ചെർക്കളയിലെ ദേശീയപാതാ നിർമാണം To advertise here, ചെർക്കള: ദേശീയപാതയിൽ ചെർക്കളയിൽ നിർമാണം പുരോഗമിക്കുന്ന മേൽപ്പാതയുടെ കോൺക്രീറ്റ് തൂണിൽ ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് ബലപ്പെടുത്തൽ പ്രവൃത്തി തുടങ്ങി. ദേശീയപാത അതോറിറ്റി നടത്തിയ പരിശോധനയിലാണ് കുണ്ടടുക്കത്ത് പണിത തൂണിന്റെ രണ്ടാം ലെയറിൽ ബലക്ഷയം കണ്ടെത്തിയത്. ചെങ്കള ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്ന് തുടങ്ങുന്ന മേൽപ്പാത 21 തൂണുകളിലൂടെ കടന്ന് വി.കെ. പാറക്ക് സമീപമാണ് അവസാനിക്കുന്നത്. ഇവയിൽ കുണ്ടടുക്കത്ത് പണിത 19-ാമത്തെ തൂണിലാണ് ബലക്ഷയം കണ്ടെത്തിയത്. അഞ്ച് മീറ്റർ ചുറ്റലവിലുള്ള കോൺക്രീറ്റ് തൂണിന് 15 മീറ്ററോളം ഉയരമുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി തൂണിന്റെ നാല് ഭാഗത്തും മണ്ണെടുത്ത് അര മീറ്റർ വീതിയിൽ 25 എംഎം കമ്പിയിൽ ഒമ്പത് മീറ്ററോളം ഉയരത്തിൽ കോൺക്രീറ്റ് ചെയ്ത് കൂടുതൽ ശക്തിപ്പെടുത്തുന്ന പ്രവൃത്തിയാണിപ്പോൾ നടക്കുന്നത്. പ്ലാറ്റ് ഫോമിൽ അര മീറ്ററോളം ആഴത്തിലെടുത്ത കുഴികളിൽ കമ്പികളിട്ടാണ് മുകളിലേക്ക് ഉയർത്തിയത്. ഇതിന് ചുറ്റും നിരവധി കമ്പികളിട്ടാണ് വീണ്ടും കോൺക്രീറ്റ് ചെയ്യുന്നത്. ചെർക്കള മുതൽ നീലേശ്വരം വരെയുള്ള ഭാഗത്ത് മേഘ കമ്പനിയാണ് ദേശീയ പാത നിർമിക്കുന്നത്. പെരിയയിലും പുല്ലൂരിലും അടിപ്പാത നിർമാണത്തിനിടയിൽ നേരത്തേ തകർന്നു വീണിരുന്നു. നിർമാണത്തിലെ അപാകമായിരുന്നു തകർച്ചയ്ക്ക് ഇടയാക്കിയത്. ചെർക്കള ടൗണിലൂടെ 546 മീറ്ററിൽ കടന്നുപോകുന്ന മേൽപ്പാലത്തിൽ കാസർകോട്ടുനിന്ന് കണ്ണൂരിലേക്ക് പോകുന്ന ഭാഗം നാല് മാസം മുമ്പ് തുറന്നുകൊടുത്തിരുന്നു. ഇതു വഴിയാണ് ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങളിപ്പോൾ കടന്നുപോകുന്നത്. രണ്ടാമത്തെ ഭാഗത്തിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലായിരുന്നു. ഇതിനിടയിലാണ് തൂണിൽ ബലക്ഷയം കണ്ടെത്തിയത്. കുണ്ടടുക്കത്തെ ബലക്ഷയം കണ്ടെത്തിയ തൂണ് ഒഴികെ മറ്റെല്ലാം പണിതിട്ടുള്ളത് പൈലിങ് നടത്തിയായിരുന്നു. ഇരുഭാഗത്ത് വലിയ കുന്നും റോഡിന് മറുഭാഗത്ത് നിരവധി വീടുകളുമുള്ള കുണ്ടടുക്കത്ത് മഴക്കാലങ്ങളിൽ ഭൂമിക്കടിയിലൂടെ നീരൊഴുക്കും ശക്തമാണ്. ബലപ്പെടുത്തൽ പ്രവൃത്തി പൂർത്തിയായാൽ മാത്രമേ ശേഷിക്കുന്ന ഭാഗം ഗതാഗതത്തിന് തുറന്ന് കൊടുക്കുകയുള്ളൂ. ചെർക്കള ടൗണിൽ ഇഴഞ്ഞ് നീങ്ങിയിരുന്ന ഓവുചാലുകളുടെയും സർവീസ് റോഡുകളുടെയും നിർമാണം കർമസമിതിയുടെ പ്രത്യക്ഷ സമര മുന്നറിയിപ്പിനെ തുടർന്ന് ഒരുമാസമായി വേഗം വന്നിട്ടുണ്ട്. പാലത്തിന്റെ സുരക്ഷ പൂർണമായും ഉറപ്പ് വരുത്താതെ നിർമാണം പുരോഗമിക്കുന്നതായുള്ള ആശങ്കയും നാട്ടുകാർ പങ്കുവെക്കുന്നു. Published: 16 Mar 2026, 03:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മേൽപ്പാലത്തിന്റെ തൂണിന് ബലക്ഷയം; തകരാർ പരിഹരിക്കാൻ കോൺക്രീറ്റിങ്
M
MathrubhumiSource Link
about 2 months ago