ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾക്കിടയിലും ഇറാന്റെ എണ്ണ കയറ്റുമതിയും വരുമാനവും ഗണ്യമായി വർധിക്കുന്നതായി റിപ്പോർട്ട്. വ്യോമാക്രമണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇറാന്റെ പ്രധാന എണ്ണ പര്യവേക്ഷണ കേന്ദ്രങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസ്സമില്ലാതെ തുടരുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. ഇറാന്റെ അയൽരാജ്യങ്ങൾ ഉത്പാദന തടസ്സങ്ങൾ നേരിടുമ്പോൾ, ഈ സാഹചര്യം ഇറാനെ സാമ്പത്തികമായി ശക്തിപ്പെടുത്താൻ സഹായിക്കുന്നുവെന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു. To advertise here, യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇറാന്റെ എണ്ണ വരുമാനത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഹോർമുസ് കടലിടുക്കിലൂടെ അസംസ്‌കൃത എണ്ണ കയറ്റുമതി ചെയ്യാൻ ഇപ്പോഴും കഴിയുന്ന ഏക പ്രധാന കയറ്റുമതി രാജ്യമായി ഇറാൻ മാറിയതാണ് ഇതിന് കാരണം എന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ആഗോള വിപണിയിൽ എണ്ണവില വർധിച്ചതും ചൈന പോലെയുള്ള രാജ്യങ്ങളിലേക്കുള്ള വിൽപനയുമാണ് ഇറാന്റെ സാമ്പത്തിക നേട്ടത്തിന് പ്രധാന കാരണമായത്. യുദ്ധം ഇറാന്റെ വരുമാന മാർഗ്ഗങ്ങളെ കാര്യമായി ബാധിച്ചിട്ടില്ലെന്നും പ്രതിദിനം ദശലക്ഷക്കണക്കിന് ഡോളർ അധികമായി നേടാൻ അവർക്ക് സാധിക്കുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും വ്യോമാക്രമണങ്ങൾ ഇറാന്റെ വിവിധ ഭാഗങ്ങളെയും ഖാർഗ് ഐലൻഡിലെ (Kharg island) എണ്ണ കയറ്റുമതി കേന്ദ്രത്തിലെ സൈനിക ലക്ഷ്യങ്ങളെയും ലക്ഷ്യം വെച്ചിരുന്നുവെങ്കിലും, ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി അടിസ്ഥാന സൗകര്യങ്ങൾക്ക് ഇപ്പോഴും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ല. ഖാർഗ് ഐലൻഡ് ടെർമിനലിൽ നിന്ന് ടാങ്കറുകൾ ഇപ്പോഴും എണ്ണ നിറയ്ക്കുകയും ഹോർമുസ് കടലിടുക്കിലൂടെ വിജയകരമായി പേർഷ്യൻ ഗൾഫിന് പുറത്തേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇറാന്റെ കയറ്റുമതി, യുദ്ധത്തിന് മുൻപുണ്ടായിരുന്ന അളവിനോട് അടുത്ത് തന്നെ തുടരുകയാണ്; ഈ മാസം പ്രതിദിനം ശരാശരി 16 ലക്ഷം ബാരൽ എണ്ണ ഇറാൻ കയറ്റുമതി ചെയ്തയാണ് വിവരം. യുദ്ധത്തിനിടയിലും ഈ തടസ്സമില്ലാത്ത ഒഴുക്ക് നിർണ്ണായക സമയത്ത് ഇറാന് വലിയ സാമ്പത്തിക നേട്ടം നൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യം പ്രധാനമായും രണ്ട് രീതിയിലാണ് ഇതിന്റെ ഗുണഫലങ്ങൾ അനുഭവിക്കുന്നത്. ഒന്ന്, സംഘർഷം രൂക്ഷമായതോടെ അന്താരാഷ്ട്ര എണ്ണ വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 100 ഡോളറിന് മുകളിലായി. രണ്ട്, ഇറാന്റെ പ്രധാന എണ്ണയിനമായ 'ഇറാനിയൻ ലൈറ്റിന്' നൽകിയിരുന്ന വിലക്കിഴിവ് (ഡിസ്‌കൗണ്ട്) ഗണ്യമായി കുറഞ്ഞു. യുദ്ധത്തിന് മുൻപ് ബാരലിന് 10 ഡോളറിലധികം ഇളവ് നൽകിയിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് വെറും 2.1 ഡോളറായി കുറഞ്ഞു. ഇതിൽ ഭൂരിഭാഗവും വാങ്ങുന്നത് ചൈനയാണ്. കണക്കുകൾ പ്രകാരം, മാർച്ചിൽ ഇറാന്റെ വരുമാനം പ്രതിദിനം ഏകദേശം 13.9 കോടി ഡോളറായി വർദ്ധിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഫെബ്രുവരിയിൽ ഇത് പ്രതിദിനം 11.5 കോടി ഡോളറായിരുന്നു. ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം ഖാർഗ് ഐലൻഡിലും ഹോർമുസ് കടലിടുക്കിന് പുറത്തുള്ള ജാസ്‌ക് (Jask) ടെർമിനലിലും എണ്ണക്കപ്പലുകൾ സജീവമായി തുടരുന്നു. എണ്ണ വിൽപനയ്ക്ക് പുറമെ, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ അനുമതിയുള്ള ചില വാണിജ്യ കപ്പലുകളിൽ നിന്ന് 20 ഡോളർ വരെ ട്രാൻസിറ്റ് ഫീസായും ഇറാൻ ഈടാക്കുന്നുണ്ട്. മറ്റ് ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഇറാന്റെ അവസ്ഥ തികച്ചും വ്യത്യസ്തമാണ്. ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളുടെ എണ്ണ ഉത്പാദനത്തെ യുദ്ധം ബാധിക്കുകയും അവരുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ കോടിക്കണക്കിന് ഡോളറിന്റെ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. ഖത്തറിലെ റാസ് ലഫാൻ എൽഎൻജി ഹബ്ബിനുണ്ടായ നാശനഷ്ടങ്ങൾ അവരുടെ ഉത്പാദനത്തെ ദീർഘകാലത്തേക്ക് ബാധിച്ചേക്കാം. മാത്രമല്ല, ആഗോള എണ്ണവില വർദ്ധിക്കുന്നത് തടയാനായി ട്രംപ് ഭരണകൂടം കടലിലുള്ള ഇറാന്റെ എണ്ണക്കപ്പലുകൾക്ക് മേലുള്ള ഉപരോധം താൽക്കാലികമായി നീക്കിയതും അവർക്ക് ഗുണകരമായിട്ടുണ്ട്. ഈ നീക്കം 'എണ്ണ വിൽക്കാൻ വാഷിങ്ടൺ ഇറാനോട് പ്രായോഗികമായി അപേക്ഷിക്കുന്നത് പോലെയാണ്' എന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. സൈനിക സമ്മർദങ്ങൾക്കിടയിലും ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ തകരാതെ നിൽക്കുന്നത് അവരുടെ സമ്പദ്വ്യവസ്ഥയ്ക്കും സൈനിക വിഭവങ്ങൾക്കും വലിയ പിന്തുണയാണ് നൽകുന്നത്. Content Highlights: Iran's oil exports remain steady at 1.6 million barrels per day despite regional conflict. Tehran is benefiting from higher Brent crude prices and narrower discounts on Iranian Light. Key infrastructure like Kharg Island remains operational and largely undamaged. Iran is leveraging the Jask terminal to bypass traditional chokepoints. Contrasts sharply with other Gulf producers facing production cuts and infrastructure damage. Published: 26 Mar 2026, 09:02 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

യുദ്ധം വന്നത് ഇറാന് നേട്ടമായി; എണ്ണ വിൽപ്പന കൂടി, കിട്ടുന്നത് കോടിക്കണക്കിന് ഡോളർ
M
MathrubhumiSource Link
about 1 month ago