മെല്ലി ഇറാനി ഓർമ്മയായി; ഒപ്പം ദൃശ്യവിസ്മയത്തിന്റെ ഒരു യുഗവും

മെല്ലി ഇറാനി ഓർമ്മയായി; ഒപ്പം ദൃശ്യവിസ്മയത്തിന്റെ ഒരു യുഗവും

M
MathrubhumiSource Link
മെ ല്ലി ഇറാനിയുടെ ക്യാമറക്കണ്ണുകളിലൂടെ മലയാളികൾ വിസ്മയത്തോടെ കണ്ടുനിന്ന അനശ്വര കഥാപാത്രങ്ങൾ എത്രയെത്ര. ഒന്ന് വിരൽ ഞൊടിച്ചാൽ മതി, ഓർമ്മയുടെ വാനവീഥിയിൽ വന്നു നിരന്നുനിൽക്കും അവർ: 'അനുഭവങ്ങൾ പാളിച്ചക'ളിലെ ചെല്ലപ്പൻ, 'വാഴ്വേമായ'ത്തിലെ സുധി, 'യക്ഷി'യിലെ പ്രൊഫസർ ശ്രീനിവാസൻ, 'അടിമക'ളിലെ രാഘവൻ, 'അരനാഴികനേര'ത്തിലെ കുഞ്ഞോനാച്ചൻ, 'ഒരു പെണ്ണിന്റെ കഥ'യിലെ ഗായത്രീദേവി, 'പണി തീരാത്ത വീടി'ലെ ജോസ്, 'ശരപഞ്ജര'ത്തിലെ സൗദാമിനി, 'ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച'യിലെ രോഹിണി, 'കടൽപ്പാല'ത്തിലെ നാരായണക്കൈമൾ.... To advertise here, ആ കഥാപാത്രങ്ങളില്ലാതെ മെല്ലി ഇറാനിയില്ല. മെല്ലിയില്ലാതെ മലയാള സിനിമയും. ക്യാമറ കൊണ്ട് ഫ്രെയിമുകളിൽ കവിതയുടെ സൗന്ദര്യം ചാലിച്ചു ചേർത്ത കലാകാരൻ. മെല്ലിയുടെ വിയോഗത്തോടെ ഓർമ്മയാകുന്നത് മലയാള സിനിമക്ക് ദിശാബോധം നൽകിയ പ്രതിഭാശാലികളുടെ നിരയിലെ അവസാന കണ്ണികളിൽ ഒരാളാണ്. Also Read:  പ്രശസ്ത ഛായാഗ്രാഹകൻ മെല്ലി ഇറാനി അന്തരിച്ചു, ആദ്യകാല മലയാള സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകൻ മലയാളത്തിലെ അനശ്വരഗാനങ്ങൾ പലതും ഇന്നും ഓർമയിൽ തങ്ങിനിൽക്കുന്നത് മെല്ലി ഇറാനിയുടെ ക്ലാസിക് ഫ്രെയിമുകളുടെ കൂടി അകമ്പടിയോടെയാണ്. പ്രവാചകന്മാരേ പറയൂ (അനുഭവങ്ങൾ പാളിച്ചകൾ) എന്ന ഗാനരംഗത്തിന്റെ തുടക്കത്തിലെ സത്യന്റെ ക്ലോസപ്പ് ഷോട്ട് ഓർക്കുക. ചെല്ലപ്പന്റെ ആത്മസംഘർഷം മുഴുവൻ വായിച്ചെടുക്കാം സത്യന്റെ മുഖത്തുനിന്ന്. കെപിഎസി ലളിതയുടെ ലജ്ജാവിവശമായ മുഖത്തിന്റെ ഷോട്ടുകൾ ഒഴിച്ചുനിർത്തി 'കല്യാണി കളവാണി' എന്ന ഗാനരംഗത്തെക്കുറിച്ച് ഓർക്കാൻ പോലുമാവില്ല. അഗ്‌നിപർവതം പുകഞ്ഞു, ഉജ്ജയിനിയിലെ ഗായിക, ചലനം ചലനം, നീലഗിരിയുടെ സഖികളേ, പാരിജാതം തിരുമിഴി തുറന്നു, താഴമ്പൂ മണമുള്ള, പൂന്തേനരുവീ, ശ്രാവണ ചന്ദ്രിക, സ്വർണചാമരം വീശിയെത്തുന്ന, വിളിച്ചു ഞാൻ വിളികേട്ടു, സാമ്യമകന്നോരുദ്യാനമേ, ചന്ദ്രകിരണം ചാലിച്ചെടുത്തൊരു, ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം, ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം, പാതിരാത്തണുപ്പ് വീണു, നനഞ്ഞ നേരിയ പട്ടുറുമാൽ, കാറ്റു വന്നു കള്ളനെപ്പോലെ, സൗരയൂഥ പഥത്തിലെന്നോ.... മറക്കാനാവാത്ത ദൃശ്യാനുഭവങ്ങൾ കൂടിയായിരുന്നു മെല്ലി ഇറാനി ചിത്രീകരിച്ച ഈ ഗാനങ്ങൾ ഓരോന്നും. ചെന്നൈ ചെട്ട്‌പേട്ടിലെ വീട്ടിൽ ഇറാനിയെ ചെന്നു കണ്ടതിന്റെ ആവേശത്തിൽ സംവിധായകൻ ഹരിഹരൻ വിളിച്ചതോർക്കുന്നു. 'ഫോണിൽ സംസാരിക്കാറുണ്ടെങ്കിലും നേരിൽ കണ്ടിട്ട് കുറച്ചുകാലമായിരുന്നു.' -ഹരിഹരൻ പറഞ്ഞു. 'ഇറാനിക്ക് മുന്നിൽ ചെന്നിരുന്നപ്പോൾ വർഷങ്ങൾക്കപ്പുറത്തേക്ക് അറിയാതെ തിരിച്ചുപോയി എന്റെ മനസ്സ്. മലയാള സിനിമക്ക് മറക്കാനാവാത്ത ഒരു കാലം. കറുപ്പും വെളുപ്പും വർണ്ണഭംഗിയും നിറഞ്ഞ ഫ്രെയിമുകൾ കൊണ്ട് നമ്മെ കരയിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്ത ആ മഹാപ്രതിഭയെ ആരോർക്കുന്നു ഇന്ന്? ഛായാഗ്രഹണകല യഥാർഥത്തിൽ എന്താണെന്ന് എന്റെ തലമുറയെ പഠിപ്പിച്ചത് വിൻസന്റ് മാഷും മെല്ലി ഇറാനിയുമൊക്കെയാണ്. അക്ഷരാർഥത്തിൽ ലജൻഡുകൾ. അവരെ മറന്നുകൊണ്ട് നമുക്കൊരു സിനിമാചരിത്രമില്ല...' ഹരിഹരനും മെല്ലി ഇറാനിയും മെല്ലി ഇറാനിയുടെ ശിഷ്യനായിരുന്നു സിനിമാജീവിതത്തിന്റെ ആരംഭകാലത്ത് ഹരിഹരൻ. സ്വതന്ത്ര സംവിധായകനായ ശേഷം നിരവധി ചിത്രങ്ങളിൽ ഇറാനിയുടെ പരിചയസമ്പത്തും പ്രതിഭയും പ്രയോജനപ്പെടുത്തി അദ്ദേഹം: ഭൂമിദേവി പുഷ്പിണിയായി, പഞ്ചമി, ശരപഞ്ജരം, ലാവ, അങ്കുരം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വളർത്തുമൃഗങ്ങൾ, പൂച്ചസന്യാസി, വെള്ളം... 'ഛായാഗ്രഹണകലയ്ക്ക് പുതിയൊരു വ്യാകരണം ചമച്ച പ്രഗത്ഭനായിരുന്നു ഇറാനി.' -ഹരിഹരൻ പറയും. 'വെളിച്ചത്തെ എങ്ങനെ പ്രകൃതിയോട് ഇണങ്ങുന്ന വിധം ഔചിത്യപൂർവം സിനിമയിൽ ഉപയോഗിക്കാമെന്ന് മലയാളികളെ പഠിപ്പിച്ചവരിലൊരാൾ. അതുവരെ കാണാത്ത ആംഗിളുകളിൽ നമ്മൾ സത്യനേയും നസീറിനെയും ഷീലയേയുമൊക്കെ കണ്ടുതുടങ്ങിയത് വിൻസന്റിന്റെയും ഇറാനിയുടേയും ക്യാമറക്കണ്ണുകളിലൂടെയാണ്...' ഇന്ത്യൻ സിനിമയിലെ ആദ്യകാല ക്യാമറാമാനായ ആദി എം. ഇറാനിയുടെ മകനായ മെല്ലി ജനിച്ചത് മുംബൈയിൽ. അച്ഛനോടൊപ്പം 'ജ്ഞാനസുന്ദരി'യിൽ (1962) ക്യാമറ കൈകാര്യം ചെയ്തുകൊണ്ടായിരുന്നു സിനിമയിലെ അരങ്ങേറ്റം. പിൽക്കാലത്ത് മലയാളസിനിമയുടെ തലക്കുറി തിരുത്തിയ എത്രയോ ചിത്രങ്ങൾ സമ്മാനിച്ച കെ.എസ്. സേതുമാധവന്റെ ആദ്യചിത്രം. ഇറാനിയുടെ ഛായാഗ്രഹണ ശൈലി മലയാളത്തിൽ ഏറ്റവുമധികം പ്രയോജനപ്പെടുത്തിയതും സേതുമാധവൻ തന്നെ. 'എന്നിലെ സംവിധായകന് എന്താണ് വേണ്ടതെന്ന് കൃത്യമായി അറിയുന്ന ക്യാമറാമാനാണ് ഇറാനി. ഞങ്ങൾ തമ്മിൽ നിശ്ശബ്ദമായ ഒരു ആശയവിനിമയമുണ്ടായിരുന്നു.' -സേതുമാധവന്റെ വാക്കുകൾ ഓർമ്മവരുന്നു. 'ഗാനരംഗങ്ങൾ ആസ്വദിച്ചാണ് അദ്ദേഹം ചിത്രീകരിക്കുക. മാത്രമല്ല അന്നത്തെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഏതു തരത്തിലുള്ള പരീക്ഷണത്തിനും സന്നദ്ധമായ ഒരു മനസ്സ് ഇറാനിക്ക് ഉണ്ടായിരുന്നു.' വാഴ്വേമായത്തിലെ 'സീതാദേവി സ്വയംവരം ചെയ്‌തൊരു ത്രേതായുഗത്തിലെ ശ്രീരാമൻ' എന്ന ഗാനരംഗത്തിന്റെ ചിത്രീകരണം ഉദാഹരണമായി എടുത്തുപറഞ്ഞു സേതുമാധവൻ. ഗ്രാഫിക്സും അതുപോലുള്ള സാങ്കേതിക വിദ്യകളുമൊന്നും സ്വപ്നങ്ങളിൽ പോലുമില്ലാതിരുന്ന കാലത്താണ് ഇറാനി ആ രംഗം വ്യത്യസ്തമായി ചിത്രീകരിച്ചത്. അലമാരയ്ക്ക് മുകളിലെ ഷീലയുടെ മിനിയേച്ചർ രൂപവും നൃത്തവും അത്ഭുതക്കാഴ്ച്ചയായിരുന്നു അന്നത്തെ പ്രേക്ഷകർക്ക്. 'ഒരു പരീക്ഷണം നടത്തിനോക്കാമെന്ന് ഇറാനി പറഞ്ഞപ്പോൾ സ്വീകരിക്കാൻ മടിച്ചില്ല ഞാൻ. സംവിധായകന്റെ മനസ്സറിഞ്ഞു പ്രവർത്തിക്കാൻ മിടുക്കുള്ള സാങ്കേതികവിദഗ്ദനായിരുന്നു അദ്ദേഹം.' മറിച്ചൊരു അഭിപ്രായമില്ല ഹരിഹരനും. 'ബാക്ക് ലൈറ്റിന്റെ സാദ്ധ്യതകൾ ഏറ്റവുമാദ്യം പ്രയോജനപ്പെടുത്തിയ ഛായാഗ്രാഹകൻ ഇറാനി ആയിരിക്കണം. ശരപഞ്ജരം പോലുള്ള സിനിമകളിൽ ഇറാനിയുടെ ഈ പ്രതിഭ ഞാൻ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. നിഴലും വെളിച്ചവും ഔചിത്യപൂർവമേ അദ്ദേഹം ഉപയോഗിക്കാറുള്ളൂ. സിനിമ ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്ന് കളറിലേക്ക് മാറിയപ്പോൾ ആ മാറ്റത്തിനനുസരിച്ചു സ്വയം നവീകരിക്കാൻ കഴിഞ്ഞു അദ്ദേഹത്തിന്.' 'വെള്ളം' (1985) ആണ് അവസാനമായി ഇറാനി ക്യാമറ കൈകാര്യം ചെയ്ത ഹരിഹരൻ ചിത്രം. തിയേറ്ററിലെ ഇരുട്ടിൽ വീർപ്പടക്കിയിരുന്നു കണ്ടിട്ടുണ്ട് 'വെള്ള'ത്തിന്റെ ക്ലൈമാക്‌സിലെ വെള്ളപ്പൊക്കം. കലിതുള്ളി ആർത്തലച്ചൊഴുകുന്ന പുഴ, കോരിച്ചൊരിയുന്ന മഴ, ആശങ്കയുയർത്തും വിധം കുതിച്ചുയരുന്ന ജലനിരപ്പ്, കഴുത്തറ്റം വെള്ളത്തിൽ മുങ്ങിനിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങൾ, വേരോടെ പിഴുതെറിയപ്പെടുന്ന വന്മരങ്ങൾ.... പേടിപ്പെടുത്തുന്ന കാഴ്ചകളായിരുന്നു സ്‌ക്രീൻ നിറയെ. 'സിനിമ ഇന്നത്തെയത്ര പുരോഗമിച്ചിട്ടില്ല അന്ന്. അതുകൊണ്ടുതന്നെ അത്തരമൊരു ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുക എളുപ്പമല്ല. എന്നിട്ടും കഴിയുന്നത്ര സാങ്കേതികത്തികവോടെ വെള്ളപ്പൊക്കം ചിത്രീകരിക്കാൻ എന്നെ സഹായിച്ചത് ഛായാഗ്രാഹകരായ മെല്ലി ഇറാനിയും യു. രാജഗോപാലുമാണ്.' -ഹരിഹരന്റെ വാക്കുകൾ. വെള്ളത്തിൽ മുങ്ങിത്താണുകൊണ്ടിരുന്ന തറവാട്ടിൽ നിന്ന് പ്രേംനസീറും കെ.ആർ. വിജയയും തോണിയിൽ രക്ഷപ്പെടുന്ന ദൃശ്യം മൂന്നു ഘട്ടങ്ങളിലായാണ് ഹരിഹരൻ ചിത്രീകരിച്ചത്. കുറച്ചു ഭാഗം ആലുവാപ്പുഴയിൽ. ബാക്കി ഷിമോഗയിലും ചെന്നൈയിലും വെച്ച്.' 'ഷിമോഗ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കാലമാണ്. കുറച്ചു ഷോട്ടുകൾ അവിടെ ചെന്ന് എടുത്തു. പക്ഷേ സിംഹഭാഗവും ചിത്രീകരിച്ചത് ചെന്നൈയിൽ തന്നെ. നഗര പരിസരത്തുള്ള വണ്ടലൂരിലെ ഒരു കൂറ്റൻ സിമന്റ് ഫാക്ടറിയിൽ സെറ്റിട്ട് സൃഷ്ടിക്കുകയായിരുന്നു വെള്ളപ്പൊക്കം. വലിയൊരു തറവാടിന്റെ മാതൃകയുണ്ടാക്കി ആദ്യം. പിന്നെ ഫാക്ടറിയിൽ ലോഡ് കണക്കിന് വെള്ളം നിറച്ച് പ്രളയത്തിന്റെ പ്രതീതിയുണ്ടാക്കി. ഒറിജിനലും മിനിയേച്ചറും കൂട്ടിക്കലർത്തിയായിരുന്നു ചിത്രീകരണം. ഉദാഹരണത്തിന്, പടിപ്പുര ഒറിജിനൽ തന്നെ. പക്ഷെ പടിപ്പുരയിൽ നിന്ന് നോക്കുമ്പോൾ കാണുന്ന ദൃശ്യങ്ങൾ മിനിയേച്ചർ...' ബോളിവുഡ് നടനും നിർമ്മാതാവുമായ ശശി കപൂർ ഉൾപ്പെടെ പടം കണ്ട പലരും ഇരുപതു മിനുറ്റിലേറെ നീണ്ടുനിന്ന ഈ ക്ലൈമാക്‌സ് രംഗത്തെ അകമഴിഞ്ഞ് അഭിനന്ദിച്ചിരുന്നു എന്നോർക്കുന്നു ഹരിഹരൻ. 'ശശി നായകനായി അഭിനയിച്ച രാജ് കപൂർ ചിത്രമായ സത്യം ശിവം സുന്ദരത്തിലുമുണ്ട് ഒരു വെള്ളപ്പൊക്കം. പക്ഷേ അതിലും തികവാർന്നതായിരുന്നു 'വെള്ള'ത്തിലെ സമാന രംഗങ്ങൾ എന്ന് ശശികപൂർ പറഞ്ഞുകേട്ടപ്പോൾ അഭിമാനം തോന്നി. മെല്ലി ഇറാനിക്കും രാജഗോപാലിനും മനസ്സുകൊണ്ട് നന്ദി പറഞ്ഞു.' മെല്ലി ഇറാനി യാത്രയായി. പക്ഷേ ക്യാമറയിലൂടെ അദ്ദേഹം വരച്ചിട്ട ചിത്രങ്ങൾ ഒരിക്കലും മങ്ങുന്നില്ല. മലയാള സിനിമയുടെ ചരിത്രം മിഴിവാർന്നു നിൽക്കുന്നത് ആ ചിത്രങ്ങളിലാണല്ലോ.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മെല്ലി ഇറാനി ഓർമ്മയായി; ഒപ്പം ദൃശ്യവിസ്മയത്തിന്റെ ഒരു യുഗവു… | Boolokam