യുദ്ധത്തിൽ സമ്മർദത്തിലായ സാധാരണക്കാരുടെ ഭയവും വേദനയും നഷ്ടവും പകർത്തിയ മാർഗരറ്റ് ഫുള്ളർ

യുദ്ധത്തിൽ സമ്മർദത്തിലായ സാധാരണക്കാരുടെ ഭയവും വേദനയും നഷ്ടവും പകർത്തിയ മാർഗരറ്റ് ഫുള്ളർ

ചി ലർ അങ്ങനെയാണ്. കാലത്തിന് മുമ്പേ പായുന്നവർ. പിന്നാലെ വരുന്ന നിരവധി തലമുറകൾക്ക് വേണ്ടി അവർ ജീവിതത്തെ ഒരുക്കിവയ്ക്കും. മാർഗരറ്റ് ഫുള്ളർ അവരിലൊരാളാണ്. ലോകത്തെ ആദ്യത്തെ വിദേശ വനിതാ റിപ്പോർട്ടർ, യുദ്ധറിപ്പോർട്ടർ, പത്രാധിപ, നിരൂപക, വിവർത്തക, സ്ത്രീവാദ പ്രവർത്തക, ഫെമിനിസ്റ്റ് എഴുത്തുകാരി, ട്രാൻസൻഡന്റലിസം എന്ന ആശയധാരയുടെ വക്താവ് തുടങ്ങി നിരവധി മേഖലകളിൽ പ്രതിഭ തെളിയിച്ച മാർഗരറ്റ് ഫുള്ളർ.  To advertise here, പത്തൊൻപതാം നൂറ്റാണ്ടിലെ പത്രപ്രവർത്തന ചരിത്രത്തിൽ തിളങ്ങിനിൽക്കുന്ന പ്രതിഭയും ധൈര്യശാലിയുമായ ഈ പത്രപ്രവർത്തക അവർ ജീവിച്ചിരുന്ന കാലത്ത് (1810-1850) സ്ത്രീകൾക്ക് നിശ്ചയിക്കപ്പെട്ടിരുന്ന സാമൂഹികവും ബൗദ്ധികവുമായ അതിരുകളെ ഭേദിച്ച് പത്രപ്രവർത്തനമേഖല സ്ത്രീകൾക്കും വഴങ്ങുമെന്ന് തെളിയിച്ചു. 1810 ൽ കേംബ്രിഡ്ജ് പോർട്ടിൽ ജനിച്ച സാറാ മാർഗരറ്റ് ഫുള്ളർക്ക് ആ തലമുറയിലെ സ്ത്രീകൾക്ക് അപൂർവമായി മാത്രം ലഭിക്കുന്ന വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിച്ചു. ഹാർവാർഡ് സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസം നേടിയ, അഭിഭാഷകനും കോൺഗ്രസ് അംഗവുമായിരുന്ന തിമോത്തി ഫുള്ളർക്ക് മകൾക്ക് മികച്ച വിദ്യാഭ്യാസം നൽകണമെന്നത് നിർബന്ധമായിരുന്നു. തീരെ ചെറിയ പ്രായത്തിൽ തന്നെ ശാസ്ത്രം, സാഹിത്യം, തത്വചിന്ത, ലാറ്റിൻ, ഗ്രീക്ക് ഉൾപ്പെടെയുള്ള വിവിധ ഭാഷകൾ എന്നിവയിൽ അഗാധമായ അറിവ് നേടുന്നതിന് തിമോത്തി ഫുള്ളർ മകളെ സഹായിച്ചു. കുട്ടിക്കാലത്ത് ലഭിച്ച ബൗദ്ധിക അടിത്തറ ജീവിതത്തിലൊട്ടാകെ അസമത്വങ്ങളെ ചോദ്യം ചെയ്യാനും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളാനും മാർഗരറ്റിന് പ്രേരണയായി. തനിക്ക് കൈവന്ന അറിവ് നേടാനുള്ള അവസരം മറ്റ് സ്ത്രീകൾക്ക് ലഭിക്കാത്തതിന്റെ കുറവ് പരിഹരിക്കാൻ 1939ൽ കോൺവർസേഷൻസ് (Conversations) എന്ന പേരിൽ ഒരു ചർച്ചാപരമ്പര അവർ ആരംഭിച്ചു. സ്ത്രീകൾക്ക് ആശയവിനിമയത്തിനും ബൗദ്ധിക വളർച്ചയ്ക്കുമുള്ള വേദിയാക്കി അവർ ഇതിനെ മാറ്റി. “ഒരു സ്ത്രീ തന്റെ ബൗദ്ധികതയും ധാർമികതയും പൂർണമായി വികസിപ്പിച്ചാൽ മാത്രമേ അവൾക്ക് യഥാർഥ കൂട്ടുകാരിയോ അമ്മയോ ഒക്കെ ആകാനാകൂ” എന്ന് മറ്റു സ്ത്രീകളെ അവർ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു. 1840ൽ ദി ഡയൽ (The Dial) എന്ന മാസികയിലൂടെയാണ് ഫുള്ളറിന്റെ പത്രപ്രവർത്തന ജീവിതം ആരംഭിക്കുന്നത്. രണ്ട് വർഷക്കാലം ആ മാസികയുടെ പത്രാധിപയായി അവർ പ്രവർത്തിച്ചു. ട്രാൻസൻഡന്റലിസം എന്ന ആശയധാരയുടെ പ്രകാശനവേദിയായിരുന്നു ഈ മാസിക. റാൽഫ് വാൽഡോ എമേഴ്സൺ, (Ralph Waldo Emerson) ഹെൻ​റി ഡേവിഡ് തോറോ (Henry David Thoreau) തുടങ്ങിയ ചിന്തകരാണ് ട്രാൻസൻഡന്റലിസം പ്രസ്ഥാനത്തെ നയിച്ചിരുന്നത്. തന്‍റെ കാലഘട്ടത്തിലെ ഏറ്റവും വലിയ ചിന്തകരുമായി ഇടപഴകുന്നതിന് ഇത് ഫുള്ളർക്ക് അവസരം ഒരുക്കി. ഫുള്ളറുടെ കഴിവുകൾ തിരിച്ചറിഞ്ഞ എമേഴ്‌സണും തോറോയും അവർക്ക് സർവ്വ പിന്തുണയും നൽകി. ആത്മബോധം, വ്യക്തിത്വ വികസനം, സ്വയം പര്യാപ്തത, സാമൂഹിക പരിഷ്കരണം, പ്രകൃതിയുമായുള്ള ആത്മീയബന്ധം തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ ഫുള്ളർ പ്രസിദ്ധീകരിച്ചു. സാഹിത്യ നിരൂപണങ്ങൾ എഴുതുന്നതിനും ദി ഡയൽ ഫുള്ളർക്ക് അവസരം നൽകി. ട്രാൻസൻഡന്റലിസത്തിന്റെ സ്വതന്ത്രവും സവിശേഷവുമായ ശബ്ദങ്ങളിൽ ഒന്നായി ഫുള്ളർ മാറി. എമേഴ്സനും തോറോയും വ്യക്തിപരമായ ആത്മീയതക്ക് പ്രാധാന്യം നൽകിയപ്പോൾ ഫുള്ളർ സാമൂഹിക നീതിയിലേക്കും ലിംഗ സമത്വത്തിലേക്കും അതിനെ വ്യാപിപ്പിച്ചു. ഈ സൗഹൃദങ്ങൾ വ്യക്തിപരമായ മാനങ്ങൾക്ക് അപ്പുറത്ത് അമേരിക്കൻ സാഹിത്യത്തെ രൂപപ്പെടുത്തുന്ന നിർണായകമായ ബൗദ്ധിക സംവാദങ്ങളായി മാറി. ദി ഡയലിൽ പരമ്പരയായി പ്രസിദ്ധീകരിച്ച ദി ഗ്രേറ്റ് ലാ സ്യൂട്ട് (The Great Law Suit )1845 ൽ വിമൻ ഇൻ ദി നയന്റീന്ത് സെഞ്ചുറി (Women in the Nineteenth Century) എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. അമേരിക്കയിലെ ആദ്യത്തെ ഫെമിനിസ്റ്റ് കൃതിയായി കണക്കാക്കപ്പെടുന്ന Women in the Nineteenth Century യിലൂടെ സ്ത്രീകൾക്ക് വിദ്യാഭ്യാസം മാത്രമല്ല ബൗദ്ധികവും മാനസികവുമായ സ്വാതന്ത്ര്യവും കൂടി വേണമെന്ന് ഫുള്ളർ വാദിച്ചു. സ്ത്രീകൾക്ക് തങ്ങളുടെ കഴിവുകൾ വികസിപ്പിക്കാൻ എല്ലാ മേഖലകളിലും അവസരം ലഭിക്കണം എന്നും അവർ ആവശ്യപ്പെട്ടു. “സ്ത്രീകൾക്ക് കപ്പലിലെ ക്യാപ്റ്റനാകാൻ ആഗ്രഹമുണ്ടെങ്കിൽ അതിനും അവസരമുണ്ടാകണം. പുരുഷന്മാർക്ക് തുറന്നിരിക്കുന്ന എല്ലാ വഴികളും സ്ത്രീകൾക്കും തുറന്നിരിക്കണം.” അക്കാലത്ത് വിപ്ലവകരമായിരുന്ന ചിന്തകളായിരുന്നു ഇവയൊക്കെ. സ്ത്രീകൾക്കെതിരെയുള്ള നിയന്ത്രണങ്ങളെ ഫുള്ളർ ശക്തമായി ചോദ്യംചെയ്തു. സ്ത്രീകൾ വീടിന്റെ ചുമതലകളിൽ മാത്രം ഒതുങ്ങേണ്ടവരല്ലെന്നും സ്വതന്ത്ര ചിന്തകരും സൃഷ്ടാക്കളും ആകണമെന്നും അവർ പറഞ്ഞു. ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകൾക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്ന ഒരു സമൂഹത്തിന് യഥാർഥ ഉയർച്ച ഉണ്ടാകില്ല എന്ന് ഫുള്ളർ വിശ്വസിച്ചു. “ഈ പുസ്തകം എഴുതുമ്പോൾ എന്റെ യഥാർഥ സ്വഭാവത്തിന്റെ വലിയൊരു ഭാഗം ഞാൻ അതിൽ ചേർത്തു” എന്ന് ഫുള്ളർ എഴുതിയിട്ടുണ്ട്. അമേരിക്കൻ ജനാധിപത്യത്തിൽ സ്ത്രീകളുടെ പങ്കിനെക്കുറിച്ചും അവരുടെ മുന്നേറ്റ സാധ്യതകളെക്കുറിച്ചും ഈ കൃതി വിശദമായി ചർച്ച ചെയ്തു. സ്ത്രീകളും പുരുഷന്മാരും ബൗദ്ധികമായും മാനസികമായും സമത്വത്തിൽ സഹവർത്തിത്വം പുലർത്തുന്ന ഒരു ലോകത്തെ താൻ സ്വപ്നം കാണുന്നതായി ഫുള്ളർ ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. എലിസബത്ത് കേഡി സ്റ്റാൻട്ടൺ, സൂസൻ ബി. ആന്തണി തുടങ്ങിയ സ്ത്രീപ്രസ്ഥാന നേതാക്കളെ ഈ പുസ്തകം ആഴത്തിൽ സ്വാധീനിച്ചു. ലോകമെമ്പാടുമുള്ള സ്ത്രീകൾ ഈ പുസ്തകത്തെ പ്രാധാന്യത്തോടെ സ്വീകരിച്ചു. ഫെമിനിസത്തിന്റെ പ്രധാനപ്പെട്ട രേഖകളിൽ ഒന്നായി ഇന്ന് വിമൻ ഇൻ ദി നയന്റീന്ത് സെഞ്ചുറി കണക്കാക്കപ്പെടുന്നു. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനൊപ്പം തന്നെ പറയുന്ന കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാനും ഫുള്ളർ പരിശ്രമിച്ചു. ബൗദ്ധിക ചർച്ചകൾ നടക്കുന്ന വേദികളിൽ സമത്വത്തോടെ പങ്കെടുക്കാൻ അവർ ശ്രദ്ധിച്ചു. പൊതു ചർച്ചകളിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കുന്നതിനെതിരെ അവർ ശബ്ദമുയർത്തി. പുരുഷ ശബ്ദങ്ങളുടെ പ്രതിധ്വനി ആയല്ല സ്വതന്ത്രവും മാറ്റങ്ങൾ സൃഷ്ടിക്കുന്നതുമായ ശക്തിയായിയാണ് സ്ത്രീകളുടെ ശബ്ദം ഉയർന്നു കേൾക്കേണ്ടത് എന്ന് അവർ ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. പുരുഷാധിപത്യ മേഖലകളിലേക്ക് കടന്നുചെന്ന് അവിടെ സ്വന്തം ശബ്ദം ഉച്ചത്തിൽ കേൾപ്പിക്കാൻ കഴിയുമെന്ന് സ്വന്തം ജീവിതത്തിലൂടെ അവർ തെളിയിച്ചു. 1844ൽ സ്വന്തം ആരോഗ്യപ്രശ്നങ്ങളും ദി ഡയലിന്റെ സാമ്പത്തിക പ്രശ്നങ്ങളും കാരണം മാർഗരറ്റ് ഫുള്ളർ ദി ഡയൽ വിട്ടു. ന്യൂയോർക്കിലേക്ക് താമസം മാറിയ അവർ ഹോറസ് ഗ്രീലിയുടെ ന്യൂയോർക്ക് ട്രിബ്യൂൺ (New York Tribune) പത്രത്തിൽ സാഹിത്യനിരൂപകയായി ചേർന്നു. 1844 ഡിസംബർ ഒന്നാം തീയതിയിലെ പത്രത്തിൽ എമേഴ്സന്റെ ലേഖന സമാഹാരത്തെക്കുറിച്ചുള്ള നിരൂപണം എഴുതിക്കൊണ്ട് അമേരിക്കൻ പത്രപ്രവർത്തന ചരിത്രത്തിലെ ആദ്യത്തെ മുഴുവൻ സമയ പുസ്തക നിരൂപകയായി. അന്ന് ന്യൂയോർക്ക് ട്രിബ്യൂൺ പത്രത്തിന് 50,000 ത്തിലേറെ വരിക്കാർ ഉണ്ടായിരുന്നു. ഫുള്ളർക്ക് 500 ഡോളർ ശമ്പളം നൽകാൻ ട്രിബ്യൂൺ പത്രം തയ്യാറായി. 1846ൽ ആ പത്രത്തിലെ ആദ്യത്തെ വനിതാ എഡിറ്ററായി മാർഗരറ്റ് ഫുള്ളർ ചരിത്രം കുറിച്ചു. അമേരിക്കൻ പുസ്തകങ്ങൾക്കൊപ്പം വിദേശ സാഹിത്യം, സംഗീത കച്ചേരികൾ, പ്രഭാഷണങ്ങൾ, കലാപ്രദർശനങ്ങൾ, തുടങ്ങിയവയും അവർ റിപ്പോർട്ട് ചെയ്തിരുന്നു. 250 ലധികം ലേഖനങ്ങൾ ഇക്കാലത്ത് അവർ എഴുതി. കലയും സാഹിത്യവും മാത്രമല്ല അടിമത്തം, സ്ത്രീകളുടെ അവകാശങ്ങൾ എന്നിവയൊക്കെ അവർ എഴുത്തിന് വിഷയങ്ങൾ ആക്കി. നിരവധി കവിതകളും അവർ രചിച്ചിരുന്നു. എഡ്ഗാർ അലൻ പോ, ഫ്രാൻസിസ് സർജന്റ് ഓസ് ഗുഡ്, എലിസബത്ത് എഫ് എലൈറ്റ് തുടങ്ങി അക്കാലത്തെ പ്രമുഖ എഴുത്തുകാരും ചിന്തകരും ഒക്കെ മാർഗരറ്റ് ഫുള്ളറുമായി സംവാദത്തിൽ ഏർപ്പെട്ടിരുന്നു. 1846-ൽ ന്യൂയോർക്ക് ട്രിബ്യൂൺ ഫുള്ളറെ യൂറോപ്പിലെ (ഇംഗ്ലണ്ട്, ഇറ്റലി)തങ്ങളുടെ ആദ്യ വനിതാ വിദേശ റിപ്പോർട്ടറായി നിയമിച്ചു. ആ വർഷം ഓഗസ്റ്റിൽ കാംബ്രിയ എന്ന ആവികപ്പലിൽ ബോസ്റ്റണിൽ നിന്ന് ലിവർപൂളിലേക്ക് ഫുള്ളർ യാത്ര ചെയ്തു. അടുത്ത നാല് വർഷങ്ങൾക്കിടെ ട്രിബ്യൂൺ പത്രത്തിന് നിരവധി റിപ്പോർട്ടുകൾ അവർ എഴുതി അയച്ചു. ജോർജ് സാൻഡും തോമസ് കാർലൈലും ഉൾപ്പെടെ നിരവധി പ്രമുഖ എഴുത്തുകാരുമായി അഭിമുഖം നടത്തി. കാർലൈലിന്റെ രാഷ്ട്രീയ നിലപാടുകളോട് ഫുള്ളർക്ക് യോജിക്കാനായില്ല. ആദ്യ കാലത്ത് ജോർജ് സാൻഡ് മാതൃകയായിരുന്നുവെങ്കിലും സ്ത്രീകൾ വോട്ട് ചെയ്യാനോ രാഷ്ട്രീയ പദവികൾ കൈകാര്യം ചെയ്യാനോ തയ്യാറല്ലെന്ന് പറഞ്ഞ് ഫ്രഞ്ച് നാഷണൽ അസംബ്ലിയിലേക്ക് മത്സരിക്കാൻ സാൻഡ് തയ്യാറാകാതിരുന്നത് ഫുള്ളറെ നിരാശപ്പെടുത്തി. 1848-49 കാലത്തെ ഇറ്റാലിയൻ വിപ്ലവകാലത്ത് യുദ്ധഭൂമിയിൽ നിന്ന് റിപ്പോർട്ട് ചെയ്യാൻ ഫുള്ളർക്ക് കഴിഞ്ഞു. ലോകത്തിലെ ആദ്യത്തെ വനിതാ വിദേശയുദ്ധ റിപ്പോർട്ടറായി മാർഗരറ്റ് ഫുള്ളർ വിശേഷിപ്പിക്കപ്പെടുന്നു. അവരുടെ റിപ്പോർട്ടുകൾ മാനവികത നിറഞ്ഞതും ജീവിതസ്പർശിയും ആയിരുന്നു. സൈനിക കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പുരുഷ റിപ്പോർട്ടർമാരിൽ നിന്ന് വ്യത്യസ്തമായി യുദ്ധം കാരണം സമ്മർദത്തിലായ സാധാരണ ജനങ്ങളുടെ ഭയവും വേദനയും നഷ്ടവും ധൈര്യവും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രതീക്ഷയും ഒക്കെ ഫുള്ളർ എഴുത്തിന് വിഷയമാക്കി. യുദ്ധകാലത്ത് പത്രപ്രവർത്തനത്തോടൊപ്പം ആശുപത്രികളിൽ ജോലിചെയ്ത് മനുഷ്യസ്നേഹത്തിന്റെ മഹാഗാഥ അവർ എഴുതിച്ചേർത്തു. പത്രപ്രവർത്തനം സംഭവവിവരണങ്ങൾ മാത്രമല്ല സത്യത്തെ പുറത്തുകൊണ്ടുവന്ന് അനീതിയെ ചോദ്യം ചെയ്ത് നല്ല ലോകത്തെ സൃഷ്ടിക്കാനുള്ള ശക്തിമത്തായ ഉപാധിയാണെന്ന് അവർ പറഞ്ഞു കൊണ്ടേയിരുന്നു. പത്രപ്രവർത്തനത്തെ ഒരു തൊഴിൽ എന്നതിനുപരി സാമൂഹിക പരിഷ്കരണത്തിനുള്ള പോരാട്ടവേദിയായി അവർ കരുതി. സമ്മർ ഓൺ ദി ലേക്ക്സ് (Summer on the Lakes)എന്ന പുസ്തകത്തിൽ ഷിക്കാഗോ മിൽവോക്കി, നയാഗ്ര വെള്ളച്ചാട്ടം ബഫല്ലോ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രകളുടെ അനുഭവങ്ങൾ അവർ വിവരിച്ചു. ഒട്ടാവ, ചിപ്പേവ തുടങ്ങിയ സ്വദേശി അമേരിക്കൻ ഗോത്രങ്ങളുമായുള്ള ഇടപഴലുകൾ ഈ പുസ്തകത്തിൽ ഉണ്ട്. “ഈ കാലഘട്ടത്തിലെ സത്യസന്ധമായ ഏക പുസ്തകം” എന്ന് എവർട്ട് ഓഗസ്റ്റസ് ഡ്യൂക്കിൻക് ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. ഹാർവാർഡ് ലൈബ്രറി ഉപയോഗിച്ച ആദ്യത്തെ വനിതയാണ് മാർഗരറ്റ് ഫുള്ളർ. ഗ്രേറ്റ് ലേക്സ് മേഖലയെ കുറിച്ചുള്ള പഠനത്തിനായിട്ടാണ് ഹാർവാർഡ് ലൈബ്രറി മാർഗരറ്റ് ഫുള്ളർ ഉപയോഗിച്ചത്. ഇറ്റലിയിൽ താമസിക്കുമ്പോൾ ജിയോവന്നി ഒസോളി എന്ന പ്രഭുവുമായി പ്രണയത്തിലായ ഫുള്ളർക്ക് ഒരു മകൻ (ആഞ്ചലോ) ഉണ്ടായി. 1850-ൽ ഫുള്ളർ, ഒസോളി, ആഞ്ചലോ എന്നിവർ യാത്ര ചെയ്തിരുന്ന എലിസബത്ത് എന്ന കപ്പൽ ന്യൂയോർക്കിന്റെ തീരത്തടുത്ത് കടലിൽ മുങ്ങി മൂന്നുപേരും മരണമടഞ്ഞു. ഫുള്ളറുടെ അവസാന പുസ്തകമായ “History of the Roman Revolution” എന്ന വിലപ്പെട്ട കൃതിയും അതിനൊപ്പം നഷ്ടമായി. മരണശേഷം സഹോദരൻ ആർതർ ഫുള്ളർ സഹോദരിയുടെ രചനകൾ ശേഖരിച്ച് പ്രസിദ്ധീകരിച്ചു. At Home and Abroad (1856). Life without and Life within (1858)എന്നീ കൃതികൾ സഹോദരനാണ് പുറത്തിറക്കിയത്. ഫുള്ളറുടെ ബൗദ്ധികതയുടെ അപൂർവമായ ആഴങ്ങൾ അടയാളപ്പെടുത്തുന്ന യാത്രാവിവരണങ്ങൾ, സാംസ്കാരിക നിരൂപണങ്ങൾ, യൂറോപ്പിലെ അനുഭവങ്ങളിൽ നിന്നുള്ള ചിന്തകൾ എന്നിവ ഈ പുസ്തകങ്ങളിലുണ്ട്. എമേഴ്‌സൺ, തോറോ, ഗ്രീലി എന്നിവർ ചേർന്ന് “The Memoirs of Margaret Fuller Ossoli” (1852) എന്ന പുസ്തകം പ്രസിദ്ധീകരിച്ച് പ്രയപ്പെട്ട കൂട്ടുകാരിയുടെ സ്മരണ നിലനിർത്തി. “അമേരിക്കയിൽ ജീവിച്ച ഏറ്റവും ഉന്നതയായ സ്ത്രീ” എന്നായിരുന്നു ഫുള്ളറെക്കുറിച്ച് എമേഴ്‌സൺ എഴുതിയത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുദ്ധത്തിൽ സമ്മർദത്തിലായ സാധാരണക്കാരുടെ ഭയവും വേദനയും നഷ്ടവ… | Boolokam