യുഎസ്-ഇറാൻ സംഘർഷത്തിൽ മധ്യസ്ഥവേഷം; സമാധാനത്തിനപ്പുറം പാകിസ്താൻ കണ്ണുവെച്ചതെന്ത്?

യുഎസ്-ഇറാൻ സംഘർഷത്തിൽ മധ്യസ്ഥവേഷം; സമാധാനത്തിനപ്പുറം പാകിസ്താൻ കണ്ണുവെച്ചതെന്ത്?

സ ങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് പശ്ചിമേഷ്യ കടന്നുപോകുന്നത്. പതിറ്റാണ്ടുകളായി നിലനിന്ന യു.എസ്.-ഇറാൻ ശത്രുത യുദ്ധത്തിലേക്ക് വഴിമാറി. ലോകം ഊർജപ്രതിസന്ധി നേരിട്ടനുഭവിച്ചു. ഈ ഘട്ടത്തിൽ മധ്യസ്ഥന്റെ റോളിൽ അപ്രതീക്ഷിതമായി പാകിസ്താൻ ഉയർന്നുവന്നു. ഏപ്രിൽ 11, 12 തീയതികളിൽ പാകിസ്താൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ അന്താരാഷ്ട്ര നയതന്ത്രരംഗത്തെ നിർണായകമായ സംഭവവികാസമായിരുന്നു. 1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ആദ്യമായി യു.എസും ഇറാനും ഒരു മേശയ്ക്ക് ഇരുവശമിരുന്ന് സംസാരിച്ചു. ചർച്ച പരാജയപ്പെട്ടെങ്കിലും യുദ്ധത്തിന്റെ തീവ്രത കുറയ്ക്കാനും താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വരുത്താനും ഈ നീക്കം സഹായിച്ചു. To advertise here, ഇസ്‌ലാമാബാദ് കേന്ദ്രീകരിച്ച് നടന്ന നയതന്ത്ര ചർച്ചകൾ കേവലം അയൽപക്കബന്ധം മെച്ചപ്പെടുത്താനോ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനോ മാത്രമുള്ളതാണോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ഒരു വശത്ത് സമാധാനം പറയുമ്പോൾ തന്നെ, മറുവശത്ത് ഈ സംഘർഷാവസ്ഥയെ സ്വന്തം രാഷ്ട്രീയ-സാമ്പത്തിക നേട്ടങ്ങൾക്കായി പാകിസ്താൻ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്. കേവലമൊരു നയതന്ത്ര നീക്കത്തിനപ്പുറം, പാകിസ്താന്റെ ഈ ഇടപെടലുകൾക്ക് പിന്നിലെ യഥാർത്ഥ ലക്ഷ്യങ്ങൾ എന്തെല്ലാമാണ്? സംഘർഷത്തിന്റെ തുടക്കം ഫെബ്രുവരി 28-ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയെ വധിച്ചുകൊണ്ട് അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളാണ് യുദ്ധത്തിന് തുടക്കമിട്ടത്. അതിന് ഒരു ദിവസം മുമ്പാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യുമായി മുന്നോട്ട് പോകാൻ ഉത്തരവിടുന്നത്. യു.എസ്. മിസൈലുകൾ, ഡ്രോണുകൾ, ഇസ്രയേലി യുദ്ധവിമാനങ്ങൾ എന്നിവ അടുത്ത ദിവസം ഇറാനിൽ ആക്രമണം ആരംഭിച്ചു. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള സജീവമായ ചർച്ചകൾക്കിടെയാണ് ആക്രമണങ്ങൾ നടന്നത്. അവരുടെ അധികാര കേന്ദ്രങ്ങളെയും സൈനികസംവിധാനങ്ങളെയും തകർക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സൈനികനീക്കം. അലി ഖമേനിയുടെ വധത്തിന് പിന്നാലെ ശക്തമായാണ് ഇറാൻ പ്രതികരിച്ചത്. ഇസ്രയേലിന് നേരെയും മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയും അവർ പ്രത്യാക്രമണം നടത്തി. ഇറാന്റെ സൈനികശേഷി വിലയിരുത്തുന്നതിൽ അമേരിക്കയും സഖ്യകക്ഷികളും പരാജയപ്പെട്ടിരുന്നു. പിന്നാലെ സംഘർഷം രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടത്തിൽനിന്ന് പ്രാദേശിക യുദ്ധമായി പരിണമിച്ചു. ഇതിനിടെ, ഇറാൻ സ്വീകരിച്ച ഏറ്റവും വലിയ തന്ത്രപരമായനീക്കം ഹോർമുസ് കടലിടുക്ക് അടയ്ക്കുക എന്നതായിരുന്നു. ലോകത്തിലെ ആകെ എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ ജലപാത തടസ്സപ്പെട്ടതോടെ എണ്ണയുടെ ഒഴുക്ക് തടസപ്പെട്ടു. ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. ഇന്ധനവിതരണ ശൃംഖലകൾ തകർന്നു. ഇത് യൂറോപ്പിലും ഏഷ്യയിലും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി. സൗദി അറേബ്യയിലെ ജുബൈൽ പെട്രോകെമിക്കൽ കോംപ്ലക്സ് പോലുള്ള കേന്ദ്രങ്ങളെ ഇറാൻ ലക്ഷ്യംവെച്ചു. ഇതോടെ, സൗദി അറേബ്യയും യു.എ.ഇയും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ യുദ്ധത്തിന്റെ ഭാഗമാകുമെന്ന ഭീതി പടർന്നു. മേഖലയിലെ സുന്നി-ഷിയാ വിഭജനം കൂടുതൽ രൂക്ഷമാകാനും ഇത് കാരണമായി. ഇറാനുമായി അതിർത്തി പങ്കിടുന്ന പാകിസ്താനെയും യുദ്ധം സാരമായി ബാധിച്ചു. ഇറാനിൽ നിന്നുള്ളവർ അതിർത്തി കടന്ന് പാകിസ്താനിലേക്ക് ഒഴുകാൻ തുടങ്ങി. മാത്രമല്ല, ഖമേനിയുടെ വധത്തിന് പിന്നാലെ പാകിസ്താനിലെ ഷിയാ വിഭാഗങ്ങൾക്കിടയിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നു. വിവിധയിടങ്ങളിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഇസ്ലാമാബാദിലെ ഇറാൻ-യുഎസ് സമാധാന ചർച്ചകളിൽ പാകിസ്താൻ മധ്യസ്ഥത വഹിക്കുന്നത് എടുത്തുകാണിക്കുന്ന പോസ്റ്ററുകൾ | Photo by Farooq NAEEM / AFP മധ്യസ്ഥശ്രമം, ഇസ്ലാമാബാദ് ചർച്ചകൾ സാഹചര്യം വഷളായതോടെ, ആക്രമണത്തെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് വിശേഷിപ്പിച്ച് പാകിസ്താൻ പരസ്യമായി രംഗത്തുവന്നു. അയൽരാജ്യം എന്ന നിലയിലും ഊർജ ഇറക്കുമതിക്ക് ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്നന്നവർ എന്ന നിലയിലും യുദ്ധം നേരിട്ട് ബാധിച്ച പശ്ചാത്തലത്തിലായിരുന്നു പാകിസ്താന്റെ ഇടപെടൽ. രാജ്യത്തെ ഷിയാ വിഭാഗങ്ങൾക്കിടയിലുണ്ടായ പ്രതിഷേധങ്ങൾ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയായതും സമാധാനശ്രമങ്ങൾക്ക് മുന്നിട്ടിറങ്ങാൻ പാകിസ്താനെ പ്രേരിപ്പിച്ചുവെന്ന് വേണം കരുതാൻ. ചൈന, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ നയതന്ത്ര ഇടപെടലുകളും പിന്നിലുണ്ടായിരുന്നുവെന്നാണ് വിലയിരുത്തൽ. പാകിസ്താനാണ് മുന്നിൽ നിന്ന് ചർച്ചകൾക്ക് നേതൃത്വം കൊടുത്തത്. ട്രംപ് ഭരണകൂടവും ചർച്ചകൾക്ക് തയ്യാറായതോടെ താൽക്കാലിക വെടിനിർത്തലിലേക്ക് കാര്യങ്ങൾ എത്തി. അമേരിക്കയുമായും ഇറാനുമായും പാകിസ്താൻ നിലനിർത്തിയിരുന്ന ബന്ധമാണ് ചർച്ചകൾക്ക് വഴിയൊരുക്കിയത്. 2025-ലെ ഇന്ത്യ-പാക് സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ഇടപെടൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തി എന്നായിരുന്നു പാകിസ്താനും അമേരിക്കയും ഒരുപോലെ പ്രചരിപ്പിച്ചത്. പാക് സൈനിക മേധാവി അസിം മുനീർ വൈറ്റ് ഹൗസ് സന്ദർശിച്ചതും ഇറാനുമായുള്ള പാകിസ്താന്റെ അടുപ്പത്തെ ട്രംപ് പ്രകീർത്തിച്ചതും നയതന്ത്ര നീക്കങ്ങൾക്ക് വേഗം കൂട്ടി. സൗദി അറേബ്യയുമായുള്ള പ്രതിരോധ കരാറുകൾ നിലനിൽക്കുമ്പോഴും ഇറാനും സൗദിക്കും ഇടയിലുള്ള പാലമായി പ്രവർത്തിക്കാനും പാകിസ്താൻ ശ്രമിച്ചിരുന്നു. ഈജിപ്തും തുർക്കിയും സഹകരിച്ചെങ്കിലും അമേരിക്കയുമായും ഇറാനുമായും ഒരേസമയം ആശയവിനിമയം നടത്താനുള്ള പാകിസ്താന്റെ കഴിവ് അവരെ നേതൃസ്ഥാനത്തെത്തിച്ചു. യു.എസും ഇറാനും തമ്മിൽ നേരിട്ടുള്ള ബന്ധമില്ലാത്തതിനാൽ, ഇരുപക്ഷവുമായി അടുത്ത ബന്ധമുള്ള രാജ്യം എന്ന അവകാശവാദത്തിലാണ് പാകിസ്താൻ മധ്യസ്ഥനായി രംഗത്തെത്തിയത്. രണ്ടാഴ്ചത്തെ വെടിനിർത്തലിന് പിന്നാലെയാണ് ചർച്ചകൾ ഇസ്‌ലാമാബാദിൽ സംഘടിപ്പിക്കപ്പെട്ടത്. ഇസ്‌ലാമാബാദിൽ നടന്ന ചർച്ചകൾ 1979-ലെ വിപ്ലവത്തിന് ശേഷം അമേരിക്കയും ഇറാനും തമ്മിൽ നടന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയായിരുന്നു. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ഉപദേഷ്ടാവ് ജാരെഡ് കുഷ്നർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് ചർച്ചകളിൽ പങ്കെടുത്തത്. യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കുക, ഇറാന്റെ ആണവ പദ്ധതികൾ നിയന്ത്രിക്കുക, ഹോർമുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കുക, ഇറാനു മേലുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കുക എന്നിവയായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ. 21 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകളിൽ ചില ഉപകരാറുകളിൽ ധാരണയായെങ്കിലും പ്രധാന വിഷയങ്ങളിൽ തർക്കം തുടർന്നു. യുറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായും നിർത്തണമെന്ന അമേരിക്കയുടെ ആവശ്യവും ഹോർമുസ് കടലിടുക്കിന് മേലുള്ള പരമാധികാരം വിട്ടുകൊടുക്കില്ലെന്ന ഇറാന്റെ നിലപാടും ചർച്ചകളെ പ്രതിസന്ധിയിലാക്കി. കരാറിൽ എത്താനായില്ലെന്ന് വാൻസ് പ്രഖ്യാപിച്ചെങ്കിലും യുദ്ധത്തിന്റെ തീവ്രത കുറയ്ക്കാനും താൽക്കാലിക വെടിനിർത്തൽ നടപ്പാക്കാനും ഈ ചർച്ചകൾ സഹായിച്ചു. ഇസ്ലാമാബാദിൽ നടന്ന യുഎസ്-ഇറാൻ സമാധാന ചർച്ചകൾക്കായി എത്തിയ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പാക് സൈനിക മേധാവിയും ഫീൽഡ് മാർഷലുമായ സയ്യിദ് അസിം മുനീർ, പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ എന്നിവർക്കൊപ്പം. | Photo by Jacquelyn MARTIN / POOL / AFP നയതന്ത്ര നീക്കമോ, വാണിജ്യ താല്പര്യമോ ? യു.എസ്.-ഇറാൻ സംഘർഷത്തിൽ പാകിസ്താൻ നടത്തുന്ന ഇടപെടലുകളെ കേവലം നയതന്ത്ര നീക്കമായോ വെറും വാണിജ്യതാല്പര്യമായോ മാത്രം കാണാനാവില്ല. പാകിസ്താൻ ഒരേസമയം തങ്ങളുടെ അന്താരാഷ്ട്ര പ്രതിച്ഛായ വർധിപ്പിക്കാനും സാമ്പത്തികാവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. പാകിസ്താൻ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി അവരുടെ ദുർബലമായ സാമ്പത്തിക വ്യവസ്ഥയാണ്. ഐ.എം.എഫ് ഉൾപ്പെടെയുള്ള ഏജൻസികളുടെ വായ്പയെ ആശ്രയിച്ചാണ് രാജ്യത്ത് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. അത് മുടങ്ങുന്ന അവസ്ഥയിൽ സാമ്പത്തികരംഗം അപ്പാടെ തകരുമെന്ന് അവർക്കറിയാം. അതിനാൽതന്നെ വായ്പകൾക്കും സാമ്പത്തിക സഹായത്തിനും പാകിസ്താന് അമേരിക്കയുടെ പ്രീതി ആവശ്യമാണ്. മധ്യസ്ഥനായി നിൽക്കുന്നതിലൂടെ അമേരിക്കയിൽനിന്ന് സാമ്പത്തിക ഇളവുകൾ നേടിയെടുക്കാം. അമേരിക്കയുടെ പിന്തുണയോടെ ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് പോലുള്ള അന്താരാഷ്ട്ര നിരീക്ഷണങ്ങളിൽനിന്ന് മുക്തമാകാനും പാകിസ്താൻ ലക്ഷ്യമിടുന്നു. മാത്രമല്ല, തങ്ങളുടെ വ്യാപാര താൽപ്പര്യങ്ങളെ സംരക്ഷിക്കുകയും ചെയ്യാം. മറുവശത്ത് സൗദിയും ഇറാനും തമ്മിലുള്ള പോരിൽ ഒരുഭാഗം ചേരുന്നത് പാകിസ്താന് ദോഷം ചെയ്യും. യു.എസിനും ഇറാനും ഇടയിൽ നിൽക്കുന്നതിലൂടെ സൗദിയെ പിണക്കാതെ തന്നെ മേഖലയിലെ പ്രധാനശക്തിയായി മാറാൻ പാകിസ്താൻ കണ്ണുവെക്കുന്നു. സൗദിയിൽനിന്നുള്ള സാമ്പത്തിക സഹായത്തിനൊപ്പം ഇറാനുമായുള്ള അതിർത്തി സുരക്ഷയും ഒരുപോലെ പ്രധാനമാണ്. ബലൂചിസ്താൻ മേഖലയിലെ വിമതനീക്കങ്ങൾ തടയാൻ ഇറാന്റെ സഹകരണം പാകിസ്താന് അനിവാര്യമാണ്. സംഘർഷം മുറുകിയാൽ അത് ഇറാൻ അതിർത്തിയിൽ അശാന്തിയുണ്ടാക്കും. ഇത് തടയാൻ ഇറാനുമായി നയതന്ത്രബന്ധം കാത്തുസൂക്ഷിക്കേണ്ടത് പാകിസ്താന്റെ നിലനിൽപ്പിന്റെ ഭാഗമാണ്. ഇതെല്ലാം ചൈനയുടെ തണലിലെ നീക്കങ്ങളാണെന്നും ആരോപണമുണ്ട്. പശ്ചിമേഷ്യയിൽ ചൈന നടത്തുന്ന സമാധാന ശ്രമങ്ങളുടെ തുടർച്ചയായി വേണം പാകിസ്താന്റെ ഈ നീക്കത്തെ കാണാൻ. ചൈനയുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് തന്നെ അമേരിക്കയുമായുള്ള ബന്ധം വഷളാക്കാതിരിക്കാനുള്ള ഇരട്ടത്താപ്പും ഇതിൽ ഒളിഞ്ഞിരിപ്പുണ്ടെന്നും വാദങ്ങളുണ്ട്. തീവ്രവാദത്തിന്റെ പേരിൽ ഒറ്റപ്പെട്ടുനിന്ന പാകിസ്താൻ ഒരു 'സമാധാന വക്താവ്' എന്ന നിലയിൽ തങ്ങളുടെ നയതന്ത്രപ്രസക്തി തിരിച്ചുപിടിക്കാനും ശ്രമം നടത്തുന്നു. സമാധാന ചർച്ചകൾക്ക് മുൻകൈയെടുക്കുന്ന രാജ്യം എന്ന ഇമേജ് കെട്ടിപ്പടുക്കുന്നതിലൂടെ തങ്ങളുടെ പഴയ 'ഭീകരവാദ സ്പോൺസർ' എന്ന പ്രതിച്ഛായ മാറ്റിയെടുക്കാനും ലക്ഷ്യം വെയ്ക്കുന്നു. ഇസ്‌ലാമാബാദിൽ നടന്ന സമാധാന ചർച്ചകളിലൂടെ നയതന്ത്രരംഗത്തെ കരുത്തുറ്റ സാന്നിധ്യമായി മാറുക എന്നതായിരുന്നു പാകിസ്താന്റെ ലക്ഷ്യം. മേഖലയിൽ സമാധാനം ഉറപ്പിക്കാനുള്ള ശ്രമം എന്നതിലുപരിയായി, തങ്ങളുടെ സാമ്പത്തിക താൽപ്പര്യങ്ങൾ നേടിയെടുക്കാനും ആഗോളതലത്തിൽ പ്രതിച്ഛായ വർധിപ്പിക്കാനുമായിരുന്നു പാകിസ്താന്റെ ശ്രമം. ഇതിനൊപ്പം ഇന്ത്യയെപ്പോലുള്ള അയൽരാജ്യങ്ങളെ പ്രതിരോധിക്കാനുമുള്ള തന്ത്രപരമായ നീക്കമാണെന്നും വിലയിരുത്തലുണ്ട്. ഇസ്ലാമാബാദിൽ യുഎസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾക്കിടെ, ഇറാനിയൻ അസംബ്ലി സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫുമായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കൂടിക്കാഴ്ച നടത്തുന്നു.| Photo: PakPMO/X via PTI Photo ചർച്ചകളുടെ ഭാവിയെന്ത്? സാധാരണയായി രാജ്യങ്ങൾ നിഷ്പക്ഷതയിലൂന്നിയാണ് മധ്യസ്ഥ വിഷയങ്ങളിൽ ഇടപെടുന്നത്. പാകിസ്താനെ സംബന്ധിച്ച് മധ്യസ്ഥത എന്നത് സുരക്ഷാ താൽപ്പര്യങ്ങൾ, സഖ്യസാധ്യതകൾ അല്ലെങ്കിൽ പകരമായി ലഭിക്കാനിടയുള്ള ലാഭം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. നിഷ്പക്ഷ രാജ്യങ്ങളിൽനിന്ന് വിഭിന്നമായി, ഇരട്ടത്താപ്പും താൽപ്പര്യങ്ങൾ മുൻനിർത്തിയുള്ള സമീപനവും വിശ്വാസക്കുറവും പാകിസ്താൻ നേരിടുന്ന വെല്ലുവിളികളാണ്. ലാഭേച്ഛയിലധിഷ്ഠിതമായ അവസരങ്ങളാണ് പാകിസ്താനെ നയിക്കുന്നത്. വിഷയത്തിൽ ഇറാൻ പാകിസ്താന്റെ മധ്യസ്ഥത തേടിയിരുന്നില്ല. സുന്നി-ഷിയാ തർക്കങ്ങളും അതിർത്തി സംഘർഷങ്ങളും നിലനിൽക്കുന്നതിനാൽ പാകിസ്താനെ ഇറാൻ പൂർണ്ണമായി വിശ്വസിച്ചിരുന്നില്ല. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും കരസേന മേധാവി അസിം മുനീറും അമേരിക്കയെ പ്രീതിപ്പെടുത്താൻ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും അഫ്ഗാനിസ്താനിലും ഭീകരവാദത്തിന്റെ കാര്യത്തിലും പാകിസ്താന്റെ ഇരട്ടമുഖം അമേരിക്കയ്ക്ക് നന്നായറിയാം. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, യു.എസ്.-ഇറാൻ സംഘർഷത്തിൽ പാകിസ്താൻ മുൻകൈയെടുത്ത് നടത്തുന്ന മധ്യസ്ഥശ്രമങ്ങൾ നിർണായകമായ ഘട്ടത്തിലാണ്. രണ്ടാംഘട്ട ചർച്ചകൾക്കുള്ള സാധ്യതകൾ അനിശ്ചിതത്വത്തിലാണ്. പാകിസ്താന്റെ മധ്യസ്ഥതയിൽ നിലവിൽ വന്ന രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ ഏപ്രിൽ 22-ഓടെ അവസാനിക്കും. ഇത് നീട്ടുന്നതിനായി രണ്ടാംഘട്ട ചർച്ചകൾ ഇസ്‌ലാമാബാദിൽ സംഘടിപ്പിക്കാൻ പാകിസ്താൻ ശ്രമിക്കുന്നുണ്ടെങ്കിലും തടസ്സങ്ങൾ നിലനിൽക്കുന്നു. ഇരുപക്ഷത്തെയും വീണ്ടും ഒരു മേശയ്ക്ക് ഇരുപുറവും എത്തിക്കാൻ പാകിസ്താൻ ശ്രമം നടത്തുന്നുണ്ട്. യു.എസിന്റെ പങ്കാളിത്തം ഉറപ്പാക്കാൻ പാകിസ്താന് സാധിച്ചിട്ടുണ്ട്. പക്ഷേ, ഇറാന്റെ പങ്കാളിത്തം ഉറപ്പായിട്ടില്ല. ചർച്ചകളിൽ ഇറാൻ കർക്കശമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. രണ്ടാം ഘട്ട ചർച്ചകൾ നടക്കണമെങ്കിൽ അമേരിക്ക നിലപാടുകളിൽ അയവ് വരുത്തണമെന്നാണ് അവരുടെ ആവശ്യം. നിലവിൽ വെടിനിർത്തൽ തുടരുന്നുണ്ടെങ്കിലും മധ്യസ്ഥശ്രമങ്ങൾ പാകിസ്താന് ഗുണകരമാകുമോ അതോ തിരിച്ചടിയാകുമോ എന്ന ചർച്ചയിലാണ് രാഷ്ട്രീയ നിരീക്ഷകർ. 

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുഎസ്-ഇറാൻ സംഘർഷത്തിൽ മധ്യസ്ഥവേഷം; സമാധാനത്തിനപ്പുറം പാകിസ്… | Boolokam