പ്രതിഷേധിച്ച് ഗോത്രവർഗജനത... To advertise here, ഉപ്പുതറ : ഇടുക്കി വന്യജീവിസങ്കേതത്തിലെ ഉൾഗ്രാമമായ മേമാരി ഉന്നതിയിലേക്കുള്ള റോഡ് നിർമാണം മുടങ്ങി. ഉന്നതിയിലെ താമസക്കാരായ ഗോത്രവർഗജനത പ്രതിഷേധിച്ചു. വെള്ളവും അസംസ്കൃതവസ്തുക്കളും കിട്ടാനില്ലെന്ന കാരണം പറഞ്ഞാണ് കരാറുകാരൻ നിർമാണം നിർത്തിയത്. ഇത് രണ്ടാം തവണയാണ് നിർമാണം നിർത്തിവെയ്ക്കുന്നത്. റോഡുപോലും പണിയുന്നില്ല.. ഗോത്രജനതയെ മുഖ്യധാരയിൽ എത്തിക്കുന്നതിന് പശ്ചാത്തല സൗകര്യമൊരുക്കാനും, ജീവനോപാധികൾ മെച്ചപ്പെടുത്തുന്നതിനും അംബേദ്കർ സെറ്റിൽമെൻറ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 2021-22-ലാണ് ഒരു കോടി രൂപ അനുവദിച്ചത്. എന്നാൽ, ഇത്രയും വലിയ പദ്ധതിക്ക് തുക അപര്യാപ്തമാണെന്ന് പരാതി ഉയർന്നു. തുടർന്ന് റോഡ് നിർമാണമായി ചുരുങ്ങി. 2023-ൽ ടെൻഡർ നൽകി. എന്നിട്ടും കരാറുകാരൻ 2024-ലാണ് പണി തുടങ്ങിയത്. 400 മീറ്റർ നിർമിച്ചതിനുശേഷം റോഡിന്റെ പണി നിർത്തിവെച്ചു. ജനപ്രതിനിധികളും ഊരുമൂപ്പനും നിരന്തരം സമ്മർദം ചെലുത്തിയതിനാൽ കാരറുകാരൻ നിർമാണം പുനരാരംഭിച്ചു. കുറച്ചുദൂരം പണിതിട്ട് പിന്നെയും നിർത്തി. പിന്നെ ആരും ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ല. കരാറുകാരൻ ഫോൺ എടുക്കുന്നുമില്ല. റോഡിൽ മണ്ണിട്ടിരുന്നു. വേനലിൽ ഇത് ഉണങ്ങി സഹിക്കാനാകാത്ത പൊടിശല്യമായി. മഴ പെയ്യുമ്പോൾ ചെളിക്കുണ്ടാകും. പിന്നെ ഇതുവഴിയുള്ള യാത്ര വലിയ ദുരിതമാകും. മഴയ്ക്ക് മുമ്പ് റോഡ് നിർമാണ് പൂർത്തിയാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. കളക്ടറേറ്റിൽ കുടിൽ കെട്ടും : കണ്ണംപടി വരെയാണ് ഗോത്രവർഗജനതയ്ക്ക് യാത്രാസൗകര്യമുള്ളത്. ഇതിനു ശേഷം അഞ്ചര കിലോമീറ്റർ വന്യമൃഗങ്ങളെ ഭയന്നുവേണം മേമാരിയിൽ എത്താൻ. പരിചയസമ്പന്നരായ ഡ്രൈവർമാർ ഓടിക്കുന്ന ഫ്രണ്ട് ഗിയറുള്ള ജീപ്പ് മാത്രമേ മേമാരിയിൽ എത്തുകയുള്ളൂ. റേഡ് സഞ്ചാരയോഗ്യമല്ലാത്തതിനാൽ ഇരട്ടിയിലധികം കൂലിയും നൽകണം. റോഡില്ലാത്തതിനാൽ ആശുപത്രി ആവശ്യങ്ങൾക്ക് പോകാൻപോലും ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. റോഡ് നിർമാണം നടത്താത്ത കരാറുകാരനെതിരേ നടപടി സ്വീകരിക്കാൻ പട്ടികവർഗ വികസനവകുപ്പ് തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് നിർമാണം മുടങ്ങിയ സ്ഥലത്ത് സ്ത്രീകളും, കുട്ടികളും ഉൾപ്പെടെയുള്ള ആദിവാസികൾ ബുധനാഴ്ച പ്രതിഷേധിച്ചത്. ഉപ്പുതറ പഞ്ചായത്തംഗം ഇ.ആർ.ചന്ദ്രകുമാർ, ചെമ്പകപ്പാറ ഊരുമൂപ്പൻ ടി.ഇ.തങ്കച്ചൻ, മേമാരി ഊരുമൂപ്പൻ കുഞ്ഞൂഞ്ഞ് രാഘവൻ എന്നിവർ നേതൃത്വം നൽകി. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കളക്ടറേറ്റിന് മുന്നിൽ കുടിൽ കെട്ടി സമരം നടത്തുമെന്ന് ഊരുമൂപ്പൻമാർ പറഞ്ഞു. പ്രതികരണം ആരാഞ്ഞ് ട്രൈബർ എക്സ്റ്റൻഷൻ ഓഫീസറെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ചോഫ് ആയിരുന്നു.

മേമാരി ഉന്നതിയിലേക്കുള്ളറോഡ് നിർമാണം മുടങ്ങി
M
MathrubhumiSource Link
about 2 months ago