മൂന്നുപേർക്ക് പരിക്ക് To advertise here, അടൂർ : മൃതദേഹവുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം പേയാട് സ്വദേശി മാർട്ടി(58)ന്റെ മൃതദേഹം എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് സംസ്കാരത്തിന് കൊണ്ടുപോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസ് ഡ്രൈവർ എറണാകുളം സ്വദേശി സച്ചു, അന്തരിച്ച മാർട്ടിന്റെ ബന്ധു ജാസ്മിൻ, കാർ ഡ്രൈവർ അടൂർ മൂന്നാളം സ്വദേശി അമൽ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച 11.50-ന് അടൂർ ബൈപ്പാസിൽ അൽതമാറിന് സമീപംവെച്ചായിരുന്നു അപകടം. എറണാകുളം ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ആംബുലൻസും ഏനാത്ത് ഭാഗത്തുനിന്ന് ഹൈസ്കൂൾ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടമുണ്ടാക്കിയ കാർ വെട്ടിത്തിരിഞ്ഞ് പിറകിൽ വന്ന മറ്റൊരു കാറിലിടിച്ചാണ് നിന്നത്. ആംബുലൻസ് റോഡരികിലെ വഴിവിളക്ക് സ്ഥാപിച്ച തൂണിലും ഇടിച്ചുനിന്നു. അപകടമുണ്ടാക്കിയ കാറിന് മുൻപിൽ പോയ കാർ വേഗത കുറച്ചപ്പോൾ അതിനെ മറികടക്കാൻ ശ്രമിച്ചതാണ് അപകട കാരണം. കാർ അമിത വേഗത്തിൽ ആയിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മാർട്ടിൻ വെള്ളിയാഴ്ചയാണ് മരിച്ചത്. മാർട്ടിന്റെ മറ്റ് ബന്ധുക്കൾ മറ്റൊരു വാഹനത്തിൽ ആംബുലൻസിന് പുറകിൽ വരുന്നുണ്ടായിരുന്നു. അപകടത്തെ തുടർന്ന് ആംബുലൻസിൽ മൃതദേഹം സൂക്ഷിച്ചിരുന്ന മൊബൈൽ മോർച്ചറിക്ക് കേടുപാട് സംഭവിച്ചു. തുടർന്ന് അടൂരിൽനിന്ന് മറ്റൊരു ആംബുലൻസ് വരുത്തി അതിലെ മൊബൈൽ മോർച്ചറിയിൽ ഒരു മണിയോടെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. Published: 19 Apr 2026, 01:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മൃതദേഹവുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ചു
M
MathrubhumiSource Link
21 days ago