ശൈഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു To advertise here, ദുബായ് : യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഞായറാഴ്ച ദുബായ് മെട്രോ ബ്ലൂ ലൈനിലെ ടണൽ നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനംചെയ്തു. 2029 സെപ്റ്റംബർ ഒമ്പതിനാണ് മെട്രോ ബ്ലൂ ലൈൻ തുറക്കാൻ ഉദ്ദേശിക്കുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ മെട്രോയെന്ന് ശൈഖ് മുഹമ്മദ് വിശേഷിപ്പിച്ച ഈ പദ്ധതി പൂർത്തീകരിക്കാൻ 20.5 ബില്യൻ ദിർഹമാണ് ബജറ്റ് വകയിരുത്തിയത്. 30 കിലോമീറ്റർ മെട്രോലൈനിന്റെ 14.5 കിലോമീറ്റർ ഭൂമിക്ക് മുകളിലും 15.5 കിലോമീറ്റർ ടണലുമാണ്. കഴിഞ്ഞവർഷം വർഷം ജൂണിലാണ് ബ്ലൂ ലൈനിന് തറക്കല്ലിട്ടത്. ഈ വർഷം 30 ശതമാനം നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 12 പ്രദേശങ്ങളിലായി 500-ലേറെ എൻജിനിയർമാരെയും 3000-ലേറെ തൊഴിലാളികളെയും വിന്യസിച്ചിട്ടുണ്ട്. എമിറേറ്റിലെ പ്രധാന താമസ, സാമ്പത്തിക, വ്യാവസായിക, വിദ്യാഭ്യാസ മേഖലകൾക്ക് ഉപകാരപ്രദമാകും വിധമാണ് ബ്ലൂ ലൈൻ രൂപകല്പന ചെയ്തത്. 14 സ്റ്റേഷനുകൾ എമിറേറ്റിലെ പ്രധാന പ്രദേശങ്ങളെ ബന്ധിപ്പിക്കാൻ 30 കിലോമീറ്റർ നീളത്തിൽ മൂന്ന് ഇന്റർചേഞ്ചുകൾ ഉൾപ്പടെ 14 സ്റ്റേഷനുകളുണ്ടാകും. ആദ്യത്തേത് അൽ ജദ്ദാഫിലെ ഗ്രീൻ ലൈനിലെ ക്രീക്ക് ഇന്റർചേഞ്ച് സ്റ്റേഷനിൽ നിന്നാരംഭിച്ച് ദുബായ് ഫെസ്റ്റിവൽ സിറ്റി, ദുബായ് ക്രീക്ക് ഹാർബർ, റാസൽഖോർ വ്യവസായ മേഖല എന്നിവയിലൂടെ ഇന്റർനാഷണൽ സിറ്റിയിലേക്ക് എത്തിച്ചേരും. ഇതിൽ ഒരു ഭൂഗർഭ ഇന്റർചേഞ്ചുണ്ടാകും. രണ്ടാമത്തെ ദിശ അൽ റാഷിദിയയിലെ റെഡ് ലൈനിലെ സെന്റർ പോയിന്റ് ഇന്റർചേഞ്ച് സ്റ്റേഷനിൽ നിന്നും ആരംഭിക്കും. തുടർന്ന് മിർദിഫ്, അൽ വർഖഎന്നിവയിലൂടെ ഇന്റർനാഷണൽ സിറ്റിയിലെ ഇന്റർചേഞ്ചുമായി ബന്ധിപ്പിക്കുകയും ചെയ്യും. ഒൻപത് കിലോമീറ്റർ നീളത്തിൽ നാല് സ്റ്റേഷനുകളുണ്ടാകും. ബ്ലൂ ലൈൻ യാഥാർഥ്യമായാൽ എമിറേറ്റിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വെറും 20 മിനിറ്റിനുള്ളിൽ എത്തിച്ചേരാനും സാധിക്കും. കൂടാതെ വെറും 20 മിനിറ്റിനുള്ളിൽ 80 ശതമാനത്തിലേറെ അവശ്യ സേവനങ്ങൾ നൽകുന്നയിടങ്ങളിലേക്കും പ്രവേശനമുറപ്പാക്കും. നഗരത്തിന്റെ ഹൃദയഭാഗങ്ങളിൽ 2040-ഓടെ 228 ചതുരശ്ര കിലോമീറ്ററിലേറെയായി 140 മെട്രോ സ്റ്റേഷനുകൾ നിർമിക്കുന്ന വമ്പൻ വികസന പദ്ധതിക്കാണ് ദുബായ് ഒരുങ്ങുന്നത്.

മെട്രോ ബ്ലൂ ലൈൻ; ടണലുകളുടെ നിർമാണം തുടങ്ങി
M
MathrubhumiSource Link
about 4 hours ago
