യാത്രക്കാർ ദുരിതത്തിൽ; മാവേലിക്കര മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ ശൗചാലയങ്ങൾ അടഞ്ഞനിലയിൽ

യാത്രക്കാർ ദുരിതത്തിൽ; മാവേലിക്കര മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ ശൗചാലയങ്ങൾ അടഞ്ഞനിലയിൽ

മാവേലിക്കര : നൂറുകണക്കിനു യാത്രക്കാർ നിത്യേനയെത്തുന്ന മാവേലിക്കര മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ നഗരസഭയുടെ ശൗചാലയങ്ങൾ അടഞ്ഞുകിടക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ശുചിത്വമിഷൻ ഫണ്ടായ എട്ടുലക്ഷം രൂപ വിനിയോഗിച്ച് 2023 ജനുവരിയിലാണ് വഴിയിടം ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ശൗചാലയസമുച്ചയം തുറന്നത്. മൂന്നു ശൗചാലയങ്ങളാണ് സമുച്ചയത്തിലുള്ളത്. To advertise here, നേരത്തേ നഗരസഭാ ജീവനക്കാരെയാണ് വഴിയിടം ശൗചാലയത്തിന്റെ പരിപാലനത്തിനായി നിയോഗിച്ചിരുന്നത്. ഇവർ വൈകീട്ട് മൂന്നു മണിയോടെ ശൗചാലയം പൂട്ടി മടങ്ങും. അതിനുശേഷം ബസ് സ്റ്റാൻഡിലെത്തുന്നവർ പ്രാഥമികകൃത്യം നിർവഹിക്കാൻ ബുദ്ധിമുട്ടിലാകുന്നതു പതിവായിരുന്നു. പരാതികൾ വ്യാപകമായതോടെ പുതിയ നഗരസഭാ ഭരണസമിതി വഴിയിടം ശൗചാലയം ലേലത്തിൽ നൽകാൻ തീരുമാനിച്ചു. ഏപ്രിൽ ഒന്നുമുതൽ സ്വകാര്യവ്യക്തി ലേലംകൊണ്ട് ഒരാഴ്ച തുറന്നുപ്രവർത്തിച്ചിരുന്നു. ഇപ്പോൾ വീണ്ടും പൂട്ടിയ നിലയിലാണ്. സമുച്ചയത്തിൽ വൈദ്യുതി കണക്‌ഷനില്ലാത്തതാണ് സ്വകാര്യവ്യക്തി ഉപേക്ഷിച്ചുപോകാൻ കാരണമായി പറയുന്നത്. ശൗചാലയങ്ങൾ വൃത്തിയാക്കാൻ ജല അതോറിറ്റിയുടെ പൈപ്പുവെള്ളത്തെയാണ് ആശ്രയിച്ചിരുന്നത്. പൈപ്പിൽ വെള്ളമില്ലെങ്കിൽ നഗരസഭയിലെ ജീവനക്കാർ ശൗചാലയം പൂട്ടി സ്ഥലംവിടുകയാണ് നേരത്തേ ചെയ്തിരുന്നത്. പൈപ്പിലെ വെള്ളം മോട്ടോർ ഉപയോഗിച്ച് ടാങ്കിൽ സംഭരിക്കാൻ കഴിഞ്ഞാലേ ശൗചാലയങ്ങൾ തടസ്സമില്ലാതെ ഉപയോഗിക്കാനാകൂ. മൂത്രശങ്ക തീർക്കാനായി യാത്രക്കാർ പഴയ ഓർമ്മയിൽ ശൗചാലയത്തിനു സമീപമെത്തുമ്പോൾ മാത്രമാണ് പൂട്ടിയിരിക്കുകയാണെന്നു മനസ്സിലാകുന്നത്. ചില പുരുഷന്മാർ ശൗചാലയഭിത്തിയുടെ മറവിൽ കാര്യം സാധിക്കും. വനിതാ യാത്രക്കാരും ബസ് സ്റ്റാൻഡ് സമുച്ചയത്തിലെ വ്യാപാരസ്ഥാപനങ്ങളിലെ വനിതാ ജീവനക്കാരുമാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. പലരും സമീപത്തെ സ്വകാര്യ ലോഡ്ജുകളിലെ ശൗചാലയങ്ങൾ പണംകൊടുത്ത് ഉപയോഗിച്ചാണ് ശങ്കയകറ്റുന്നത്. പതിനഞ്ചോളം ശൗചാലയങ്ങളുള്ള സമുച്ചയം നേരത്തേ മുനിസിപ്പൽ ബസ് സ്റ്റാൻഡ് വളപ്പിലുണ്ടായിരുന്നെങ്കിലും കോവിഡിനുശേഷം അടഞ്ഞുകിടക്കുകയാണ്. ഇതു വർഷാവർഷം ലേലംചെയ്തു കൊടുത്തിരുന്നതിനാൽ മുഴുവൻ സമയവും തുറന്നുപ്രവർത്തിച്ചിരുന്നു. നഗരത്തിലെ കടത്തിണ്ണകളിൽ അന്തിയുറങ്ങുന്നവർക്കുംമറ്റും ഇത് ആശ്വാസമായിരുന്നു. വലിയ മാലിന്യ ടാങ്കും ഇതിനോടനുബന്ധിച്ചുണ്ട്. ഈ സമുച്ചയം അറ്റകുറ്റപ്പണി നടത്തി ലേലംചെയ്തു നൽകിയാൽ നിലവിലെ ബുദ്ധിമുട്ടുകൾക്കു പരിഹാരമാകും. വഴിയിടം സമുച്ചയം വൈദ്യുതീകരിക്കും ബസ് സ്റ്റാൻഡ് വളപ്പിലെ വഴിയിടം ശൗചാലയസമുച്ചയം അടിയന്തരമായി വൈദ്യുതീകരിക്കും. അതിനുശേഷം, നേരത്തേ കരാറെടുത്തയാൾ തുടർന്നും പ്രവർത്തിപ്പിക്കും. കെ. ഗോപൻ നഗരസഭാ വൈസ് ചെയർമാൻ

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യാത്രക്കാർ ദുരിതത്തിൽ; മാവേലിക്കര മുനിസിപ്പൽ ബസ് സ്റ്റാൻഡില… | Boolokam