ന്യൂഡൽഹി: മ്യാൻമർ വിമതർക്ക് ഡ്രോൺ യുദ്ധമുറയിൽ പരിശീലനം നൽകി യതിനെ തുടർന്ന് എൻ.ഐ.എ വലയിലായ മാത്യു വാൻഡൈക്ക് അമേരിക്കൻ സൈന്യവുമായി ബന്ധമുള്ള വ്യക്തിയാണെന്ന് റിപ്പോർട്ട്. To advertise here, 'സൺസ് ഓഫ് ലിബർട്ടി ഇന്റർനാഷണൽ' എന്ന സൈനിക കരാർ സ്ഥാപനത്തിന്റെ സ്ഥാപകനാണ് മാത്യു വാൻഡൈക്ക്. ലോകമെമ്പാടുമുള്ള സംഘർഷ മേഖലകളിൽ പ്രാദേശിക സായുധ ഗ്രൂപ്പുകൾക്ക് സൈനിക പരിശീലനവും തന്ത്രപരമായ ഉപദേശങ്ങളും നൽകുന്നതിൽ ഇയാൾ പ്രശസ്തനാണ്. മുൻപ് ലിബിയയിലെയും ഇറാഖിലെയും യുദ്ധമുഖങ്ങളിൽ സജീവമായിരുന്ന ഇയാൾക്ക് അമേരിക്കൻ സൈന്യവുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം അതിസങ്കീർണ്ണമായ രീതിയിലാണ് തങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. "സ്പെഷ്യൽ ഫോഴ്സ്" മാതൃകയിലുള്ള കടുത്ത പരിശീലനമാണ് ഇവർ സായുധ സംഘങ്ങൾക്ക് നൽകി വന്നിരുന്നത് . ഇതിൽ ഗറില്ലാ യുദ്ധമുറകൾ, തന്ത്രപരമായ ഓപ്പറേഷനുകൾ എന്നിവയ്‌ക്കൊപ്പം അത്യാധുനിക ആയുധങ്ങളുടെ ഉപയോഗവും ഉൾപ്പെടുന്നു. പല വിദേശ രാജ്യങ്ങളിലെയും ആഭ്യന്തര യുദ്ധങ്ങളിൽ ഇത്തരം പരിശീലനം നൽകിയതിന്റെ തെളിവുകൾ ഇയാളുടെ പക്കൽ നിന്ന് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. മ്യാൻമറിൽ ഇവർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് ഡ്രോൺ സാങ്കേതികവിദ്യയിലായിരുന്നു. ഡ്രോണുകൾ പ്രവർത്തിപ്പിക്കുക, അവ അസംബിൾ ചെയ്യുക, ഡ്രോൺ ജാമിങ് സാങ്കേതികവിദ്യ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഇവർ വിമതർക്ക് വിദഗ്ദ്ധ പരിശീലനം നൽകി. യൂറോപ്പിൽ നിന്ന് ഇന്ത്യ വഴി മ്യാൻമറിലേക്ക് വൻതോതിൽ ഡ്രോണുകളും അനുബന്ധ ഉപകരണങ്ങളും ഇവർ നിയമവിരുദ്ധമായി കടത്തിയതായും എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്. വിനോദസഞ്ചാര വിസയിൽ ഇന്ത്യയിലെത്തിയ ഇവർ അതീവ രഹസ്യമായാണ് മിസോറാമിലേക്ക് നീങ്ങിയത്. ഗുവാഹത്തി വഴി മിസോറാമിലെത്തിയ ഇവർക്ക് അവിടെ സഞ്ചരിക്കാൻ ആവശ്യമായ പ്രൊട്ടക്റ്റഡ് ഏരിയ പെർമിറ്റ് ഉണ്ടായിരുന്നില്ല. മിസോറാമിലെ പ്രാദേശിക കണ്ണികളുടെ സഹായത്തോടെ അതിർത്തി കടന്ന് മ്യാൻമറിലെത്തുകയും അവിടെ മാസങ്ങളോളം താമസിച്ച് പരിശീലനം നൽകുകയുമായിരുന്നു ഇവരുടെ രീതി. നിലവിൽ മാത്യു വാൻഡൈക്ക് ഉൾപ്പെടെയുള്ളവർ മാർച്ച് 27 വരെ എൻ.ഐ.എ കസ്റ്റഡിയിലാണ്. ആകെ 14 പേരടങ്ങുന്ന സംഘമാണ് ഇന്ത്യയിൽ എത്തിയതെന്നും ഇതിൽ ബാക്കിയുള്ള എട്ട് പേർക്കായി തിരച്ചിൽ തുടരുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മ്യാൻമറിലെ വംശീയ ഗ്രൂപ്പുകളെ സഹായിക്കുന്ന അന്താരാഷ്ട്ര ശൃംഖലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഈ ചോദ്യം ചെയ്യലിലൂടെ പുറത്തുവരുമെന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്. Content Highlights: Discover the details behind the NIA arrest of American citizen Matthew Aaron VanDyke. Published: 19 Mar 2026, 11:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

യുഎസ് സൈന്യവുമായി ബന്ധം, ആഭ്യന്തര യുദ്ധങ്ങളിൽ വിദഗ്ധൻ; NIA വലയിലായ മാത്യു വാൻഡൈക്ക് ആരാണ്?
M
MathrubhumiSource Link
about 2 months ago