അബുദാബി: യു.എ.ഇയിൽ സ്‌കൂളുകൾ തിങ്കളാഴ്ച മുതൽ സാധാരണ രീതിയിൽ പ്രവർത്തിച്ചുതുടങ്ങും. എന്നാൽ നേരിട്ടുള്ള പഠനത്തോടൊപ്പം ഓൺലൈൻ പഠനമോ രണ്ടും ഒന്നിച്ചുള്ള ഹൈബ്രിഡ് രീതിയോ തിരഞ്ഞെടുക്കാൻ സ്‌കൂളുകൾക്ക് അനുവാദമുണ്ട്. സ്‌കൂൾ ബസ് സർവീസുകളുമുണ്ടാകും. എല്ലാ സ്‌കൂളുകളും ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഓരോ സ്‌കൂളുകളുടെയും തീരുമാനം രക്ഷിതാക്കളെ സർക്കുലർ വഴി അറിയിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നിർദേശപ്രകാരം രാജ്യത്തെ സർവ്വകലാശാലകളും തിങ്കളാഴ്ച തന്നെ നേരിട്ടുള്ള പഠനം പുനരാരംഭിക്കും. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് സുരക്ഷ മുൻനിർത്തിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈനിലേക്ക് പഠനം മാറിയിരുന്നത്. അതേസമയം കെഎച്ച്ഡിഎ അനുമതി പ്രകാരം യു.എ.ഇയിലെ സ്വകാര്യ നഴ്സറികളും ഏർലി ചൈൽഡ്ഹുഡ് സെന്ററുകളും കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഘട്ടംഘട്ടമായി പ്രവർത്തനം തുടങ്ങിയിരുന്നു. സർക്കാർ, വാണിജ്യ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന നഴ്സറികൾക്കാണ് ആദ്യഘട്ടത്തിൽ അനുമതി. മറ്റ് കേന്ദ്രങ്ങൾ നിശ്ചിത നിബന്ധനകളോടെ വീടുകൾ കേന്ദ്രീകരിച്ചുള്ള സേവനങ്ങൾ തുടരും. ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി അധ്യാപകർ വീട്ടിൽ നേരിട്ടെത്തി പഠിപ്പിക്കുന്ന പുതിയ സേവനങ്ങളും കെഎച്ച്ഡിഎ ആരംഭിച്ചിട്ടുണ്ട്. To advertise here, ഷാർജ ഇന്ത്യൻ അസോസിയേഷന് കീഴിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഷാർജ ഇന്ത്യൻ അസോസിയേഷനുകീഴിലെ അൽ ഗുബൈബ (ഗേൾസ്), അൽ ജുവൈസ (ബോയ്സ്) സ്‌കൂളുകൾ, ഗൾഫ് റോസ് നഴ്സറി, അൽ ഇബ്തിസാമ സ്പെഷ്യൽ നീഡ് സ്‌കൂൾ എന്നീ സ്ഥാപനങ്ങളിൽ തിങ്കളാഴ്ച നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര പറഞ്ഞു. പുതിയ അധ്യയന വർഷം ഓൺലൈനിലൂടെ ആരംഭിച്ചെങ്കിലും നേരിട്ടുള്ള അധ്യയനത്തിന് വീണ്ടും സാഹചര്യമൊരുങ്ങിയതിൽ ആശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി (സ്പിയ) നിർദ്ദേശങ്ങൾക്കനുസരിച്ച് നേരിട്ടുള്ള പഠനത്തിനുവേണ്ട മുഴുവൻ സജ്ജീകരണങ്ങളും ഷാർജ ഇന്ത്യൻ സ്‌കൂളിൽ നേരത്തെതന്നെ പൂർത്തിയാക്കി. ഷാർജ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികളുടെ യൂണിഫോം, പാഠ പുസ്തകങ്ങൾ എന്നിവ പരമാവധി വിതരണം ചെയ്തുവെങ്കിലും ബാക്കിയുള്ളവർക്കുകൂടി ഏറ്റവും വേഗത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഇന്ത്യയിൽ നിന്നുള്ള എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങൾ എത്തിക്കാൻ കാലതാമസമുണ്ടായെങ്കിലും അതിന് പ്രത്യേക പാഠ്യപദ്ധതി ആവിഷ്‌കരിച്ചുകൊണ്ട് അധ്യാപകർ പരിഹാരം കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. വിദ്യാർഥികൾക്കുവേണ്ട പഠനോപകരണ കിറ്റുകൾ തയ്യാറാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങളോടെ രക്ഷിതാക്കൾക്ക് കിറ്റുകൾ ഏതാണ്ട് വിതരണം ചെയ്തിട്ടുമുണ്ട്. ബാക്കിയുള്ള കുട്ടികൾക്കുള്ള കിറ്റുകൾ തിങ്കളാഴ്ച ക്ലാസ്സുകളിൽ വെച്ച് വിതരണം ചെയ്യാനാണ് തീരുമാനമെന്നും ഭാരവാഹികൾ പറഞ്ഞു. തൊഴിലാളി ക്ഷേമം ഉറപ്പാക്കി പ്രതിസന്ധി ഘട്ടങ്ങളിലും ഷാർജ ഇന്ത്യൻ അസോസിയേഷനുകീഴിലെ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന അനധ്യാപകർക്കും ബസ് ജീവനക്കാർക്കും ക്ഷേമം ഉറപ്പാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് നിസാർ തളങ്കര പറഞ്ഞു. നേരിട്ടുള്ള പഠനം മുടങ്ങിയതുകാരണം ബസ് ജീവനക്കാർക്കടക്കം ജോലി ഉണ്ടായിരുന്നില്ല. അസോസിയേഷന് നിലവിലെ വരുമാനം കുറഞ്ഞിട്ടും തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങളിൽ കുറവുവരുത്തിയിരുന്നില്ല. തൊഴിലാളികളെ ചേർത്തുപിടിക്കുന്ന സമീപനമാണ് ഇന്ത്യൻ അസോസിയേഷനുള്ളതെന്നും പ്രസിഡന്റ് വ്യക്തമാക്കി. പെയ്സ് ഗ്രൂപ്പ് സ്‌കൂളുകൾ വിദ്യാഭ്യാസ റെഗുലേറ്ററി അതോറിറ്റിയുടെ മുഴുവൻ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ട് പെയ്സ് എജ്യുക്കേഷന്റെ കീഴിൽ അബുദാബിയിലും ദുബായിലും ഷാർജയിലും അജ്മാനിലുമായി പ്രവർത്തിക്കുന്ന മുഴുവൻ സ്‌കൂളുകളും ഇന്ന് പ്രവർത്തനക്ഷമമാവും. വിദ്യാർഥികളുടെ സുരക്ഷക്ക് ആവശ്യമായ മുൻകരുതലുകളൊരുക്കിയും അധ്യാപകർക്കും അനധ്യാപകർക്കും വിദ്യാർഥികലുടെ സുരക്ഷക്കാവശ്യമായ പരിശീലനം നൽകിയുമാണ് സ്‌കൂളുകൾ വീണ്ടും തുറക്കുന്നത്. സ്‌കൂൾ ബസ് ഡ്രൈവർമാർക്കും മറ്റ് ജീവനക്കാർക്കും വേണ്ട പരിശീലനവും നൽകിയിട്ടുണ്ടെന്ന് പെയ്‌സ് എജ്യുക്കേഷൻഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സൽമാൻ ഇബ്റാഹിം അറിയിച്ചു. Content Highlights: UAE schools resume in-person classes in 2026 with hybrid options available. Published: 19 Apr 2026, 09:02 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
