യുദ്ധവിരാമത്തിന്‌ ഇനിയുമേറെ ദൂരം

യുദ്ധവിരാമത്തിന്‌ ഇനിയുമേറെ ദൂരം

M
MathrubhumiSource Link
Last Updated: 30 March 2026, 11:21 PM IST ഇപ്പോഴത്തെ യുദ്ധത്തിൽ ഇറാൻ ജയിച്ചാലും തോറ്റാലും ഗൾഫ് രാജ്യങ്ങൾക്കുവിനയാകുമെന്നു ചില നിരീക്ഷകർ വിലയിരുത്തുന്നു ഇറാനുനേരേ പുതിയ ഭീഷണിമുഴക്കിയിരിക്കുകയാണ് യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാനക്കരാറിന് ഉടൻ തയ്യാറാകുകയും ഹോർമുസ് കടലിടുക്ക് തുറക്കുകയും ചെയ്തില്ലെങ്കിൽ ഇറാന്റെ ഊർജകേന്ദ്രങ്ങളും എണ്ണക്കിണറുകളും എണ്ണക്കയറ്റുമതികേന്ദ്രമായ ഖാർഗ് ദ്വീപും നശിപ്പിച്ചുകളയുമെന്നാണ് കഴിഞ്ഞദിവസം പറഞ്ഞത്. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങൾക്കുനേരേ ആക്രമണംനടത്തുമെന്ന് നേരത്തേ താക്കീതുനൽകിയ ട്രംപ് പിന്നീട് ഇതു നടപ്പാക്കുന്നത് അഞ്ചുദിവസത്തേക്ക് നിർത്തിവെച്ചതായി അറിയിച്ചിരുന്നു. ഇറാനുമായി ചർച്ചനടക്കുന്നതു കണക്കിലെടുത്താണിതെന്നും ട്രംപ് പറഞ്ഞു. ചർച്ചയിൽ പുരോഗതിയുള്ളതിനാൽ ഊർജനിലയങ്ങൾക്കുനേരേ ആക്രമണംനടത്താനുള്ള പദ്ധതി ഏപ്രിൽ ആറുവരേക്കു നിർത്തിവെക്കുന്നതായി പിന്നീടു പറയുകയുണ്ടായി. എന്നാൽ, ഇറാനും യു.എസുംതമ്മിൽ നേരിട്ടോ മധ്യസ്ഥർമുഖേനയോ സംഭാഷണംനടക്കുന്നതായി വിശ്വാസയോഗ്യമായ വിവരമൊന്നും ഇതുവരെയില്ല. പാകിസ്താൻ, സൗദി അറേബ്യ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാർ യുദ്ധവിരാമസാധ്യതയെക്കുറിച്ച് പാക് തലസ്ഥാനമായ ഇസ്‌ലാമാബാദിൽ ചർച്ചനടത്തിയതായി റിപ്പോർട്ടുണ്ട്. യു.എസിനെയും ഇറാനെയും നേരിട്ടുള്ള ചർച്ചയ്ക്കു പ്രേരിപ്പിക്കാനാകുമോ എന്ന സാധ്യതയാണ് ഇവർ പ്രധാനമായും പരിശോധിച്ചത്. എന്നാൽ, ഇസ്‌ലാമാബാദിലെ ചർച്ച, യു.എസിന് കരയുദ്ധത്തിനുള്ള ഇടവേളയൊരുക്കാനുള്ള തന്ത്രംമാത്രമാണെന്നായിരുന്നു ഇറാന്റെ പ്രതികരണം. ഇരുപക്ഷവും മിസൈൽ, ഡ്രോൺ എന്നിവയുപയോഗിച്ചുള്ള ആക്രമണ-പ്രത്യാക്രമണങ്ങൾ നിർബാധം തുടരുന്നുമുണ്ട്. യു.എസിന്റെ കരയോദ്ധാക്കളെ കാത്തിരിക്കുകയാണെന്നും അവരുടെമേൽ തീമഴപെയ്യിക്കുമെന്നുമാണ് ഇറാൻ പാർലമെന്റിന്റെ സ്പീക്കർ കഴിഞ്ഞദിവസം പറഞ്ഞത്. കരയുദ്ധംനേരിടാൻ ഇറാൻ സജ്ജമാണെന്ന ആത്മവിശ്വാസം ഈ വാക്കുകളിൽ സ്ഫുരിക്കുന്നു. ഒരുമാസമായി യു.എസും ഇസ്രയേലും നടത്തുന്ന ആക്രമണത്തെ ഇറാൻ പ്രതിരോധിക്കുന്നവിധം പരിശോധിച്ചാൽ ഈ ആത്മവിശ്വാസപ്രകടനം പൊള്ളയാണെന്നു കരുതാനാകില്ല. കരയുദ്ധം തുടങ്ങുകയാണെങ്കിൽ പശ്ചിമേഷ്യ പിന്നെ ഉടനെയൊന്നും ശാന്തമാകില്ലെന്നുറപ്പ്. ലോകസമ്പദ്ഘടനയെയും എങ്ങുമുള്ള ജനജീവിതത്തെയും അത് പ്രവചിക്കാനാകാത്തവണ്ണം ഉലയ്ക്കുകയുംചെയ്യും. ഇറാനിലെ യു.എസ്.-ഇസ്രയേൽ ആക്രമണത്തിന്റെ കെടുതി ഏറ്റവുമധികം അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഗൾഫ്- അറബ് രാജ്യങ്ങളാണ്. യു.എസിന്റെ സൈനിക-വാണിജ്യതാത്പര്യങ്ങൾക്ക് ആതിഥ്യമൊരുക്കിയിട്ടുള്ള ഈ രാജ്യങ്ങളാണ് ഇറാന്റെ പ്രത്യാക്രമണത്തിന്റെ പ്രധാന ഇര. കരയുദ്ധമുണ്ടാകുന്നപക്ഷം ഇവരുടെ സ്ഥിതി പറയാനുമുണ്ടാകില്ല. ഒരു കോടി ഇന്ത്യക്കാർക്ക് ജീവിതായോധനമൊരുക്കുന്ന മേഖലയാണിതെന്നതുകൊണ്ട് നമ്മുടെയുള്ളിലും തീയാളുന്നുണ്ട്. ഇപ്പോഴത്തെ യുദ്ധത്തിൽ ഇറാൻ ജയിച്ചാലും തോറ്റാലും ഗൾഫ് രാജ്യങ്ങൾക്കു വിനയാകുമെന്നു ചില നിരീക്ഷകർ വിലയിരുത്തുന്നു. യുദ്ധത്തിൽ ആത്യന്തികപരാജയത്തിലേക്കു നീങ്ങുന്നെന്നുകണ്ടാൽ ഇറാൻ ഈ രാജ്യങ്ങളെ വിനാശകരമായതോതിൽ പ്രഹരിക്കാൻ സാധ്യതയുണ്ട്. അഥവാ യുദ്ധത്തെ വിജയകരമായി അതിജീവിക്കാൻ ഇറാന് സാധിച്ചാൽ, മേഖലയിൽ ആ രാജ്യത്തിന്റെ അപ്രമാദിത്വം അംഗീകരിക്കേണ്ട സ്ഥിതിയിലാകും ഇവ. എന്തായാലും ഈ യുദ്ധത്തിനുശേഷമുരുത്തിരിയുന്ന ഏതുതരം സാഹചര്യത്തിലും യു.എസിന്റെ സുരക്ഷാകുടക്കീഴിൽ മുൻപത്തെപോലെ തുടരണോ എന്നു ഗൾഫ് രാജ്യങ്ങൾ ഗൗരവപൂർവമായ പുനഃപരിശോധന നടത്തിയേക്കുമെന്ന വിശകലനമുണ്ട്. ഈ കുട തങ്ങൾക്കു തണലല്ല, വെയിലാണു തരുന്നതെന്ന് ഈ യുദ്ധം ഗൾഫ് രാജ്യങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാപങ്കാളിത്തത്തിന് പുതുസാധ്യതകൾ ഗൾഫ് രാജ്യങ്ങൾ തേടുന്നപക്ഷം, ആ മേഖലയുമായുള്ള ബന്ധത്തിൽ പുതിയ വാതായനങ്ങൾ തുറക്കാൻ ഇന്ത്യക്കും അവസരം ലഭിച്ചേക്കും. To advertise here, Published: 30 Mar 2026, 11:21 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുദ്ധവിരാമത്തിന്‌ ഇനിയുമേറെ ദൂരം — Mathrubhumi | Boolokam | Boolokam