മെട്രോയിൽ വരുന്നു ഗോൾഡ് ലൈൻ

മെട്രോയിൽ വരുന്നു ഗോൾഡ് ലൈൻ

ദുബായിലെ ഏറ്റവും വലിയ ഗതാഗത പദ്ധതി To advertise here, ദുബായ് : പൊതുഗതാഗതമേഖലയിൽ വീണ്ടും വിപ്ലവം സൃഷ്ടിക്കാൻ ഏറ്റവും വലിയ ഗതാഗതപദ്ധതിക്ക് രൂപരേഖയായി. ദുബായ് മെട്രോയിൽ ഗോൾഡ് ലൈൻ വരുമെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. 3400 കോടി ദിർഹം ചെലവിലാണ് 42 കിലോമീറ്റർ നീളത്തിൽ 18 സ്റ്റേഷനുകൾ ഉൾപ്പെടുത്തി പൂർണ ഭൂഗർഭ മെട്രോ ലൈൻ നിർമിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. മെട്രോ ശൃംഖല 35 ശതമാനം വികസിപ്പിക്കാനുള്ള പുതിയപദ്ധതി 2032 സെപ്റ്റംബർ ഒൻപതിന് പൂർത്തിയാകും. എമിറേറ്റിലെ 15 പ്രധാന പ്രദേശങ്ങളിലൂടെയാണ് ഗോൾഡ് ലൈൻ കടന്നുപോകുക. ദുബായിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഗതാഗതപദ്ധതിയാണിത്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന താമസ, വാണിജ്യ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കാനാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. ഏകദേശം 15 ലക്ഷം താമസക്കാർക്ക് സേവനങ്ങൾ നൽകുന്നതിനൊപ്പം നിലവിലെ 55 പ്രധാന റിയൽ എസ്റ്റേറ്റ് മേഖലകളിലേക്കുള്ള ഗതാഗതസൗകര്യങ്ങളും മെച്ചപ്പെടുത്തും. ലോകത്തിലെ ഏറ്റവും മികച്ച താമസനഗരമായി എമിറേറ്റിനെ സ്ഥാപിക്കാനുള്ള പ്രധാന പദ്ധതികളിലൊന്നാണിത്. കോടിക്കണക്കിന് ആളുകൾക്ക് മികച്ചഭാവി നൽകാനാണ് ശ്രമിക്കുന്നത്. ഞങ്ങളുടെ വാക്കുകളിൽ ഉറച്ചുനിൽക്കുമെന്നും അവ നിറവേറ്റുമെന്നും ശൈഖ് മുഹമ്മദ് എക്സിൽ കുറിച്ചു. ഗോൾഡ് ലൈൻ പദ്ധതി യാഥാർഥ്യമാകുന്നതോടെ 2040 ആകുമ്പോഴേക്കും പ്രതിദിനം 4,65,000 പേർക്ക് യാത്രാസേവനങ്ങൾ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. എമിറേറ്റിലെ വർധിച്ചുവരുന്ന ജനസംഖ്യാ ആവശ്യകതകൾ കണക്കിലെടുത്താണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. അൽ ഗുബൈബയിൽനിന്ന് ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സ് വരെ :അൽ ഗുബൈബയിൽനിന്ന് ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സ് വരെയാണ് ഗോൾഡ് ലൈൻ പ്രവർത്തിക്കുക. ഇത് ബർ ദുബായ്, സത്വ, മെയ്ദാൻ, അൽ ബർഷ സൗത്ത്, ജുമൈര വില്ലേജ് ട്രയാംഗിൾ, പ്രൊഡക്‌ഷൻ സിറ്റി എന്നിവയുൾപ്പടെ പ്രധാനപ്പെട്ട മേഖലകളെ തമ്മിൽ ബന്ധിപ്പിക്കും. ദുബായ് മെട്രോയിൽ നിലവിലുള്ള ചുവപ്പ്, പച്ച ലൈനുകളുമായും പുതിയ ലൈൻ സംയോജിപ്പിക്കും. ഇതിൽ രണ്ട് സ്റ്റേഷനുകൾ ഇത്തിഹാദ് റെയിലുമായി ബന്ധിപ്പിക്കുകയുംചെയ്യും. ടണൽ- ബോറിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിലവിലുള്ള മെട്രോ തുരങ്കങ്ങളുടെ ഇരട്ടി വലുപ്പത്തിന് തുല്യമായാണ് ഭൂഗർഭ ട്രാക്കുകൾ നിർമിക്കുക. എമിറേറ്റിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഗോൾഡ് ലൈൻ നിർണായക സംഭാവനകൾ നൽകുമെന്നാണ് പ്രതീക്ഷ. ദുബായ് മെട്രോയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള ദിനമാണ് സെപ്റ്റംബർ ഒൻപത്. പൊതുഗതാഗതത്തിന്റെ നട്ടെല്ലായ ദുബായ് മെട്രോ 2009 സെപ്റ്റംബർ ഒൻപതിനാണ് ആദ്യമായി പ്രവർത്തനം ആരംഭിച്ചത്. നിലവിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ബ്ലൂ ലൈനിൽ 2029 സെപ്റ്റംബർ ഒൻപതിന് പ്രവർത്തനം ആരംഭിക്കാനാണ് അതോറിറ്റി ഉദ്ദേശിക്കുന്നത്. 30 കിലോമീറ്റർ നീളത്തിലാണ് ബ്ലൂ ലൈൻ നിർമിക്കുന്നത്. ഇതിൽ 15.5 കിലോമീറ്റർ പാത ഭൂമിക്കടിയിലും 14.5 കിലോമീറ്റർ പാത ഉപരിതലത്തിലുമാണുണ്ടാവുക. പുതിയപാത യാഥാർഥ്യമാകുന്നതോടെ മിർദിഫ്, ഇന്റർനാഷണൽ സിറ്റി, ദുബായ് ക്രീക്ക്, അൽ വർഖ, സിലിക്കൺ ഒയാസിസ് എന്നിവിടങ്ങളിലായി ഏകദേശം 10 ലക്ഷത്തോളം പേർക്ക് മെച്ചപ്പെട്ട യാത്രാസേവനങ്ങൾ ലഭിക്കും. മൊത്തം 14 സ്റ്റേഷനുകളാണ് ബ്ലൂ ലൈനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മെട്രോയിൽ വരുന്നു ഗോൾഡ് ലൈൻ — Mathrubhumi | Boolokam | Boolokam