ഇറാൻ-ഇസ്രയേൽ-അമേരിക്ക സംഘർഷം ഒരു പരമ്പരാഗതയുദ്ധമല്ല. അത് ഹൈബ്രിഡ് യുദ്ധത്തിന്റെ ഏറ്റവും സങ്കീർണമായ രൂപമാണ്. മിസൈൽ ആക്രമണങ്ങളും ഡ്രോൺ സ്വാമുകളും സൈബർ യുദ്ധവും സാമ്പത്തിക ഉപരോധവും ചേർന്ന ബഹുതലസംഘർഷമാണ് പശ്ചിമേഷ്യയിൽ ഇപ്പോൾ അരങ്ങേറുന്നത്. പലസ്തീനിലെപ്പോലെ ഈ സംഘർഷവും ഇടവിട്ടുള്ള ആക്രമണങ്ങളും താത്കാലിക വെടിനിർത്തലും ചേർന്ന നിഴൽയുദ്ധരൂപത്തിൽ ദീർഘകാലം തുടരുമോ എന്ന് ലോകം ഭയപ്പെടേണ്ടിയിരിക്കുന്നു. To advertise here, 2026 ഫെബ്രുവരി അവസാനം തുടങ്ങി മാർച്ച്-ഏപ്രിൽ കാലയളവിൽ ഗൾഫ് മേഖലയിലെ നിർണായക സൗകര്യങ്ങൾ ലക്ഷ്യമാക്കി നടന്ന ആക്രമണങ്ങൾ-ജബൽ അലി തുറമുഖം, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധനസംഭരണികൾ, ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് സമുച്ചയം എന്നിവ - മേഖലയിലെ സുരക്ഷാധാരണകളെത്തന്നെ ചോദ്യംചെയ്തു. ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ ആഗോള ഊർജവിപണിയിൽ പ്രതിസന്ധിയും രൂക്ഷമായി. വെടിനിർത്താനായി ഇറാൻ ആവശ്യപ്പെടുന്നത് സ്ഥിരമായ യുദ്ധവിരാമവും ഉപരോധം പിൻവലിക്കലും മേഖലയിൽനിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കലുമാണ്. മറുവശത്ത്, അമേരിക്കയും ഇസ്രയേലും ലക്ഷ്യമിടുന്നത് ഇറാന്റെ മിസൈൽ-ഡ്രോൺ ശേഷിയും പ്രോക്‌സി ശൃംഖലയും ഇല്ലാതാക്കുകയാണ്. അടിസ്ഥാനപരമായ ഈ നിലപാടുവ്യത്യാസമാണ് ചർച്ചകൾ വഴിമുട്ടുന്നതിന്റെ പ്രധാനകാരണം. സൈനികമായി നോക്കുമ്പോൾ ഇറാൻ അമേരിക്കയുടെ വ്യോമമേധാവിത്വത്തിന് അടുത്തെത്തില്ല. പക്ഷേ, ആയിരത്തിലധികം ബാലിസ്റ്റിക് മിസൈലുകൾ, കുറഞ്ഞ ചെലവിലുള്ള ഡ്രോണുകൾ, ഭൂഗർഭസൗകര്യങ്ങൾ, ഹിസ്ബുള്ള-ഹൂതി സഖ്യങ്ങൾ, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം എന്നിവയിലൂടെ ഇറാൻ എതിരാളികളെ ചെലവേറിയതും അനിശ്ചിതവുമായ ഏറ്റുമുട്ടലിൽ കുടുക്കി. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിലൂടെ എണ്ണവിപണി, കടൽഗതാഗതം, പ്രാദേശികസുരക്ഷ, പാശ്ചാത്യനയതന്ത്രം എന്നിവ ഒരേസമയം കുരുക്കിലാക്കാൻ ഇറാന് കഴിഞ്ഞെന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ, എൽ.പി.ജി. ഇറക്കുമതിയിലെ വലിയൊരു വിഹിതം - ഏകദേശം 40ശതമാനം വരെ - ഈ കടലിടുക്കുവഴിയാണ് കടന്നുവരുന്നത്. അതിനാൽ ഈ മേഖലയിലെ അസ്ഥിരത ഇന്ത്യയുടെ സാമ്പത്തികരംഗത്ത് നേരിട്ടുള്ള പ്രതിഫലനമുണ്ടാക്കും. പ്രവാസികൾ; കണക്കുകൾ പറയുന്ന യാഥാർഥ്യം ഈ യുദ്ധത്തിന്റെ ഭൗമരാഷ്ട്രീയ വിശകലനങ്ങൾക്കപ്പുറം ചർച്ചചെയ്യേണ്ട ഒരു വലിയ മാനുഷികപ്രതിസന്ധിയുണ്ട്. ജി.സി.സി. രാജ്യങ്ങളിൽ ഏകദേശം ഒരു കോടി ഇന്ത്യക്കാരാണ് ജോലിചെയ്യുന്നത്. യു.എ.ഇ.യിൽ 44 ലക്ഷത്തിനടുത്ത്, സൗദി അറേബ്യയിൽ 27 ലക്ഷത്തിലധികം, കുവൈത്തിൽ 10.4 ലക്ഷം, ഖത്തറിൽ 8.3 ലക്ഷം, ഒമാനിൽ 6.8 ലക്ഷം, ബഹ്‌റൈനിൽ 3.2 ലക്ഷം ഇന്ത്യക്കാർ വിവിധ മേഖലകളിലായി പ്രവർത്തിക്കുന്നുണ്ട്. നിർമാണം മുതൽ ഐ.ടി., ആരോഗ്യസേവനം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, എണ്ണ-വാതക മേഖലകളിൽവരെ ഇന്ത്യൻ തൊഴിലാളികളുടെ പങ്ക് നിർണായകമാണ്. സംഘർഷം നീണ്ടതോടെ തൊഴിൽസുരക്ഷ വലിയ ആശങ്കയായിമാറുകയാണ്. യു.എ.ഇ.യിൽ ഉപഭോഗമേഖലയിൽ 25 ശതമാനംമുതൽ 30 ശതമാനംവരെ കുറവാണ് രേഖപ്പെടുത്തിയത്. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ 60 ശതമാനം ഇടിവ് സംഭവിച്ചു. ശമ്പളം വെട്ടിക്കുറയ്ക്കൽ, അനിശ്ചിതകാല അവധി, പിരിച്ചുവിടൽ എന്നിവ വ്യാപകമായേക്കുമോ എന്ന ചിന്ത പ്രവാസി തൊഴിലാളികളുടെ മനസ്സിൽ ആശങ്കയും അനിശ്ചിതത്വവും വർധിക്കാൻ കാരണമായിട്ടുണ്ട്. പല നിർമാണപദ്ധതികളും വൈകുന്നതും സപ്ലൈ ചെയിനിൽ തടസ്സങ്ങൾ നേരിട്ടതും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുന്നു. കഫാല (സ്പോൺസർഷിപ്പ്) സമ്പ്രദായം ഭാഗികമായി തുടരുന്ന രാജ്യങ്ങളിൽ സാമൂഹികസുരക്ഷയോ അപകടപരിരക്ഷയോ ഇല്ലാതെ ജോലിചെയ്യേണ്ടിവരുന്ന അനൗപചാരികത്തൊഴിലാളികളുടെ കാര്യത്തിലാണ് ഏറ്റവും വലിയ പ്രശ്നം. ഗാർഹിക-പരിചരണ മേഖലയിലെ സ്ത്രീത്തൊഴിലാളികൾ ഒറ്റപ്പെടലിന്റെയും സ്ഥാപനപരമായ പിന്തുണയില്ലായ്മയുടെയും ഇരട്ടഭീഷണി നേരിടുന്നു. ഇന്ത്യയുടെ മൊത്തം റെമിറ്റൻസിന്റെ ഏകദേശം 38-40 ശതമാനം ജി.സി.സി. രാജ്യങ്ങളിൽനിന്നാണ്. ഏകദേശം 50 ബില്യൺ ഡോളറിലധികം ഇങ്ങനെ ഇന്ത്യയിലെത്തുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദീർഘകാലസംഘർഷം റെമിറ്റൻസിൽ 10 ശതമാനംമുതൽ 30 ശതമാനംവരെ ഇടിവുണ്ടാക്കുമെന്നും 5-10 ബില്യൺ ഡോളർ നഷ്ടമാകുമെന്നും സാമ്പത്തികവിദഗ്ധർ മുന്നറിയിപ്പുനൽകുന്നു. കേരളത്തിനുമാത്രം 50,000 കോടി രൂപയുടെ ആഘാതം ഉണ്ടാകുമെന്നാണ് കരുതുന്നത്. 2023-ൽ 2.16 ലക്ഷം കോടി രൂപ ലഭിച്ച സംസ്ഥാനത്തിന് ഇത് 20 ശതമാനം ഇടിവാണ്. നാലിലൊന്ന് കുടുംബങ്ങൾ പ്രവാസവരുമാനത്തെ ആശ്രയിക്കുന്ന കേരളത്തിൽ, മൂന്നുലക്ഷം കോടി രൂപ കവിയുന്ന എൻ.ആർ.ഐ. നിക്ഷേപങ്ങളുള്ള ബാങ്കിങ് സംവിധാനത്തിലും റിയൽ എസ്റ്റേറ്റ്, സ്വർണ വിപണികളിലും ഇതിന്റെ പ്രതിഫലനമുണ്ടാകും. കേരളംമാത്രമല്ല, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബിഹാർ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളും ഗൾഫ് റെമിറ്റൻസിനെ വൻതോതിൽ ആശ്രയിക്കുന്നു. പ്രതിസന്ധി നീണ്ടാൽ തിരിച്ചുവരവ് കൂടുതലാകും. പക്ഷേ, 1990-'91 ഗൾഫ് പ്രതിസന്ധിയുടെ അനുഭവം കാണിക്കുന്നത്, മടങ്ങിയെത്തുന്ന തൊഴിലാളികളുടെ നൈപുണ്യങ്ങൾ പ്രാദേശിക ആവശ്യങ്ങളുമായി പൊരുത്തപ്പെടാതെ വരുമാനം കുറയുകയും കടഭാരം വർധിക്കുകയും ചെയ്യുമെന്നാണ്. കേരളത്തിന്റെ പരിമിതമായ തൊഴിൽവിപണിക്ക് അങ്ങനെയൊരു ഒഴുക്ക് വീണ്ടും ഉൾക്കൊള്ളാൻ കഴിയുമോ എന്നത് ഗൗരവമുള്ള ചോദ്യമാണ്. വിമാനസർവീസ് പ്രതിസന്ധി; ആരും ചോദിക്കാനില്ല പ്രവാസികളുടെ ഏറ്റവും അടിയന്തരപ്രശ്നം യാത്രാപ്രതിസന്ധിയാണ്. പശ്ചിമേഷ്യയിലെ വ്യോമപാതകളിലുണ്ടായ നിയന്ത്രണങ്ങൾകാരണം ഇന്ത്യൻ വിമാനക്കമ്പനികൾ ഗൾഫ് സർവീസുകൾ ഗണ്യമായി വെട്ടിക്കുറയ്ക്കുകയായിരുന്നു. പ്രതിദിനസർവീസുകൾ 300-350-ൽനിന്ന് 80-90 ആയി കുറഞ്ഞു. എയർ ഇന്ത്യ 2,500-ലധികം സർവീസുകൾ റദ്ദാക്കി; ഇൻഡിഗോ ഒട്ടേറെ ഗൾഫ് സെക്ടറുകളിലേക്കുള്ള സർവീസ് നിർത്തിവെച്ചു. ദുബായ് വിമാനത്താവളം വിദേശ എയർലൈനുകൾക്ക് പ്രതിദിനം ഒരു സർവീസ് മാത്രമായി പരിമിതപ്പെടുത്തി. ഈ നിയന്ത്രണം എമിറേറ്റ്സിനോ ഫ്‌ലൈദുബായ്ക്കോ ബാധകമല്ല. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് ഇതിനെ 'ഏകപക്ഷീയവും മത്സരവിരുദ്ധവും' എന്ന് വിശേഷിപ്പിച്ചെങ്കിലും നയതന്ത്രതലത്തിൽ ഫലവത്തായ ഇടപെടൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നത് ഖേദകരമാണ്. നയതന്ത്രത്തിലെ നിഷ്‌ക്രിയതയാണ് വിമാനയാത്രാ പ്രതിസന്ധിയുടെ പ്രധാനകാരണം. ഗൾഫ്-കേരള റൂട്ടുകളിൽ 8,000-13,000 രൂപയായിരുന്ന ടിക്കറ്റ് 60,000 രൂപ കവിഞ്ഞു. വിസിറ്റിങ് വിസക്കാർ ഓവർസ്റ്റേ പിഴ അടച്ച് കൂടുതൽ ബുദ്ധിമുട്ടിലായി. 2025 ഡിസംബറിലെ ഇൻഡിഗോ പ്രതിസന്ധിക്കുശേഷം ഏർപ്പെടുത്തിയ വിമാനനിരക്കുപരിധി കേന്ദ്രസർക്കാർ 2026 മാർച്ചിൽ പിൻവലിച്ചത് നിരക്കുകൾ കൂടുതൽ ഉയരാൻ കാരണമായി. നയതന്ത്രപരാജയവും സ്ഥാപനപരമായ ശൂന്യതയും ബ്രിക്സ് അധ്യക്ഷപദവി വഹിക്കുന്ന ഇന്ത്യക്ക് ഇറാൻ സംഘർഷത്തിൽ സമാധാനശ്രമങ്ങൾക്ക് മുൻകൈയെടുക്കാൻ അവസരം ഉണ്ടായിരുന്നെങ്കിലും ഇതുവരെ ശക്തമായ ഇടപെടൽ ഉണ്ടായില്ല. ഇറാനും യു.എ.ഇ.യും സൗദിയും ബ്രിക്സ് അംഗങ്ങളാണ്. ബ്രസീലിന്റെ അധ്യക്ഷതയിൽ ഇറാനെതിരായ സൈനികാക്രമണങ്ങളെ അപലപിക്കുന്ന രണ്ടു പ്രസ്താവനകൾ ബ്രിക്സ് പുറപ്പെടുവിച്ചപ്പോൾ, ഇന്ത്യയുടെ അധ്യക്ഷതയിൽ ഗ്രൂപ്പ് മൗനംപാലിക്കുകയായിരുന്നു. അംഗരാജ്യം യുദ്ധത്തിൽ ഉൾപ്പെട്ടിരിക്കുമ്പോൾ അധ്യക്ഷരാജ്യമായ ഇന്ത്യ നിഷ്‌ക്രിയമാകുന്നത് ബ്രിക്സ് നേതൃത്വത്തിന്റെ വിശ്വാസ്യതയ്ക്കുതന്നെ കോട്ടം തട്ടിച്ചു. ഇതിനൊപ്പം പരിശോധിക്കേണ്ട മറ്റൊരു വിഷയമുണ്ട്. 2004-ൽ സ്ഥാപിതമായ പ്രവാസികാര്യമന്ത്രാലയം (Ministry of Overseas Indian Affairs) 2016-ൽ വിദേശകാര്യമന്ത്രാലയത്തിൽ ലയിപ്പിച്ചു. ഒരു കോടി ഗൾഫ് പ്രവാസികളുടെയും ലക്ഷക്കണക്കിന് മറ്റു രാജ്യങ്ങളിൽനിന്നുള്ള വിദേശ ഇന്ത്യക്കാരുടെയും സമർപ്പിതസ്ഥാപനമാണ് 'കുറഞ്ഞ സർക്കാർ, കൂടിയ ഭരണം' എന്ന മുദ്രാവാക്യത്തിനുവേണ്ടി ഇല്ലാതാക്കിയത്. 1990-ലെ കുവൈത്ത് യുദ്ധകാലത്ത് 1.7 ലക്ഷം ഇന്ത്യക്കാരെ ഒഴിപ്പിച്ച 'എയർലിഫ്റ്റ്' ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കൽദൗത്യമായിരുന്നു. ഇന്ന് അത്തരമൊരു സാഹചര്യമുണ്ടായാൽ ഏകോപിതനടപടികൾ സ്വീകരിക്കാൻ ആവശ്യമായ സ്ഥാപനപരമായശേഷി ഉണ്ടോ എന്നത് ചർച്ചചെയ്യപ്പെടേണ്ട വിഷയമാണ്. കൃത്യമായ പ്രവാസി ഡേറ്റാ സിസ്റ്റങ്ങളുടെ അഭാവം ദുർബലവിഭാഗങ്ങളെ, പ്രത്യേകിച്ച് സ്ത്രീ കുടിയേറ്റത്തൊഴിലാളികളെ, തിരിച്ചറിയാനും സഹായിക്കാനും തടസ്സമാകുന്നു. ഈ സംഘർഷം പെട്ടെന്ന് അവസാനിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ല. സംഘർഷം നീണ്ടുപോയാൽ അതിന്റെ ആഘാതം യുദ്ധമേഖലയിലെ ജനങ്ങൾക്കുമാത്രമല്ല. ആയിരക്കണക്കിന് കിലോമീറ്റർ അകലെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും മഹാരാഷ്ട്രയിലെയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും വീടുകളിൽ ഗൾഫിൽനിന്നു പണമെത്താൻ കാത്തിരിക്കുന്ന കുടുംബങ്ങളെ അത് ഗുരുതരമായി ബാധിക്കും. ഗൾഫിലെ ബന്ധുക്കളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ലക്ഷക്കണക്കിന് കുടുംബങ്ങളിൽ മാനസികസമ്മർദം സൃഷ്ടിക്കുന്നുണ്ട്. സുരക്ഷിതലക്ഷ്യസ്ഥാനമെന്ന ഗൾഫിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റിരിക്കുകയാണ്. സൈനികശക്തിയിലൂടെമാത്രം ജയിക്കാനാകാത്ത ഈ യുദ്ധം ലോകത്തിന് ഒരു പാഠമാണ്. ഒരു കോടി ഇന്ത്യൻപ്രവാസികളുടെ ജീവിതവും ജീവനോപാധിയും പ്രതിസന്ധിയിലാക്കാതിരിക്കാൻ ഇന്ത്യൻ നയതന്ത്രവും സ്ഥാപനസംവിധാനങ്ങളും ഇനിയെങ്കിലും ഉണർന്നുപ്രവർത്തിക്കേണ്ടിയിരിക്കുന്നു. (വിദേശകാര്യനിരീക്ഷകനും എഴുത്തുകാരനുമാണ് ലേഖകൻ)

യുദ്ധവും പ്രവാസിപ്രതിസന്ധിയും; സുരക്ഷിതലക്ഷ്യസ്ഥാനമെന്ന ഗൾഫിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റുവോ?
M
MathrubhumiSource Link
22 days ago