് വിചാരണ ചെയ്തത്. പ്രതീകാത്മക ചിത്രം ഏ റെ വിചിത്രമായ കോടതിവിചാരണകൾ ചരിത്രത്തിലുണ്ടായിട്ടുണ്ട്. ഒരു കുഞ്ഞിനെക്കൊന്ന പന്നിയെ കോടതിയിലെത്തിച്ച് വിചാരണ ചെയ്ത സംഭവം ഫ്രാൻസിൽ ഉണ്ടായിരുന്നു. ഫ്രാൻസിൽത്തന്നെ 16-ാം നൂറ്റാണ്ടിൽ എലികൾക്കെതിരേ കോടതി കേസെടുത്ത സംഭവവുമുണ്ടായി. രണ്ടിലും മൃഗങ്ങൾക്കായി വാദിക്കാൻ വക്കീലൻമാരുമുണ്ടായിരുന്നു. എന്നാൽ, മനുഷ്യന്റെ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് കോടതിയിലെത്തിച്ച് വിചാരണ ചെയ്ത കേസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അൽപം അതിരുകടന്നില്ലേ എന്ന് തോന്നിയാൽ അത്ഭുതമില്ല. കടന്ന കയ്യായിപ്പോയ ഈ നടപടി സി.ഇ 897 ൽ പുരാതനറോമിൽ നടന്നതാണ്. അന്നത്തെ പോപ്പായ ഫോർമോസസിനെയാണ് കുഴിയിൽ നിന്ന് തോണ്ടിയെടുത്ത് കോടതിയിലെത്തിച്ച് വിചാരണ ചെയ്തത്. അതാണ് 'കഡാവർ സിനഡ്' എന്ന് അറിയപ്പെടുന്നത്. അതിന്റെ കഥ പറയാം. To advertise here, ഒൻപതാം നൂറ്റാണ്ടിന്റെ അവസാനകാലത്താണ് സംഭവം. റോമിലും ഇറ്റലിയിലും വിവിധ രാജവംശങ്ങൾ തമ്മിൽ കടുത്ത അധികാരപ്പോരാട്ടം നടന്നിരുന്ന കാലം. അന്ന് ഫോർമോസസ് ആയിരുന്നു പോപ്പ്. അധികാരമത്സരത്തിൽ ജർമൻരാജാവായ ആർനൽഫ് ഓഫ് കരിന്തിയയെയാണ് ഫോർമോസസ് പിന്തുണച്ചത്. ഇറ്റലിയിലെ പ്രധാന രാജവംശമായ സ്പോലെറ്റൻ അതിനോട് കടുത്ത വിയോജിപ്പു പ്രകടിപ്പിച്ചു. ആർനൽഫിനെ റോമിലേക്ക് ക്ഷണിച്ച് ഫോർമോസസ് അദ്ദേഹത്തെ 'ഹോളി റോമൻ എംപറർ' ആയി അവരോധിക്കുക കൂടി ചെയ്തതോടെ ഈ വിരോധം രൂക്ഷമായി. അന്നത്തെ റോമൻസഭയിൽത്തന്നെ ഫോർമോസസിനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരുമായി രണ്ട് വിഭാഗമുണ്ടായിരുന്നു. ഏതായാലും ബി.സി.ഇ 896 ൽ ഫോർമോസസ് മരിച്ചു. അദ്ദേഹത്തിന്റെ എതിർചേരിയിലുള്ള സ്പോലെറ്റൻ വിഭാഗമാണ് പിന്നീട് അധികാരത്തിലെത്തിയത്. അവരുടെ ഇഷ്ടക്കാരനായിരുന്നു അടുത്ത പോപ്പായ സ്റ്റെഫാൻ ആറാമൻ. അദ്ദേഹത്തെ ഉപയോഗിച്ചാണ് ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തവിധത്തിലുള്ള പ്രതികാര വിചാരണ നടത്തിയത്. പോപ്പിന്റെ അസ്ഥികൂടം വിചാരണക്കെത്തി ഫോർമോസസിന്റെ ശവമടക്ക് കഴിഞ്ഞ് ഒൻപത് മാസമായപ്പോഴാണ് പുതിയ പോപ്പായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റെഫാൻ ആറാമൻ മൃതദേഹം കോടതിയിൽ ഹാജരാക്കിക്കൊണ്ടുള്ള വിചാരണയ്ക്ക് ഉത്തരവിടുന്നത്. പോപ്പല്ലേ, തിരുവായ്ക്ക് എതിർവായില്ലല്ലോ. അങ്ങനെ ദ്രവിച്ച് അസ്ഥികൂടം മാത്രമായ മൃതദേഹം മാന്തിയെടുത്തു. മൃതദേഹമാണെങ്കിലും പോപ്പല്ലേ, അങ്ങനെയങ്ങ് കൊണ്ടുപോകാൻ പറ്റുമോ? ആ അസ്ഥികൂടത്തിൽ പഴയ പോപ്പിന്റെ അധികാരവസ്ത്രങ്ങൾ ധരിപ്പിച്ചു. അതിനെ കോടതിയിലെത്തിച്ച് പ്രത്യേക കസേരയിലിരുത്തി. ഇനി വിചാരണ തുടങ്ങണം. അതിന് ശവം സംസാരിക്കില്ലല്ലോ. അതിനും പോപ്പ് വഴികണ്ടെത്തി. ശവത്തിനു വേണ്ടി സംസാരിക്കാൻ ഒരു വ്യക്തിയെ ഏർപ്പാടാക്കി. കോടതി ചോദ്യം ചോദിക്കുമ്പോൾ അയാൾ പോപ്പിന് വേണ്ടി ഉത്തരംപറയണം. അങ്ങനെ വിചാരണ തുടങ്ങി. പല കുറ്റങ്ങളാണ് ഫോർമോസസിനെതിരേ ചുമത്തിയിരുന്നത്. മറ്റൊരു നഗരത്തിലെ ബിഷപ്പായിരിക്കെ റോമിലെ പോപ്പായി, നിയമവിരുദ്ധമായി പോപ്പ് പദവി കൈക്കലാക്കി, സഭയുടെ നിയമങ്ങൾ ലംഘിച്ചു, അധികാര ദുരുപയോഗം നടത്തി തുടങ്ങിയവയായിരുന്നു കുറ്റങ്ങൾ. വിധിപ്രഖ്യാപനവും ശിക്ഷയും കലക്കൻ വിചാരണയാണ് നടന്നത്. അവസാനം 'അസ്ഥികൂടപ്പോപ്പ്' കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. അദ്ദേഹത്തിന്റെ കാലത്തെ എല്ലാ ഉത്തരവുകളും നടപടികളും മരവിപ്പിക്കുകയും അസാധുവാക്കുകയും ചെയ്തു. അടുത്തത് ശിക്ഷയാണ്, അതാണ് ഏറ്റവും രസകരം. ഫോർമോസസ് വിശ്വാസികളെ അനുഗ്രഹിക്കാൻ ഉപയോഗിച്ചിരുന്ന മൂന്നുവിരലുകൾ- അതായത് എല്ലുകൾ മുറിച്ചുമാറ്റി. ബാക്കി ശവശരീരം ഒരു കുഴിയിൽ അടക്കി. തീർന്നില്ല പ്രതികാരം, അതുകൊണ്ടരിശം മാറാഞ്ഞിട്ട് വീണ്ടും അസ്ഥികൂടം പുറത്തെടുത്ത് ടൈബർ നദിയിൽ ഒഴുക്കി. പക്ഷേ, ഈ നടപടിക്കെതിരേ ജനവികാരമുണ്ടായി. പോപ്പ് സ്റ്റെഫാൻ ആറാമനെതിരേ പ്രതിഷേധം പുകഞ്ഞു. വൈകാതെ അദ്ദേഹം സ്ഥാനഭ്രഷ്ടനാവുകയും ജയിലിലടക്കപ്പെടുകയും അവിടെ വെച്ച് കൊല്ലപ്പെടുകയും ചെയ്തു. അടുത്ത പോപ്പായി ചുമതലയേറ്റത് ജോൺ ഒമ്പതാമനായിരുന്നു. അദ്ദേഹം ഫോർമോസസിനെതിരേ നടന്ന വിചാരണ അസാധുവാക്കി. മാത്രമല്ല, അദ്ദേഹത്തിന്റെ സ്ഥാനങ്ങളും ബഹുമതികളും പുന:സ്ഥാപിക്കുകയും ചെയ്തു. അധികാരം മനുഷ്യരെ എത്രമേൽ ദുഷിപ്പിക്കുമെന്നതിന് ഈ ചരിത്ര സംഭവം മികച്ച ഉദാഹരണമാണ്. ഒരേ സഭയുടെ രണ്ടു പോപ്പുമാരെ ഉപയോഗിച്ച് അധികാരകേന്ദ്രങ്ങൾ നടത്തിയ നീചമായ പ്രതികാരത്തിന്റെ കഥയാണിത്. ഇന്നും സാമ്രാജ്യത്വം മതങ്ങളേയും പുരോഹിതൻമാരേയും അധികാരമോഹികളേയും അവരുടെ ഇംഗിതങ്ങൾക്കായി വിദഗ്ധമായി ഉപയോഗിക്കുന്നതിന് നമ്മൾ സാക്ഷിയാവുന്നു. ചരിത്രം ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു എന്നു പറഞ്ഞാൽ ചരിത്രത്തിൽ നിന്ന് നമ്മൾ ഒന്നും പഠിക്കുന്നില്ല എന്നുകൂടിയാണ് അർഥം. Content Highlights: The 897 AD trial of Pope Formosus's exhumed corpse., Political rivalry between Spoleto and German factions., The bizarre procedural details of the Cadaver Synod., The eventual political fallout and the death of Pope Stephen VI. Published: 29 Mar 2026, 03:27 pm IST ABOUT THE AUTHOR Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മൃതദേഹത്തെ കോടതിയിലെത്തിച്ച് വിചാരണ — Mathrubhumi | Boolokam | Boolokam