മഞ്ചേരി : പ്രധാനമന്ത്രി ആയുഷ്‍മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ പ്രകാരം മഞ്ചേരി മെഡിക്കൽകോളേജിൽ ആരംഭിക്കുന്ന തീവ്ര പരിചരണ വിഭാഗം മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാകും. To advertise here, 23.75 കോടി രൂപ ചെലവിൽ മൂന്നുനിലകളിൽ കെട്ടിടം പണിത് യന്ത്രോപകരണങ്ങൾ ഉൾപ്പെടെ അനുബന്ധ സൗകര്യങ്ങളൊരുക്കുന്നതാണ് പദ്ധതി. ഇതിനായി ആശുപത്രിയോടു ചേർന്നുള്ള പൊതുമരാമത്ത് വകുപ്പിന്റെ പഴയ വിശ്രമകേന്ദ്രവും അനുബന്ധ കെട്ടിടങ്ങളും പൊളിച്ചു നീക്കി 24 സെന്റിൽ 45,000 ചതുരശ്രയടി വിസ്തൃതിയിൽ മൂന്നു നിലകളിൽ കെട്ടിടം പണിതു. കിറ്റ്കോയുടെ മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. കെട്ടിടത്തിൽ പ്ലാസ്റ്ററിങ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്. വാട്ടർ ടാങ്ക്, ഫയർ ആൻഡ് സേഫ്റ്റി സംവിധാനം, ലിഫ്റ്റ്, ഏതാനും ഇലക്ട്രിക്കൽ വർക്കുകൾ എന്നിവയാണ് ഇനി പൂർത്തിയാക്കാനുള്ളത്. കെട്ടിടം സജ്ജമായാൽ അത്യാഹിത വിഭാഗത്തിലേക്ക് ആവശ്യമായ യന്ത്രങ്ങളും ഉപകരണങ്ങളും ഉടൻ എത്തിക്കും. മൂന്നു മാസത്തിനകം അത്യാഹിത വിഭാഗം പ്രവർത്തനസജ്ജമാകുമെന്ന് മെഡിക്കൽകോളേജ് പ്രിൻസിപ്പൽ ഡോ. കെ.കെ. അനിൽ രാജ് പറഞ്ഞു. ഇതിനുള്ള ഫണ്ട് നേരത്തെ അനുവദിച്ചിട്ടുണ്ട്. 2023 നവംബറിലാണ് ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ നിർമാണം ആരംഭിച്ചത്. 2024 ഡിസംബറോടെ സിവിൽ പ്രവൃത്തികൾ പൂർത്തിയാക്കി കൈമാറാനായിരുന്നു നിർദേശം. എന്നാൽ, കരാർ ഏറ്റെടുത്തവർ നിർമാണപ്രവൃത്തികൾ പല കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോയി. കെട്ടിടത്തിന്റെ ആദ്യ അലൈൻമെന്റിൽ മാറ്റങ്ങൾ വരുത്തിയതും ഇതുമായി ബന്ധപ്പെട്ട കടലാസു ജോലികൾ പൂർത്തിയാക്കാൻ എടുത്ത കാലതാമസവുമാണ് കെട്ടിട നിർമാണം വൈകിപ്പിച്ചത്. കെട്ടിടനിർമാണം അനന്തമായി വൈകുന്നുവെന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ നാഷണൽ ഹെൽത്ത് മിഷൻ (എൻ.എച്ച്.എം.) ചീഫ് എൻജിനിയർ രാജീവ് കരിയലിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രി സന്ദർശിച്ചിരുന്നു. 2025 ഡിസംബറോടെ കെട്ടിടം സജ്ജമാക്കാൻ ഉദ്യോഗസ്ഥർ കരാറുകാർക്ക് നിർദേശം നൽകിയെങ്കിലും അതും നടന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടതോടെയാണ് പ്രവൃത്തികൾ വേഗത്തിലായത്. ക്രിട്ടിക്കൽ കെയർ യൂണിറ്റായും കോവിഡുപോലുള്ള പകർച്ചവ്യാധികളുണ്ടായാൽ ഐസൊലേഷൻ യൂണിറ്റായും ക്രമീകരിക്കാവുന്ന തരത്തിലാകും അത്യാഹിത വിഭാഗം സജ്ജമാക്കുക. മൈനർ, മേജർ ഓപ്പറേഷൻ തിയറ്ററുകൾ, ഐ.സി.യു, ഹൈ ഡിപെൻഡൻസി കിടക്ക, ഡയാലിസിസ് യൂണിറ്റ്, ലേബർ റൂം, ലബോറട്ടറി എന്നിവയുണ്ടാകും. അത്യാഹിതങ്ങൾ, ഹൃദയാഘാതം, പക്ഷാഘാതം, കുട്ടികളിലെ അപസ്മാരം, ഐ.സി.യു. ആവശ്യമുള്ള കേസുകൾ എന്നിവയ്ക്ക് പ്രത്യേക പരിചരണം ലഭിക്കും. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര രോഗികളെ ചികിത്സിക്കാൻ മതിയായ സൗകര്യങ്ങളില്ല. പകർച്ചവ്യാധികൾ പിടിപെട്ടോ അത്യാഹിതങ്ങൾ സംഭവിച്ചോ രോഗികൾ കൂട്ടത്തോടെ എത്തിയാൽ പലപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്ന സാഹചര്യമാണുള്ളത്. ക്രിട്ടിക്കൽ കെയർ ബ്ലോക്ക് പ്രവർത്തനസജ്ജമാകുന്നതോടെ ഇത്തരം രോഗികൾക്ക് മികച്ച ചികിത്സ ഉടനടി ഉറപ്പുവരുത്താനാകും.

മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗം മൂന്നുമാസത്തിനകം
M
MathrubhumiSource Link
21 days ago